Page 1 of 4 123 ... LastLast
Results 1 to 10 of 37

Thread: Saptha , RAJA, BAYYA, Peruchazhi & Vilaali 5 in 1

  1. #1
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    17,854

    Default Saptha , RAJA, BAYYA, Peruchazhi & Vilaali 5 in 1


    വില്ലാളി വീരൻ FD 6 pm show Tcr Ragam Status balcony full FC 80%

    സ്ഥിര ബുദ്ധി ഉള്ളവരും ക്ലാസിക്ക് സിനിമകൾ ഇഷ്ടപ്പെടുന്നവരും ദിലീപ് സിനിമകൾ കാണാൻ വരണ്ടാ എന്നാണു ദിലീപ് ആരാധകരുടെയും ദിലീപ് സിനിമകളുടെ അണിയറപ്രവർത്തകരുടെയും പക്ഷം. ദിലീപ് എന്ന നടൻ അഭിനയിക്കുന്നു എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന കുട്ടികളും അവരുടെ കുടുബങ്ങളും ദിലീപ് സിനിമകൾ കാണാൻ ഇടിച്ചു കയറുമെന്നും അങ്ങനെ സിനിമകൾ മെഗാഹിറ്റുകളായി തീരുമെന്നുമൊക്കെയാണു സിനിമ പണ്ഡിതന്മാരുടെ വിലയിരുത്തൽ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അതു ശരിയാണു താനും 2010 മുതൽ ഇങ്ങോട്ട് കാൽ കാശിനു കൊള്ളാത്ത ദിലീപ് സിനിമകൾ കോടികളാണു ബോക്സോഫീസിൽ നിന്ന് വാരിയത്. അതു കൊണ്ട് തന്നെ എന്ത് കോപ്രായങ്ങൾ കാണിച്ചു വെച്ചാലും പടം വിജയിക്കും എന്ന അമിതാത്മവിശ്വാസം ഒരു പക്ഷെ ദിലീപിനും പിടിപ്പെട്ടിരിക്കാം. എന്നാൽ അവതാരം എന്ന സിനിമ ബോക്സോഫീസിൽ മൂക്കും കുത്തി വീണത് എന്ത് കൊണ്ട് എന്നതിൽ ഒരു സ്വയം വിമർശനത്തിനു തയ്യാറാവാതെ വില്ലാളി വീരൻ എന്ന ചിത്രവുമായി ദിലീപ് ഈ ഓണത്തിനു പ്രേക്ഷകരുടെ മുന്നിൽ എത്തി.

    വില്ലാളി വീരന്റെ കഥ എന്താണു എന്ന് ചോദിച്ചാൽ ഇത് സിദ്ദാർത്ഥൻ എന്ന വില്ലാളി വീരന്റെ കഥയാണു. സിദ്ദു ഒരുപാട് കഷ്ടപാടുകൾക്കിടയിൽ തന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിക്കുന്ന ഒരു യുവാവാണു. എന്ത് പണി ചെയ്താലും കാശ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന സിദ്ധുവിന്റെ ജീവിതത്തിലേയ്ക്ക് അവിചാരിതമായി ഒരു പെൺകുട്ടി കടന്നു വരുന്നു. സിദ്ധുവിന്റെയും കൂട്ടുകാരുടെയും പ്രവർത്തികൾകണ്ട് തട്ടിപ്പ്കാരാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് സിദ്ധാർത്ഥൻ ജയിലിൽ ആകുന്നു. സിദ്ധാർത്ഥന്റെ അഛനും ജയിലിൽ കിടക്കുകയാണു. എന്തിനു സിദ്ധാർത്ഥൻ തട്ടിപ്പുകാരാനായി.. എന്ത് കുറ്റം ചെയ്തിട്ടാണു സിദ്ധുവിന്റെ അഛൻ ജയിലിൽ കിടക്കുന്നത്..? സിദ്ധാർത്ഥൻ അങ്ങനെ ആയതിന്റെ പിന്നിൽ ഒരു കരളലിയിക്കുന്ന കഥനകദയുണ്ട്. ചതിയുടെ വഞ്ചനയുടെ കൊടും ക്രൂരതയുടെ ആ കഥ അതിനു വില്ലാളി വീരന്റെ പ്രതികാരം, തെറ്റിദ്ധാരണകളുടെ പുകമറി നീക്കി അവസാനം തന്റെ നിരപരാധിത്വം തെളിയിക്കുന്ന സിദ്ദാർത്ഥൻ.. ഇതാണു രണ്ട് മണിക്കൂർ 45 മിനുറ്റ് കൊണ്ട് ഈ സിനിമ പറയുന്നത്. ഇതിലും ചെറുതാക്കി ഈ സീരിയലിന്റെ ക്ഷമിക്കണം സിനിമയുടെ കഥ പറയാനാവില്ല.


    പ്രശസ്ത സീരിയൽ സംവിധായകനായ സുധീഷ് ശങ്കറിന്റെ ആദ്യ സംവിധാന സംരഭമാണു വില്ലാളി വീരൻ. ദിലീപിന്റെ സ്ഥിരം ഫോർമുല ചിത്രങ്ങളായ ശൃഗാരവേലൻ, നാടോടി മന്നൻ, തുടങ്ങിയ ചിത്രങ്ങളുടെ രീതിയിൽ മറ്റൊരു സിനിമ ഒരുക്കാനാണെന്ന് തോന്നുന്നു സിനിമയുടെ അണിയറപ്രവർത്തകർ കിണഞ്ഞ് പരിശ്രമിച്ചിരിക്കുന്നത്. എന്നാൽ ഒരു മെഗാസീരിയൽ നിലവാരത്തിനപ്പുറത്തേക്ക് ഒരിക്കലും ഈ സിനിമ ഉയരുന്നില്ല എന്നതാണു സത്യം. സീരിയൽ ഡയറക്ടർ സംവിധാനം ചെയ്താൽ പിന്നെ സീരിയൽ പോലെ അല്ലാതെ നാടകം പോലെ ഇരിക്കുമോ എന്നൊന്നും ആരും ചോദിച്ച് കളഞ്ഞേക്കരുത്. ദിലീപ് സിനിമകളിലെ ഏറ്റവും മോശം തിരകഥ ഏത് സിനിമയിലാണു എന്ന ചോദ്യത്തിനു അടുത്ത ദിലീപ് സിനിമ ഇറങ്ങും വരെ വില്ലാളി വീരൻ എന്ന് ഉത്തരം പറയേണ്ടി വരും. കോമഡി ആണു ദിലീപ് സിനിമകളുടെ ഹൈലൈറ്റ്. കണ്ണീർ സീരിയലുകൾ കണ്ട് മടുത്ത വീട്ടമമാർ ഒന്ന് പൊട്ടി ചിരിച്ച് റിലാക്സ് ചെയ്യാൻ വേണ്ടിയാണു ദിലീപ് സിനിമകൾ കാണാൻ വരുന്നതും ആ സിനിമകളിലെ തറ ഹാസ്യം കണ്ട് കുടു കുടാ ചിരിക്കുന്നതും. എന്നാൽ വില്ലാളി വീരനിൽ ഒരു തറ കോമഡി രംഗം പോലുമില്ല എന്തിനു ഒരു കോമഡി പോലുമില്ല.. വെറുപ്പിക്കലിൽ പുതിയ പരീക്ഷണങ്ങൾ നടത്തുകയാണു സംവിധായകനും തിരകഥാകൃത്തും കൂടി വില്ലാളി വീരനിൽ. കലാഭവൻ ഷാജോൺ ഒരു കോമഡി താരമായിരുന്നുവത്രേ.. നമിത പ്രമോദ് എന്നാണു കാമ്പുള്ള ഒരു സിനിമയിൽ അഭിനയിക്കുക. മൈഥിലിയെക്കെ ഇപ്പൊഴും സിനിമയിൽ ഉണ്ട് എന്നറിയുന്നതിൽ സന്തോഷം. ഇവരെ കൂടാതെ പിന്നെയും ഉണ്ട് കുറെ പേർ. സിദ്ദിക്കൊക്കെ മാരകമായി അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നു. പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കാൻ റാഫിയെയും ഈ സിനിമയിൽ അഭിനയിപ്പിച്ചിട്ടുണ്ട്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ കോടികൾ മുടക്കി ആർ ബി ചൗധിരി ഈ സിനിമ നിർമ്മിച്ചത് ദിലീപിന്റെ താരമൂല്യവും ബോക്സോഫീസിൽ നിന്ന് കിട്ടും എന്ന് പ്രതീക്ഷിച്ച കോടികളും കണ്ട് തന്നെയാവണം. മലയാളം അറിയാത്തത് കൊണ്ട് ആംഗ്യഭാഷയിൽ കഥപറഞ്ഞിട്ടാവണം സംവിധായകൻ ആർ ബി ചൗധരിയെ പറ്റിച്ചിരിക്കുന്നത്. ഒരല്പം കോമൺ സെൻസ് ഉള്ള ആരും ഈ സിനിമ നിർമ്മിക്കാൻ ധൈര്യം കാണിക്കില്ല. ഇത്രയും മോശമായ സിനിമയിൽ ദിലീപിനു ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.


    നിലവാരമുള്ള ക്ലാസിക്ക് സിനിമകൾ പ്രതീക്ഷിച്ചല്ല ദിലീപ് ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ വരുന്നത്. അവർക്ക് വേണ്ടത് തറ കോമഡികളും അശ്ലീല തമാശകളും ഒരുപാട് ചളികളും നിറഞ്ഞ ഒരു മസാല ചിത്രമാണു. അത് കിട്ടിയാൽ അവർ ഹാപ്പി. എന്നാൽ അതു പോലും നൽകാൻ കഴിയാത്ത വിധം തരം താണു പോയ സിനിമയാണു വില്ലാളി വീരൻ. കൂവലുകൾ കൊണ്ടുള്ള പ്രതികരണം ദിലീപ് സിനിമകൾക്ക് നൽകുന്നത് പ്രേക്ഷകർ നിർത്തിയത് കൊണ്ട് ഈ സിനിമ കാണാൻ തിരുമാനിച്ച നിമിഷത്തെ ശപിച്ച് കൊണ്ട് തികഞ്ഞ ആത്മനിന്ദയോടെ തിയറ്റർ വിടാനെ പ്രേക്ഷകർക്ക് കഴിഞ്ഞുള്ളു.

    എത്രത്തോളം മോശം അഭിപ്രായം വരുന്നുവോ അത്രത്തോളം വിജയമാകുന്ന പതിവാണു ദിലീപ് സിനിമകളുടേത്. എന്നാൽ അവതാരം ഒരു അപായ സൂചനയായിരുന്നു. അത് തിരിച്ചറിയാൻ കഴിയാതെ പോയത് ഈ സിനിമയെ ഒരു ബോക്സോഫീസ് ദുരന്തമാക്കും. ഇത്രയൊക്കെ ആയിട്ടും ഇനിയും ഈ സിനിമ വിജയിച്ചാൽ ദിലീപാണു മലയാള സിനിമയിലെ രജനികാന്ത്.

    * ഈ സിനിമ ഇഷ്ടപ്പെട്ടു എന്ന് പറയുന്ന ഒരാളെ നിങ്ങൾക്ക് കാണാൻ കഴിഞ്ഞാൽ അയാൾക്കാണു ഈ വർഷത്തെ സഹനശക്തിക്കുള്ള നോബൽ സമ്മാനം.

    ഭയ്യ ഭയ്യ അങ്കമാലി കാർണിവൽ FD 2.30 status 70%
    മോഹൻലാൽ - ശ്രീനിവാസൻ, മോഹൻലാൽ - മുകേഷ് , ജഗദീഷ്- സിദിഖ് തുടങ്ങിയ കൂട്ടു കെട്ടുകളെ പോലെ മലയാള സിനിമയിൽ വിജയകൊടി പാറിച്ച ജോഡിയാണു കുഞ്ചാക്കോ - ബിജുമേനോൻ. അതു കൊണ്ട് തന്നെ ഇവരിരുവരും ഒന്നിക്കുന്ന ബെന്നി പി നായരമ്പലത്തിന്റെ തിരകഥയിൽ ജോണി ആന്റണി സംവിധാനം ചെയ്ത ഭയ്യ ഭയ്യ എന്ന സിനിമ ഓണക്കാല മത്സരത്തിൽ കറുത്ത കുതിരകളാകും എന്ന് പ്രവചിച്ചവർ ഏറെയാണു.

