ബാഹുബലി എന്ന ബ്രഹ്മാണ്ട ചിത്രത്തിന് ശേഷം തെലുങ്കിൽ നിർമ്മിച്ച ഇന്ത്യയിലെ വിവിധ ഭാഷകളിൽ റിലീസായ ചിത്രമാണ് സൈറ നരസിംഹ റെഡ്ഡി. ചിരഞ്ജീവി, അമിതാബച്ചൻ, വിജയസേതുപതി, ജഗപതിസുദീപ്, നയൻതാര, തമന്ന ഭാട്ടിയ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. തെലുങ്കിലെ സൂപ്പർഹിറ്റ് സംവിധായകനായ സുരേന്ദ്രൻ റെഡിയാണ് സംവിധാനം.ചിരഞ്ജീവിയുടെ മകനും തെലുങ്കിലെ സൂപ്പർതാരവും ആയ രാംചരൺ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാഹുബലിയെ പോലെ നല്ലൊരു ദൃശ്യവിരുന്ന് ആയിരിക്കും എന്ന പ്രതീക്ഷയാണ് ചിത്രം കാണാൻ പ്രേരിപ്പിച്ചത്.
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനു പത്തുവർഷം മുമ്പുള്ള കഥയാണ് ചിത്രം പറയുന്നത്. റാണി ലക്ഷ്മി ഭായ് 1857ലെ സ്വാതന്ത്ര്യസമരത്തിന് ഉത്തേജനം നൽകാൻ തന്റെ സൈനികർക്ക് സൈര നരസിംഹ റെഡ്ഡിയുടെ കഥ വിവരിക്കുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്.ആന്ധ്രപ്രദേശിലെ റായൽസീമ എന്ന് പറയുന്ന പ്രദേശത്തെ നരസിംഹ റെഡ്ഡി എന്ന് പറയുന്ന രാജാവിന് അവതരിപ്പിക്കുന്നു. നയൻതാരയാണ് ഭാര്യയായ സിദ്ധമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷുകാർ കച്ചവടത്തിനായി ഇന്ത്യയിലേക്ക് വരികയും, അവർ നാട്ടുകാരെ പീഡിപ്പിക്കുകയും ഇന്ത്യയിലെ സ്വത്തുക്കൾ കൊള്ളയടിച്ചു കൊണ്ടുപോവുകയും ചെയ്യുന്നു. ഇത് തടയിടാൻ തൊട്ടടുത്ത പ്രദേശങ്ങളിലെ രാജാക്കന്മാരുമായി ചേർന്ന് നരസിംഹ റെഡ്ഡി നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെയം.
ചിരഞ്ജീവി സൈറ നരസിംഹ റെഡ്ഡി എന്ന കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. സംവിധായകൻ സുരേന്ദ്രൻ റെഡി ചിരഞ്ജീവി യെ വളരെ മനോഹരമായി പ്രസന്റ് ചെയ്തു എന്നുള്ളതാണ് ചിത്രത്തിലെ ഏറ്റവും വലിയ പോസിറ്റീവ്. ആക്ഷൻ രംഗങ്ങളും, ഇമോഷണൽ സാധാരണ തെലുങ്കു ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. നായികാ കഥാപാത്രങ്ങളിൽ നയൻതാരയ്ക്ക് സപ്പോർട്ടിംഗ് റോൾ ആണ് ഉണ്ടായിരുന്നത്. മറ്റൊരു നായികയായ തമന്നയ്ക്ക് ആണ് കുറച്ചുകൂടി പെർഫോമൻസിന് സാധ്യത ഉണ്ടായിരുന്ന റോൾ. അത് നന്നായി അവതരിപ്പിച്ചിട്ടുമുണ്ട്. ക്ലൈമാക്സ് രംഗങ്ങളിൽ ലക്ഷ്മി ഗോപാലസ്വാമിയും നന്നായിരുന്നു. അമിതാബച്ചൻ, വിജയ് സേതുപതി എന്നിവർക്ക് അധികം സ്ക്രീൻ സ്പേസ് ഉണ്ടായിരുന്നില്ല. കിച്ചാ സുധീപ്, ജഗപതി ബാബു എന്നിവർ തങ്ങളുടെ വേഷങ്ങൾ നന്നായി തന്നെ അവതരിപ്പിച്ചു.

സംവിധായകൻ സുരേന്ദ്രൻ റെഡി ചിത്രം നല്ല കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. രാംചരൺ പ്രൊഡക്ഷൻ വാല്യൂ ചിത്രത്തിന്റെ കെട്ടും മട്ടും ഗംഭീരമാക്കിയിട്ടുണ്ട്. ആക്ഷൻ കൊറിയോഗ്രാഫി എടുത്തുപറയാവുന്ന മറ്റൊരു പോസിറ്റീവാണ്. രത്ന വേലുവിന്റെ ഛായാഗ്രഹണവും മികച്ചതായിരുന്നു.
മലയാളത്തിൽ നരേഷൻ നടത്തിയിരിക്കുന്നത് മോഹൻലാലാണ്. മലയാളത്തിലുള്ള ഡബ്ബിങ് മറ്റ് തെലുങ്ക് ഡബ്ബിങ് ചിത്രങ്ങളെ അപേക്ഷിച്ച് നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യപകുതിയിൽ പ്രേക്ഷകർക്ക് ആവേശം നൽകുന്ന രംഗങ്ങളൊക്കെ ഉണ്ട്. രണ്ടാം പകുതിയിലും ആവേശമുണർത്തുന്ന രംഗങ്ങൾ ഉണ്ടെങ്കിലും ചില സ്ഥലങ്ങളിൽ ലാഗ് അനുഭവപ്പെടുന്നുണ്ട്. കൂടാതെ രണ്ടാം പകുതിയിൽ കുറച്ച് ക്ലീഷേ രംഗങ്ങളും ഉണ്ട്

ആകെ തുക

ചിത്രത്തിന്റെ പ്രൊഡക്ഷൻ വാല്യൂ കൊണ്ടും ചിരഞ്ജീവിയുടെ പ്രകടനം കൊണ്ടും ബോറടിക്കാതെ കാണാവുന്ന ഒരു ഡബ്ബിങ് ചിത്രം.

റേറ്റിംഗ്
3/5

ബോക്സ് ഓഫീസ്

തെലുങ്കിൽ ബ്ലോക്ക് ബസ്റ്റർ വിജയമായിരിക്കും. മറ്റു ഭാഷകളിൽ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു

Sent from my SM-M205F using Tapatalk