സച്ചിന്റെ ആത്മകഥ-ഒരു ആരാധക വായന
ആത്മകഥകള്*ക്ക് ഉണ്ടാവേണ്ട ഏറ്റവും വലിയ ഗുണം, അത് പരമാവധി സത്യസന്ധമായിരിക്കുക എന്നതാണ്. പരമാവധി എന്ന വാക്ക് ഇവിടെ ഉപയോഗിച്ചത് ബോധപൂര്*വമാണ്. കാരണം തന്റെ ജീവിതത്തെ സംബന്ധിച്ച കാര്യങ്ങള്* പൂര്*ണമായി ലോകത്തോട് തുറന്നു പറയുക എന്നത് മിക്കവാറും അസാധ്യമാണ്. ഒരുപക്ഷെ മഹാത്മാ ഗാന്ധി മാത്രമായിരിക്കും അതിന് അപവാദം.
സച്ചിന്* തെണ്ടുല്*ക്കറുടെ ആത്മകഥ 'Playing It My Way' എന്ന ഗ്രന്ഥത്തെ കുറിച്ച് ഉയര്*ന്ന് പ്രധാന ആരോപണവും ഇതു തന്നെയാണ്. വിവാദപരമായ പല കാര്യങ്ങളും സച്ചിന്* പരാമര്*ശിക്കാതെ വിട്ടുകളഞ്ഞിരിക്കുന്നു. പ്രത്യേകിച്ചും ഇന്ത്യന്* ക്രിക്കറ്റിനെ ഉലച്ച കോഴ വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളില്* മൗനം പാലിച്ചിരിക്കുന്നു. വിവാദങ്ങളില്* നിന്ന് ഒഴിഞ്ഞുനില്*ക്കാനുള്ള ബോധപൂര്*വമായ ശ്രമം എന്നും സച്ചിനില്* നിന്ന് ഉണ്ടായിരുന്നു. അതുതന്നെയാവണം ഈ ഒഴിവാക്കലിനും കാരണം. അതു എന്തുതന്നെയായാലും തന്റെ ജീവിതാനുഭവങ്ങള്* വലിയൊരളവു വരെ സത്യസന്ധമായും ഋജുവായും അവതരിപ്പിക്കാന്* സച്ചിനു കഴിഞ്ഞിട്ടുണ്ട്. പുസ്തകരചനയില്* സച്ചിനെ സഹായിച്ച പ്രശസ്ത സ്*പോര്*ട്*സ് ലേഖകന്* ബോറിയ മജുംദാറിന്റെ പ്രയത്*നവും ഇതിനു പിന്നിലുണ്ട്.
സച്ചിന്* എന്ന ഇതിഹാസ താരത്തിനു പിന്നിലെ മനുഷ്യനെ തുറന്നു കാട്ടുന്നതില്* ഈ പുസ്തകം വിജയം കണ്ടിരിക്കുന്നു. താന്* തീര്*ത്തും സാധാരണക്കാരനായ മനുഷ്യനാണെന്ന നിലപാടുതറയില്* നിന്നാണ് സച്ചിന്* ജീവിതം പറയുന്നത്. കഠിനാധ്വാനം കൊണ്ടു മാത്രം ചക്രവാളങ്ങള്* വെട്ടിപ്പിടിച്ച താരമാണ് താനെന്ന പ്രഖ്യാപനം കൂടിയാണിത്. പുസ്തകത്തിലുടനീളം സച്ചിന്* പ്രകടമാക്കുന്ന വിനയവും വായനക്കാര്*ക്ക് അനുഭവപ്പെടുന്നുണ്ട്.
