കർഷകർക്കായി ബയോകാപ്*സ്യൂൾ

കാപ്*സ്യൂൾ രൂപത്തിലുള്ള വളപ്രയോഗം ലളിതവും ഫലപ്രദവുമാണ്

എം.കെ.പി. മാവിലായി :കാപ്*സ്യൂൾ രൂപത്തിലുള്ള ആദ്യ ജൈവവളമാണ് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ കോഴിക്കോട് ഘടകം വികസിപ്പിച്ച ബയോ കാപ്*സ്യൂൾ. മിത്ര സൂക്ഷ്മാണുക്കൾ അടങ്ങിയ ബയോ കാപ്*സ്യൂളിന് കർഷകർക്കിടയിൽ നല്ല സ്വീകാര്യതയാണ് ലഭിച്ചത്. ട്രൈക്കോഡെർമ, സ്യൂഡോമോണസ്, ബാസിലസ് എന്നിവയുൾപ്പെടെയുള്ള പ്രയോജനകരമായ സൂക്ഷ്മജീവികളെയാണ് കാപ്*സ്യൂളിനായി ഉപയോഗിക്കുന്നത്.

രോഗങ്ങളെ പ്രതിരോധിക്കാം

കാപ്*സ്യൂൾ രൂപത്തിലുള്ള വളപ്രയോഗം ലളിതവും ഏറെ ഫലപ്രദവുമാണ്. ഒരു ഗ്രാം മാത്രം ഭാരമുള്ള ഈ കാപ്*സ്യൂൾ 100 ലിറ്റർ വെള്ളത്തിൽ ചേർത്താൽ ഓരോ മില്ലിലിറ്റർ ലായനിയിലും 10 ദശലക്ഷം സൂക്ഷ്മാണുക്കൾ ഉണ്ടാവും. അതായത് ഒരു ഗ്രാം കാപ്*സ്യൂളിൽ ആയിരം കോടിയോളം കോളനി ഫോമിങ് യൂണിറ്റ് ഉണ്ടായിരിക്കും.

മണ്ണിനെ സസ്യ ജീവിതത്തിന് പര്യാപ്തമായ ഒരു മാധ്യമമാക്കി നിലനിർത്തുന്നതിൽ ഇത്തരം സൂക്ഷ്മാണുക്കൾ വഹിക്കുന്ന പങ്ക് വിലമതിക്കാനാവാത്തതാണ്. സസ്യങ്ങൾക്കുണ്ടാവുന്ന ഒട്ടേറെ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവും ബയോ കാപ്*സ്യൂൾ പ്രയോഗത്തിലൂടെ സാധ്യമാകുന്നു.

വിളവ് മെച്ചപ്പെടുത്താം

ഇവ സൗകര്യപ്രദമായി കൊണ്ടുനടക്കാനും കൂടുതൽ കാലം സൂക്ഷിച്ചുവെക്കാനും സാധിക്കും. വളച്ചാക്കുകളുടെ സംഭരണം, വിപണനം, ഗതാഗതം എന്നിവ ഒഴിവാക്കാം. ഒരു ഗ്രാം തൂക്കമുള്ള ഒരു കാപ്*സ്യൂൾ 100 മുതൽ 200 ലിറ്റർ വരെ വെള്ളത്തിൽ ലയിപ്പിച്ച് ഉപയോഗിക്കാമെന്നതിനാൽ ഒരു ചെറിയ കുപ്പിയിലെ കാപ്*സ്യൂൾ കൊണ്ട് ഏക്കറുകളോളം കൃഷിസ്ഥലത്തെ വിളവ് മെച്ചപ്പെടുത്താൻ ഉപകരിക്കും.

തിരഞ്ഞെടുപ്പ്

പലതരം മിത്ര സൂക്ഷ്മാണുക്കൾ കാപ്*സ്യൂൾ രൂപത്തിൽ ലഭ്യമാണ്. ഓരോ വിളയ്ക്കും നിർദേശിക്കപ്പെട്ട മിത്രസൂക്ഷ്മാണു അടങ്ങിയ കാപ്*സ്യൂളുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഓരോ വിളയ്ക്കും ഉപയോഗിക്കേണ്ട ലായനിയുടെ തോത് വ്യത്യസ്തമായിരിക്കും.

തയ്യാറാക്കിയ ലായനി നിശ്ചിത സമയത്തിനുള്ളിൽ ഉപയോഗിക്കാനും ശ്രദ്ധിക്കണം. ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം മുൻ ഡയറക്ടർ ഡോ. എം. ആനന്ദരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാപ്*സ്യൂൾ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. പരമ്പരാഗത മൈക്രോബിയൽ ഫോർമുലേഷനുകളിൽനിന്ന് വ്യത്യസ്തമായി എൻ കാപ്സുലേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് മിത്ര സൂഷ്മാണുക്കളെ ഉയർന്ന സാന്ദ്രതയിൽ ജലാറ്റിൻ കാപ്*സ്യൂളിൽ നിറയ്ക്കുകയാണ് ചെയ്യുന്നത്. ജീവാണു മിശ്രിതങ്ങളെ കാപ്*സ്യൂൾ രൂപത്തിലാക്കി വിപണിയിലെത്തിക്കുന്ന ധാരാളം അഗ്രി സ്റ്റാർട്ടപ്പുകൾ നമ്മുടെ നാട്ടിലുണ്ട്. പി.ജെ.പി.ആർ. മിശ്രിതം അടങ്ങിയ പവർ ക്യാപ്, ട്രൈക്കോഡെർമ ക്യാപ്, പി.ജി.പി.ആർ. മിശ്രിതം തുടങ്ങിയവ ഇന്ന് വിപണിയിൽ ലഭ്യമാണ്.