-
പത്തനംതിട്ടയിൽ റെയിൽവേ സ്റ്റേഷൻ വന്നാൽ കുറഞ്ഞ ചെലവിലും വേഗത്തിലും തിരുവനന്തപുരത്ത് എത്താം
പത്തനംതിട്ട ∙ നഗരം വളരാതെ വഴിയില്ല. റെയിൽവേ ഇല്ലാത്ത സ്ഥലങ്ങളെ റെയിൽ വഴി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പട്ടിക വ്യക്തമാക്കുന്നത് ഇതാണ്. കേന്ദ്രസംസ്ഥാന പദ്ധതികളുടെ പലതിന്റെയും മാനദണ്ഡം ജനസംഖ്യയായി മാറുമ്പോൾ പത്തനംതിട്ട പിന്തള്ളപ്പെട്ടു പോകാതിരിക്കണമെങ്കിൽ പത്തനംതിട്ട നഗരസഭയുടെ വിസ്തൃതി കൂട്ടണം. കേന്ദ്രം പ്രസിദ്ധീകരിച്ച പട്ടികയിൽ മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂർ, നെടുമങ്ങാട് എന്നിവയാണുള്ളത്. നെടുമങ്ങാട് ഇടംപിടിച്ചതോടെ അങ്കമാലി എരുമേലി പാത പത്തനംതിട്ട, പുനലൂർ, നെടുമങ്ങാട് വഴി തിരുവനന്തപുരത്തേക്കു നീട്ടാനുള്ള വഴിയാണു തെളിഞ്ഞിരിക്കുന്നത്. പത്തനംതിട്ട നഗരസഭയിലെ ജനസംഖ്യ കൂടി 50,000 കടന്നാൽ ശബരി പാത നീട്ടാനുള്ള ശ്രമങ്ങൾക്ക് അത് കൂടുതൽ കരുത്തു പകരും.
2011ലെ സെൻസസ് അനുസരിച്ചു പത്തനംതിട്ട നഗരസഭയിലെ ജനസംഖ്യ 37,545 ആണ്. വിസ്തീർണം ആകട്ടെ 23.50 സ്ക്വയർ കിലോമീറ്ററും. വിസ്തൃതി വർധിപ്പിച്ചാൽ പത്തനംതിട്ട നഗരസഭയിലും ജനസംഖ്യ കൂടും. സമീപ പഞ്ചായത്തുകളിലെ ഏതാനും വാർഡുകൾ നഗരസഭയുമായി കൂട്ടിച്ചേർത്താൽ ഇതു സാധ്യമാകുമെന്നു ശബരി ആക്*ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടുന്നു.
തൊടുപുഴയാണു ശബരി പാതയിൽ അൻപതിനായിരത്തി*ൽ കൂടുതൽ ജനസംഖ്യയുള്ള മറ്റൊരു പട്ടണം. എരുമേലിയിൽ നിന്നു റാന്നി, കോന്നി, പത്തനംതിട്ട, കൂടൽ, പത്തനാപുരം വഴി പുനലൂരിൽ കൊല്ലം, ചെങ്കോട്ട പാതയിൽ ചേരുന്ന പാത അവിടെ നിന്ന് അഞ്ചൽ, നെടുമങ്ങാട് വഴി കഴക്കൂട്ടത്ത് പ്രധാന ലൈനിൽ ചേരുന്ന തരത്തിലാണു പദ്ധതി രൂപരേഖ.
പത്തനംതിട്ടയിൽ റെയിൽവേ സ്റ്റേഷൻ വന്നാൽ..
∙ ട്രെയിൻ യാത്രയ്ക്കായി ചെങ്ങന്നൂരിനെയും തിരുവല്ലയെയും ആശ്രയിക്കാതെ പത്തനംതിട്ടയിൽ നിന്നു തന്നെ ട്രെയിൻ കയറാം.
∙ പുനലൂരിൽ കൊല്ലംചെങ്കോട്ട പാതയുമായി ചേരുന്നതിനാൽ ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി, ബെംഗളൂരു എന്നിവിടങ്ങളിലേക്കു പത്തനംതിട്ട, കോന്നി, റാന്നി, കൂടൽ സ്റ്റേഷനുകളിൽ നിന്നു ട്രെയിൻ യാത്രാ സൗകര്യം.
∙ പുനലൂരിൽ നിന്നു പാത നെടുമങ്ങാട് വഴി തിരുവനന്തപുരത്തിനു നീട്ടുമ്പോൾ തലസ്ഥാനത്തേക്കു ചെലവു കുറഞ്ഞതും വേഗം കൂടിയതുമായ യാത്രാ മാർഗം.
∙ ശബരി റെയിൽ കഴക്കൂട്ടത്തു പ്രധാന പാതയിൽ ചേരുന്നതിനാൽ ജില്ലയിൽ നിന്നു തിരുവനന്തപുരം ടെക്നോപാർക്ക് ഉൾപ്പെടെ ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്കു നേട്ടം.∙ പത്തനംതിട്ടയിൽ നിന്നു കൊച്ചി വിമാനത്താവളത്തിലേക്കു ട്രെയിൻ മാർഗം എത്താം. ശബരി പാതയിൽ കാലടിയാണു നെടുമ്പാശേരിക്ക് അടുത്തുള്ള സ്റ്റേഷൻ. കാലടി സ്റ്റേഷനിൽ നിന്നു വിമാനത്താവളത്തിലേക്ക് 4 കിലോമീറ്റർ മാത്രം. ഏറ്റവും കൂടുതൽ പ്രവാസികളുള്ള പത്തനംതിട്ടയിൽ നിന്നു വിമാനത്താവളത്തിലേക്കു കുറഞ്ഞ ചെലവിൽ ട്രെയിനിൽ യാത്ര ചെയ്യാം.
റെയിൽറോഡ് ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ പത്തനംതിട്ടയുടെ വികസനം സാധ്യമാകില്ല. ഓമല്ലൂർ, പ്രമാടം, മൈലപ്ര, ഇലന്തൂർ പഞ്ചായത്തുകളിലെ നഗരസ്വഭാവമുള്ള ഏതാനും വാർഡുകൾ നഗരസഭയിൽ ചേർത്താൽ ആ പ്രദേശങ്ങളിലും കൂടുതൽ വികസനമെത്തും. ശബരിമല സീസണിൽ മാത്രമാണു പത്തനംതിട്ടയിൽ ഫ്ലോട്ടിങ് പോപ്പുലേഷൻ എത്തുന്നത്. റെയിൽവേ സൗകര്യം ലഭിച്ചാൽ ജില്ലാ ആസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയിൽ നിന്ന് ഏറെ മാറ്റം വരും. ഗ്രേറ്റർ പത്തനംതിട്ട എന്ന ആശയം നമ്മൾ സജീവമായി ചർച്ച ചെയ്യണം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules