ആനപ്പിണ്ടത്തിൽ നിന്ന് സ്*പെഷ്യൽ പേപ്പർ നിർമ്മിക്കും ശ്രീലങ്കയിലെ ഈ പ്രകൃതിസൗഹൃദഫാക്ടറി

ഈ ആനപ്പിണ്ടം വിലകൂടിയ സ്*പെഷ്യൽ പേപ്പറായി പുനർജ്ജനിക്കും. വിപണിയിൽ ഏറെ ഡിമാന്റുള്ള ഒരു സ്*പെഷ്യൽ പ്രൊഡക്ടാണ് റാണ്ടേനിയൻ സ്*പെഷ്യൽ പേപ്പർ.

?ആനവായിൽ അമ്പഴങ്ങ? എന്നു കേട്ടിട്ടില്ലേ? പഴമൊഴിയാണെങ്കിലും, സംഭവം ശരിയാണ്. കരയിലെ ഏറ്റവും വലിയ മൃഗമായ ആനക്ക്* തീറ്റ കുറച്ചൊന്നും കിട്ടിയാൽ പോരാ.ദിവസേന ഏകദേശം 150 കിലോയോളം ഭക്ഷണം അകത്തുചെല്ലണം വളർച്ചയെത്തിയ ഒരു ഗജവീരന്. കാട്ടാന മരത്തൊലി, മരച്ചില്ല, പച്ച ഇലകൾ, ഇല്ലി, പുല്ല്* എന്നിവയൊക്കെ തിന്നുമ്പോൾ നാട്ടാന പനംപട്ട, തെങ്ങോല, കൈത, പനമരം, ചോളത്തണ്ട്*, കരിമ്പ്*, പഴം എന്നിവയൊക്കെ ഭക്ഷണമാക്കുന്നു.പണമുള്ള ഉടമസ്ഥർ അരി, നെല്ല്*, മുതിര, റാഗി, ഗോതമ്പ്* എന്നിവ പാകപ്പെടുത്തി ആനക്കു കൊടുക്കാറുണ്ട്. അങ്ങനെ അകത്തുചെല്ലുന്ന ഭക്ഷണത്തിന്റെ നാൽപതു ശതമാനം മാത്രമാണ് കുടലിൽ ആഗിരണം ചെയ്യപ്പടുന്നത്. ബാക്കി, എരണ്ടത്തിലൂടെ പിണ്ടമായി വിസർജ്ജിക്കപ്പെടുന്നു.

ദിവസേന ഏകദേശം 100 കിലോയോളം പിണ്ടമിടും ഒരാന. ആനപോകും വഴിയിലെല്ലാം ചുമ്മാ കിടക്കുന്ന അതിന്റെ പിണ്ടത്തെ നല്ലൊരാവശ്യത്തിനായി പ്രയോജനപ്പെടുത്തുന്ന ഒരു നാടുണ്ട്, റാണ്ടേനിയ. ഇത് ശ്രീലങ്കയിലെ ഒരു ഉൾനാടൻ ഗ്രാമമാണ്. അവർക്കിത് ഒരു അസംസ്കൃതവസ്തുവാണ്. 'എക്കോ മാക്സിമസ്' എന്നപേരിൽ ഒരു കമ്പനിയുണ്ട് റാണ്ടേനിയയിൽ. അവിടെ ഈ ആനപ്പിണ്ടം വിലകൂടിയ സ്*പെഷ്യൽ പേപ്പറായി പുനർജ്ജനിക്കും. വിപണിയിൽ ഏറെ ഡിമാന്റുള്ള ഒരു സ്*പെഷ്യൽ പ്രൊഡക്ടാണ് റാണ്ടേനിയൻ സ്*പെഷ്യൽ പേപ്പർ.