ഈ പുസ്തകം തീര്*ച്ചയായും നമ്മുടെ കുട്ടികള്* വായിച്ചിരിക്കണം. വലിയവനാവുക എന്നതിനപ്പുറത്തേക്ക് നല്ലവനാവുക എന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞവനാണ് താനെന്ന് തുടക്കത്തിലേ സച്ചിന്* വ്യക്തമാക്കുന്നുണ്ട്. കവിയായ അച്ഛന്* തന്നെ പഠിപ്പിച്ച പാഠമതാണെന്ന് സച്ചിന്* പറയുന്നു. തന്റെ കഴിവുകള്*ക്കും മികവുകള്*ക്കും ഉപരി പോരായ്മകളും പരിമിതികളും അദ്ദേഹം വെളിവാക്കുന്നുണ്ട്. മറാത്തി മീഡിയം സ്*കൂളില്* പഠിച്ചതു കാരണം ഇംഗ്ലീഷ് സംസാരിക്കാന്* നേരിട്ട പ്രയാസവും അതുണ്ടാക്കിയ അപകര്*ഷതയുമെല്ലാം രസകരമായി സച്ചിന്* വിവരിക്കുന്നു. അഞ്ജലിയുമായി പ്രണയം മൊട്ടിട്ട കാലത്ത് അവരെ കാണുന്നതില്* നിന്ന് തന്നെ വിലക്കിയത് ഇംഗ്ലീഷ് സംസാരിക്കുന്നതിലുള്ള പ്രയാസവും തന്നെക്കാള്* ഉയര്*ന്ന സാമൂഹിക, സാമ്പത്തിക പശ്ചാത്തലമുള്ള അഞ്ജലിയുമായി ഇടപഴകാനുള്ള ജാള്യതുമായിരുന്നുവെന്നും സച്ചിന്* വ്യക്തമാക്കുന്നു. അഞ്ജലി എന്നു പേരിട്ടിരിക്കുന്ന അഞ്ചാമധ്യായത്തില്* മുമ്പൊരിക്കലും പങ്കുവെക്കാതിരുന്ന പ്രണയ വിശേഷങ്ങള്* സച്ചിന്* വിശദമായി തന്നെ വിവരിക്കുന്നു. ആദ്യമായി അഞ്ജലിയെ കണ്ടുമുട്ടുന്നതും പിന്നീട് പതുക്കെ അടുപ്പത്തിലാവുന്നതും അഞ്ജലിയുടെ തന്നെ മുന്*കൈയില്* ആ ബന്ധം വിവാഹത്തിലേക്ക് വളരുന്നതുമെല്ലാം ആസ്വാദ്യമായ രീതിയില്* പരാമര്*ശിച്ചിരിക്കുന്നു.
ഏത് ആള്*ക്കൂട്ടത്തിലും തിരിച്ചറിയപ്പെടുന്ന അവസ്ഥ തന്റെ പ്രണയജീവിതത്തെ എങ്ങിനെയൊക്കെ ബാധിച്ചിരുന്നുവെന്ന് സച്ചിന്* തുറന്നെഴുതിയിരിക്കുന്നു. കാമുകിക്കൊപ്പം പാര്*ക്കിലോ സിനിമാ തിയേറ്ററിലോ പോവാന്* കഴിയാത്ത കാമുകന്റെ വ്യഥയും പാര്*ക്കുചെയ്ത കാറിനുള്ളില്* പ്രണയ സല്ലാപം നടത്തുന്നതിന്റെ ആനന്ദവുമെല്ലാം പങ്കുവെക്കുന്നു. കൃത്രിമ താടിയും മീശയും വിഗ്ഗും വെച്ച് അഞ്ജലിക്കൊപ്പം സിനിമ കാണാന്* പോയതും മീശ ഇളകിപ്പോയതിനെ തുടര്*ന്ന് ആളുകള്* വളഞ്ഞതും പോലുള്ള രസകരമായ അനുഭവങ്ങള്* ഇതിലുണ്ട്.