    നമുക്ക് ആവശ്യമില്ലാത്ത വെള്ളവും വളവും വലിച്ചെടുത്ത് വളരുന്ന അന്യസംസ്ഥാന തൊഴിലാളുകളുടെ കഥയാണു ഭയ്യ ഭയ്യ പറയാൻ ശ്രമിക്കുന്നത്. കേരളത്തിൽ നിന്ന് ബംഗാളിലേയ്ക്കുള്ള ഒരു യാത്രയിലൂടെയാണു ചിത്രം ആരംഭിക്കുന്നത്. യാത്ര ഒരു ആംബുലൻസിലാണു. കേരളത്തില് വെച്ച് മരിച്ച ബംഗാളിലെ ഒരു തൊഴിലാളിയുടെ മൃതദേഹവും കൊണ്ടാണു ഈ യാത്ര. ആംബുലൻസിൽ ബംഗാളി ബാബു എന്നറിയപ്പെടുന്ന ബാബു മോനും, ബാബു മോന്റെ ഭയ്യ ബാബുറാം ചാറ്റർജിയും അവരുടെ ഒരു പണിക്കാരൻ സോമനും ബാബുമോന്റെ കാമുകി ഏയ്ഞ്ചലും ബാബുറാം ചാറ്റർജി സ്നേഹിക്കുന്ന ശാന്തിയുമുണ്ട്. ബാബുമോന്റെ അപ്പൻ ചാക്കോ ഒരു വലിയ കോണ്ട്രാക്ടറായിരുന്നു. ഒരിക്കൽ ബംഗാളിൽ നിന്ന് ചാക്കോ ബാബുറാമിനെ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടുവന്നു. അവിടെ വെച്ചുണ്ടായ വെള്ളപ്പൊക്കത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ബാബുറാം പിന്നെ വളർന്നത് മുഴുവൻ കേരളത്തിലാണു. ബാബുമോന്റെ സ്വന്തം ഭയ്യ ആയിട്ട്. ഒരു കച്ചവടത്തിൽ വലിയ നഷ്ടം സംഭവിച്ച് സ്വന്തം തറവാട് നഷ്ടപ്പെട്ട ചാക്കോ ഇന്ന് മാനസികമായി താളം തെറ്റിയ നിലയിലാണു. ബാബുറാമിന്റെ ബംഗാളി ബന്ധം ഉപയോഗിച്ച് കേരളത്തിലേയ്ക്ക് ബംഗാളി തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നതാണു ബാബുമോന്റെ ഇപ്പോഴത്തെ പണി. സ്ഥലത്തെ പ്രധാന രാഷ്ട്രീയ നേതാവിന്റെ മകളാണു ഏയ്ഞ്ചൽ. ചില പ്രത്യേക കാരണങ്ങളാൽ ഏയ്ഞ്ചലിനെ പെട്ടെന്ന് വിവാഹം ചെയ്യേണ്ട ഒരു സാഹചര്യം ബാബുമോനുണ്ടായി അതിനു വേണ്ടിയാണു ഏയ്ഞ്ചൽ ഈ ആംബുലൻസിൽ കയറിയിരിക്കുന്നത്. ബാബുറാം ശാന്തിയെ സ്നേഹിക്കുന്ന വിവരം ശാന്തിയ്ക്കൊഴിച്ച് മറ്റെല്ലാവർക്കുമറിയാം. ശാന്തി ആംബുലൻസിൽ കയറിയിരിക്കുന്നത് ബംഗാളിലേക്ക് വരാനല്ല. മറിച്ച് വണ്ടി പോകുന്നത് സേലം വഴി ആയത് കൊണ്ട് തന്റെ അക്കയുടെ വിവാഹത്തിനു പങ്കെടുക്കാൻ വേണ്ടി പോകുന്ന വണ്ടി കൂലി ലാഭിക്കാനാണു. സോമനാകട്ടെ വെറുതെ ബംഗാൾ കാണുന്നതിനു വേണ്ടി മാത്രം ഇവരുടെ കൂടെ വരുന്നതാണു. അങ്ങനെ തുടങ്ങിയ യാത്ര സേലം വഴി ബംഗാളിലെത്തുകയും തിരിച്ച് ബംഗാളിൽ നിന്ന് കേരളത്തിലെത്തുകയും ചെയ്യുന്നു. ഇതിനിടയിൽ നടക്കുന്ന രസകരമായ സംഭവങ്ങളുടെ ആവിഷ്ക്കാരമാണു ഭയ്യ – ഭയ്യ.

    ഭയ്യ ഭയ്യ എന്ന ഒരുഗാനവും തെസ്നി ഖാന്റെ ചില നമ്പറുകളും ഒഴിച്ച് നിർത്തിയാൽ മഷിയിട്ട് നോക്കിയാൽ പോലും ഒരു നല്ല കാര്യം ഈ സിനിമയിൽ കണ്ട് പിടിക്കാൻ പറ്റില്ല. ഷമ്മി തിലകൻ തന്റെ കോമഡി കരിയർ നന്നായി വികസിപ്പിച്ചെടുക്കാനുള്ള അതീവ ശ്രമത്തിലാണു. പറങ്കി മല നായിക വിനുത തന്റെ ഡിസ്കോ ശാന്തിയെ കാര്യമായ പരുക്കുകളില്ലാതെ ഒപ്പിച്ചെടുത്തിട്ടുണ്ട്.കുഞ്ചാക്കോ , ബിജുമേനോൻ , സലീം കുമാർ, സുരാജ് , ഇന്നസെന്റ് , ഷമ്മി തിലകൻ , ഗ്രിഗറി തുടങ്ങി ഓൾഡ് ജനറേഷന്റെയും ന്യൂജനറേഷന്റെയും കോമേഡിയന്മാരുടെ ഒരു നിര തന്നെ ഉണ്ടായിട്ടും ചിരി വിതറുന്ന സന്ദർഭങ്ങൾ വിരലിലെണ്ണാവുന്നത് മാത്രം.നായികമാരെത്തിയവരിൽ നിഷ അഗർവാളിനെ ആ വേഷത്തിലേയ്ക്ക് കണ്ട് പിടിച്ചവരെ സമ്മതിക്കണം.

    കല്യാണ രാമൻ , മേരിയ്ക്കുണ്ടൊരു കുഞ്ഞാട് എന്നീ സിനിമകൾ എഴുതിയ അതേ തൂലികയിൽ നിന്ന് തന്നെയാണു ഭയ്യ - ഭയ്യ യും പിറന്നത് എന്നറിയുമ്പോഴാണു ബെന്നി പി നായരമ്പലമെന്ന തിരകഥാകൃത്തിന്റെ നിലവാര തകർച്ചയുടെ ആഴം മനസിലാകുക.
    മലയാളത്തിലെ സ്ലാപ്സ്റ്റിക് കോമഡി സിനിമകളുടെ ഉപഞ്ജാതാവാണു ജോണി ആന്റണി. ഈ പട്ടണത്തിൽ ഭൂതവും ഇൻസ്പെക്ടർ ഗരുഡുമൊക്കെ സംവിധാനം ചെയ്ത സംവിധായകനിൽ നിന്ന് അത്ഭുതമൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. എങ്കിലും ഇങ്ങനെ ഒരു സിനിമ ഒരുക്കാനാണെങ്കിൽ അത് ഹരിഹരൻ പിള്ള സംവിധാനം ചെയ്ത വിശ്വനാഥൻ വടുതല ഇതിനേക്കാൾ നന്നായി ചെയ്യുമായിരുന്നു.
    കുഞ്ചാക്കോയും ബിജുമേനോനും ഒരുമിച്ചഭിനയിച്ചാൽ മാത്രം സിനിമ വിജയിക്കില്ല എന്ന് മറ്റാരും മനസ്സിലാക്കിയില്ലെങ്കിലും അവർ ഇരുവരുമെങ്കിലും മനസ്സിലാക്കിയാൽ നന്ന്.

