പോഷകത്തി*ൽ മുമ്പിൽ വാഴക്കൂമ്പ്; അറിയാം ഈ ആരോഗ്യഗുണങ്ങൾ
HIGHLIGHTS
- രോഗ പ്രതിരോധം മുതൽ പ്രമേഹ ശമനത്തിനു വരെ ഫലപ്രദം
- അകാല വാർധക്യം തടയാനും കാൻസറിനെ പ്രതിരോധിക്കാനും വരെ ശേഷിയുണ്ട്
https://img-mm.manoramaonline.com/co...ge.845.440.jpg
വാഴപ്പഴം ഇഷ്ടപ്പെടുന്നവരുടെയും സ്ഥിരമായി കഴിക്കുന്നവരുടെയും ശ്രദ്ധയ്ക്ക്: പോഷക സമൃദ്ധിയിൽ പഴത്തേക്കാൾ മേലെയാണ് വാഴക്കൂമ്പ് (ബനാന ബ്ലോസം). രോഗ പ്രതിരോധം മുതൽ പ്രമേഹ ശമനത്തിനു വരെ ഫലപ്രദം. നന്നായി പാചകം ചെയ്താൽ രുചികരമായ കറി. വേണമെങ്കിൽ പച്ചയ്ക്കും കഴിക്കാം.
വൈറ്റമിൻ എ, സി, ഇ എന്നിവയുടെ കലവറയാണ് വാഴക്കൂമ്പ്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകളുടെ സാന്നിധ്യം (5.74 മി.ഗ്രാം/ 100 ഗ്രാം) ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും അത്യുത്തമം. രോഗപ്രതിരോധ ശേഷി നൽകുന്ന ആന്റി ഓക്സിഡന്റുകളും പോളി ഫെനോളുകളും അടങ്ങിയിട്ടുള്ളതുകൊണ്ട് അകാല വാർധക്യം തടയാനും കാൻസറിനെ പ്രതിരോധിക്കാനും വരെ ശേഷിയുണ്ടെന്നാണ് പോഷകാഹാര വിദഗ്ധരുടെ പക്ഷം. ശരീരത്തിലുണ്ടാകുന്ന മുറിവുകളെ വേഗത്തിൽ ഭേദമാക്കാനും സഹായിക്കും.
പ്രമേഹ രോഗികൾക്ക് വാഴക്കൂമ്പിനോടു പ്രിയം ഉണ്ടാകണം. സ്ഥിരമായി ഉപയോഗിക്കാമെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞുവരും. ആഴ്ചയിൽ 3–4 ദിവസം കറിയായി ഉപയോഗിക്കുന്നതാവും ഉചിതം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും പ്രയോജനകരമെന്നു കണ്ടെത്തിയിട്ടുണ്ട്. വിളർച്ചയുള്ള കുട്ടികൾക്ക് വാഴക്കൂമ്പ് രുചികരമായി പാചകം ചെയ്തു നൽകണം.
വാഴക്കൂമ്പിന്റെ ഗുണഗണങ്ങൾ തീർന്നിട്ടില്ല.. മുലപ്പാൽ കൂടുമെന്നുള്ളതുകൊണ്ട് മുലയൂട്ടുന്ന അമ്മമാർക്ക് ഇതു ഔഷധം. ശരീരത്തിലെ പ്രൊജസ്ട്രോൺ ഹോർമോൺ വർധിപ്പിക്കാനുള്ള ശേഷിയും സ്ത്രീകൾക്ക് ഗുണം ചെയ്യും. ആർത്തവത്തോടനുബന്ധിച്ചുള്ള അമിത രക്തസ്രാവം തടയാൻ ഇതു സഹായകരമാകും.
ഏഷ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ചും ഇന്ത്യയിൽ വാഴക്കൂമ്പ് മുൻപേ പരിചിതമായിരുന്നെങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ അടുത്തിടെയാണ് പ്രിയമേറിയത്. ഇതുപയോഗിച്ചുള്ള ഒട്ടേറെ പാചക വിധികൾ അവിടെ പ്രചരിക്കുന്നു. കറിയായി കഴിച്ചാണ് നമുക്കു ശീലമെങ്കിൽ സാലഡ് ആയി വരെ കഴിക്കാൻ അവർ തയാർ.
വാഴക്കൂമ്പ് വേണമെങ്കിൽ സ്വന്തം പുരയിടത്തിൽ വാഴ വളർത്തണമെന്ന സ്ഥിതിയും മാറി. പച്ചക്കറി കടകളിലും സൂപ്പർ മാർക്കറ്റുകളിലും ഇന്ന് യഥേഷ്ടം ലഭ്യമാണ്. വലിയ വിലയില്ലെന്ന ആശ്വാസവുമുണ്ട്.