Sponsored Links ::::::::::::::::::::Remove adverts | |
വരുന്നു, ഹൈടെക് കെഎസ്ആർടിസി
വോൾവോ ബസിലെ കൺട്രോൾ പാനൽ.
ജിപിഎസ്, ബസുകളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ മൊബൈലിൽ ലഭിക്കാനുള്ള സംവിധാനം ഇങ്ങനെ മുഖഛായ മാറ്റുന്ന പരിഷ്ക്കാരങ്ങൾക്കാണ് കെഎസ്ആർടിസി തുടക്കമിടുന്നത്
കൊച്ചി ∙ കാലത്തിനനുസരിച്ചു കെഎസ്ആർടിസിയും മാറുകയാണ്. എല്ലാ കെഎസ്ആർടിസി ബസുകളിലും ജിപിഎസ് സംവിധാനം സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചു. മൂന്നു മാസത്തിനുള്ളിൽ തിരുവനന്തപുരം, വൈറ്റില മൊബിലിറ്റി ഹബ്, കോട്ടയം, കോഴിക്കോട്, കണ്ണൂർ ഡിപ്പോകളിൽ പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം നടപ്പിൽ വരുത്താനും തീരുമാനമായി. ഡിസ്പ്ലേ ബോർഡുകളിൽ പരസ്യം ചെയ്യുന്നതു വഴി പ്രതിവർഷം 50 കോടി രൂപയാണു കെഎസ്ആർടിസി പ്രതീക്ഷിക്കുന്നത്.ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കു ബസ് പുറപ്പെടുന്ന സ്ഥലം, സമയം, ഇപ്പോൾ എവിടെയെത്തി തുടങ്ങിയ കാര്യങ്ങൾ മൊബൈൽ ഫോൺ വഴി ലഭ്യമാക്കും. ഒരു മാസം മുൻപു മന്ത്രി എ.കെ.ശശീന്ദ്രൻ പങ്കെടുത്ത ഉന്നതതല യോഗത്തിന്റെ തീരുമാനപ്രകാരമാണു കെഎസ്ആർടിസിയിലെ പുതിയ പരിഷ്ക്കാരങ്ങൾ.
![]()
കെഎസ്ആർടിസിയുടെ കൈവശമുള്ള 200 വോൾവോ ബസുകളിൽ പണച്ചെലവില്ലാതെ തന്നെ ഇൗ സംവിധാനങ്ങൾ നടപ്പാക്കാനാകും.
നഗര നവീകരണ പദ്ധതി (ജനറം) പ്രകാരം ലഭിച്ച 190 വോൾവോ ബസുകൾ കെഎസ്ആർടിസിക്കുണ്ട്. 90 ലക്ഷം രൂപ വീതം വിലയുള്ള ഇൗ ബസുകളിലെ സൗകര്യങ്ങൾ കെഎസ്ആർടിസി പൂർണമായി ഉപയോഗിക്കുന്നില്ല. ജനറം ബസുകളുടെ നടത്തിപ്പിനു രൂപീകരിച്ച കെയുആർടിസി എന്ന ഉപകമ്പനിക്കു കീഴിലാണ് ബസുകൾ ഇപ്പോൾ സർവീസ് നടത്തുന്നത്.
സൗകര്യമുണ്ട്; ഉപയോഗിച്ചിട്ടില്ല
ഏതാനും മാസം മുൻപു തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന അന്ധരായ രണ്ടുപേർ ലോ ഫ്ലോർ ബസ് ഇടിച്ചു മരിച്ചു. സ്റ്റാൻഡിനുള്ളിൽ കാത്തുനിന്നവർക്കിടയിലേക്കു ബസ് കയറുകയായിരുന്നു. മറ്റു യാത്രക്കാർ ഓടിമാറിയെങ്കിലും കാഴ്ചശക്തിയില്ലാത്തവർക്കതിനു കഴിഞ്ഞില്ല. അപകടം എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷണമായി. ബസ് തനിയെ മുന്നോട്ട് ഉരുണ്ടു നീങ്ങിയതാണെന്നു ഡ്രൈവർ വാദിച്ചു. ഒടുവിൽ വോൾവോ ബസിലെ ക്യാമറ പരിശോധിച്ചു. ബസ് പിന്നോട്ടെടുക്കാൻ ഡ്രൈവർ റിവേഴ്സ് സ്വിച്ച് ഇട്ടതു മാറിപ്പോയതാണു പ്രശ്നമായതെന്നു ക്യാമറയിലെ ദൃശ്യത്തിൽ നിന്നു വ്യക്തമായി. ബസിലെ ക്യാമറ ആദ്യമായി ഉപയോഗപ്പെടുത്തിയത് അന്നാണ്. അതിനു ശേഷവും ഇൗ സൗകര്യം ഉപയോഗപ്പെടുത്തിയോ എന്നറിയില്ല. വോൾവോ ബസുകൾ സിറ്റി സർവീസിനു നഗരത്തിലിറങ്ങിയപ്പോൾ അതൊരു കൗതുകമായിരുന്നു. യാത്രക്കാർക്ക് ഉപകരിക്കുന്ന ഒട്ടേറെ സൗകര്യങ്ങൾ ഇൗ ബസുകളിലുണ്ട്. അതു പ്രവർത്തിപ്പിക്കാൻ കെഎസ്ആർടിസിക്കു പണച്ചെലവുമില്ല.
