അവളിൽനിന്ന്* അവളിലേക്ക്; മലയാള സിനിമയിലെ പെണ്ണിടങ്ങൾ
.
സൗഹൃദങ്ങൾ സിനിമയിൽ ഏറെയും പുരുഷലോകമാണ്. പുരുഷസൗഹൃദങ്ങളുടെ കഥ ആഘോഷിച്ച് തിമിർത്ത ചരിത്രമുള്ള സിനിമയ്ക്ക് സ്ത്രീ സൗഹൃദങ്ങൾക്കു നേരെ ക്യാമറ തിരിക്കാന്* എന്തുകൊണ്ടോ പണ്ടേ വിമുഖതയുണ്ട്. അതിന്റെ ആഴങ്ങളിലേക്കും ഉൾപ്പിരിവുകളിലേക്കും നിഗൂഢതകളിലേക്കുമൊക്കെ സഞ്ചരിച്ച ചരിത്രവും കുറവാണ് നൂറ്റാണ്ടിനോടടുക്കുന്ന മലയാള സിനിമ. ഇതിനിടയിലും ശ്രദ്ധേയമായ ചില ചിത്രങ്ങളുണ്ട്. നാഴികക്കല്ലുകളായവ. അതിലെ നമ്മുടെ ശ്രദ്ധയും പരാമര്*ശവും പഠനവും അർഹിക്കുന്ന ചില നിത്യഹരിത കഥാപാത്രങ്ങളുമുണ്ട്.
എഴുപതുകളുടെ അവസാനം പെൺകുട്ടികളുടെ ഹോസ്റ്റൽ മുറികളെയും കലാലയങ്ങളെയും കണ്ണീർക്കടലാക്കി മാറ്റിയ കൂട്ടുകാരികളുടെ കഥയിൽനിന്ന് തന്നെ തുടങ്ങാം. ശോഭ(ശാലിനി)യും ജലജ(അമ്മു)യും അനശ്വരമാക്കിയ ചിത്രം 'ശാലിനി എന്റെ കൂട്ടുകാരി'. ടോക്സിക്കായ കുടുംബ പശ്ചാത്തലത്തിൽ ജീവിക്കുന്ന ശാലിനി സ്വയം മറന്ന് സന്തോഷിച്ചത് അമ്മുവിനൊപ്പമായിരുന്നു. കാമ്പസ് വരാന്തകളിലെ കളിചിരികൾക്കപ്പുറത്തേക്ക് മനഃസാക്ഷി സൂക്ഷിപ്പുകാർ കൂടിയായിരുന്നു അവർ. പൊതുവെ സൗമ്യപെരുമാറ്റമുള്ള അമ്മു ശാലിനിക്കൊപ്പം കൂടുമ്പോൾ ഒരു മടിയുമില്ലാതെ തൻറെ ഉള്ള് തുറന്നു. അകന്നു പോയപ്പോഴും കത്തുകളിലൂടെ അവർ സൗഹൃദം നിലനിർത്തി. പരസ്പരം എഴുതി, തുറന്ന് സംസാരിച്ച് ഏത് പ്രതിസന്ധിയിലും സൗഹൃദത്തെ ചേർത്ത് പിടിക്കാൻ സിനിമ കാണുന്ന ഓരോ വ്യക്തിയോടും ശാലിനിയും അമ്മുവും പറഞ്ഞ് വെക്കുന്നുണ്ട്. ശാലിനിയുടെ മരണത്തോടെ അമ്മുവിന് നഷ്ടപ്പെട്ടത് അവളുടെ പ്രിയ കൂട്ടുകാരിയെ മാത്രമല്ല പകരം ശാലിനി മാത്രം അറിഞ്ഞിരുന്ന അമ്മുവിലെ വ്യക്തിയെ കൂടിയാണ്.
മോഹൻ സംവിധാനം ചെയ്ത രണ്ടു പെൺകുട്ടികൾ എന്ന 1978-ൽ ഇറങ്ങിയ ചിത്രം സ്ത്രീകളുടെ സ്വവർഗാനുരാഗത്തെ കുറിച്ച് സംസാരിച്ച ആദ്യ മലയാള ചിത്രമായിട്ടാണ് അറിയപ്പെടുന്നത്. പുരുഷനിൽനിന്നു നേരിടേണ്ടി വരുന്ന ക്രൂരാനുഭവങ്ങൾക്ക് ശേഷം ഒരു സ്ത്രീ പുരുഷ വിദ്വേഷിയാകുന്നതും അവൾക്ക് മറ്റൊരു സ്ത്രീയോട് തോന്നുന്ന അനുകമ്പയും പ്രണയവും പ്രമേയമാക്കിയുള്ള സിനിമ അന്നത്തെ കാലഘട്ടത്തെവെച്ച് നോക്കുമ്പോൾ വിപ്ലകരമായി സ്വവർഗാനുരാഗം ചർച്ചയാക്കിയ സിനിമയായിരുന്നു.
