തീട്ടറോഡിന്റെ മറുഭാഗത്തായി ബൈക്കിൽ മാത്രം പോകാൻ പറ്റുന്ന ഒരു ചെറിയ വഴിയുണ്ട്. ആ വഴി നേരേപ്പോയാൽ കുമ്പളങ്ങിയിലെ സഹോദരങ്ങളുടെ വീടുണ്ട് . "വിശക്കുമ്പോ തിന്നണം കിടക്കുമ്പോ ഉറങ്ങണം" എന്നല്ലാതെ പ്രത്യേകിച്ച് ജീവിത ലക്ഷ്യമൊന്നുമില്ലാത്ത പരസ്പരം പോരടിക്കുന്ന ഐക്യ ബോധമില്ലാത്ത സഹോദരങ്ങൾ. Kumbalangi Brothers ന്റ രാത്രികളും പകലുകളുമാണ് സിനിമ.

ബോബി തന്റെ കാമുകിമായുള്ള
വിവാഹം പറഞ്ഞുറപ്പിക്കാൻ അവളുടെ വീട്ടിലേക്ക് തന്റെ ചേട്ടൻ സജിയെ വിളിക്കുന്ന ഒരു രംഗമുണ്ട് സിനിമയിൽ. "നീ എന്നെ ചേട്ടാന്ന് ഒന്ന് വിളിച്ചേ ആദ്യം"എന്ന് സജി പറഞ്ഞ് അനിയന്റെ ഒട്ടും ആത്മാർത്ഥതയില്ലാത്ത "ചേട്ടാ"വിളി കേട്ട് ആർത്താർത്തു പൊട്ടിച്ചിരിക്കുന്ന സജി തന്നെ തന്റെ ഏറ്റവും ഇളയ അനുജനോട് എനിക്കൊന്നു കരയാൻ പോലും പറ്റണില്ലാടാന്നും പറയുന്നു.

മനുഷ്യൻ വികാരങ്ങളാൽ, ബന്ധങ്ങളാൽ തളച്ചപ്പെട്ടവനാണെന്നും പൊട്ടിച്ചിരി കൂടാതെ പൊട്ടിക്കരയാനും മനുഷ്യൻ ആഗ്രഹിക്കുന്നുണ്ടെന്നു മനസ്സില്ലാക്കി തരുന്നുണ്ട് സിനിമ. വേദനകൾ ഉള്ളു തുറന്ന് സംസാരിച്ചാൽ പൊട്ടിക്കരയുന്ന മനകട്ടിയെ മനുഷ്യനുള്ളെന്നു സജിയിലൂടെ എഴുത്തുകാരൻ പറയുന്നു.
ബാഹ്യ സൗന്ദര്യത്തിൽ ജോലിയുടെ സ്വഭാവത്തിൽ അധിഷ്ഠിതമല്ലാത്ത പ്രണയവും ഇന്നു നിലനിൽക്കുന്നുണ്ടെന്ന് സിനിമ പറയുന്നു.

ഭൂമിയിൽ അഭയത്തിനായ് മനുഷ്യൻ പരസ്പരം സ്നേഹത്തിന്റെ മേൽക്കൂരകൾ ആകാശം മുട്ടെ കെട്ടണം,മനുഷ്യർക്ക് പുറമേ ഭൂമിയുടെ അവകാശികൾക്ക് പാർക്കാൻ ആ വീടൊരുക്കുന്നുണ്ട് എഴുത്തുകാരൻ.

ഫഹദിന്റെ "ഷമ്മി"- ചീച്ചിൽ എന്നൊക്കെ പണ്ട് നാട്ടിൽ കേട്ടുകൊണ്ടിരുന്ന വാക്കിന്റെ പൂർണരൂപമായിട്ടു സ്ക്രീനിൽ കാണാൻ പറ്റി. എന്തൊരു Range ആണു ഈ നടനു.
"സജി" സൗബിന്റെ അഭിനയജിവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായി എന്നും നിലനിൽക്കുമെന്ന് നിസംശയം പറയാം.

ഷൈജു ഖാലിദിന്റെ frames കുമ്പളങ്ങിയെ കൂടുതൽ മനോഹരിയാക്കുന്നു.

കണ്ണടച്ച് കാതു തുറന്ന് കേൾക്കാൻ ഏറേ ഇമ്പമുള്ളതാണ് സുഷിന്റെ സംഗീതം.

കയ്യടക്കമുള്ള സംവിധാനം.

കഥയേക്കാൾ കഥാപാത്രസൃഷ്ടിയിലാണ് ശ്യാം പുഷ്ക്കരൻ ഇത്തവണ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് തോന്നി. മുൻ സിനിമകളിലെ കഥകളിൽ ഞാൻ അതീവ ത്യപ്തനായതോണ്ട് ഈ സിനിമക്ക് അല്പം പിശുക്കി മാർക്ക് ഇടുന്നു.

ധൈര്യമായ് കയറിച്ചെല്ലാം കുമ്പളങ്ങിയിലെ ഈ വീട്ടിലേക്ക്.. അവിടെ പ്രകാശപൂരിതമായ സ്നേഹമുണ്ട്... ലോകം മൊത്തം ആ സ്നേഹത്തിന്റെ പ്രകാശം പരക്കട്ടെ ..

3.5/5