ഇന്ത്യക്ക് വേണ്ടി ലോകകപ്പ് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ തന്റെ മാര്*ഗദര്*ശിയും ഗുരുവുമായിരുന്ന അച്ഛന്റെ മരണം ഏല്*പ്പിച്ച ആഘാതം എത്രത്തോളമായിരുന്നുവെന്നും ആ ദുരന്തത്തെ അതിജീവിച്ച് വീണ്ടും കളിക്കാനിറങ്ങുന്നത് എത്ര ദുഷ്*കരമായിരുന്നുവെന്നും വികാരഭരിതമായി തന്നെ സച്ചിന്* എഴുതിയിരിക്കുന്നു. അച്ഛന്റെ മരണവാര്*ത്ത അറിഞ്ഞ മുഹൂര്*ത്തം സച്ചിന്* ഇങ്ങനെ വിവരിക്കുന്നു.-' ലോകകപ്പ് മത്സരങ്ങളില്* ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി എന്നെ ഒറ്റയ്ക്ക വിട്ട് അഞ്ജലി ലണ്ടനില്* താമസിക്കുകയായിരുന്നു അപ്പോള്*. ഞാന്* ലോകകപ്പില്* സിംബാബ്*വെയ്*ക്കെതിരായ മത്സരം കളിക്കുന്നതിന് ലിസസ്റ്റര്* സിറ്റിയിലെ ഹോട്ടലിലും. അടുത്ത ദിവസമായിരുന്നു മത്സരം. അച്ഛന്* മരിച്ചപ്പോള്* അജിത്ത് അഞ്ജലിയെ ഫോണില്* വിളിച്ചു, എന്നെ നേരില്* കണ്ട് വാര്*ത്തയറിയിക്കാനുള്ള ദൗത്യം അവളെയേല്*പ്പിച്ചു. അഞ്ജലി ടീമംഗങ്ങളായ റോബിന്* സിങ്ങിനേയും അജയ് ജഡേജയേയും വിളിച്ച് എന്റെ മുറിയുടെ പുറത്തുണ്ടാവണമെന്ന് ആവശ്യപ്പെട്ടു. ഹോട്ടല്* മാനേജരെ വിളിച്ച് എന്റെ മുറിയിലേക്ക് ഒരു ഫോണ്*കോള്* പോലും നല്*കരുതെന്നും നിര്*ദ്ദേശിച്ചു. അഞ്ജലി ലണ്ടനില്* നിന്ന് ഡ്രൈവ് ചെയ്*തെത്തിയത് അര്*ദ്ധരാത്രിയിലാണ്. വാതില്* തുറന്നപ്പോള്* അഞ്ജലി റോബിനും അജയിനുമൊപ്പം നില്*ക്കുന്നത് കണ്ടപ്പോഴേ ഗാരവമുള്ള എന്തോ കാര്യമുണ്ടെന്ന് എനിക്കു മനസ്സിലായി. അപ്പോള്* എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്* ഓരാളായ അതുല്* റാനഡെ എന്റെ ഒപ്പമുണ്ടായിരുന്നു. അഞ്ജലി അകത്തേക്ക് വന്നപ്പോള്* അതുലിനോട് പുറത്തേക്ക് പോവാന്* ഞാന്* പറഞ്ഞു.
എന്തോ ദൂ:ഖവാര്*ത്ത ഞാന്* പ്രതീക്ഷിച്ചിരുന്നു. എന്നാല്* ഇത്രത്തോളം വലിയ ദുരന്ത വാര്*ത്തയാണ് സങ്കല്*പ്പിച്ചിരുന്നില്ല. കേട്ടത് എനിക്കാദ്യം വിശ്വസിക്കാന്* കഴിഞ്ഞില്ല. ഒന്നും പറയാന്* കഴിഞ്ഞില്ല. എന്റെ മനസ്സ് നിലച്ചു പോയിരുന്നു. ഞാനവളെ കെട്ടിപ്പിടിച്ച് കരഞ്ഞു.'
നാട്ടിലെത്തി അച്ഛന്റെ ശവസംസ്*കാരം കഴിഞ്ഞ് ഇന്ത്യക്ക് വേണ്ടി കളിക്കാന്* വീണ്ടും ഇംഗ്ലണ്ടിലേക്ക് പോയതും കളിക്കാനിറങ്ങിയതും എത്രത്തോളം ദുഷ്*ക്കരമായ തീരുമാനമായിരുന്നുവെന്നത് വിശദീകരിക്കുമ്പോള്* സച്ചിന്* എന്ന മകന്റെ, കളിക്കാരന്റെ മനസ്സ് നമുക്ക് കാണാന്* കഴിയുന്നു. 'പരിശീലനത്തിനിറങ്ങുമ്പോള്* ഞാന്* ഇരുണ്ട കണ്ണട വെച്ചിരുന്നു. കാരണം എന്റെ കണ്ണുനീര്* മറ്റുള്ളവര്* കാണുന്നത് എനിക്കിഷ്ടമല്ല' -സച്ചിന്* എഴുതിയിരിക്കുന്നു.
