പേരമ്പിന്റെയും യാത്രയുടെയും വിശാല മായികകാഴ്ചകൾ...


യാത്ര - ഒരു യഥാർത്ഥ മുഖം


യാത്ര ഒരു യാത്രയുടെ മാത്രം അവതരണമല്ല. ഒരു നാടിൻറെ യഥാർത്ഥ മുഖം മനസിലാക്കാനുള്ള ഒരു രാഷ്ട്രീയ നേതാവിന്റെ യാത്രയുടെ കഥയാണ്. ആ യാത്രയിൽ കാണുന്ന കാഴ്ചകൾ അദ്ദേഹത്തെ ഒരു നല്ല ഭരണകർത്താവാക്കുന്ന കഥയാണ്. കേവലം തിരഞ്ഞെടുപ്പു വിജയത്തിനായി മാത്രമൊതുങ്ങുന്ന യാത്രകളുടെ കഥയല്ല.


ഒരു നേതാവായും ജനപ്രതിനിധിയായും ഭരണകർത്താവായും ഒരു രാഷ്ട്രീയക്കാരൻ എങ്ങനെയാവണമെന്നു കാണിച്ചു തരുന്ന ഈ ചിത്രം കേവലം ysr എന്ന വ്യക്തിയുടെ മാത്രം കഥയായി ഒതുങ്ങുന്നില്ല, പകരം ആഗോളതലത്തിൽ തന്നെ പ്രാധാന്യമുള്ള ഒരു വിഷയത്തിന്റെ അവതരണമായാണ് പ്രേക്ഷകനിൽ എത്തിച്ചിരിക്കുന്നത്. താൻ ഉൾപ്പെടുന്ന രാഷ്ട്രീയ സംവിധാനത്തിന് ഉൾക്കൊള്ളാനാകാത്തതും കണ്ടിട്ടില്ലാത്തതുമായ നാടിൻറെ പച്ചയായ മുഖം നേരിട്ട് കാണുന്ന ഒരു രാഷ്ട്രീയ നേതാവ് എല്ലാ നാടിനും ഇപ്പോഴും ആവശ്യതന്നെയാണ്. അതോർമ്മിപ്പിക്കുന്നു ഈ ചിത്രം.


Ysr എന്ന ആന്ധ്രക്കാരനെ അറിഞ്ഞുകൂടാത്തവർക്കും 2 മണിക്കൂർ പൂർണ്ണതയോടെ ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ തന്നെയാണ് ചിത്രമൊരുക്കിയിരിക്കുന്നതു. അദ്ദേഹത്തെ വ്യകതമായി അറിയാവുന്നവർക്ക് ആവേശം കൊണ്ട് രോമഹർഷപുളകിതമാകുന്നുള്ള രംഗങ്ങളും സംഭാഷണങ്ങളും ചിത്രത്തിലൊരിക്കിയിട്ടുണ്ട്. മറുവശത്തു ഹൈക്കമാൻഡ് എന്ന അടിച്ചേൽപ്പിക്കൽ സമതിയേക്കാൾ ജനപ്രിയത എന്ന സത്യസന്ധതയാണ് അവസാന വിജയം നേടുകയെന്നതും ചിത്രം ഓർമ്മിപ്പിക്കുന്നു.


സെന്റിമെന്റ്സ് എന്ന ഘടകം ഈ ചിത്രത്തിൽ ആവശ്യത്തിൽ കൂടുതൽ ഉണ്ട് എന്നാർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അതിന് കാരണം പൊതുജനം ഭൂരിഭാഗവും അവരുടെ ജീവിതത്തിന്റെ കൂടുതൽ സമയവും സെന്റിമെൻറ്സിലാണ് കഴിയുന്നതെന്ന് മനസിലാക്കാൻ ശ്രമിച്ചാൽ മതിയാകും.


എല്ലാ ജനപ്രതിനിധികളും ഈ ചിത്രം കാണണം. അവർക്കു വോട്ട് ചെയ്യുന്ന സമ്മതിദായകരും.


മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചു തകർത്തു എന്ന് തന്നെ പറയാം. ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത ഭാവാവിഷ്*കാരങ്ങൾ അവിടെ കണ്ടു. ജീവിച്ചിരുന്ന വ്യക്തികളെ അവതരിപ്പിക്കുമ്പോൾ കാണിക്കേണ്ട അഭിനയത്തിന്റെ ആ ഒതുക്കം ഒരിക്കൽകൂടി മമ്മൂട്ടിയിൽ സുരക്ഷിതം. മലയാളത്തിൽ കണ്ടത് കൊണ്ട് തെലുങ്കിൽ മമ്മൂട്ടി എങ്ങനെ സംസാരിക്കുന്നു എന്നറിയാൻ സാധിച്ചില്ലെന്ന് മാത്രം. ആന്ധ്രാക്കാർ ഈ ചിത്രം ഇഷ്ടപെട്ടിട്ടുണ്ടെങ്കിൽ അത് മമ്മൂട്ടിയുടെ വിജയമായിരിയ്ക്കും. അവർക്ക് സുപരിചിതമായ ഒരു വ്യക്തിയെ ആ ഭാഷ അറിഞ്ഞുകൂടാത്തയാൾ അവരുടെ ഭാഷയിൽ അവതരിപ്പിക്കുമ്പോൾ ഭാഷാശുദ്ധി വളരെ ശ്രദ്ധിക്കപ്പെടാനും അതിലൂടെ നായക നടന്റെ അഭിനയം വിമർശനവിധേയമാക്കാനും അവർ ശ്രമിച്ചേക്കാം. ചിത്രത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും യഥാർത്ഥ ysr ന്റെ ചിത്രങ്ങളും വാർത്താശകലങ്ങളും കാണിക്കുന്നതിലൂടെ ആ നാട്ടുകാർ യാഥാർഥ്യത്തിലേക്ക് മുഴികിയിരിക്കുന്ന അവസരത്തിൽ, പ്രത്യേകിച്ചും.


ആ ഭാഗത്തിന് മാർക്കിടാനാവാത്തതു കൊണ്ട് മാത്രം 3/4...


പേരമ്പ് - ഒരു സത്യത്തിന്റെ വികൃത മുഖം


ഈ ചിത്രത്തിന്റെ മഹത്വം മഹത് വ്യക്തികൾ തന്നെ പലതവണ പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് കൂടുതൽ വിശദീകരിക്കുന്നില്ല.


മകളെ സന്തോഷിപ്പിക്കാൻ ഒരച്ഛൻ ഗായകനായും നടനായും കോമാളിയായും അഭിനയിച്ചു കാണിക്കുന്ന മിനുട്ടുകൾ നീണ്ട ആ ഒരൊറ്റ ഷോട്ടിൽ ഒരു നടന്റെ അഭിനയ മഹത്വം കാണാൻ പറ്റും. ആ രംഗം മനോഹരമായി ഒരുക്കിയ സംവിധയകന്റെ സാക്ഷാൽക്കരവും അത് മനോഹരമായി ചിത്രീകരിച്ച ഛായാഗ്രഹന്റെ കഴിവും അപാരമാണ്. താരാട്ടു കേട്ട് തൊട്ടിലിൽ ഉറങ്ങുന്ന കുട്ടി കാണുന്ന കാഴ്ച പോലെ ഒരു താളത്തിൽ ആ ദൃശ്യമങ്ങനെ ഇടത്തോട്ടും വലത്തോട്ടുമാടുകയാണ്...നടനും സംവിധായകനും ഛായാഗ്രാഹകനും ഒരു മനമാകുന്ന കാഴ്ച.


പ്രകൃതിയുടെ വർണ്ണഭംഗിയിൽ ജീവിതസത്യത്തിന്റെ വികൃതമുഖം ഒരു നദി ഒഴുകുന്ന തെളിമയിൽ പറഞ്ഞു പോകുന്ന ആദ്യ പകുതി കഴിയുമ്പോൾ കൂടുതൽ ഇരുണ്ട ജീവിതമാണ് രണ്ടാം പകുതിയിൽ ബാക്കി വച്ചിരുന്നത്. 12 അധ്യായങ്ങളിലൂടെ രണ്ടുപേരുടെ ജീവിതം പറയുകയാണ്. അല്ല പ്രേക്ഷകരെ പഠിപ്പിക്കുകയാണ് സംവിധായകൻ. നമ്മൾ കാണാത്ത കാഴ്ചകൾ...


മനോഹരമായ ഛായാഗ്രഹണം.
അതിമനോഹരമായ സംവിധാനം.
ജീവിച്ചു കാണിക്കുന്ന നടനം.
സംപൂർണ്ണമായും ഒന്നുമില്ലെന്ന പൊതുനിയമത്തെ അടിസ്ഥാനമാക്കി മാത്രം 4.75 റേറ്റിംഗ്.


ഒരു ദിവസം തന്നെ രണ്ടു ചിത്രങ്ങൾ ഒരു വിദേശരാജ്യത്ത് ആദ്യമായാണ് കാണുന്നത്. അതും രണ്ടു ഭാഷകളിൽ രണ്ടു രൂപങ്ങളിൽ ഒരു നടനെ.
താരാരാധയുടെ കുപ്പായം ഊരിവക്കുന്നവരെ പോലും അതെടുത്തണിയാൻ വീണ്ടും പ്രേരിപ്പിക്കുന്ന അഭിനയ വിശാലതയുടെ കാന്തിക സ്പർശം!