    സിനിമ നൽകിയ ആഘാതത്തിൽ നിന്ന് മോചിതരാകാൻ സമയം എടുക്കും എന്നുള്ളത് കൊണ്ട് പെട്ടെന്നൊരു പ്രതികരണം ഒരു പ്രേക്ഷകനിലും ഉണ്ടായില്ല.. അല്ലെങ്കിലും ഇതു പോലെയുള്ളതിനോടൊക്കെ പ്രതികരിച്ചിട്ട് എന്ത് കാര്യം. കുഞ്ചാക്കോ - ബിജുമേനോൻ എന്നത് ഒരു ബ്രാൻഡ് ആയത് കൊണ്ട് ഫാമിലി കയറാൻ ഒരു വിദൂര സാധ്യത കാണുന്നുണ്ട്.

    * അങ്ങനെ പെരുച്ചാഴിയെയും രാജാധി രാജയെയും ബഹുദൂരം പിന്നിലാക്കി കൊണ്ട് ഓണത്തിനിതുവരെ ഇറങ്ങിയതിൽ ഏറ്റവും മോശം സിനിമ എന്ന അംഗീകാരം നേടിക്കൊണ്ട് ഭയ്യ ഭയ്യ മുന്നേറുകയാണു...മുന്നേറുകയാണു..!!


    പെരുച്ചാഴി FD PVR
    മ്യൂറിഡേ കുടുംബത്തിൽ പെട്ട കാർന്നുതിന്നുന്ന ജീവി സ്പീഷീസാണ് ഗ്രേറ്റർ ബാൻഡിക്കൂട്ട് റാറ്റ് (Greater Bandicoot Rat) അഥവാ പെരുച്ചാഴി. തുരപ്പൻ എന്നർത്ഥം വരുന്ന പെരുച്ചാഴിയാണു മലയാളത്തിന്റെ സൂപ്പർ സ്റ്റാറായ മോഹൻലാലിന്റെ ഓണചിത്രം.. അരുൺ വൈദ്യനാഥനാണു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുകേഷ്, ബാബുരാജ്, അജു വർഗീസ്, രാഗിണി നദ്നിനി എന്നിവർ പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ഭൂരിഭാഗവും അമേരിക്കയിലാണു ചിത്രീകരിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവും സാന്ദ്ര തോമസുമാണു ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദൃശ്യത്തിന്റെ വൻ വിജയത്തിനു ശേഷം വന്ന കൂതറയും മിസ്റ്റർ ഫ്രോഡും പരാജയമായത് കൊണ്ട് ലാൽ ആരാധകർ വലിയ പ്രതീക്ഷയായിരുന്നു ചിത്രത്തിനു നൽകിയിരുന്നത്..

    ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണു. ഇവിടെ അനവധി നിരവധി രാഷ്ട്രീയ പാർട്ടികളുണ്ട്. എന്നാൽ ഇന്ത്യ പോലെ തന്നെ മറ്റൊരു ജനാധിപത്യരാജ്യമായ അമേരിക്കയിൽ രണ്ട് പാർട്ടികളെ ഉള്ളു. ഡെമോക്രാറ്റിക്സും റിപ്പബ്ലിക്കൻസും.. അവിടുത്തെ തിരഞ്ഞെടുപ്പ് അടുത്തു വരികയാണു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയ്ക്ക് ജനസമ്മതി വളരെ കുറവാണു. ആ സ്ഥാനാർത്ഥിയെ ഇലക്ഷനിൽ ജയിപ്പിക്കാൻ വേണ്ടി എന്ത് ചെയ്യണം എന്ന് തലപുകഞ്ഞാലോചിക്കുമ്പോഴാണു ഒരു വഴി തെളിയുന്നത്. കേരളത്തിൽ നിന്ന് ജഗന്നാഥനെയും കൂട്ടരെയും ഇറക്കുക. പുഷ്പം പോലെ അവരു ജയിപ്പിക്കും. അങ്ങനെ 30 കോടി രൂപയ്ക്ക് ജഗന്നാഥനെ കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്നു. ആരാണീ ജഗന്നാഥൻ.. ആളൊരു സംഭവമാണു. വെറും സംഭവമല്ല ഒരു മഹാസംഭവം. ജഗന്നാഥന്റെ കൂട്ടുകാരകട്ടെ വെടിക്കെട്ട് സാധനങ്ങളും. അങ്ങനെ ജഗന്നാഥൻ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ കരുക്കൾ നീക്കാൻ തുടങ്ങുന്നു. ജഗന്നാഥനു വെല്ലു വിളി നേരിട്ട് തന്റെ ഉദ്യമം വിജയിപ്പിക്കാൻ കഴിയുമോ.. (നായകൻ മോഹൻലാൽ ആയത് കൊണ്ട് കഴിയും എന്ന് പ്രേക്ഷകർ വിചാരിക്കും).

    മോഹൻലാലിനെ എങ്ങനെയൊക്കെ നമ്മൾ കാണാൻ ആഗ്രഹിക്കുന്നുവോ അതെല്ലാം ഈ സിനിമയിൽ കുത്തി നിറയ്ക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. വളരെ എനർജറ്റിക്ക് ആയ രീതിയിൽ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിയ്ക്കാൻ തക്കവണ്ണമുള്ള മാസ്മരിക പെർഫോർമൻസ് മോഹൻലാൽ അവതരിപ്പിച്ചിട്ടുണ്ട്. കോമഡി വിഭാഗം കൈകാര്യം ചെയ്ത അജുവും ബാബുരാജും തങ്ങളുടെ ഭാഗം ഭംഗിയാക്കിയെങ്കിലും ബാബുരാജിന്റെ കോമഡികൾ പല സമയങ്ങളിലും വേണ്ടരീതിയിൽ ഫലിയ്ക്കുന്നുണ്ടായിരുന്നില്ല. മുകേഷും ലാലും തമ്മിലുള്ള കോബിനേഷൻ സിനിമകളിലേത് പോലെ ഉള്ള സീനുകൾ ഇല്ലെങ്കിലും മുകേഷ് നല്ല രീതിയിൽ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എന്റ് ക്രെഡിറ്റ്സിൽ വരുന്ന ഡാൻസ് സ്വീക്വൻസുകളും സിനിമയിൽ പഴയ ലാലിനെ ഓർമ്മിപ്പിക്കാൻ വേണ്ടി പഴയ സിനിമകളിൽ നിന്നെടുത്ത ഡയലോഗുകളും സീനുകളും കടുത്ത ലാൽ ആരാധകരെ നൊസ്റ്റാൾജിയയിലേക്ക് തള്ളിവിടുന്നു.

    പടം ലോജിക്കില്ലാ എന്ന മുന്നറിയ്പ്പ് ഉള്ളത് കൊണ്ട് തലച്ചോരു വീട്ടിൽ വെച്ച് പടം കാണാൻ വരുന്നതായിരിക്കും നല്ലത്. കഥയിൽ ചോദ്യമില്ല എന്നത് പോലെ സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ തോന്നുന്ന സംശയങ്ങൾക്ക് പിന്നാലെ തലപുകഞ്ഞ് സമയം കളയരുത്. മികച്ച് നിന്ന ആദ്യ പകുതിയുടെ പേരു മുഴുവൻ രണ്ടാം പകുതി കളഞ്ഞ് കുളിച്ചു. കോടികൾ മുടക്കിയെടുത്ത ചിത്രത്തിനെറ്റ് ഛായാഗ്രഹണം പലസമയങ്ങളിലും ശരാശരി നിലവാരം പോലും പുലർത്തിയില്ല പ്രത്യേകിച്ചും ഗാനരംഗങ്ങൾ. ഇത്തരം മസാല സിനിമകൾക്ക് തിരകഥ ഒരു വലിയ ആവശ്യകതയില്ല എന്ന ചിന്താഗതിക്കാരാനാണു സംവിധായകൻ. പ്രണയ സീനുകളിലൊക്കെ ലാലിനെ അഭിനയിപ്പിക്കാൻ സംവിധായകൻ കാണിച്ച ധൈര്യം അപാരം.

    ലാൽ ആരാധകർക്കും കടുത്ത മസാല സിനിമ ആരാധകർക്കും ചിത്രം ആസ്വാദകരമാകും എന്നാൽ സീരിയസ് സിനിമകൾ ഇഷ്ടപ്പെടുന്നവർ ഇത് കാണാതിരിക്കുക.മസാല സിനിമകളുടെ കടുത്ത മത്സരം ഈ ഓണക്കാലത്ത് നടക്കുന്നതിനാൽ മറ്റ് ഓണചിത്രങ്ങൾ ഈ സിനിമയുടെ ബോക്സോഫീസ് സാധ്യത തിരുമാനിക്കും.

    ഓണത്തിനു ചിരിച്ച് കളിച്ച് രസിച്ച് കുറച്ചധികം വളിപ്പും സഹിച്ച് പടം കാണാം എന്ന് താല്പര്യമുള്ളവർക്ക് പെരുച്ചാഴിയുടെ തുരപ്പൻ വേലകൾ കാണാം ആസ്വദിക്കാം. അല്ലാത്തവർ തിയറ്റർ പരിസരത്ത് നിന്ന് അകലം പാലിക്കുക.






    രാജാധി രാജ കാർണിവൽ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ
    സമീപ കാലത്തൊന്നും മലയാള സിനിമയിൽ ഉണ്ടായിട്ടില്ലാത്ത കടുത്ത മത്സരത്തിനാണു ഈ ഓണക്കാലം സാക്ഷ്യം വഹിക്കുന്നത്. പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകൾ റിലീസ് ചെയ്യുന്ന ഈ അവധിക്കാലത്ത് മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മൂട്ടിയുടെ ഓണചിത്രമായ രാജാധി രാജ ഇന്ന് റിലീസ് ചെയ്തു. മുന്നറിയിപ്പ് എന്ന നല്ല സിനിമയുടെ തിളക്കത്തിൽ നിൽക്കുന്ന മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ തിരിച്ചു വരവാകും എന്ന് കരുതപ്പെട്ടിരുന്ന സിനിമ ആയിരുന്നു രാജാധിരാജ. മറവത്തൂർ കനവിലൂടെ ലാൽ ജോസിനെ കൊണ്ട് വന്ന മമ്മൂട്ടി, രാജമാണിക്യത്തിലൂടെ അൻവർ റഷീദിനെയും പോക്കിരിരാജയിലൂടെ വൈശാഖിനെയും ബെസ്റ്റ് ആക്ടറിലൂടെ മാർട്ടിൻ പ്രാക്കാട്ടിനെയും പരിചയപ്പെടുത്തിയ മമ്മൂട്ടി മലയാള സിനിമ പ്രേക്ഷകർക്കായി ഒരു പുതുമുഖ സംവിധായകനെ കൂടി സമ്മാനിച്ചിരിക്കുകയാണു. ഉദയ്കൃഷ്ണ സിബി കെ തോമസ് തിരകഥ രചിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അജയ് വാസുദേവ് ആണു.

    പാലക്കാടിനടുത്ത് ഒരു പെട്രോൾ പമ്പിൽ മാനേജരായി ജോലി ചെയ്യുന്ന ശേഖരൻ കുട്ടി ആളൊരു പാവമാണു. പമ്പിനോട് ചേർന്ന് ഒരു റെസ്റ്റോറന്റ് നടത്തുന്ന അയാളും ഭാര്യയും മകളും അവിടെ തന്നെ ആണു താമസിക്കുന്നതും. ശേഖരൻ കുട്ടി പാവമാണെന്ന് ആദ്യമേ പറഞ്ഞല്ലോ. പാവമെന്നു വെച്ചാൽ പഞ്ചപാവം അയാളുടെ അളിയന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു മണകുണാഞ്ജൻ. തന്റെ ഭാര്യയോടോ ജോലിക്കാരോടോ കണ്മുന്നിൽ വെച്ച് ആരെങ്കിലും മോശമായി പെരുമാറിയാൽ പോലും സമാധാനത്തിന്റെ ഭാഷയിൽ മാത്രം സംസാരിക്കുന്നവൻ. ശേഖരൻ കുട്ടിയുടെ അളിയൻ പക്ഷെ ആളൊരു ഗുണ്ടയാണു സ്വാമി അയ്യപ്പൻ. ശേഖരൻ കുട്ടിയുടെ സമാധാനപരമായ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന അയ്യപ്പൻ ശേഖരൻ കുട്ടിയെ കുഴപ്പങ്ങളിലേയ്ക്ക് കൊണ്ട് ചെന്നെത്തിക്കുന്നു. ഒരു ദിവസം ചില ഹിന്ദിക്കാരുമായുള്ള ഒരു അടിപിടിയിൽ ഇടപെടുന്ന അയ്യപ്പനെ പിടിച്ചുമാറ്റാൻ ചെല്ലുന്ന ശേഖരൻ കുട്ടിയെ കണ്ട് ഹിന്ദിക്കാർ ഞെട്ടുന്നു. പിറ്റേന്ന് പോലീസ് ശേഖരൻ കുട്ടിയെ തിരഞ്ഞെത്തുന്നു. ശേഖരൻ കുട്ടിയെ അറസ്റ്റ് ചെയ്യുന്ന പോലീസിനറിയേണ്ടത് പക്ഷെ മറ്റൊരാളെ കുറിച്ചായിരുന്നു. ബോബെ നഗരം അടക്കി വാണിരുന്ന ഒരു രാജയെകുറിച്ച്.. രാജയും ശേഖരൻ കുട്ടിയും തമ്മിലുള്ള രൂപസാദൃശ്യം കൊണ്ടാണു തെറ്റിദ്ധാരണ ഉണ്ടായത് എന്ന് മനസ്സിലാക്കിയ പോലീസ് ശേഖരൻ കുട്ടിയെ വെറുതെ വിടുന്നു. പക്ഷെ ശത്രുക്കൾ വെറുതെയിരിക്കാൻ തയ്യാറായില്ല അവർ ശേഖരൻ കുട്ടിയെയും കുടുംബത്തെയും വീണ്ടും ആക്രമിക്കുന്നു.. അവിടെ നിയമവും പോലീസും സാധാരണക്കാരനു മുന്നിൽ രക്ഷയുടെ വാതിലുകൾ കൊട്ടിയടച്ചപ്പോൾ അയാൾ അവതരിച്ചു.. രാജ.. രാജാധി രാജ..

    പല വട്ടം നാം കണ്ടിട്ടുള്ള സിനിമകളുടെ സ്ഥിരം വഴികളിലൂടെ ആണു ഇതിന്റെയും സഞ്ചാരം.. കഥാകഥനത്തിൽ തിരകഥകൃത്തിനു മികവ് പുലർത്താൻ സാധിച്ചില്ല.ഇടവേളയക്ക് ശേഷം സംവിധായകന്റെ കൈയ്യിൽ നിന്നും പലപ്പോഴും സിനിമ വഴുതി പോകുന്നു..നല്ലൊരു സിനിമ കാണാൻ തിയറ്ററിൽ എത്തുന്ന പ്രേക്ഷകനു തൃപ്തി നല്ക്കുന്നതെന്നും ചിത്രത്തിലില്ല.. എന്ന് വേണ്ട ഈ സിനിമയിലെ ഓരോ സീൻ to സീൻ എങ്ങനെ എടുക്കാമായിരുന്നു എന്ന് ഉള്ള നിർദ്ദേശങ്ങൾ അടങ്ങിയ കുറിപ്പുകൾ വരെ എഴുതി കളഞ്ഞേക്കും ചിലർ...എന്നാൽ ആരു എന്തൊക്കെ പറഞ്ഞാലും ഒരു കാര്യം സത്യമാണു. അവസാനം അത് സംഭവിച്ചിരിക്കുന്നു. ഇന്നല്ലെങ്കിൽ നാളെ വരും നാളെല്ലങ്കിൽ മറ്റെന്നാൾ വരും എന്ന് കരുതി മമ്മൂട്ടി ആരാധകർ വർഷങ്ങളായി കാത്ത് കാത്തിരുന്ന തിയറ്ററിൽ ആരാധകർക്ക് ആർപ്പുവിളികൾ ഉയർത്താൻ ഒരു സിനിമ. രാജാധി രാജ.
    മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ താരപരിവേഷം ചൂഷണം ചെയ്യുക എന്ന ഉദ്ദേശ് ലക്ഷ്യത്തോടെ മാത്രം ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഈ ഓണക്കാലത്ത് ആരാധകർക്ക് സന്തോഷിക്കാനുള്ള വക നൽകുന്നു. തികഞ്ഞ കുടുബപശ്ചാത്തലത്തിൽ ഒരുക്കിയ ആദ്യ പകുതിയ്ക്ക് ശേഷമുള്ള മാസ് സീനുകളും സംഭാഷണങ്ങളും നീണ്ട കാലത്തിനു ശേഷം ഒരു മമ്മൂട്ടി ചിത്രത്തിനു തിയറ്ററിൽ കയ്യടികൾക്ക് കളമൊരുക്കി. ലക്ഷ്മി റായ്, ജോജോ , സിദ്ദിഖ് , ജോയ് മാത്യു, പിന്നെ ഒരു വണ്ടി നിറയെ ഹിന്ദി വില്ലന്മാരും ചിത്രത്തിലുണ്ട്. ഇതിൽ ജോജോയുടെ അഭിനയമാണു ശ്രദ്ധേയം. ഒരു ബിജുമേനോൻ ലെവലിലേയ്ക്ക് ജോജോ എത്തിപ്പെട്ട ചിത്രമാണു രാജാധി രാജ. മമ്മുട്ടിയുടെ തകർപ്പൻ പെർഫോമൻസ് തന്നെയാണു ചിത്രത്തിന്റെ ഹൈലൈറ്റ്. ശേഖരൻ കുട്ടിയായും രാജയായും മമ്മൂട്ടി മികച്ച അഭിനയം കാഴ്ച്ച വെച്ചു. Once a king is always King. മികച്ച ഗാനങ്ങളും ഛായാഗ്രഹണവും നവാഗതന്റെ പാളിച്ചകൾ അധികമില്ലാത്ത സംവിധാനവും രാജാധി രാജയെ ഫാൻസുകാർക്ക് ഇഷ്ടപ്പെടുന്ന ചിത്രമാക്കി മാറ്റുന്നു.

    മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് തിരകഥാകൃത്തുക്കളായ ഉദയ്കൃഷണ സിബി കെ തോമസ് കൂട്ടുകെട്ടിന്റെ ആണു ഇതിന്റെയും തിരകഥ. അതു കൊണ്ട് തന്നെ കഥയിൽ ലോജിക് തിരയുക മറ്റ് ചിത്രങ്ങളുമായുള്ള സാമ്യങ്ങൾ എന്നിവയ്ക് പ്രസക്തിയില്ല. നായകന്റെ സ്ലോമോഷനും പഞ്ച് ഡയലോഗുകളുമൊക്കെ നിറഞ്ഞ സിനിമകൾ ഫാൻസുകാർക്കല്ലാതെ സാധരാണ പ്രേക്ഷകർക്ക് എത്ര കണ്ട് ഈ കാലത്ത് ഇഷ്ടപ്പെടും എന്നത് സംശയം തന്നെയാണു. കുടുബപ്രേക്ഷകരെ ആകർഷിക്കാനായി അശ്ലീല തമാശകൾ കുത്തിനിറയ്ക്കുന്ന എന്ന പരാതി ഇത്തവണ സിബി - ഉദയ് ഉണ്ടാക്കിയിട്ടില്ല.

    മമ്മൂട്ടി ആരാധകർക്ക് ഇതൊരു ലോട്ടറിയാണു. അതു കൊണ്ട് തന്നെ ആധികാരിക വിജയം ബോക്സോഫീസിൽ നേടാൻ കഴിയില്ലെങ്കിലും സൂപ്പർ ഹിറ്റ് ആവാൻ സാധ്യത ഉണ്ട്. ഒരു പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്താൻ 100 ഇൽ 100 മാർക്ക് വേണമെന്നില്ലലോ. ഒപ്പം എഴുതിയ മറ്റുള്ളവരെക്കാൾ കൂടുതൽ മാർക്ക് വാങ്ങിയാൽ മാത്രം മതിയല്ലോ..

    * മുന്നറിയിപ്പ് കണ്ടിട്ട് രാജാധി രാജ കണ്ട ഒരാൾ ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞാൽ അതിൽ നിന്ന് എന്ത് മനസിലാക്കണം.. അവനു ഈ ഓണക്കാലത്ത് ഇഷ്ടപ്പെടുന്ന ഒരേ ഒരു പടമ്മെ ഉള്ളു.. അതാണെങ്കിൽ ഇപ്പോൾ തിയറ്ററുകളിലൊന്നും ഇല്ല താനും.



    സപ്തമശ്രീ തസ്കര : carnival FDFS
    നോർത്ത് 24 കാതം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ അനിൽ രാധാകൃഷ്ണ മേനോന്റെ രണ്ടാമത്തെ ചിത്രമാണു സപ്തമശ്രീ തസ്കരാഃ. ഐശ്വര്യമുള്ള ഏഴ് കള്ളന്മാർ എന്നാണത്രെ അതിന്റെ അർത്ഥം. താൻ ഒരു വൺ ഫിലിം വണ്ടർ മാത്രമല്ല എന്ന് തെളിയിക്കേണ്ട ബാധ്യത സംവിധായകനുള്ളത് കൊണ്ട് സപ്തമശ്രീ ഒരിക്കലും ഒരു മോശം സിനിമ ആവില്ല എന്ന പ്രതീക്ഷ സിനിമാസ്വദകർക്കിടയിൽ ആദ്യമേ ഉണ്ടായിരുന്നു.

    പലസാഹചര്യങ്ങളാൽ ജയിലിലാകപ്പെട്ട 7 പേർ. ഒന്നാമൻ കൃഷ്ണനുണ്ണി. തൃശൂർ കൗൺസിലറായ പയസ്സിന്റെ അഴിമതികൾക്കെതിരെ ശബ്ദമുയർത്തിയതിനു കൃഷ്ണനുണ്ണിയുടെ ഭാര്യ സാറെയെ കൈകൂലി കേസിൽ പെടുത്തി സസ്പെഷനിലാക്കുകയും സാറ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെടുകയും ചെയ്യുന്നു. അതിന്റെ ദേഷ്യത്തിൽ കൗൺസിലറെ ആക്രമിച്ച കേസിലാണു കൃഷ്ണനുണ്ണി അകത്ത് കിടക്കുന്നത്. രണ്ടാമൻ ഷഹാബ്. നാട്ടിൽ ഗുണ്ടാതല്ലുമായി നടന്ന ഷഹാബിനെ വീട്ടുകാർ ഗൾഫിലേക്കയക്കുന്നു. എന്നാൽ അവിടെ വിസ ഏജന്റിന്റെ ചതിയിൽ പെട്ട് 10 മാസം ജയിലിൽ കിടക്കേണ്ടി വരുന്നു. തിരിച്ചെത്തി വിസാ ഏജന്റിനു നല്ലൊരു പണി കൊടുത്തതിന്റെ പേരിലാണു ഷഹാബ് ജയിലിൽ. മൂന്നാമൻ നോബിളേട്ടൻ. തൃശൂരിലെ വലിയ ചിട്ടികമ്പനി മുതലാളി ആയിരുന്നു. പക്ഷെ പയസ്സിന്റെ ചതിയിൽ പെട്ട് എല്ലാം പൊളിഞ്ഞ് ഇപ്പോ ജയിലിൽ. നാലാമൻ മാർട്ടിൻ. തൊഴിൽ മോഷണം തന്നെ. ഒരു അമ്പലത്തിന്റെ ഭഡ്ണാരം പൊളിക്കുന്നതിനിടയിൽ പിടിയിലായി. അഞ്ചാമൻ. നാരായണൻ കുട്ടി ഇലക്ട്രോണിക്സ് കട നടത്തുകയായിരുന്നു. പക്ഷെ ഒളിക്യാമറ ഫിറ്റ് ചെയ്തു കൊടുത്തു എന്ന കുറ്റത്തിനു ജയിലിൽ. ആറാമൻ വാസു. ലീഫ് വാസു ഗുണ്ടയായിരുന്നു. പക്ഷെ ഉറക്കത്തിനിടയ്ക്ക് ലീഫ് തലയിൽ വീണു കിളി പോയി. പഴയ കേസുകളുടെ പേരിൽ ജയിലിൽ. ഏഴാമൻ സലീ. സർക്കസിലെ മാജിഷ്യൻ. സർക്കസിനിടയിൽ കാണികളുമായുള്ള കശപിശയെ തുടർന്ന് ജയിലിൽ.
    ഈ ഏഴ് പേരിൽ ഒരാളായ മാർട്ടിൽ ഒരു പള്ളിയിൽ വെച്ച് കുമ്പസാരിക്കുന്നിടത്താണു സിനിമ തുടങ്ങുന്നത്. ജയിലിൽ വെച്ച് പയസ്സിന്റെ കോടിക്കണക്കിനു വരുന്ന കള്ളപ്പണം മോഷ്ടിക്കാൻ ഇവർ ഒരു പദ്ധതി ഇടുന്നു. എങ്ങനെ അവർ അത് മോഷ്ടിക്കുന്നു. അതിനു ശേഷം എന്ത് സംഭവിച്ചു. തുടങ്ങിയ കാര്യങ്ങളാണു സപ്തമശ്രീ തസ്കരാ:

    ഈ സിനിമയിൽ ത്രസ്സിപ്പിക്കുന്ന സീനുകളോ കിടിലം കൊള്ളിക്കുന്ന സംഭാഷണങ്ങളോ സംഘട്ടനങ്ങളോ ഹീറോയുടെ വണ്മാൻ ഷോയൊ ഐറ്റം ഡാൻസോ ഡ്യുയറ്റ് സോംഗോ അശ്ലീല തമാശകളോ ഒന്നുമില്ല. എന്നിട്ട് പോലും രണ്ടര മണികൂർ നേരം ചുണ്ടിൽ ഒരു ചിരിയോടെ ഈ സിനിമ കണ്ടിരിക്കാൻ പ്രേക്ഷകർക്ക് സാധിക്കുന്നു. കഥയുടെ അവസാനം കാത്തു വെച്ചിരിക്കുന്ന സർപ്രൈസിൽ എതിരഭിപ്രായമുള്ളവർ പോലും മൊത്തം സിനിമയെ അംഗീകരിക്കും എന്നതാണു സപ്തമശ്രീയുടെ പ്രത്യേകത. ആസിഫ് അലി , ചെമ്പബൻ വിനോദ് , നീരജ് , സുധീർ കരമന എന്നിവരാണു ചിത്രത്തിൽ തകർത്തഭിനയിച്ചിരിക്കുന്നത്, ഒരു സൂത്രധാരന്റെ വേഷത്തിൽ പൃഥ്വിരാജും തിളങ്ങി. നെടുമുടി വേണു, സനുഷ, ജോയ് മാത്യു എന്നിവരും തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കി. റെക്സ് വിജയന്റെ സംഗീതം സിനിമയോട് ചേർന്ന് നിൽക്കുന്നു. സംവിധാനവും രചനയും നിർവ്വഹിച്ച അനിൽ രാധാകൃഷ്ണനു 100 ല് 100 മാർക്ക്. ഇങ്ങനെയുള്ള സിനിമകളും ഇങ്ങനെയുള്ള സംവിധായകരുമാണു നമുക്ക് വേണ്ടത്. ചിത്രത്തിൽ ഒരു ഗസ്റ്റ് റോൾ ഒളിഞ്ഞിരിപ്പുണ്ട്. അത് തിയറ്ററിൽ കണ്ടാസ്വദിക്കു.

    ഒരുപാട് രസിപ്പിച്ച ആദ്യപകുതിയുടെ അത്ര കോമഡികൾ രണ്ടാം പകുതിയിൽ ഇല്ല എന്നതും ക്ലൈമാക്സ് ദഹിച്ചില്ല എന്നും പറഞ്ഞ് ചിത്രത്തെ ചെറുതാക്കി കാണിക്കാൻ ശ്രമിക്കുന്നവരുടെ ഉദ്ദേശ്ശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണു. ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാകു എന്ന പ്രായോഗിക തത്വം നടപ്പില്ലാക്കാൻ ഈ രീതിയിൽ പലർക്കും ശ്രമിക്കാവുന്നതാണു.

    ഒരു നല്ല സിനിമ നൽകിയ സുഖമുള്ള ഓർമകൾ മനസ്സിലിട്ട് കൊണ്ട് നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർക്ക് തിയറ്റർ വിട്ടിറങ്ങാം.ഓണത്തിനിറങ്ങിയ മറ്റ് എല്ലാ സിനിമകളും മോശമായത് കൊണ്ട് വിജയിക്കാൻ പോകുന്ന പടമല്ല സപ്തമശ്രീ. ഏത് മികച്ച ചിത്രത്തിനൊപ്പമിറങ്ങിയാലും സൂപ്പർ ഹിറ്റ് ആവാനുള്ള യോഗ്യത ഈ ചിത്രത്തിനുണ്ട്. ഈ ഓണത്തിനു കുടുംബത്തോടും കുട്ടുകാരോടുമൊത്ത് ആഘോഷിക്കാൻ ഒരു ചിത്രം.. ഈ തസ്ക്കരന്മാർ നിങ്ങളെ നിരാശപ്പെടുത്തില്ല തീർച്ച..!

    Last edited by National Star; 09-09-2014 at 12:52 AM.
    "ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen ghostrider999's Avatar
    Join Date
    Aug 2010
    Location
    Qatar
    Posts
    14,126

    Default

    Thanks National Star Kidu Reviews

  4. #3

    Default

    Thanks NS. valare correct aaya reviews in my opinion.

  5. #4
    FK Lover Identity's Avatar
    Join Date
    Mar 2012
    Location
    Trivandrum/Alpy/Ekm
    Posts
    2,183

    Default

    Kidu Reviews NS
    Repped
    The worst part in missing someone is to realize that we are going to miss them forever

  6. #5
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,032

    Default

    * ഈ സിനിമ ഇഷ്ടപ്പെട്ടു എന്ന് പറയുന്ന ഒരാളെ നിങ്ങൾക്ക് കാണാൻ കഴിഞ്ഞാൽ അയാൾക്കാണു ഈ വർഷത്തെ സഹനശക്തിക്കുള്ള നോബൽ സമ്മാനം.

    ITV .. for the review.!

  7. Likes Jaguar liked this post
  8. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxxxxxxx NS

    "ഒരു പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്താൻ 100 ഇൽ 100 മാർക്ക് വേണമെന്നില്ലലോ. ഒപ്പം എഴുതിയ മറ്റുള്ളവരെക്കാൾ കൂടുതൽ മാർക്ക് വാങ്ങിയാൽ മാത്രം മതിയല്ലോ.."
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #7

    Default

    Thankssssss
    #BanMe

  10. #8

    Default

    Thanks for the review NS...
    HEROES NEVER CHOOSE DESTINY DESTINY CHOOSES THEM

  11. #9

    Default

    Repped & a BIG THaNKS
    Be Good Do Good, Nature Will Bless Youi

  12. #10

    Default

    Quote Originally Posted by K K R View Post
    * ഈ സിനിമ ഇഷ്ടപ്പെട്ടു എന്ന് പറയുന്ന ഒരാളെ നിങ്ങൾക്ക് കാണാൻ കഴിഞ്ഞാൽ അയാൾക്കാണു ഈ വർഷത്തെ സഹനശക്തിക്കുള്ള നോബൽ സമ്മാനം.

    ITV .. for the review.!
    Theppu aanalle pani ippo ivanmarde koode koodi



  13. Likes KHILADI liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •