?????? ?? ????????........ - Mathrubhumi Books


നൊസ്റ്റാള്*ജിയ

ദുനിയാ കേ രഖ്*വാലേ........
വി.ടി.മുരളി
Posted on:04 Apr 2011



അനശ്വരപ്രതിഭ മുഹമ്മദ് റഫി ഓര്*മ്മയായിട്ട് ജൂലൈ 31-ന് 31 വര്*ഷം.
ഒരു ഗായകന്* എന്ന നിലയില്* ഞാന്* ഒരിക്കലും മുഹമ്മദ് റഫിയെപ്പോലെ പാടാന്* ശ്രമിച്ചിട്ടില്ല. കുട്ടിക്കാലംതൊട്ടേ ഞാന്* മലയാളഗാനങ്ങളുമായിട്ടാണ് ബന്ധപ്പെട്ടുപോന്നിരുന്നത്. അന്യഭാഷാഗാനങ്ങള്* ശ്രദ്ധിച്ചിരുന്നുവെങ്കിലും അവയൊന്നും പാടിയിട്ടില്ല. കുട്ടിക്കാലത്തെ ഓര്*മകളില്* ജ്വലിച്ചുനില്ക്കുന്നത് തമിഴ് ഗായകന്* ടി.എം. സൗന്ദര്*രാജനാണ്. തമിഴിന്റെ താരസ്ഥായിയിലുള്ള വിളികള്* എല്ലാം അദ്ദേഹത്തിന്റെതായിരുന്നു. ശിവാജി ഗണേശന്റെ അമിതാഭിനയവും സൗന്ദര്*രാജന്റെ ഗാനങ്ങളുമായിരുന്നു എന്റെ മനസ്സിലുറച്ചത്. ഇടയ്*ക്കൊക്കെ മറ്റൊരു ഭാവാത്മകതയായി പി.ബി. ശ്രീനിവാസും. സ്ത്രീശബ്ദത്തില്* പി. സുശീലയും ജാനകിയും. ഹിന്ദി ഗാനങ്ങളുമായോ ഹിന്ദി സിനിമയുമായോ വലിയ ബന്ധമൊന്നും എനിക്കുണ്ടായിരുന്നില്ല. ഹിന്ദിയിലെ ആദ്യകാലസിനിമകളില്* ചിലതൊക്കെ കണ്ടത് മുതിര്*ന്നതിനുശേഷമായിരുന്നു. പ്രീഡിഗ്രി തോറ്റ് തലശ്ശേരിയില്* ട്യൂഷനു പോകുന്ന സമയത്ത് ക്ലാസ് കട്ട് ചെയ്ത് മുകുന്ദ് ടാക്കീസിലും പ്രഭാ ടാക്കീസിലും ഹിന്ദിസിനിമകള്* കാണാന്* പോകുമായിരുന്നു. അപ്പോഴേക്കും നായകന്മാരെല്ലാം മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് രാജ്കപൂര്*, ദിലീപ് കുമാര്*, അശോക് കുമാര്*, നര്*ഗീസ് എന്നിവര്* പ്രധാന കഥാപാത്രങ്ങളായിവന്ന സിനിമകളൊന്നും കാണാനെനിക്കു കഴിഞ്ഞില്ല. ഞാന്* കണ്ട നായകന്മാര്* ധര്*മേന്ദ്ര, വിനോദ് ഖന്ന, രാജേഷ്ഖന്ന തുടങ്ങിയവരായിരുന്നു.