യാഥാസ്ഥിക മനോഭാവത്തെ മാറ്റി നിർത്തി ഒരു വാണിജ്യ സിനിമയിൽ സ്ത്രീ ലൈംഗികതയെ കുറിച്ച് പറഞ്ഞ മറ്റൊരു ചിത്രമായിരുന്നു പത്മരാജന്റെ 'ദേശാടനക്കിളി കരയാറില്ല'. ഓർമിക്കാൻ ഒന്നും സമ്മാനിക്കാത്ത ബാല്യകാലവും വിധി സമ്മാനിച്ച അനാഥത്വവും സാലിയെയും നിമ്മിയെയും തമ്മിൽ അടുപ്പിച്ചു. ഒരാൾക്ക് മറ്റൊരാൾ എന്ന പോലെ ഒരു ആത്മബന്ധം അവർക്കിടയിൽ രൂപപ്പെട്ടു. സമൂഹം കൽപിക്കുന്ന ചട്ടക്കൂടുകളുടെ അപ്പുറത്തേക്ക് സ്വന്തം ലോകം തിരഞ്ഞ് പോയവരാണ് അവർ. ഒരു പക്ഷെ ഏതൊരു പെൺകുട്ടിയും മനസ്സിൽ എപ്പോഴെങ്കിലും ആഗ്രഹിച്ചിരിക്കാം സാലിയെയും നിമ്മിയെയും പോലെ ആരും തിരിച്ചറിയാത്തോരിടത്തേക്ക് പറന്നകലാൻ, അവിടെ സ്വന്തം ഇഷ്ടങ്ങളെ പിന്തുടർന്ന് ജീവിക്കാൻ. രാവിനും പകലിനും കൂട്ടായി തെരുവോളം അലഞ്ഞ് നടന്ന അവർക്കിടയിൽ പ്രണയത്തിന്റെ ഒരു അംശം ഉണ്ടായേക്കാം എന്നും പത്മരാജൻ പറയാതെ പറഞ്ഞ് വെക്കുന്നു. പ്രത്യേകിച്ച് സാലിക്ക് നിമ്മിയോട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നോ എന്ന് നിമ്മിയുടെ പ്രണയത്തിൽ സാലി അസ്വസ്ഥയാകുന്ന രംഗങ്ങളും ക്ലൈമാക്സിലെ ചില ഭാഗവും കാണുമ്പോൾ നമുക്ക് തോന്നും. ഒരിക്കലും ഒറ്റയ്ക്കാകില്ല എന്ന് കരഞ്ഞുകൊണ്ട് അവർ പരസ്പരം പറയുന്നു, ഒടുവിൽ ഒരു കട്ടിലിൽ കെട്ടിപിടിച്ച് കിടന്ന് ഭൂമിയിലെ വേദനകൾക്ക് വിടചൊല്ലി മറ്റൊരു ലോകത്തേക്ക് യാത്ര തിരിക്കുന്നു... ഒന്നിച്ച്, ഒരു മെയ്യോടെ.
ജാനകിക്കുട്ടിയും കുഞ്ഞാത്തോലും, ഫാന്റസിയുടെ മേമ്പൊടിയിൽ വന്ന ‘എന്ന് സ്വന്തം ജാനകിക്കുട്ടി’ ഭംഗിയായ ഒരു സൗഹൃദത്തിന്റെ കഥ കൂടിയാണ്. ഏകാന്തതയോട് പൊരുത്തപ്പെട്ട വ്യക്തിയായിരുന്നു ജാനകിക്കുട്ടി. തന്റെ കേൾവിക്കാരിയായിട്ട് അവളുടെ മനസ്സ് മാത്രമായിരുന്നു അവൾക്ക് കൂട്ടുണ്ടായത്, അതുകൊണ്ട് പറയാനുള്ളതൊക്കെ അവൾ സ്വയം പറയുകയായിരുന്നു. പക്ഷേ, കുഞ്ഞാത്തോലിന്റെ വരവോടെ ഉള്ളിലെവിടെയോ അവൾ ആഗ്രഹിച്ചിരുന്ന ആ കൂട്ടുകാരിയെ അവൾക്ക് ലഭിച്ചു. ആരും കേൾക്കാനില്ലാതിരുന്ന അവളുടെ മനസ്സിലെ വിഷമങ്ങൾ, വീട്ടിലെ വിശേഷങ്ങൾ, ചെറിയ ആവശ്യങ്ങൾ അവൾ കുഞ്ഞാത്തോലിനോട് പങ്കുവെച്ചു. ഒരു കുഞ്ഞനുജത്തി ചേച്ചിയോട് പറയുന്ന പോലെ അവളുടെ പരിഭവങ്ങളും പ്രണയനൈരാശ്യവുമെല്ലാം. ഒരു പക്ഷേ, അങ്ങനെ ഒരു കൂട്ടുകാരിയെ ആഗ്രഹിച്ചു നടന്നിരുന്ന അവളുടെ മനസ്സിന്റെ ഭ്രമമായിരുന്നിരിക്കാം കുഞ്ഞാത്തോലിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്.
'പ്രണയവർണങ്ങളു'മായി വന്ന ആരതിയും മായയും വ്യത്യസ്ത സ്വഭാവമുള്ളവരാണ്. അക്ഷരങ്ങളുടെ ലോക്കത്ത് അടഞ്ഞ് കിടന്നിരുന്ന ആരതി, സമർഥയും തന്റേടിയുമായ മായ. രണ്ട് സുഹൃത്തുക്കളുടെ ഇടയിൽ ധൈര്യശാലിയായ ആളായിരിക്കും മറ്റെയാൾക്കൊരു താങ്ങാവുന്നത്. സ്റ്റേജിൽ കവിത വായിക്കാൻ കയറാൻ ധൈര്യമില്ലാത്ത ആരതിയെ മായ നിർബന്ധിച്ച് സ്റ്റേജിൽ കയറ്റി. പക്ഷേ, കുറ്റബോധം കൊണ്ട് കരഞ്ഞ് തളർന്ന മായയെ പിന്നീട് ആരതി തന്നെ ആശ്വസിപ്പിച്ചു. ജീവിതത്തെ ഒരുപാട് ഗൗരവമായി കാണേണ്ടതില്ല എന്ന് ആരതിയും കളി തമാശകൾ പരിധി വിടാതെ നോക്കണമെന്ന് മായയും തിരിച്ചറിയുന്നിടത്ത്, അവർക്കൊപ്പം കാണുന്ന പ്രേക്ഷകരും തിരിച്ചറിയുന്നിടത്ത് സിനിമ അവസാനിക്കുന്നു.
സഞ്ചാരം എന്ന 2004-ൽ പുറത്തിറങ്ങിയ ചിത്രം സ്വവർഗാനുരാഗികളായ രണ്ടു സ്ത്രീകളുടെ കഥ പറഞ്ഞ ശക്തമായ പ്രമേയുമുള്ള സിനിമയായിരുന്നു. സ്വവർഗാനുരാഗം അംഗീകരിക്കാൻ വിമുഖത കാണിക്കുന്ന സമൂഹത്തിനെതിരെ ഉറച്ച രാഷ്ട്രീയമാണ് ചിത്രം പറയുന്നത്. ഹിന്ദിയിലെ ഫയർ എന്ന ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ദീപ മേഹ്തയുടെ 1996-ൽ വന്ന ചിത്രവും സമാനമായ കഥയായിരുന്നു പറഞ്ഞത്. ഇന്നും സ്വവർഗാനുരാഗികളായ മനുഷ്യർ തങ്ങളുടെ ലൈംഗികത വെളിപ്പെടുത്തുമ്പോൾ വ്യക്തിഹത്യയ്ക്ക് വിധേയരാക്കണ്ടി വരുന്ന സാഹചര്യത്തിൽ ഈ ചിത്രങ്ങൾ കൂടുതൽ പ്രസക്തമായി നിലകൊള്ളുന്നു.
'പെരുമഴക്കാലം' സിനിമയിൽ ഒരു അപേക്ഷയുമായിട്ടാണ്* റസിയ ഗംഗയുടെ അടുത്തേക്ക് എത്തുന്നത്. ഗംഗക്കൊരിക്കലും ഉൾകൊള്ളാൻ കഴിയാത്ത തന്റെ ഭർത്താവിന്റെ മരണത്തിന് കാരണമായ വ്യക്തിയെ രക്ഷിക്കാനുള്ള അപേക്ഷ. സിനിമയുടെ തുടക്കത്തിൽ റസിയയുടെ നിസ്സഹായതയും ഗംഗയുടെ വേദനയുമാണ് നമുക്ക് അനുഭവപ്പെടുന്നത്. പക്ഷേ, സിനിമയുടെ അവസാനത്തേക്ക്, സ്വന്തക്കാരെല്ലാം എതിർത്തിട്ടും തനിക്ക് ഉണ്ടായ നഷ്ടം റസിയക്ക് ഉണ്ടാകരുതെന്ന് തീരുമാനിച്ച് റസിയയുടെ മുന്നിലെത്തുന്ന ഗംഗ ഒരു പ്രതീക്ഷയാണ്, സ്നേഹത്തിന്റെയും അനുകമ്പയുടേയും പ്രതീക്ഷ. ഗംഗയെ കെട്ടിപ്പിടിച്ച് തന്റെ മനസ്സിലെ കടൽ റസിയ പെയ്*തൊഴിക്കുമ്പോൾ ഒരു സ്ത്രീക്ക് വേണ്ടി മറ്റൊരു സ്ത്രീ ഉറച്ച നിലപാടെടുക്കുന്നതിന്റെ മനോഹരമായ ദൃശ്യാവിഷ്*കാരം നമുക്ക് കാണാൻ സാധിക്കുന്നു. 'പെരുമഴക്കാല'ത്തെ ആസ്പദമാക്കി എടുത്ത ഹിന്ദി ചിത്രമാണ് 'ഡോർ'. കേന്ദ്ര സ്ത്രീ കഥാപാത്രങ്ങൾ തമ്മിലുള്ള ആത്മബന്ധം കാണിക്കുന്നതിൽ 'പെരുമഴക്കാല'ത്തിനേക്കാൾ ഒരു പടി മുന്നിലാണ് 'ഡോർ'. വിധവയായ തന്നെ ഒരു കച്ചവടവസ്തുവായി കണ്ട വീട്ടുകാരെ ഉപേക്ഷിച്ച് സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് ചേക്കേറാനുള്ള ധൈര്യം മീരക്ക് (ഗംഗ) സമ്മാനിക്കുന്നത് സീനത്തും (റസിയ) അവളിലൂടെ ലഭിച്ച സൗഹൃദവുമാണ്.
ആരും തുണയില്ലാതെ വരുന്ന പ്രായം, മക്കളുടെ ഭാഗത്തുനിന്നുള്ള വിമുഖത അതിലും നിറം മങ്ങാതെ നിലനിൽക്കുന്ന കൊച്ചു ത്രേസ്യയുടെയും കുഞ്ഞുമറിയയുടെയും ഹൃദ്യമായ സൗഹൃദം. മനുഷ്യർ കൂടുതൽ ഒറ്റപ്പെടൽ അനുഭവിക്കുന്നത് വാർദ്ധക്യത്തിലാണ്. ഒന്നിച്ച് കൂടുമ്പോളൊക്കെ ആ ഒറ്റപ്പെടലിന്റെ വേദനകൾ അറിയാതെ പഴയ നല്ല ഓർമ്മകളിലേക്ക് യാത്ര തിരിക്കാൻ കൊച്ചു ത്രേസ്യയെയും മറിയയേയും സഹായിച്ചത് അവരുടെ സൗഹൃദമാണ്. 'പ്രണയവർണ്ണങ്ങളി'ലെ ആരതിയുടെയും മായയുടെയും സ്വഭാവമായി താരതമ്യം ചെയ്യുകയാണെങ്കിൽ ഒരുപക്ഷെ കൊച്ചു ത്രേസ്യ മായയെ പോലെയും കുഞ്ഞു മറിയ ആരതിയെ പോലെയുമാണെന്ന് പറയാം. കുഞ്ഞുമറിയക്ക് വേണ്ടി മക്കളോട് ഒച്ചയുയർത്തിയ കൊച്ചു ത്രേസ്യയും, "ഞാൻ പോകാൻ നേരത്ത് എന്റെ മുന്നിലൊന്നും വന്നു നിന്നേക്കരുതെന്ന്” പറയുന്ന കുഞ്ഞു മറിയയും പ്രായത്തെ അതിജീവിച്ച സൗഹൃദത്തിന്റെ പ്രതീകങ്ങളായി ജീവിക്കുന്നു.
'മനസ്സിനക്കരെ' സിനിമയിലെ ഒരു ഭാഗമായിരുന്നു വാർദ്ധക്യ സൗഹൃദമെങ്കിൽ 'ഒരു മുത്തശ്ശി ഗദ' സിനിമ പൂർണമായും രണ്ടു വയോധികരുടെ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ്. ദേഷ്യക്കാരിയായ മൂഡ് സ്വിങ്സുള്ള ലീലാമ്മയുടെ മനസ്സ് മനസ്സിലാക്കി അവരുടെ ആഗ്രഹങ്ങൾ ഒന്നൊന്നായി തീർക്കാൻ സൂസമ്മ ഒപ്പം നിൽക്കുന്നു. നല്ലൊരു കൂട്ടിന്റെ കുറവുണ്ടായിരുന്ന ലീലാമ്മയുടെ ജീവിതത്തിലേക്ക് സൂസമ്മയുടെ സാമിപ്യം ഏറെ മാറ്റങ്ങൾ കൊണ്ടുവന്നു. പ്രായം ആഗ്രഹങ്ങൾക്ക് തടസമല്ല എന്ന് തെളിയിച്ചുകൊണ്ട് ഇരുവരും തന്റെ സന്തോഷങ്ങൾ തേടി ഒന്നിച്ച് യാത്ര തിരിക്കുന്നതാണ് ചിത്രത്തിൽ നമ്മൾ കാണുന്നത്. സംസാരിക്കാൻ പോലും ആരുമില്ലതെ വീടുകളിലേക്ക് ഒറ്റപ്പെട്ടുപോകുന്ന മുത്തശ്ശിമാരുടെ മനസ്സിലെ നോവുകൾ രസകരമായ രീതിയിൽ ഈ കഥാപാത്രങ്ങളിലൂടെ ഇന്നത്തെ തലമുറയോട് സിനിമ പറയുന്നുണ്ട്.
സേറ, ശ്രീദേവി, പൂജ - സ്ത്രീ സൗഹൃദത്തിന്റെ പല വൈകാരിക നിമിഷങ്ങളെ ആഴത്തിൽ അവതരിപ്പിച്ച സിനിമയാണ് 'നോട്ട്ബുക്ക്'. ചെറുതും വലുതമായ അകൽച്ചകൾ മുതൽ ആത്മാർത്ഥസൗഹൃദങ്ങൾ വർഷങ്ങൾക്കിപ്പുറവും വീര്യം കുറയാതെ നിൽക്കുമെന്ന് കാണിച്ചു തന്ന ചിത്രം. മൂന്ന് പെൺകുട്ടികളുള്ള ഗ്യാങ്ങിൽ മധ്യസ്ഥത വഹിച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഒരാളായിരിക്കും, ഇവിടെ ആ വേഷം ശ്രീദേവിക്കായിരുന്നു. അവളുടെ നഷ്ടം ആ സൗഹൃദത്തെ തകർത്തു. ഏത് പ്രശ്നത്തിലും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിച്ച സുഹൃത്ത് വഞ്ചിക്കുമ്പോളുള്ള വേദന സേറയിലൂടെ നമ്മൾ കണ്ടു. വഞ്ചിച്ച മനസ്സ് സമാധാനമില്ലാതെ അലയുമെന്ന് പൂജ പഠിപ്പിച്ചു. ഒരു നിയോഗം പോലെ ആരോ ശ്രീദേവിയുടെ പേരിലെഴുതിയ കത്തിലൂടെ സെറയും പൂജയും വീണ്ടും കണ്ടു, തെറ്റുകൾ പൊറുത്ത് സൗഹൃദം ചോരാതെ കാത്തുസൂക്ഷിക്കണം എന്ന് ഒടുവിലുള്ള അവരുടെ ഒത്തുചേരൽ നമ്മളോട് പറയുന്നു. സിനിമയുടെ അന്ത്യം പൂജ ശ്രീദേവിയെ സങ്കല്പിക്കുന്ന നിമിഷമാണ് അവരുടെ ബന്ധത്തിന്റെ തീവ്രത എല്ലാ പൂർണ്ണതയോട് കൂടിയും നമുക്ക് അനുഭവപ്പെടുന്നത്.
ദേശീയ അവാർഡ് നേടിയ പിങ്ക് എന്ന ഹിന്ദി ചിത്രവും മറ്റൊരു കഥാപശ്ചാത്തലത്തിൽ നിന്ന് കൊണ്ട് മൂന്ന്* പെൺകുട്ടികളിലൂടെ ഗൗരവമേറിയ സാമൂഹിക വിഷയം കൈകാര്യം ചെയ്ത സിനിമയായിരുന്നു. അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന പ്രതിസന്ധി ഘട്ടത്തിൽ പരസ്പരം പിന്തുണ നൽകി സ്ത്രീകൾക്ക് എതിരെയുള്ള സമൂഹത്തിന്റെ പാശ്ചാത്യ മനോഭാവത്തെയും സദാചാര ആക്രമണങ്ങളെയും ഒറ്റകെട്ടായി നിന്ന് സധൈര്യം അവർ നേരിടുന്നത് ചിത്രത്തിൽ കാണാം.
സാമൂഹിക പ്രസക്തിയിൽനിന്നു മാറി പെൺ സൗഹൃദങ്ങളുടെ രസകരമായ നിമിഷങ്ങളിലൂടെ കടന്നുപോയ സിനിമകളുണ്ട്. അതിലൊന്നാണ് കാമ്പസ് സൗഹൃദങ്ങൾ ജീവിതത്തിലെന്നും ഒരു മുതൽക്കൂട്ടാണെന്ന് പറഞ്ഞുവെക്കുന്ന 'രാക്കിളിപ്പാട്ട്'. ജോസഫൈനും രാധികയും അവരുടെ ഗ്യാങ്ങിന്റെ ഹോസ്റ്റലിലെയും കോളേജിലെയും തമാശകൾ, ആഘോഷങ്ങൾ എതിർ ഗ്യാങ്ങുമായിട്ടുള്ള പോരുകൾ എല്ലാം സ്ത്രീ സൗഹൃദങ്ങൾ അതികം കാണാത്ത സിനിമാ കഥകളിൽ പുതിയ അനുഭവം സമ്മാനിക്കുന്ന ഒന്നായിരുന്നു. സ്ത്രീകളുടെ സൗഹൃദം കുടുംബജീവിതത്തിലേക്ക് കടക്കുന്നതോടെ അറ്റുപോകുമെന്ന നിരാശാജനകമായ വസ്തുത സിനിമയിലെ ഒരു ഡയലോഗിലൂടെ പറയുന്നുണ്ട്. എന്നാൽ, അങ്ങനെ അറ്റുപോകാൻ പാടില്ലായെന്നും ഏതു സാഹചര്യത്തിലും ഒപ്പം നിൽക്കുന്ന കൂട്ടുകാരികളെ ചേർത്തു പിടിക്കണമെന്നും സിനിമ ഒടുവിൽ പറഞ്ഞ് വെക്കുന്നു.