എല്ലാം തുടങ്ങുന്നത് ഇരുപതുവർഷം മുമ്പാണ്. തുസിത രണസിംഗെ എന്നുപേരായ ഒരു തദ്ദേശീയൻ, തന്റെ സായാഹ്*ന സവാരിക്കിടെ യാദൃച്ഛികമായി വഴിയരികിൽ വീണുകിടക്കുന്ന ആനപ്പിണ്ടം കാണുന്നു. എന്തുകൊണ്ട് ഇത് പേപ്പർ പൾപ്പുണ്ടാക്കാൻ പ്രയോജനപ്പെടുത്തിക്കൂടാ..? അദ്ദേഹത്തിന്റെ മനസ്സിൽ തോന്നി. ഇന്ന് എക്കോ മാക്സിമസ് എന്ന രണസിംഗയുടെ സ്ഥാപനത്തിൽ നിർമിക്കപ്പെടുന്ന, ആനപ്പിണ്ടം കൊണ്ടുണ്ടാക്കുന്ന സ്*പെഷ്യൽ പേപ്പറിൽ തീർത്ത പേഴസണലൈസ്ഡ് സ്റ്റേഷനറി ഉത്പന്നങ്ങൾ കയറ്റിഅയക്കപെടുന്നത് മുപ്പതിലധികം വിദേശ രാജ്യങ്ങളിലേക്കാണ്.


ശ്രീലങ്കയിൽ ആദ്യമായി ഇത്തരത്തിൽ ആനപ്പിണ്ടം ഉപയോഗിച്ച് സ്*പെഷ്യൽ പേപ്പർ ഉണ്ടാക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് എക്കോ മാക്സിമസ് ആണ്. ഫാക്ടറിയിലേക്ക് സമീപത്തുള്ള ആനവളർത്തുകേന്ദ്രത്തിൽ നിന്നും, അല്ലാതെയുമായി ആനപ്പിണ്ടം നിത്യേന വന്നെത്തുന്നു. അർദ്ധഖരാവസ്ഥയിൽ പച്ചനിറത്തിലുള്ള ആനപ്പിണ്ടത്തിന് ഇട്ടപാടെ ഒരു ദുർഗന്ധമുണ്ടാകും എങ്കിലും, വെയിലത്തിട്ട് നല്ലപോലെ ഉണക്കിക്കഴിയുമ്പോഴേക്കും ആ ഗന്ധം അപ്രത്യക്ഷമാകുന്നു. പിന്നീട് ഈ പിണ്ടത്തെ ബോയിലറിലേക്ക് എത്തിച്ച് നല്ലപോലെ ചൂടാക്കുന്നു. കീടാണുവിമുക്തമാക്കാൻ വേണ്ടി ഒരു മണിക്കൂർ നേരം ചൂടാക്കിയ ശേഷം ഈ പിണ്ടം ഓഫ് കട്ട് എന്നറിയപ്പെടുന്ന പേപ്പർ വേസ്റ്റുമായി ചേർത്താണ് സ്*പെഷ്യൽ പേപ്പറിന് വേണ്ട പൾപ്പ് ഉണ്ടാക്കിയെടുക്കുന്നത്.



ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് സിലോണിൽ എഴുത്ത് നടന്നിരുന്നത് കല്ലിന്മേലായിരുന്നു. പിന്നീട് ഇലകളിലേക്ക് എഴുത്ത് മാറി. താളിയോലകളിൽ എഴുത്താണികൊണ്ടായി എഴുത്ത്. സിലോൺ പോർച്ചുഗലിന്റെ കോളനിയായപ്പോഴാണ് ആധുനിക രീതിയിലുള്ള പേപ്പർ നിർമ്മാണം തുടങ്ങുന്നത്. ഈറ്റയും മറ്റും ഉപയോഗിച്ചാണ് അതിനുവേണ്ട പൾപ്പ് ഉണ്ടാക്കിയിരുന്നത്. ഇതിന്റെ പ്രശ്നമെന്തെന്നാൽ, വർഷാവർഷം ടൺ കണക്കിന് മരങ്ങളാണ് പൾപ്പിനു വേണ്ടി വെട്ടിനിരത്തപ്പെട്ടിരുന്നത്. പേപ്പർ നിർമ്മാണത്തിനുള്ള വേറിട്ട മാർഗം എന്ന നിലയിലാണ് ആനപ്പിണ്ടം, വാഴനാര്, വൈക്കോൽ തുടങ്ങിയ അസംസ്കൃതവസ്തുക്കൾ കണക്കാക്കപ്പെടുന്നത്.