പക്ഷേ, മുഹമ്മദ് റഫി എന്ന ഗായകന്* പഴയ നായകരില്*നിന്നും പുതിയ നായകരില്* എത്തിയിരുന്നു. തന്റെ ആലാപനശൈലിയുടെ ആധിപത്യം അദ്ദേഹം തുടരുകയായിരുന്നു. ഇങ്ങനെ തുടര്*ച്ചയായി നമ്മെ ഭരിക്കുന്ന ശൈലികള്* നമുക്കു ഗുണംചെയ്യുമോ എന്നു പരിശോധിക്കേണ്ടതാണ്. മലയാളത്തില്* യേശുദാസാണ് ഇതേ അവസ്ഥയില്* ഉള്ളത്. ഇതേകാലത്തു ജീവിച്ചിരുന്ന മറ്റു ഗായകരില്*നിന്നും ഇവര്*ക്ക് എന്തു വ്യത്യസ്തതയാണുണ്ടായിരുന്നത് എന്നൊക്കെ ആലോചിക്കാവുന്നതാണ്. സംഗീതത്തിന്റെ കാര്യത്തിലായതുകൊണ്ട് ഇത്തരം ചോദ്യങ്ങള്*ക്കുള്ള ഉത്തരങ്ങള്* മനസ്സില്* സ്വരൂപിച്ചാല്*ത്തന്നെ എഴുതുക പ്രയാസമാവും. അതൊരനുഭവമാണ്. മൂര്*ത്തമായ ഒരു കലയല്ല സംഗീതം. അതു നമ്മെ സ്​പര്*ശിക്കുന്നത് എങ്ങനെയാണെന്നു തൊട്ടുകാണിക്കുക പ്രയാസം. അനുഭവിച്ചുതന്നെ അറിയാന്* ശീലിക്കണം. ഇങ്ങനെ ശീലിക്കാതെ ശീലംകൊണ്ടും അനുഭവിക്കാവുന്ന ഗാനങ്ങളുണ്ട് എന്നാണെന്റെയൊരു തോന്നല്*. ചില ഗാനങ്ങള്* കേള്*ക്കാന്* ശീലിച്ചാലും പാടുമ്പോഴുള്ള അനുഭവം വ്യത്യസ്തമായിരിക്കും. പ്രസ്തുത ഗായകന്* പാടിവെച്ചതിനെക്കാളും അതിലുണ്ട് എന്ന തോന്നല്* ഉണ്ടാകുന്നു. ഇതെല്ലാം നമ്മുടെ നിരീക്ഷണങ്ങളിലൂടെയേ വ്യക്തമാകൂ. ഇതില്* റഫിയുടെ ഗാനങ്ങള്* എവിടെ നില്ക്കുന്നുവെന്നു പരിശോധിക്കുവാനും ഞാന്* തുനിയുന്നില്ല. ഒരുപക്ഷേ, ഈ അംശങ്ങളെല്ലാം അതില്* ചേര്*ന്നിരിക്കണം. കേള്*ക്കാന്* ശീലമാവശ്യമില്ല എന്ന ഘടകവും ശീലിച്ചു കേട്ടാല്* പുതിയ അനുഭവങ്ങള്* ഉണ്ടാക്കുന്ന ഘടകവും പാടിനോക്കുമ്പോള്* നമ്മെ മറ്റൊരനുഭവത്തിലേക്കു നയിക്കാന്* കഴിയുന്ന ഘടകവും ഒക്കെ അതില്* ഒത്തുചേര്*ന്നിരിക്കാം എന്ന് എനിക്കു തോന്നുന്നു.

അദ്ദേഹത്തിന്റെ ഇന്നയിന്ന ഗാനങ്ങള്* എന്ന ഒരു ലിസ്റ്റ് നിരത്താന്* ഞാനശക്തനാണ്. ഒരിക്കല്* വടകര ജയഭാരത് ടാക്കീസില്* ഒരു സിനിമ കാണാന്* കയറി. സിനിമ തുടങ്ങിപ്പോയിരുന്നു. എന്നാലും കാണാം എന്നു കരുതി ടിക്കറ്റെടുത്ത് ഹാളിലെത്തിയപ്പോള്* കാണുന്നത് ഒരു ജീപ്പോടുന്നതാണ്. ഞാന്* സംശയിച്ചു. സ്വാമി അയ്യപ്പന്* കാണാനാണു പോയത്. ഇതാകട്ടെ, ഒരു ഹിന്ദി ചിത്രവും. അടുത്തിരിക്കുന്ന ആളോടു ചോദിച്ചപ്പോഴാണ് ചിരാഗ് എന്ന ഹിന്ദി സിനിമയാണെന്നു മനസ്സിലായത്. അന്നത്തെ കാഴ്ചപ്പാടില്* എന്നെ സ്​പര്*ശിച്ച ഒരു ഗാനമുണ്ട് ആ സിനിമയില്*. 'തേരി ആംഖോം' എന്ന ആ ഗാനം ഇഷ്ടപ്പെടാന്* എന്താണു കാരണമെന്നൊന്നും ചോദിക്കരുത്. ഇതിനെക്കാള്* ഗംഭീര ഗാനങ്ങളില്ലേ എന്ന ചോദ്യമുണ്ടായേക്കാം. അതെല്ലാം അപ്രസക്തമാണ്. ഗാനങ്ങളുടെ തിരഞ്ഞെടുപ്പിനുപയോഗിക്കുന്ന മാനദണ്ഡം പലപ്പോഴും അതിന്റെ പ്രശസ്തിയാണ്. അല്ലെങ്കില്* വിപണിയിലെ വിജയമാണ്. വൈയക്തികമായ ആസ്വാദനത്തിന്റെ അംശം തീരെ ഇല്ലാതെയാണ് ഇത്തരം തിരഞ്ഞെടുപ്പുകള്* നടത്തുന്നത്. നമുക്കതൊക്കെ മാറ്റിവെക്കാം.

മുഹമ്മദ് റഫിയുടെ ശബ്ദത്തിന്റെ പ്രത്യേകതയെന്താണ്? അത് ഏതു സ്ഥായിയിലേക്കു പോയാലും ഒരേ ശബ്ദത്തിന്റെ തുടര്*ച്ചയായിത്തന്നെ അനുഭവപ്പെടും. പല ഗായകര്*ക്കും ഇതില്ല. മന്ദ്ര-മധ്യസ്ഥായികളില്* പാടുന്നതുപോലെയല്ല, താരസ്ഥായിയില്* പാടുമ്പോള്* മറ്റൊരു ശബ്ദമായിത്തോന്നും. അല്ലെങ്കില്* അതു കൃത്രിമമായ പരിശീലനംകൊണ്ടു മാത്രം സാധിക്കുന്നുവെന്നു തോന്നും. എന്നാല്* റഫിയുടെ കാര്യത്തില്* അങ്ങനെ തോന്നുകയില്ല. ഈ ശബ്ദത്തിലൂടെ ഗാനങ്ങള്* പുറത്തുവരുമ്പോള്* അതിലൊരു തത്ത്വജ്ഞാനപരമായ അംശമുണ്ടെന്നും തോന്നാറുണ്ട്. പല വികാരങ്ങളില്* പാടുമ്പോഴും ഈ തത്ത്വജ്ഞാനത്തിനു മുന്*തൂക്കം വരുന്നു. പാട്ടുകളുടെയൊന്നും അര്*ഥമറിഞ്ഞുകൊണ്ടല്ല ഞാനിതു പറയുന്നത്. സംഗീതത്തിന്റെ അര്*ഥമറിയാന്* ശ്രമിച്ച ഒരാള്* എന്ന നിലയിലാണ്. ശബ്ദത്തിലൂടെ, ആലാപനത്തിലൂടെ പാട്ടിന്റെ അര്*ഥം ഗ്രഹിക്കാന്* കഴിയുന്നു എന്ന തോന്നല്*. കോമഡിയായാലും പ്രണയമായാലും വിരഹമായാലും ദുഃഖമായാലും ഒക്കെ അതിലൊരു ദാര്*ശനികസ്​പര്*ശം (Philosophical Touch) കൊടുക്കാന്* ബോധപൂര്*വമോ അല്ലാതെയോ അദ്ദേഹത്തിനു കഴിയുന്നു എന്നാണെനിക്കു തോന്നിയിട്ടുള്ളത്.

നമ്മുടെ ചലച്ചിത്രസംഗീതത്തില്* മുഹമ്മദ് റഫിയുടേതായി ഒരു ബാണിയുണ്ടോ? ഉണ്ടെന്നു വിചാരിക്കുന്ന ആളാണു ഞാന്*. ആ ശൈലിക്കാവട്ടെ, ഭാരതത്തിലെ മുഴുവന്* ഗായകരെയും സ്വാധീനിക്കാനും കഴിഞ്ഞിട്ടുണ്ട്. യേശുദാസ്തന്നെ പറഞ്ഞിട്ടുണ്ട്, അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് അദ്ദേഹം പാടിയിട്ടുള്ള പാട്ടുകള്* റഫിയുടേതായിരുന്നു, അദ്ദേഹത്തെ വളരെയേറെ സ്വാധീനിച്ച ഗായകനാണ് റഫിയെന്ന്. പിന്നീട് നാം യേശുദാസിനെ അനുകരിച്ചപ്പോഴെല്ലാം അത് റഫി ശൈലിയുടെ അംഗീകാരംകൂടിയായിരുന്നു. എത്ര തലമുറയാണ് ഈ സ്വാധീനത്തില്* പാടിയത്? റഫിയുടെ സംഗീതജീവിതം സഫലമായി എന്നതിനു വേറെ എന്താണു തെളിവു വേണ്ടത്? വേറിട്ട ശബ്ദങ്ങള്* ഒന്നും ഉണ്ടായില്ല എന്ന് ഇതിനര്*ഥമില്ല.

നിരവധി പ്രതിഭാശാലികളായ ഗായകര്* അദ്ദേഹത്തിന്റെ സമയത്തും പിന്നീടും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഒരു ശൈലി എന്ന രീതിയില്* പരക്കെ സ്വാധീനിച്ചത് റഫിയായിരുന്നു. ഇത് ഒരു വളര്*ച്ചയില്ലാത്ത അവസ്ഥയാണോ എന്ന ചോദ്യം ഇവിടെ ഉയര്*ന്നുവരാം. അത് മറ്റൊരു വിഷയമായതുകൊണ്ട് ഇവിടെ ചര്*ച്ചചെയ്യാന്* ഉദ്ദേശിക്കുന്നില്ല. എന്തായാലും ഇന്ത്യന്* സിനിമാസംഗീതത്തിലെ ചൈതന്യവത്തായ ഒരു സ്*കൂള്* ആയി റഫി മാറുകയുണ്ടായി. തലമുറകളേയും കടന്ന് അത് ഏറ്റവും പുതിയ ഗായകരെവരെ പരോക്ഷമായി സ്വാധീനിക്കുന്നുണ്ട് എന്നതു തീര്*ച്ചയാണ്.

അദ്ദേഹത്തിന്റെ ഗാനങ്ങളില്* വളരെ ശ്രദ്ധിക്കപ്പെട്ട, ആഘോഷിക്കപ്പെട്ട ഒന്നാണ് 'ദുനിയാ കേ രഖ്*വാലേ. ബൈജു ബാവ്*രയിലെ ഈ ഗാനം കേള്*ക്കാത്ത ഒരു സംഗീതാസ്വാദകനും ഒരു തലമുറയിലും ഉണ്ടാവില്ല. പാട്ടിന്റെ വളര്*ച്ച അനുവാചകന്റെ രക്തത്തിന്റെ ഊഷ്മാവു ക്രമത്തില്* വര്*ധിക്കുന്ന രീതിയിലാണ്. ശുദ്ധസംഗീതം എന്നു നമ്മള്* പേരിട്ടുവിളിക്കുന്ന (അങ്ങനെ ഒരു ശുദ്ധസംഗീതമുണ്ടോ എന്ന കാര്യം വേറെ) സംഗീതത്തോട് ഒരു ജനതയെ മുഴുവന്* എങ്ങനെയാണടുപ്പിക്കുന്നത് എന്ന് നൗഷാദ് അലി റഫിയിലൂടെ കാണിച്ചുതരുന്നു. രാഗപ്രയോഗത്തിന്റെയും സിനിമയ്ക്കാവശ്യമായ നാടകീയമുഹൂര്*ത്തങ്ങളെ സ്വാധീനിച്ചെടുക്കുന്നതിന്റെയും ഉജ്ജ്വലമായ മാതൃകയാണിത്. ഇത്തരം സന്ദര്*ഭങ്ങളില്* എങ്ങനെയാണ് സംഗീതം നിര്*വഹിക്കപ്പെടേണ്ടത് എന്നു നൗഷാദ് സംഗീതസംവിധായകരെ പഠിപ്പിച്ചു. അവര്*ക്കൊന്നും മറ്റു മാതൃകകള്* ഉണ്ടായിരുന്നില്ല. എന്നാല്* അവര്* നമ്മുടെ മാതൃകകളായി ദശകങ്ങളായി ജീവിക്കുന്നു. ഈ ഗാനത്തിന്റെ ആലാപനത്തില്* ഏതോ ഒരു പരിപാടിയില്* അദ്ദേഹം വരുത്തിയ ചില മനോധര്*മങ്ങള്* പിന്നീടു ഗായകര്* അനുകരിക്കാന്* തുടങ്ങി. പാട്ടിന്റെ ചരണത്തില്* അദ്ദേഹം ചില സ്വാതന്ത്ര്യങ്ങള്* എടുക്കുകയും അത് ഗാനത്തിന്റെ വൈകാരികതയെ കൂട്ടുവാന്* സഹായിക്കുകയും ചെയ്തു. എന്നാല്* അതനുകരിക്കുകയല്ലാതെ അത്തരം ചില പരീക്ഷണങ്ങള്* ഗാനത്തില്* ചെയ്തുനോക്കാന്* ഗായകര്* തുനിഞ്ഞില്ല എന്നത് മറ്റൊരു പ്രശ്*നത്തിലേക്കാണു വിരല്* ചൂണ്ടുന്നത്. റഫിയുടെ ഈ പരീക്ഷണം യഥാര്*ഥ ഗാനത്തെത്തന്നെ വിസ്മരിക്കുന്ന രീതിയില്* സ്വീകരിക്കപ്പെട്ടു. അപ്പോഴും നൗഷാദിന്റെ ഈണത്തിനൊരു ഊനവും തട്ടുന്നില്ല. അദ്ദേഹം ഒരിക്കലും അതിനെതിരു പറഞ്ഞില്ല എന്നാണു ഞാന്* മനസ്സിലാക്കുന്നത്. പാട്ടുകളെ സംവിധായകരുടെ കൈയില്*നിന്ന് തട്ടിപ്പറിച്ച് തങ്ങളുടേതാക്കാന്* ശ്രമിക്കുന്ന ഗായകരും ഇതു ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ മാധ്യമങ്ങള്*പോലും ഗായകന്റെ പേരല്ലാതെ സംഗീതസംവിധായകന്റെ പേരു പറയാറില്ല എന്നതാണു സത്യം.

ഈ ഗാനങ്ങള്* ഒരിക്കല്*പ്പോലും ഞാന്* വേദിയില്* പാടിയിട്ടില്ല. എങ്കിലും എന്റെ സ്വകാര്യമായ സന്ദര്*ഭങ്ങളില്* തനിയേ ഇരുന്നു പാടുമ്പോള്* 'തേരി ആംഖോം', 'രഖ്*വാലേ', 'സുഖ് കേ സബ് സാഥി' തുടങ്ങിയ ഗാനങ്ങളെല്ലാം കയറിവരും. വരികള്* എനിക്കറിഞ്ഞുകൂടെങ്കിലും അതൊക്കെ പാടും. ആ ഗാനങ്ങളിലെ ആലാപനത്തിന്റെതായ ടെക്*നിക്കുകള്* അടുത്തറിയും. ഇവിടെ റഫിയെയും മുകേഷിനെയും കിഷോറിനെയും ഒക്കെ അനുകരിക്കുക എന്നു പറയുന്നത് അവരുടെ ശബ്ദത്തിലെ ബാഹ്യസൗന്ദര്യത്തെ അനുകരിക്കുന്നതിനെയാണ്. ആന്തരികമായ അതിന്റെ വൈകാരികാവസ്ഥയെ പ്രാപിക്കാന്* നമ്മുടെ ഗായകര്* ശ്രദ്ധിക്കാറുണ്ടോ? ഇല്ല എന്നാണെന്റെ ഉത്തരം. അവര്*ക്കു വരുന്ന ഉച്ചാരണപ്പിശകുപോലും അതേപടി പാടുന്ന ഗായകരാണിവിടെ.

ഒരു കലാകാരന്*, കലാസൃഷ്ടിയുടെ സൗന്ദര്യസങ്കല്പങ്ങളെ മുന്നോട്ടു നയിച്ചുവോ എന്നതാണ് പ്രധാനം. പൈങ്കിളികള്* എന്നു നാം വിശേഷിപ്പിക്കുന്ന സാഹിത്യകൃതികളുടെ കുഴപ്പം യഥാര്*ഥത്തിലെന്താണ്? അത് നമ്മെ അതില്*ത്തന്നെ നിന്നുതിരിയാന്* പ്രേരിപ്പിക്കുന്നു. മുന്*പോട്ടു നയിക്കുന്നില്ല. ചിലര്* വായനയില്* മുന്*പോട്ടു പോയിരിക്കാം. പക്ഷേ, സാമാന്യേന അത് ഒരു നിശ്ചലാവസ്ഥയാണുണ്ടാക്കുന്നത്. റഫി ഇത്തരം ഒരു നിശ്ചലാവസ്ഥയെ പ്രതിനിധീകരിക്കുന്ന ഗായകനല്ല. അത് തലമുറകളിലൂടെ പല രൂപത്തിലും ഭാഷകളിലും സ്വാധീനം ചെലുത്തി മുന്നേറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അത് സാംസ്*കാരികചരിത്രത്തിന്റെ ചൈതന്യവത്തായ, പ്രകാശമാനമായ ഭാഗമായിത്തീരുന്നു. പക്ഷേ, ഒന്നുണ്ട്. പുതിയ തലമുറ റഫിയുടെ അനുകരണങ്ങളല്ല, റഫിയെത്തന്നെയാണ് കേള്*ക്കേണ്ടത് എന്നു നാം ഓര്*ക്കണം. എങ്കിലേ റഫി പുനഃസൃഷ്ടിക്കപ്പെടുകയുള്ളൂ.
(മാതൃഭൂമി ബുക്*സ് പ്രസിദ്ധപ്പെടുത്തിയ തുറന്നുവെച്ച സംഗീതജാലകങ്ങള്* എന്ന പുസ്തകത്തില്* നിന്ന്)

പുസ്തകം വാങ്ങാം
വി.ടി.മുരളിയെക്കുറിച്ച്