ആയിരത്തൊന്നു രാവുകൾ കഥ കേട്ടുറങ്ങിയ
അനേകശതം ബാല്യങ്ങൾക്കിവളിന്നും അമ്മ
അവകാശവാദികൾ കൊത്തി വലിക്കുന്നിതാ
അവൾ തൻ മാതൃ ബോധത്തിൻ വസ്ത്രാഞ്ചലം

അശാന്തിയെരിഞ്ഞുതീരാ അറുപത് വർഷങ്ങൾ
അവളുടെ കുരുന്നുകൾ ഇന്നും അനാഥർ
അമ്മയുടെ കീറത്തുണി ചേർത്തു വയ്ക്കുന്നു
അന്യൻറെ ദുരയുടെ ദൃഷ്ടി പതിയാതെ

കാർമേഘപടലങ്ങൾ കാണ്*മതില്ലിവിടെയെന്നാലും
പോർക്കാല മേഘങ്ങൾ ഉരുണ്ടു കൂടുന്നു
അശനിപാതത്തിന്റെ മൂർച്ഛ വാൾ മിന്നവെ
ആഭിചാരം പോലെ രക്ത വർണ്ണപ്പൂക്കൾ വിടരുന്നു

അന്ത്യശാസനം പെരുമ്പറ മുഴക്കവെ
ആചാര വെടിയൊച്ച കേൾക്കുമാറാകുന്നു
സംഹാരശക്തി കുളമ്പടിച്ചെത്തുന്നു
സന്നിവേശിക്കുന്നു ഭയമോരോ തനുവിലും

അങ്കത്തിനായ് പടകാളിമുറ്റമൊരുങ്ങവെ
ചിറകറ്റു വീഴുന്നു വെള്ളരിപ്രാവുകൾ
ചിതറിയൊടുങ്ങുന്നു ഒലിവിൻ ചില്ലകൾ
അഗ്നിയിലമരുന്നു ശാന്തിദൂതുകൾ

വ്യാളീമുഖങ്ങൾ തീ തുപ്പിയിഴയവെ
വ്യാഘ്രധ്വനിയോടെ ചീറുന്നു പീരങ്കി
നോവിൻറെ പടച്ചട്ട നക്കിത്തുടയ്ക്കുവാൻ
തീമഴത്തുള്ളികൾ പെയ്തിറങ്ങുന്നു

നീതിയുടെ തേരിന്റെ ചക്രങ്ങൾ താഴവെ
ഭീതിയുടെ കരിമ്പടം പുതയ്ക്കുന്നു ജനത
ചാരപ്പക്ഷികൾ ഇരമ്പിപ്പറക്കുന്നു
ചാരം മൂടുന്നു സൌധങ്ങളോരോന്നായ്*

ഉയരെപ്പറക്കുമൊരു കഴുകൻറെ കണ്ണുകൾ
കൊത്തിച്ചികയുന്നു താഴെയൊരു കുഞ്ഞിനെ
പിഞ്ചിളം ചൊടികളിൽ ശിഞ്ചിതം മായുന്നു
പാൽമണം ഈവിഷക്കാറ്റിൽ അലിഞ്ഞുചേരുന്നു

ദാഹം വറ്റിച്ച കണ്ഠനാളങ്ങളിൽ
ശാപം ഇറ്റിക്കുന്നു തിക്തനീർകണങ്ങൾ
കാളുന്ന വിശപ്പിൻറെ കരാള ഹസ്തങ്ങൾ
കുടലുകൾ ഞെരിക്കവെ കരളുകൾ പിടയുന്നു
അകമ്പല്ലിറുമ്മവെ വീശുന്ന വാൾമുനയിൽ
നൊന്തു നീറുന്നതോ മാതൃ ഹൃദയങ്ങൾ
വീറിന്റെ ശൂലമുനകൂർത്ത് നീളവേ
തുറിച്ചെഴുന്നതോ ഭ്രാതൃനേത്രങ്ങൾ

ചാലിട്ടൊഴുകുന്ന രക്തനദിയുടെ
തീരങ്ങളിലോ പിതൃതർപ്പണങ്ങൾ
കാരാഗൃഹത്തിന്റെ കോണുകളിലെവിടെയോ
നീറിപ്പുകയുന്നു പുത്രദുഖങ്ങൾ

അശ്വമേധത്തിന്നൊടുവിലായ് കാണാം
കബന്ധങ്ങൾ കണ്മിഴിക്കുന്ന കാഴ്ച്ച
വേച്ചു നീങ്ങുന്ന പട്ടിണിക്കോലങ്ങൾ
ആയുധപ്പന്തയക്കഥാവശേഷം

ചരിത്രമനവരതം താളുകൾ മറിയ്ക്കുന്നു
ചിലതെല്ലാം മറവിയുടെ മാറാപ്പിലൊതുങ്ങുന്നു
ചിതൽപ്പുറ്റായ് മാറുന്നു ചിന്താമണ്ടലം
കനൽക്കാറ്റായ് മാറുന്നു നിശ്വാസങ്ങൾ

കലിംഗയിലൊരു രാജാവ് ജയം നേടിയിട്ടും
ദുഖാർത്തനായത് മറന്നുവോ കാലം
കുരുക്ഷേത്രയിലൊരു മാതാവ് വ്യഥപൂണ്ട്
കരഞ്ഞലച്ചാർത്തതും മാഞ്ഞതോ

ആരീ അധമ പ്രവൃത്തിക്കു പിന്നിൽ
ഉപജാപത്തിന്റെ ഉന്മൂല തന്ത്രമോ
അരാചകത്വത്തിന്റെ അഴിഞ്ഞാട്ടമോ
സാമ്രാജ്യത്വത്തിന്റെ ഹീനമാം സ്വേച്ഛയൊ

പകയുടെ കനലുകളത്രെയും കെടുത്തുവാൻ
ദയയുടെ കണികയൊന്നു മാത്രം മതി
ആവനാഴിയിലെത്ര ശരങ്ങൾ മിച്ചമെന്നാലും
സത്യമെന്നൊരു ശരം മതി ജയിക്കുവാൻ