'രാക്കിളിപ്പാട്ടി'ലെ പോലെ വളരെ ഉർജ്ജസ്വലരായ കൂട്ടുകാരികളാണ് 'അപരിചിതൻ' സിനിമയിലേത്. മീനാക്ഷി, സിമി, ദേവി അവരുടെ ലോകം അതിൽ അവർ എടുക്കുന്ന തെറ്റും ശരിയുമായ തീരുമാനങ്ങൾ അതിലേക്കാണ് ചിത്രം നമ്മളെ കൊണ്ടുപോകുന്നത്. ദൃഢമായ സൗഹൃദം കാണിക്കുന്നതിനൊപ്പം അടക്കവും ഒതുക്കവമുള്ള പെണ്ണുങ്ങൾക്കപ്പുറത്തേക്ക് ഇഷ്ടങ്ങളെ പിന്തുടരുന്ന, സമൂഹത്തിൻെറ റൂൾബുക്കിനൊപ്പം സഞ്ചരിക്കാത്ത സ്ത്രീ സൗഹൃദത്തെ സ്റ്റീരിയോടൈപ്പുകൾ ഇല്ലാതെ സിനിമയിൽ കാണിച്ചിട്ടുണ്ട്.
'ചോക്ലേറ്റ്' സിനിമയും കാമ്പസ് പശ്ചാത്തലത്തിൽ മൂന്ന് കൂട്ടുകാരികളുടെ ചില സൗഹൃദ നിമിഷങ്ങൾ സമ്മാനിച്ച സിനിമയായിരുന്നു. പെൺകുട്ടികൾ തമ്മിലുള്ള ചില നർമ്മസംഭാഷണങ്ങളും, നായകനെ റാഗിങ് ചെയ്യുന്നതും തെറ്റിദ്ധാരണയുണ്ടാകുമ്പോൾ അകലുന്നതും പിണക്കം മറന്ന് അവർ വീണ്ടും ഒത്തുചേരുന്ന നിമിഷവുമെല്ലാം ഒരു പുതുമ സമ്മാനിക്കുന്ന കാഴ്ചയായിരുന്നു.
സമപ്രായക്കാരല്ലാത്ത എന്നാൽ സമപ്രായക്കാരായ സുഹൃത്തുക്കളെ പോലെയൊരു അനുഭവം സമ്മാനിക്കുന്ന ബന്ധമായിരുന്നു 'അച്ചുവിന്റെ അമ്മ'യിൽ അച്ചുവിന്റെയും അമ്മ വനജയുടെയും. കൂട്ടുകാരെ പോലെയുള്ള അവരുടെ പെരുമാറ്റം ഉണർവേകുന്ന അവതരണരീതിയായിരുന്നു. മകളോട് മറ്റൊരാൾ കൂടുതൽ അടുക്കുമ്പോൾ തോന്നുന്ന വനജയുടെ നിഷ്കളങ്കമായ അസൂയയും ഒരു കൂട്ടുകാരിയോട് പറയുന്ന ലാഘവത്തിൽ തന്റെ പ്രണയം അമ്മയോട് പറയുന്ന അച്ചുവും കണ്ടു മറന്ന അമ്മ മകൾ ചിത്രീകരണശൈലിയിൽ നിന്നും മാറി സഞ്ചരിച്ച കഥാപാത്രങ്ങളായിരുന്നു.
ഒരു യാത്രയിലൂടെ ജീവിതത്തിന്റെ യഥാർത്ഥ അർഥങ്ങളിലേക്ക്, തിരിച്ചറിവുകളിലേക്ക് എത്തിച്ചേർന്ന റാണിയും പദ്മിനിയും അവരുടെ സൗഹൃദവും. കുട്ടികാലം മുതൽ തന്റേതായ നിലപാടുകളുള്ള, സമൂഹത്തിന്റെ കണ്ണിൽ നിഷേധിയായിരുന്ന റാണിയും വിവേചനങ്ങൾ ചോദ്യം ചെയ്യാൻ ഭയന്ന " നല്ല കുട്ടി " ലേബലിൽ ജീവിച്ചു ശീലിച്ച പദ്മിനിയും. പക്ഷെ മണാലി മലനിരകളിലേക്കുള്ള യാത്ര അവർ രണ്ടുപേരെയും കണക്ട് ചെയ്തു. മാനത്തേക്ക് പാരച്യൂട്ടിൽ പറന്നുയരുന്ന റാണിയിലൂടെ പത്മിനി തിരിച്ചറിഞ്ഞു പെണ്ണിന്റെ ലോകം അടച്ചിട്ട മുറികളിലല്ല; അത് ഉയരെ പറക്കേണ്ട ആകാശത്താണെന്ന്.
പല്ലവിയുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയം അവൾക്കൊപ്പം നിന്ന സാരിയ. ആശുപത്രി മുറിയുടെ ബാത്റൂമിൽ മുഖം മറച്ചു നിന്ന അവളെ കെട്ടിപിടിച്ചുകൊണ്ട് താൻ ഒപ്പമുണ്ടെന്ന് പറയാതെ പറഞ്ഞ നിമിഷം. പല്ലവി ഒരു തെറ്റായ ബന്ധത്തിലാണെന്നും ഗോവിന്ദിന്റെ രീതികൾ ശെരിയല്ലായെന്നു പറഞ്ഞ് പല്ലവിയെ മനസ്സിലാക്കിപ്പിക്കുന്നിടത്ത്, ജീവിതം സ്വാതന്ത്ര്യത്തോടെ ആസ്വദിക്കാൻ പറയുന്നിടത്ത്, ശരിയായ ദിശ ചൂണ്ടി കാണിക്കുന്ന സൗഹൃദം എത്ര വിലപെട്ടതാണെന്ന് പറയുന്നുണ്ട് ചിത്രം.
'ജൂണി'ലെ സ്ത്രീ സൗഹൃദത്തിന്റെ ഏറ്റവും മികച്ച ഭാഗമാണ് മുംബൈ നഗരത്തിലെ ജൂണിന്റെയും അഭിരാമിയുടെയും രംഗങ്ങൾ. തന്റെ ജീവിതത്തിലെ മോശപ്പെട്ട അവസ്ഥയിൽ ജൂണിന്* താങ്ങായി അഭിരാമിയുണ്ടായിരുന്നു. പ്രണയ നഷ്ടം ഏറ്റുവാങ്ങേണ്ടി വന്ന ജൂൺ വീട്ടിൽ കയറി ചെല്ലുമ്പോൾ ഒരുപക്ഷേ, അവിടെ അഭിരാമി ഇല്ലായിരുന്നുവെങ്കിൽ ജൂൺ പിന്നെയുണ്ടാകുമോയെന്ന് സംശയമാണ്. ഉള്ള് തുറന്ന് കരയാൻ അതുപോലെ ഒരു കൂട്ടുകാരി ഉഉള്ളവരെയൊക്കെ ആ രംഗം അറിയാതെ കണ്ണ് നനയിച്ചിട്ടുണ്ടാകും.
ക്വീൻ എന്ന ഹിന്ദി ചിത്രത്തിലെ റാണിയുടേയും പാരിസിൽ വെച്ച് അവൾ കണ്ടുമുട്ടുന്ന വിജയലക്ഷ്മിയുടെയും ഒന്നിച്ചുള്ള നിമിഷങ്ങൾ ജൂണിലെ ഈ രംഗങ്ങളായിട്ട് ചേർത്തുവെക്കാൻ കഴിയുന്നതാണ്. പ്രതിശ്രുത വരൻ കല്യാണത്തിൽനിന്നു പിന്മാറിയ സങ്കടത്തിൽ ഒറ്റക്ക് പാരിസിലേക്ക് പുറപ്പെട്ട റാണി വളരെ നിസ്സഹായ അവസ്ഥയിലാണ് അവളിൽനിന്നു നേർവിപിരീതമായ വിജയലക്ഷ്മിയെ പരിചയപ്പെടുന്നത്. വീട്ടുകാരോട് പോലും മനസ്സ് തുറക്കാൻ കഴിയാതിരുന്ന അവൾക്ക് വിജയലക്ഷ്മി ഒരു താങ്ങായി, തെരുവിലിരുന്ന് ഉറക്കെ കരഞ്ഞ് തന്റെ വേദനകൾ എല്ലാം പുറത്ത്കൊണ്ടുവരാൻ ആ സൗഹൃദം അവളെ സഹായിച്ചു. എല്ലാം മറന്ന് മുന്നോട്ട് പോകാനുള്ള ധൈര്യം റാണിക്ക് വിജയലക്ഷ്മി സമ്മാനിക്കുന്നതോടെയാണ് ഇരുവരും പിരിയുന്നത്.
ഫ്രീഡം ഫൈറ്റ് ആന്തോളജിയിലെ അസംഘടിതർ എന്ന ചിത്രം കോഴിക്കോട് മിഠായിത്തെരുവിലെ ഒരു കൂട്ടം സ്ത്രീകളുടെ മൗലികാവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് പറഞ്ഞത്. പല പ്രായത്തിലുള്ള, പല കുടുംബങ്ങളിലും നിന്നും വരുന്ന തൊഴിലാളി സ്ത്രീകൾ ഒന്നിച്ചു നിന്ന് തന്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടി അതിൽ വിജയിക്കുന്നു. സ്ത്രീകൾ ഒന്നിച്ച് നിന്ന് വിവേചനങ്ങൾക്ക് എതിരെ ശബ്ദമുയർത്തുന്നതിന്റെ പ്രസക്തിയെ കുറിച്ച് പറഞ്ഞ് വെക്കുന്നുണ്ട് ഈ സിനിമ.
നിലമ്പൂർ ആയിഷയുടെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ മഞ്ജു വാര്യരുടെ ആയിഷ എന്ന ചിത്രത്തിൽ ലോകത്തിന്റെ പല ഭാഗത്ത് നിന്നും ജോലി തേടി ഗൾഫിലേക്കെത്തിയ സ്ത്രീകളും അവർക്കിടയിൽ ഉണ്ടാകുന്ന ആത്മബന്ധവും കാണാൻ സാധിക്കും. ഗൾഫിലെ ഒരു കൊട്ടാരത്തിൽ ജോലി ചെയുന്ന അയിഷയും കൊട്ടാരത്തിന്റെ ഉടമസ്ഥയായ മാമ എന്ന് വിളിക്കുന്ന പ്രായമേറിയ സ്ത്രീയയുമായി രൂപപ്പെടുന്ന ഹൃദ്യമായ അടുപ്പം നിസ്വാർത്ഥമായ സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും മൂല്യം പഠിപ്പിക്കുന്നുണ്ട്.
സൗഹൃദത്തിന് അപ്പുറത്തേക്ക് ഒരു കുടുംബംപോലെയാണ് ഞങ്ങളെന്ന് ദിയ തന്റെ കൂട്ടുകാരികളായ ദേവികയെയും ദർശനയെയും നോക്കി പറയുന്ന 'ആനന്ദം' സിനിമയിൽ ചെറിയ ചില പെൺ സൗഹൃദങ്ങളുടെ നിമിഷങ്ങൾ കാണാം. ഇന്നത്തെ പെൺകുട്ടികൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന വിധത്തിലുള്ള സൗഹൃദമാണ് 'സൂപ്പർ ശരണ്യ'യിലേത്. ഹോസ്റ്റലിലെയും കോളേജ് ഫെസ്റ്റിവലിലെയും രംഗങ്ങളിലും ടീച്ചർമാരോടുള്ള പെരുമാറ്റത്തിലും ആൺകുട്ടികളോടുള്ള ഇടപെടലിലുമെല്ലാം റീയലിസ്റ്റിക്കായിട്ടുള്ള സമീപനമാണ് ചിത്രം സ്വീകരിച്ചിരിക്കുന്നത്. സോനയെ പോലെ കൂട്ടുകാരികളുടെ കാര്യങ്ങളിൽ ആവലാതിപ്പെടുന്ന അതിൽ അഭിപ്രായങ്ങൾ പറയുന്ന കൂട്ടുകാരികൾ സുപരിചിതമായ കഥാപാത്രമാണ്. പക്ഷെ ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ പ്രണയത്തിനും നായകനും കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയിലേക്ക് കഥ സഞ്ചിരിച്ചു.
അഞ്ജലി മേനോന്റെ വ'ണ്ടർ വുമൺ' ഇന്ത്യയുടെ പല ഭാഗത്ത് നിന്നും വന്ന ഗർഭിണികളായ സ്ത്രീകൾ തമ്മിൽ രൂപപ്പെടുന്ന ആത്മബന്ധത്തിന്റെ കഥയാണ് പറഞ്ഞത്. തുടക്കത്തിൽ വിയോജിപ്പുകളും വാക്കുതർക്കങ്ങളും ഉണ്ടായെങ്കിലും പിന്നീട് അവർ അടുക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. എന്നാൽ മനസ്സിനെ സ്പർശിക്കുന്ന രീതിയിൽ പ്രേക്ഷകരുമായി കണക്ട് ചെയ്യാൻ വണ്ടർ വുമണിലെ സ്ത്രീ സൗഹൃദങ്ങൾക്ക് സാധിച്ചോ എന്നുള്ളത് സംശയമാണ്.
പിരിയാൻ കഴിയാത്ത ആത്മബന്ധമുള്ള കൂട്ടുകാരികൾ, കുസൃതികൾക്കും തമാശകൾക്കും കൂട്ടാകുന്നവർ, ചില തിരിച്ചറിവുകൾ സമ്മാനിക്കുന്നവർ, പ്രതിസന്ധികളിൽ താങ്ങുകുന്നവർ, ഒരു സഹോദരിയെയും അമ്മയെയും പോലെ മനസ്സിന് ധൈര്യം പകരുന്നവർ, ഹൃദയംകൊണ്ട് പ്രണയിക്കുന്നവർ അങ്ങനെ പ്രായഭേദമന്യേ സ്ത്രീകളുടെ വ്യത്യസ്തമായ ആത്മബന്ധങ്ങളാണ് ഈ ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചത്.
പക്ഷെ, വിരലിലെണ്ണാവുന്ന ഈ ചിത്രങ്ങൾക്കപ്പുറം പുറംലോകം അറിയാൻ കാത്തുകിടക്കുന്ന എത്രയോ കഥകളും കഥാപാത്രങ്ങളുമുണ്ട്. വൈവിധ്യവും ശക്തവുമായ പെണ്ണിടങ്ങളുടെ നിമിഷങ്ങൾ, പരസ്പരം പിന്തുണയേകുന്ന അവളുടെ പോരാട്ടങ്ങൾ, അവളിൽനിന്നും അവളിലേക്കുള്ള കഥകൾ ഇനിയും ഇനിയും തീരശ്ശീലയിൽ പിറക്കട്ടെ. പ്രതീക്ഷയോടെ കാത്തിരിക്കാം.
https://www.mathrubhumi.com/in-depth...ovie-1.8422624