ഭിന്നശേഷിക്കാരോടും അവരുടെ കുടുംബങ്ങളോടും നമ്മുടെ "മഹത്തായ സംസ്ക്കാരം" വച്ച് പുലർത്തിപ്പോരുന്ന മുൻവിധികളും, അവഞ്ജയോളം പോന്ന അനവധാനതയും അനാവരണം ചെയ്യപ്പെടുന്നു പേരന്പിൽ. നമ്മുടെയൊക്കെ ജീവിതങ്ങൾ എത്രത്തോളം അനുഗ്രഹിക്കപ്പെട്ടതാണ് എന്നറിയിക്കാൻ മാത്രം അമുദവൻ തന്റെ കഥ പറയുകയാണ്. മുപ്പത്തൊന്നു വര്ഷം മുമ്പ് പുറത്തിറങ്ങിയ ന്യൂഡൽഹിയിലെ ജികെയുടെ അതേ ഘനഗംഭീര ശബ്ദവിന്യാസത്തിൽ. മഞ്ഞുപുതഞ്ഞ ശാന്ത താഴ്വരകൾ, കാമവും ക്രൗര്യവും കത്തുന്ന നഗരരാവുകൾ, അലറിയടുക്കുന്ന അലകടൽ.. പ്രകൃതിയുടെ വിവിധഭാവങ്ങൾ, ക്രൂരവും നിഷ്ടൂരവുമായി, ചിലപ്പോൾ സാന്ത്വനവും സമാശ്വാസവും നിറച്ച് മനുഷ്യമനസ്സിലേക്കാവാഹിക്കുന്ന 12 അധ്യായങ്ങൾ. വൈദ്യശാസ്ത്രം തോറ്റു പിന്മാറുന്ന, ഉറ്റവരാൽ ആട്ടിയോടിക്കപ്പെട്ട, പെറ്റമ്മപോലും "ഇത്രയൂം കാലം ഞാൻ നോക്കി, ഇനി നിങ്ങൾ നോക്ക്" എന്ന് പറഞ്ഞു പുതുജീവിതം തേടിപ്പോയ അവസ്ഥയിൽ, കുറ്റപ്പെടുത്തുന്ന അയൽക്കാരോ വെള്ളം കിട്ടാതെ മരിക്കുന്ന അടക്കാകുരുവുകളോ ഇല്ലാത്ത നാട് തേടി പലായനം ചെയ്യുന്നു അയാൾ.

തന്റെ പ്രിയപ്പെട്ട "പാപ്പായുടെ" യുടെ മുന്നിൽ അമർത്തിയടക്കിയ തേങ്ങലുമായി അമുദവൻ നടത്തുന്ന ഒറ്റഷോട്ടിലെ ഏറെനേരം നീണ്ടു നിൽക്കുന്ന പ്രകടനം...മകളുടെ സ്നേഹം നേടിയെടുക്കാൻ അയാൾക്ക് ആവുന്നില്ലെങ്കിലും പ്രേക്ഷകലക്ഷങ്ങളുടെ ഇഷ്ടം മമ്മൂട്ടി എന്ന നടന് ആവോളം ലഭിക്കുന്നുണ്ട് എന്നതിന് തീയ്യറ്ററിലെ കാതടപ്പിക്കുന്ന കരഘോഷം സാക്ഷി. കാമനയുടേയും കാരുണ്യത്തിന്റേയും മറപറ്റി കടന്നുവരുന്ന കാപട്യവും കള്ളത്തരവും നിസ്സഹായാരോട് സമൂഹം എത്ര നിര്ദ്ദയമായി ഇടപെടുന്നു എന്ന് വെളിവാക്കുന്നുണ്ട് റാമിന്റെ സിനിമ. ഏതു ലോകസിനിമയോടും സാങ്കേതികവിദ്യയോടും കിടപിടിക്കുന്നതാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും ശബ്ദവിന്യാസവും പശ്ചാത്തല സംഗീതവും. A complete theatrical experience.

ജോലിയുടെ ഭാഗമായി ഒട്ടേറെ അമുദവന്മാരെയും പാപ്പാമാരെയും നേരിട്ട് പരിചയമുള്ള ആളെന്ന നിലക്ക് അങ്ങേയറ്റം സത്യസന്ധമായിട്ടാണ് രാം തന്റെ സിനിമ ഒരുക്കിയിരിക്കുന്നത് എന്ന് പറയാനാവും. ഭിന്നശേഷിപോലെ തന്നെ ഒരു ശാരീരിക- അവസ്ഥയാണ് ഭിന്നലിംഗക്കാരും നേരിടുന്നത്. ചാന്തുപൊട്ടാക്കി സാമഹ്യവിരുദ്ധ സിനിമക്കാർ കൊണ്ടാടിയ വിഭാഗത്തോടുള്ള കാവ്യനീതികൂടി ആവുന്നുണ്ട് സിനിമ. പുളകം കൊള്ളിക്കുന്ന സംഭാഷണങ്ങൾക്കും, ഉജ്വല സംഘടനാ രംഗങ്ങൾക്കും മാത്രമല്ല, അമർത്തിപ്പിടിച്ച തേങ്ങലുകൾക്കും , ഉള്ളുലക്കുന്ന വൈകാരിക വിക്ഷോഭങ്ങൾക്കും കിട്ടുന്ന കയ്യടി, നമ്മുടെ പ്രേക്ഷക സമൂഹത്തിന്റെ പക്വത വെളിവാക്കുന്നുണ്ട്.

അവാർഡുകളും അംഗീകാരങ്ങളും അസാമാന്യ പ്രകടനകൾക്കുള്ളതാണ് എങ്കിൽ, ഈ വർഷത്തെ ദേശീയ ബഹുമതികൾ മമ്മുക്കയുടേയും, സാധനയുടേയും, റാമിന്റെയും ഒക്കെ ഷെൽഫുകളെ അലങ്കരിക്കും. മികച്ച നടി, നടൻ അല്ലാതെ ഏത് അവാർഡ് ആവും അഞ്ജലി അമീറിന് സമ്മാനിക്കാനാവുക?