പേപ്പർ പൾപ്പിനെ വേണ്ട കളറുമായി കൂട്ടിക്കലർത്തി വലപോലുള്ള ഒരു ചതുര ഫ്രയ്മിലേക്ക് നിരത്തിയ ശേഷം അതിനെ കംപ്രസ് ചെയ്ത് ഫാബ്രിക് പൾപ്പ് ഷീറ്റ് നിർമ്മിക്കപ്പെടുന്നു. അതിനെ വീണ്ടും യന്ത്രമുപയോഗിച്ച് അതിലെ ജലാംശം പൂർണ്ണമായി ചോർത്തിക്കളയുന്നു. ഈ ഷീറ്റുകൾ ഒന്നൊന്നായി എടുത്ത് ഒരു അലുമിനിയം ഷീറ്റ് ഇസ്തിരി മെഷീനിൽ ഇട്ട് ചുളുക്കുകൾ നിവർത്തിയെടുക്കുന്നു. അതോടെ ആനപ്പിണ്ടത്തിൽ നിന്ന് സ്*പെഷ്യൽ പേപ്പറിലേക്കുള്ള യാത്ര പൂർണ്ണമാകുന്നു. ഇന്നത്തെ പിണ്ടം നാളത്തെ പേപ്പറാകും.


ഫാക്ടറിയുടെ പല കോണുകളിലായി പല നിറങ്ങളിലുള്ള സ്പെഷ്യൽ പേപ്പറിന്റെ കെട്ടുകൾ കിടക്കുന്നു. മണ്ണിന്റെ നിറമുള്ളത്, നീലയുടെ നിറഭേദങ്ങളിൽ ഉള്ളത്, ഇലപ്പച്ച, കടും ചോപ്പ് എന്നിങ്ങനെ പല നിറങ്ങളിൽ സ്*പെഷ്യൽ പേപ്പർ ഇവിടെ നിർമ്മിക്കപ്പെടുന്നുണ്ട്. ഗ്രാംസ് പെർ സ്*ക്വയർ മീറ്റർ അഥവാ GSM ആണ് പേപ്പറിന്റെ കനത്തെ സൂചിപ്പിക്കുന്നത്. കുറഞ്ഞ കനമുള്ള 100 GSM പേപ്പർ മുതൽ മുതൽ 400 GSM കനമുള്ള കാർഡുകൾ വരെ ഇവിടെ നിർമ്മിക്കപ്പെടുന്നുണ്ട്.

1948 -ൽ ബ്രിട്ടീഷുകാർ കൂടി സ്ഥലം വിട്ടശേഷം തദ്ദേശീയ സർക്കാർ വന്നു. അക്കാലത്ത് ഗവണ്മെന്റിന്റെ ആഭിമുഖ്യത്തിൽ വൈക്കോലിൽ നിന്ന് പേപ്പറുണ്ടാക്കുന്ന 12 ഫാക്ടറികൾ തുറന്നു. 1993 ആയപ്പോഴേക്കും അവയുടെ എണ്ണം രണ്ടായി ചുരുങ്ങി. അതിൽ ഒരു സ്ഥാപനത്തിലേക്കും എക്കോ മാക്സിമസ് തങ്ങളുടെ വിശേഷപ്പെട്ട പേപ്പർ നൽകുന്നുണ്ട്. പ്രകൃതിയെ കഴിയുന്നത്ര കുറച്ച് നശിപ്പിച്ചുകൊണ്ടുള്ള സാങ്കേതികതയാണ് ഈ ആനപ്പിണ്ടത്തിൽ നിന്നുള്ള പേപ്പർ നിർമാണം മുന്നോട്ടുവെക്കുന്നത്.