കേരളത്തിന്റെ ഒരോയൊരു തനത് കോഴിയിനം വംശനാശഭീഷണിയിൽ



  • വർഷം 70 മുട്ടകൾ
  • അടയിരിക്കാൻ ബഹുമിടുക്കർ








കേരളത്തിന്റെ ഒരേ ഒരു തനത് കോഴി ജനുസാണ് തലശ്ശേരിക്കോഴികൾ. മലബാർ മേഖലയിലെ തലശ്ശേരി, വടകര, കേന്ദ്ര ഭരണ പ്രദേശമായ മാഹി എന്നിവിടങ്ങളിൽ ഒരു കാലത്ത് വ്യാപകമായിരുന്ന ഇവ ഇന്ന് സങ്കരയിനം കോഴികളുടെ അതിപ്രസരത്താൽ അന്യം നിന്ന് പോകുന്ന അവസ്ഥയിലാണ്. നാടൻ കോഴികളുടെ പ്രധാന ഗുണമായ കാട്ടുകോഴികളുടെ രൂപ ഘടനയും, ഉയർന്ന മാതൃത്വ ഗുണവും, രോഗപ്രതിരോധ ശേഷിയുമെല്ലാം ഇവയുടെ പ്രത്യേകതകളാണ്.
അടുക്കളമുറ്റത്തും മറ്റും ചികഞ്ഞു തീറ്റ തേടാൻ പ്രാപ്തരായ ഇവയുടെ ഉൽപാദനം വർഷത്തിൽ ഏതാണ്ട് 70 മുട്ടകളാണ്. സാന്ദ്രീകൃത തീറ്റ ചെറിയ അളവിൽ നൽകുന്നത് ഇവയുടെ ഉൽപാദന വർധനയ്ക്കു സഹായകമാണ്. ആറു മാസത്തിനുള്ളിൽ മുട്ടയിട്ടു തുടങ്ങുന്ന ഇവയുടെ മുട്ടയ്ക്ക് 40 മുതൽ 45 ഗ്രാം വരെ ഭാരമുണ്ട്. മുട്ടകൾ തവിട്ടു നിറത്തിലും, ഇളം തവിട്ടു നിറത്തിലും കാണപ്പെടുന്നു. മുട്ടയുടെ മഞ്ഞക്കരുവിനു ഓറഞ്ച് നിറമാണ്. ഇത്തരത്തിൽ ഫ്രീ റേഞ്ച് രീതിയിൽ വളർത്തപ്പെടുന്ന തനി നാടനായ ഇവയുടെ മുട്ടയ്ക്ക് 8 രൂപയിൽ കുറയാത്ത വില ലഭിക്കുന്നു.
ശുഷ്കമായ മുതൽ മുടക്കും, ഉയർന്ന വരുമാന ലഭ്യതയുമാണ് ഈ നാടൻ ജനുസിനെ ഏറ്റവും പ്രിയങ്കരമാക്കി തീർത്തിരിക്കുന്നത്. ഉൽപാദന ശേഷി കൂടിയ കോഴി ഇനങ്ങൾ അടയിരിക്കാത്തതു കൊണ്ട് അട ഇരിക്കൽ സ്വഭാവമുള്ള തലശ്ശേരിക്കോഴികളെ അടവയ്ക്കാനായും ഉപയോഗിച്ചുവരുന്നു. വളരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിവുള്ള ഇവയ്ക്ക് ഇരപിടിയന്മാരിൽനിന്നു രക്ഷപ്പെടാനുള്ള കഴിവും എടുത്ത് പറയേണ്ടതാണ്.
പൊതുവെ കറുപ്പ് നിറത്തിൽ കാണപ്പെടുന്ന കോഴികളുടെ കഴുത്തിലും, വാലിലും, പുറകിലുമൊക്കെയായി തിളങ്ങുന്ന നീല നിറത്തിലുള്ള തൂവലുകളും കാണാം. ചില പൂവൻ കോഴികളുടെ കഴുത്തിലെ സ്വർണവും നീലയും നിറത്തിൽ ഇഴചേർന്നു കാണപ്പെടുന്ന തൂവലുകൾ ഒരു പ്രത്യേക ഭംഗി തന്നെയാണ്. പൂവൻ കോഴികളുടെ ശരാശരി ശരീര ഭാരം 1.62 കിലോ ഗ്രാമും, പിടകളുടെ 1.24 കിലോ ഗ്രാമുമാണ്.


തലയിൽ ചുവപ്പ് നിറത്തിലോ, കറുപ്പ് കലർന്ന ചുവപ്പ് നിറത്തിലോ കാണപ്പെടുന്ന ഒറ്റപ്പൂവുണ്ട്. ഇവയുടെ കാതുകൾക്കും ചുവപ്പ് നിറം തന്നെ. ഒറ്റ നോട്ടത്തിൽ കരിങ്കോഴിയുടെ രൂപ സാദൃശ്യം തോന്നാമെങ്കിലും തലശ്ശേരിക്കോഴികളുടെ ത്വക്കിന്* വെള്ള നിറമാണ്. നാടൻ സ്വാദുള്ള ഇവയുടെ ഇറച്ചിക്കറി മലബാർ മേഖലകളിൽ പ്രസിദ്ധമാണ്.
അന്യം നിന്നു പോകുന്ന കേരളത്തിന്റെ ഒരേഒരു കോഴി ജനുസ്സായ തലശ്ശേരിക്കോഴികളുടെ സംരക്ഷണവും, ഗവേഷണവുമെല്ലാം വെറ്ററിനറി സർവകലാശാല കഴിഞ്ഞ 5 വർഷമായി ഏറ്റെടുത്തു നടത്തി വരുന്നുണ്ട്. തലശ്ശേരിക്കോഴികളുടെ മികച്ച മാതൃശേഖരമുള്ള വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തിയിലുള്ള എഐസിആർപി കോഴി ഫാമിൽനിന്ന് ഇവയുടെ കൊത്തുമുട്ടകൾ ലഭ്യമാണ്.