സുരക്ഷാ നിർദേശം പാലിച്ചില്ലെങ്കിൽ വേദി മാറ്റും; കൊച്ചിക്കു മുന്നറിയിപ്പുമായി ഫിഫ



















ന്യൂഡൽഹി ∙ ലോകകപ്പ് അണ്ടർ 17 മത്സരങ്ങൾ കൊച്ചിയിൽ നടക്കണമെങ്കിൽ തങ്ങളുടെ നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനു രാജ്യാന്തര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) ശക്തമായ മുന്നറിയിപ്പു നൽകി. മത്സരം നടക്കുന്ന കലൂർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന എല്ലാ കടകളും സ്ഥാപനങ്ങളും മത്സരങ്ങൾ തീരുന്നതുവരെ അടച്ചിടണം എന്നാണു ഫിഫ നിഷ്കർഷിക്കുന്നത്. ഇന്നു മുതൽ ഇതു നടപ്പിൽവരുത്തണം എന്നാണു ഫിഫ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിനെതിരെ വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
രാജ്യാന്തര മത്സരം നടക്കുമ്പോൾ സുരക്ഷയെക്കരുതിയാണു ഫിഫ ഈ വ്യവസ്ഥകൾ മുന്നോട്ടുവച്ചത്.
ഇവ കൃത്യമായി പാലിക്കുമെന്നു കേരള സർക്കാർ ഫിഫ അധികൃതർക്ക് ഉറപ്പുനൽകിയതുമാണ്. എന്നാൽ കോടതിയെ സമീപിക്കാനും അതു വഴി ഫിഫയുടെ വ്യവസ്ഥകൾ മറികടക്കാനും ശ്രമിക്കുകയാണെങ്കിൽ മത്സരങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റേണ്ടിവരുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ ഫിഫ അറിയിച്ചുകഴിഞ്ഞു.
ഫിഫ ഇങ്ങനെ നിഷ്കർഷിച്ചതോടെയാണു ഡൽഹിയിൽ ഉദ്ഘാടന ദിവസം നടത്താനിരുന്ന ചടങ്ങുകളും കലാപരിപാടികളും വേണ്ട എന്നു നിശ്ചയിച്ചത്. ഫിഫയുടെ നിബന്ധനകൾ മറികടക്കാൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനു കഴിയില്ല. നിബന്ധനകൾ പാലിക്കാൻ ഒരുക്കമല്ലെങ്കിൽ കൊച്ചിയിലെ മത്സരങ്ങൾ എവിടേക്കു മാറ്റണം എന്നു ഫിഫ തീരുമാനിക്കും. ന്യൂഡൽഹി, നവി മുംബൈ, െകാൽക്കൊത്ത, ഗുവാഹത്തി, മർമഗോവ എന്നിവയാണു മറ്റു മത്സരസ്ഥലങ്ങൾ. ഒക്ടോബർ ഏഴിനാണു കൊച്ചിയിലെ ആദ്യമത്സരം. തുടർന്ന് ഒക്ടോബർ 10, 13, 18, 22 എന്നീ ദിവസങ്ങളിലും മത്സരമുണ്ട്. ആകെ എട്ടു മത്സരങ്ങളാണു കൊച്ചിക്ക് അനുവദിച്ചിരിക്കുന്നത്.
ആദ്യമത്സരത്തിന്റെ ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞ ശേഷമാണ് ഇപ്പോൾ ഫിഫ ഇങ്ങനെ ഒരു മുന്നറിയിപ്പു നൽകിയിരിക്കുന്നത്.