ഭീഷ്മപർവ്വം (Film Review by Yodha007)
പ്രമേയം (Godfather Reloaded)
കൊച്ചി - മട്ടാഞ്ചേരി ഏരിയയിൽ സമാന്തര സർക്കാർ രാജ് നടപ്പിലാക്കുന്ന മൈക്കിൾ (മമ്മൂട്ടി) നയിക്കുന്ന “അഞ്ഞൂറ്റി” എന്ന ഡോൺ കുടുബത്തിലെ തലമുറ മാറ്റവും, അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളുമാണ് ഭീഷ്മ പർവത്തിന്റെ മുഖ്യ പ്രമേയം.
ക്ലാസ്സിക്കുകളുടെ അപൂർവ മിശ്രണം
ഗോഡ്ഫാദർ സിനിമയിൽ മാരകമായി പരിക്കേറ്റു വളന്ററി റിട്ടയറ്റർമെൻറിന് നിർബന്ധിതനായി അധികാരം കൈമാറേണ്ടി വരുന്ന ഡോൺ കഥാപാത്രമാണ് വീറ്റോ കോർലിയോണി. ആ കഥാപാത്രത്തിലേക്കു പരസ്പരം പോരടിക്കുന്ന പേരക്കുട്ടികൾ ഉൾപ്പെട്ട കുടുംബത്തെ സംരക്ഷിക്കാൻ വിധിക്കപ്പെട്ട ഭീഷ്മ പിതാമഹാനെ സിനിമയിൽ മനോഹരമായി സന്നിവേശിപ്പിട്ടുണ്ട്. ഒപ്പം, നിത്യഹരിതമായ രണ്ടു ക്ലാസ്സിക്കുകൾ (ഗോഡ് ഫാദർ, മഹാഭാരതം) കൂട്ടി വിളക്കി മനോഹരമായ ഒരു കഥാ പശ്ചാത്തലം ഒരുക്കുന്നതിനും, ചെറുതും വലുതുമായി വ്യക്തിത്വമുള്ള ഒരു പറ്റം കഥാപാത്രങ്ങളെ സൃഷ്ടിക്കുവാനും എഴുത്തുകാരന് സാധിച്ചിട്ടുണ്ട്.
വൃത്തിയുള്ള തിരക്കഥ, സംഭാഷണം
ഗംഭീരം എന്ന് പറയാൻ മാത്രം ഒന്നും ഇല്ലെങ്കിലും, പരമാവധി ക്ളീഷേ ചവറുകൾ ഒഴിവാക്കി കഥ പറഞ്ഞിട്ടുണ്ട്. മാസ് സിനിമയാണെങ്കിൽ പോലും അരോചകമാകുന്ന തരത്തിൽ നെടുങ്കൻ ഡയലോഗുകളോ, തെറിവിളി, തന്തയ്ക്കും തള്ളയ്ക്കും വിളി തുടങ്ങിയ വെറിപ്പീര് സംഭവങ്ങളൊന്നും തന്നെ സിനിമയിൽ ഇല്ല. കുറിക്കു കൊള്ളുന്നതും, കഥാപാത്രങ്ങൾക്ക് ചേരുന്നതുമായ വൺ ലൈൻ പഞ്ചുകൾ എല്ലാം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.
മമ്മൂട്ടിക്ക മാസ്
കഴിഞ്ഞ പത്ത് വർഷങ്ങളിൽ ബോക്സോഫീസിൽ വൻ വിജയം നേടിയ ഭൂരിഭാഗം മമ്മൂട്ടി സിനിമകളും മാസ് ഓറിയന്റഡ് ചിത്രങ്ങളായിരുന്നു എന്നത് വളരെ ശ്രദ്ധേയവും, കൌതുകകരവുമായ വസ്തുതയാണ്. ഒരു വട്ടം കണ്ടിരിക്കാവുന്ന ഏതൊരു ശരാശരി മാസ് സിനിമയേയും ഒറ്റക്ക് തോളിലേറ്റി ആ സിനിമയ്ക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത തരത്തിലുള്ള വിജയത്തിലേക്ക് എത്തിക്കാൻ മമ്മൂട്ടി എന്ന സൂപ്പർ താരത്തിന് ഇന്നും സാധിക്കുന്നു. പ്രായത്തിന്റെ കണക്കെടുപ്പിൽ, 70-കളിലെത്തിയിട്ടും മമ്മൂട്ടി എന്ന സൂപ്പർ താരത്തിന്റെ മാസ് കഥാപാത്രങ്ങളോടുള്ള പ്രേക്ഷകരുടെ ദാഹം ഇനിയും കെട്ടടങ്ങിയിട്ടില്ല എന്നത് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. ഭീഷ്മ പർവ്വം പ്രദർശിപ്പിക്കുന്ന തീയറ്ററിനു മുന്നിലെ ജനക്കൂട്ടം ഇത് അടിവരയിടുന്നു.
മമ്മൂട്ടിയുടെ മാസ് പടം എന്ന ലേബൽ തന്നെയാണ് ഭീഷ്മ പർവ്വത്തിന്റെ ഏറ്റവും വലിയ സെല്ലിങ്ങ് പോയിന്റ്. ഈ സിനിമയിലെ എല്ലാ ഫ്രെയിമുകളിലും മമ്മൂട്ടി ഉണ്ടായിരുന്നെങ്കിൽ എന്ന് ഏതൊരു പ്രേക്ഷകനും ആഗ്രഹിച്ചു പോകുന്ന തരത്തിലാണ് മൈക്കിളായി മമ്മൂട്ടിയുടെ പ്രകടനം. നോട്ടത്തിലും, ഭാവത്തിലും, ശരീര ഭാഷയിലും മൈക്കിളായി മമ്മൂട്ടി പ്രേക്ഷകനെ ത്രസിപ്പിക്കുന്നു. പ്രത്യേകിച്ച് സിനിമയുടെ ആദ്യ പകുതിയിൽ വരുന്ന മമ്മൂട്ടിയുടെ ഫൈറ്റ് തീയറ്റർ ഇളക്കി മറിക്കുന്നതായിരുന്നു.