2004-05 സീസണില്* ടെന്നീസ് എല്*ബോ കാരണം മാസങ്ങളോളം ക്രിക്കറ്റില്* നിന്നു വിട്ടുനില്*ക്കേണ്ടി വന്നതും തുടര്*ച്ചയായി രണ്ട് ശസ്ത്രക്രിയകള്*ക്ക് വിധേയനായതും അതിനു ശേഷമുള്ള തിരിച്ചുവരവും വിവരിച്ചിരിക്കുന്ന അധ്യായവും ഈ പുസ്തകത്തിന്റെ ഹൈലൈറ്റുകളില്* ഒന്നാണ്. ടെന്നീസ് എല്*ബോ കാരണം കഠിനവേദന സഹിച്ചാണ് ഒരോ മത്സരത്തിലും കളിച്ചിരുന്നത്. ഒടുവില്* 2005 മേയില്* ശസ്ത്രക്രിയക്കും വിധേയനായി. ഇതിനെ കുറിച്ച് സച്ചിന്* എഴുതുന്നു.-' ശസ്ത്രക്രിയക്ക് ശേഷം നാലര മാസത്തേക്ക് ക്രിക്കറ്റ് ബാറ്റ് കൈയിലെടുക്കരുതെന്നായിരുന്നു നിര്*ദ്ദേശം. ആ മാസങ്ങള്* ഏറെ കഠിനമായിരുന്നു. എന്റെ കരിയര്* അങ്ങനെ അവസാനിക്കുകയാണെന്ന് കരുതി. അങ്ങനെ സംഭവിക്കരുതേയെന്ന് ദൈവത്തോട് നിരന്തരം പ്രാര്*ഥിച്ചു കൊണ്ടിരുന്നു. ഒന്നും ചെയ്യാതിരിക്കുക എന്നത് കടുത്ത നിരാശയുണ്ടാക്കുന്ന അവസ്ഥയായിരുന്നു. എന്റെ അപ്പാര്*ട്ട്*മെന്റിനു താഴെയുള്ള സ്ഥലത്ത് ഒരു പന്തു തൂക്കിയിട്ട് പ്ലാസ്റ്റിക്ക് ബാറ്റുകൊണ്ട് പരിശീലിക്കാന്* ശ്രമിച്ചു. അതുപോലും കഠിന വേദനയുണ്ടാക്കി. രാത്രികളില്* ഉറങ്ങാന്* കഴിഞ്ഞില്ല. അതുകൊണ്ട് സുഹൃത്തിനൊപ്പം കാറില്* യാത്ര പോവും. അതെനിക്കല്*പ്പം ആശ്വാസം നല്*കിയിരുന്നു.'
ശസ്ത്രക്രിയക്കു ശേഷം ഇടതു കൈമുട്ടിന്റെ വേദന ശമിച്ചു വരുമ്പോഴേക്ക് വലതുകൈക്കുഴയില്* വേദന അുഭവപ്പെട്ടു തുടങ്ങി. വീണ്ടും ശസ്ത്രക്രിയ വേണ്ടി വന്നു. 'രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞ് മുറിയില്* തിരിച്ചെത്തിയപ്പോള്* ഞാന്* കുറേനേരം കരഞ്ഞു, വൈകാതെ നടക്കാന്* പോവുന്ന വെസ്റ്റിന്*ഡീസ പര്യടനത്തില്* കളിക്കാന്* കഴിയില്ലെന്ന് ഓര്*ത്തായിരുന്നു അത്.' കളിയെ ജീവനു തുല്യം സ്*നേഹിക്കുകയും കളിക്കാന്* കഴിയില്ലെന്നു വരുമ്പോള്* കരഞ്ഞു പോവുകയും ചെയ്യുന്ന ഒരു കൊച്ചുകുട്ടിയുടെ മാനസികാവസ്ഥയായിരുന്നു തനിക്കെന്ന് ഇത്തരം സന്ദര്*ഭവിവരണങ്ങളിലൂടെ സച്ചിന്* വ്യക്തമാക്കുന്നുണ്ട്.
2011-ലെ ലോകകപ്പ് ജയം, അന്താരാഷ്ട്ര ക്രിക്കറ്റിലെ നൂറാം സെഞ്ച്വറി, വിടവാങ്ങല്* മത്സരം.... ഇങ്ങനെ തന്റെ കരിയറിലെ മുഹൂര്*ത്തങ്ങള്* ഓരോന്നും വസ്തുതകളോട് പരമാവധി നീതി പുലര്*ത്തും വിധം ലിറ്റില്* മാസ്റ്റര്* ഈ പുസ്തകത്തില്* അനാവരണം ചെയ്യുന്നുണ്ട്. ഒപ്പം വിടവാങ്ങല്* വേളയില്* വാംഖഡെ സ്റ്റേഡിയത്തില്* സച്ചിന്* നടത്തിയ ഹൃദയസ്പര്*ശിയായ പ്രസംഗവും അവസാന അധ്യായമായി ഉള്*പ്പെടുത്തിയിരിക്കുന്നു. അഞ്ഞൂറോളം പേജുകളുള്ള ഈ ബൃഹദ് ഗ്രന്ഥം ഒരു കായികതാരത്തിന്റെ പതിവു ആത്മകഥ എന്നതിനപ്പുറത്തേക്കുള്ള വായന ആവശ്യപ്പെടുന്നണ്ട്. സച്ചിനെ സ്*നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ പുസ്തകം ആ സ്*നേഹത്തെ വര്*ധിപ്പിക്കുകയേ ഉള്ളൂ.