വിനോദനികുതി അടയ്ക്കാതെ തീയേറ്ററുകൾ; നഷ്ടക്കണക്ക് സൂക്ഷിക്കാതെ സർക്കാർ




കൊച്ചി: സിനിമാടിക്കറ്റുകളിൽനിന്ന് വിനോദനികുതിയായും ചലച്ചിത്രക്ഷേമനിധിയിലേക്കുള്ള സെസ് ആയും പിരിഞ്ഞുകിട്ടുന്ന തുകയുടെ കൃത്യമായ കണക്ക് സൂക്ഷിക്കാതെ സർക്കാർ. മിക്ക തീയേറ്ററുകളും ഈ തുക അടയ്ക്കാറില്ലെന്ന് കണ്ടെത്തിയിട്ടും വരുമാനനഷ്ടമെത്രയെന്ന് പറയാൻ തദ്ദേശസ്വയംഭരണവകുപ്പിന് സാധിക്കുന്നില്ല.

ഇതുസംബന്ധിച്ച് വിവരാവകാശനിയമപ്രകാരം നൽകിയ ചോദ്യങ്ങൾക്ക് ലഭ്യമല്ല എന്ന മറുപടിയാണ് വകുപ്പ് നൽകിയത്. അതും നാലുമാസത്തിനു ശേഷം. കഴിഞ്ഞ പത്തുവർഷം കേരളത്തിലെ സിനിമാതീയേറ്ററുകളിൽനിന്ന് വിനോദനികുതിയിനത്തിൽ പിരിഞ്ഞുകിട്ടിയ തുക, ഓരോവർഷവും വിനോദ നികുതി അടച്ച തീയേറ്ററുകൾ, സിനിമാടിക്കറ്റുകളിൽനിന്ന് ചലച്ചിത്രക്ഷേമനിധിയിലേക്ക് സെസ് ഏർപ്പെടുത്തിയതിനുശേഷം ലഭിച്ച തുക എന്നിവയാണ് വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ടത്.


ഒരുടിക്കറ്റിന് എട്ടരശതമാനമാണ് വിനോദനികുതിയായി ഈടാക്കുന്നത്. ക്ഷേമനിധിസെസ് മൂന്നുരൂപയും. മുമ്പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കായിരുന്നു ടിക്കറ്റ് സീലിങ്ങിന്റെ ചുമതല. അതുകൊണ്ട് വിറ്റ ടിക്കറ്റുകളുടെ കണക്ക് കൃത്യമായിരുന്നു. പക്ഷേ ബുക്കിങ് മുഴുവൻ സിനിമാടിക്കറ്റിങ് ആപ്പുകളും വെബ്*സൈറ്റും വഴിയായതോടെ എത്രടിക്കറ്റാണ് വിറ്റതെന്ന് കണ്ടെത്താൻ സർക്കാരിന് സാധിക്കുന്നില്ല.

ഇതിന് പ്രതിവിധിയായാണ് സിനിമാടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി സർക്കാരിന്റെ നേതൃത്വത്തിൽ മൊബൈൽആപ്പും വെബ്*സൈറ്റും ഒരുക്കിയത്. എന്റെ ഷോ എന്നുപേരിട്ട ഇത് കേരളത്തിലെ എല്ലാ തീയേറ്ററുകളെയും ഉൾപ്പെടുത്തി ജനുവരിയോടെ പ്രവർത്തനസജ്ജമാകുമെന്നായിരുന്നു പ്രഖ്യാപനം. ടിക്കറ്റ് വിതരണം എന്റെ ഷോയിലൂടെയാക്കുന്നതോടെ എത്രടിക്കറ്റ് വിറ്റു എന്നതിന്റെ കൃത്യമായ കണക്ക് സർക്കാരിനും നിർമാതാക്കൾക്കും തീയേറ്റർ ഉടമകൾക്കും കിട്ടും.

പക്ഷേ തീയേറ്ററുടമകൾ എതിർപ്പുയർത്തിയതോടെ എന്റെ ഷോ ആപ്പ് സർക്കാർ ഏതാണ്ട് ഉപേക്ഷിച്ചമട്ടാണ്. ചില വൻകിട ടിക്കറ്റ് ബുക്കിങ് ആപ്പ് കമ്പനികളുടെ ഇടപെടലും ഇതിന് പിന്നിലുണ്ടെന്നാണ് സിനിമാമേഖലയിലുള്ളവർ പറയുന്നത്.