ബെസ്റ്റ് കാസ്റ്റും, മിസ് കാസ്റ്റും
ഷൈൻ ടോം ചാക്കോ, നെടുമുടി വേണു, കെ.പി.എസി.ലളിത എന്നിവർ ഈ സിനിമയുടെ മികച്ച കാസ്റ്റിങ്ങായി തോന്നിയപ്പോൾ, ഏറ്റവും മോശം കാസ്റ്റിങ്ങായി തോന്നിയത് ഷൌബിൻ താഹിറിന്റെ കാസ്റ്റിങ്ങാണ്.
ആദ്യ പകുതിയിൽ പാവത്താനായി നല്ല പ്രകടനം കാഴ്ച വെച്ച സൌബിനെ രണ്ടാം പകുതിയിൽ മാസ് ഹീറോയാക്കാൻ ശ്രമിച്ചത് തുമ്പിയെ കൊണ്ട് കല്ലെടുക്കാൻ ശ്രമിപ്പിക്കുന്നത് പോലെ അനുഭവപ്പെട്ടു. ഫഹദ് ഫാസിലിനെ പോലെ ഇരുത്തം വന്ന ഒരു നടന്റെ സാന്നിദ്ധ്യം ആ വേഷം അർഹിച്ചിരുന്നു. കാസ്റ്റിങ്ങിലെ ഈ ഗുരുതരമായ പിഴവ് മൂലം സംവിധായകൻ നഷ്ടപ്പെടുത്തിയത് സിനിമയെ ഗോഡ്ഫാദർ 2,3 സീരീസ് പോലെ ഒരു കിടിലൻ ഫ്രാഞ്ചൈസിയാക്കി മാറ്റാനുള്ള ഒരു സുവർണ്ണാവസരം കൂടിയാണ്.
പറയാതെ വയ്യ...
ശരാശരിയിലൊതുങ്ങിപ്പോയ തിരക്കഥയും, ക്ലൈമാക്സും
ഒരു നല്ല കഥാ പശ്ചാത്തലവും, ഒരു പിടി നല്ല കഥാപാത്രങ്ങളും, പ്രകടനങ്ങളുമുണ്ടായിട്ടും ബിഗ് ബി പോലെ ഒരു കനപ്പെട്ട ഇമ്പാക്റ്റ് ഈ സിനിമയ്ക്കുണ്ടാക്കാൻ സാധിക്കുന്നില്ലെങ്കിൽ അതിൽ തിരക്കാഥാകൃത്തും, സംവിധായകനും മുഖ്യ പ്രതികളാണ്. കഥ പറച്ചിലിലും, സംഭാഷണങ്ങളിലും ഒരു ക്ലാസിക്ക് ശൈലി കൊണ്ടു വരാനുള്ള ശ്രമം ശ്ലാഘനീയമാണ്. എങ്കിലും, മാസ് ചിത്രങ്ങളെ വേറേ ലെവലാക്കുന്ന ഗംഭീര ട്വിസ്ററുകളോ, സർപ്രൈസ് പാക്കേജുകളോ, ഒന്നും തന്നെ സിനിമയിൽ ഉൾപ്പെടുത്തിയില്ല എന്നത് ഒരു പോരായ്മയായി അനുഭവപ്പെട്ടു.
സുശീൻ ശ്യാമിന്റെ സംഗീതവും, അമൽ നീരദിന്റെ മേക്കിങ്ങും, ഫൈറ്റ് കൊറിയോ ഗ്രാഫിയുമാണ് ഒരു പാസ് മാർക്ക് മാത്രം കൊടുക്കാവുന്ന തിരക്കഥയെ കണ്ടിരിക്കാവുന്ന ഒരു ദൃശ്യാനുഭവമാക്കി മാറ്റിയത്. എന്നാൽ ക്ലൈമാക്സിൽ അമൽ നീരദ് നിരാശപ്പെടുത്തി. വരത്തൻ സിനിമയിൽ കട്ട പിടിച്ച ഇരുട്ടിൽ വെടിക്കെട്ട് ക്ലൈമാക്സ് തന്ന് പ്രേക്ഷകരെ വിസ്മയിപ്പിച്ച അമൽ നീരദിൽ നിന്ന് കുറഞ്ഞ പക്ഷം ഒരു ചിന്ന പൊട്ടിത്തെറി എങ്കിലും ക്ലൈമാക്സിൽ പ്രതീക്ഷിച്ചിരുന്നു.
വിലയിരുത്തൽ : ഒരു വട്ടം കാണാവുന്ന ഒരു ചിന്ന മമ്മൂട്ടി മാസ് പടം
റേറ്റിങ്ങ് : 6.5/10
ശുപാർശ : bms-ലെ 92% ശതമാനം റേറ്റിങ്ങും, സമൂഹ മാധ്യമങ്ങളിലെ വലിയ തോതിലുള്ള പൊക്കിയടിയും, ഹൈപ്പർ പോസിറ്റീവ് റിവ്യൂസും സൃഷ്ടിക്കുന്ന അമിത പ്രതീക്ഷ ഇല്ലാതെ പോയാൽ ജോറാണ്.