മണ്മറഞ്ഞ കലാകാരൻ കലാഭവൻ മണിയുടെ ജീവിതകഥയെ ആസ്പദമാക്കിയെടുത്ത ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. ഇത് മാണിയുടെ യഥാർത്ഥ ജീവിത കഥ എന്ന് പറയുവാൻ സാധിക്കില്ല. മണിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എടുത്ത സിനിമയാണെന്ന് വേണമെങ്കിൽ പറയാം. മണിയുടെ ജീവിത കഥ എന്ന രീതിയിൽ ചിത്രത്തെ സമീപിച്ചാൽ നിരാശയായിരിക്കും ഫലം. മണിയുടെ ജീവിതവുമായി ബന്ധപ്പെട്ട നമുക്കറിയാവുന്ന പല കാര്യങ്ങളും ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്. അതിൽ അത്യാവശ്യം കൊള്ളാവുന്ന രീതിയിൽ എടുത്ത രംഗങ്ങളും സിനിമയിലുണ്ട്. എന്നാൽ മണി സിനിമയിൽ സജീവമായതിനു ശേഷം മണി നേരിടേണ്ടി വന്നു എന്ന് കാണിക്കുന്ന പല രംഗങ്ങളും സംവിധായകൻ വിനയന്റെ കാഴ്ചപ്പാടിലുള്ളതാണെന്നും, വിനയനെ അനാവശ്യമായി മഹത്വവൽക്കരിക്കുന്നതായി തോന്നുന്ന രംഗങ്ങളാണ്. ഇത്തരം സമീപനം മണിയുടെ ജീവിതകഥ പറയുക എന്നതിലുപരി തന്റെ ഭാഗം ന്യായീകരിക്കുക എന്ന വിനയന്റെ ശ്രമമാണോ ഈ സിനിമ എന്ന് തോന്നിപ്പോകും. അത് കൂടാതെ മണിയുടെ ജീവിതത്തെ ഒന്ന് സമഗ്രമായി പഠനം നടത്തി നല്ല ഒരു തിരക്കഥ രൂപീകരിക്കുന്നതിനുള്ള ആത്മാർത്ഥമായ ശ്രമം സിനിമയിൽ കണ്ടില്ല. മണിയും കുടുബങ്ങളും തമ്മിലുള്ള ബന്ധങ്ങൾക്കൊന്നും സിനിമയിൽ പ്രാധാന്യം കൊടുത്തിട്ടില്ല. മണിയുടെ ജീവിത കഥ പറയുക എന്നതിലുപരി മണിയുടെ ഇമേജ് പ്രയോജനപ്പെടുത്തി വാണിജ്യ വിജയം നേടുക എന്നതും കൂട്ടത്തിൽ തനിക്കു പറയാനുള്ളത് പറയാനുള്ള ഒരു വഴിയായുമാണ് വിനയൻ ഈ സിനിമയെ കണ്ടതെന്നും തോന്നുന്നു.
മണിയുടെ ജീവിതകഥ എന്ന രീതിയിൽ പൂർണതയിലെത്തിയില്ലെങ്കിലും ഒരു സിനിമ എന്ന നിലയിൽ അത്ര മോശമല്ല ചാലക്കുടിക്കാരൻ ചങ്ങാതി. വിനയന്റെ സമീപകാല ചിത്രങ്ങളേക്കാൾ വളരെ ഭേദപ്പെട്ട സിനിമയാണിത്. വിനയൻ അധികം ബോറാക്കാതെ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. അഭിനയ വിഭാഗത്തിൽ മണിയെ അവതരിപ്പിച്ച സെന്തിൽ നല്ല പ്രകടനം കാഴ്*ച്ച വെച്ചു. മണിയുടെ രൂപ സാദൃശ്യവും അതോടൊപ്പം മാനറിസം അഭിനയിത്തിലേക്കു കൊണ്ട് വന്നത്തിലൂടെ കഥാപാത്രത്തെ മികച്ചതാക്കാൻ സെന്തിലിന് സാധിച്ചു. മണിയുടെ കൂട്ടുകാരായി വന്ന ധർമജനും, വിഷ്ണു ഗോവിന്ദനും തങ്ങളുടെ വേഷം മികച്ചതാക്കി. ജോജു ജോർജ്, സുധീർ കരമന, ഹണി റോസ് എന്നിവരാണ് മറ്റു അഭിനേതാക്കൾ. സ്ത്രീ കഥാപാത്രങ്ങൾക്ക് അധികം പ്രാധാന്യം ചിത്രത്തിലില്ല. കലാഭവൻ മണിയുടെ ഹിറ്റ് ഗാനങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജീവിത കഥ എന്ന നിലയിൽ പോരായ്മാകളുള്ളതും എന്നാൽ സിനിമ എന്ന നിലയിൽ ഒരു കൊച്ചു ചിത്രത്തിന്റെ പോരായ്മകൾ ഒഴിവാക്കിയാൽ കണ്ടിരിക്കാവുന്ന സിനിമ.
റേറ്റിങ്ങ് : 2. 5 / 5

വൽക്കഷ്ണം : സിനിമ കണ്ടത് ഇരിഞ്ഞാലക്കുടയിലെ അക്കര തിയേറ്ററിൽ നിന്നാണ്. ഇന്നത്തെ തിയേറ്ററുകളുടെ മോടി ഇല്ലാത്ത ഒരു തീയേറ്റർ. ഇന്നത്തെ നൂൺഷോക്കു പകുതിയോളം ആളും ഉണ്ടായിരുന്നു. ചിത്രം കാണുവാൻ തീയേറ്ററിൽ വളരെ സാധാരക്കാരായ ആളുകളാണ് കൂടുതലും ഉണ്ടായിരുന്നത്. ചിത്രം കഴിഞ്ഞപ്പോൾ അത്യാവശ്യം കയ്യടിയും ഉണ്ടായിരുന്നു. ആ കയ്യടി ചിത്രത്തിന്റെ ഗുണത്തിനുള്ളതായിരുന്നില്ല എന്നാണ് എന്റെ വിശ്വാസം. ആ കയ്യടി മണിക്കുള്ളതായിരുന്നു. മണിയെ സാധാരണക്കാർ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നതിനുള്ള തെളിവ്. ഇപ്പോഴും സ്നേഹിക്കുന്നുണ്ടതിനുമുള്ള തെളിവ്......

Sent from my SM-G530H using Tapatalk