ബസിനുള്ളിലെ കാര്യങ്ങൾ തൽസമയം
കൊച്ചി∙ ഡൽഹിയിൽ, ഓടുന്ന ബസിനുള്ളിൽ പെൺകുട്ടി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതു രാജ്യത്തെ നടുക്കിയ സംഭവമാണ്. പോക്കറ്റടിയും സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളും ബസിൽ പെരുകുന്നു. ബസിനുള്ളിൽ നടക്കുന്ന എല്ലാ കാര്യവും അപ്പപ്പോൾ കൺട്രോൾ റൂമിൽ കാണാൻ കഴിഞ്ഞാൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാം. അതുകൊണ്ടാണു ജനറം ബസുകളിൽ ക്യാമറ വേണമെന്നു കേന്ദ്ര സർക്കാർ നിഷ്കർഷിച്ചത്. ജനറം പദ്ധതി പ്രകാരം കേരളത്തിൽ ലഭിച്ച 190 ബസുകളിലും മൂന്നു ക്യാമറകൾ ഉണ്ട്. പുതിയ കേന്ദ്ര മോട്ടോർവാഹന നിയമത്തിന്റെ കരടിലും ഇൗ നിർദേശമുണ്ട്. മുംൈബ, ഡൽഹി നഗരങ്ങളിൽ ബസുകളിൽ ക്യാമറ വയ്ക്കാനുള്ള തീരുമാനമെടുത്തു.
എന്നാൽ കേരളത്തിൽ 190 ബസുകളിൽ ഇൗ സംവിധാനമുണ്ടായിട്ടും ഉപയോഗിക്കുന്നില്ല. വോൾവോ സിറ്റി ബസുകളിലെ ക്യാമറകൾ സെർവറുമായി ബന്ധിപ്പിച്ചാൽ ബസിനുള്ളിൽ നടക്കുന്ന കാര്യങ്ങളെല്ലാം തൽസമയം കൺട്രോൾ റൂമിൽ കാണാം. ബസിൽ യാത്രക്കാർ അധികമാണെങ്കിലോ, ആരെങ്കിലും ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നുണ്ടെങ്കിലോ ക്യാമറയിൽപ്പെടും. ബസിന്റെ പുറകിലെയും മുൻപിലത്തെയും വാതിലുകൾക്കു സമീപവും ബസിന്റെ പുറകിലുമാണു ക്യാമറകൾ. ഇതിന്റെ മെമ്മറി മൂന്നു ദിവസം വരെയുണ്ടാവും. ബസിനുള്ളിൽ അസാധാരണ സംഭവങ്ങളുണ്ടായാൽ ഡ്രൈവർക്ക് അലാം ബട്ടൺ അമർത്താം. അതോടെ ഇൗ ക്യാമറകളിലെ റെക്കോഡിങ് ഹൈ ഡെഫനിഷൻ ഫോർമാറ്റിലാകും. തീരെ ചെറിയ അളവിലേക്കു വരെ ദൃശ്യങ്ങൾ സൂം ചെയ്തെടുക്കാൻ ഇതുവഴി കഴിയും.
വെഹിക്കിൾ ഹെൽത്ത് മോണിട്ടറിങ് സിസ്റ്റം
സമയത്ത് അറ്റകുറ്റപ്പണികൾ നടത്താതെ ബസുകൾ കട്ടപ്പുറത്താക്കുന്നതാണല്ലോ കെഎസ്ആർടിസിയുടെ രീതി. എന്നാൽ വോൾവോ ലോ ഫ്ലോർ സിറ്റി ബസുകളിലെ വെഹിക്കിൾ ഹെൽത്ത് മോണിട്ടറിങ് സിസ്റ്റം അതെക്കുറിച്ചു ഡ്രൈവർക്കു മുന്നറിയിപ്പു നൽകും. ബസിൽ എൻജിൻ ഓയിൽ കുറഞ്ഞാൽ, ബ്രേക്ക് ലൈനിങ് കുറഞ്ഞാൽ, ബാറ്ററി മോശമായാൽ തുടങ്ങി ഇലട്രോണിക്സുമായി കണക്ട് ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും ഡ്രൈവർക്കു മുന്നറിയിപ്പു ലഭിക്കും. ഇൗ സംവിധാനം പ്രവർത്തനക്ഷമമാക്കി അതനുസരിച്ചു അറ്റകുറ്റപ്പണികൾ സമയത്തു നടത്തിയാൽ ബസുകൾ വഴിയിൽ കിടക്കുന്നത് ഒഴിവാക്കാം.
ഒപ്പുവയ്ക്കാൻ ഡിപ്പോയിൽ കയറേണ്ട
മുംബൈയിലെ സർക്കാർ ബസ് സംവിധാനമായ ബെസ്റ്റ് ബസുകളിൽ ഡ്രൈവർക്കും കണ്ടക്ടർക്കും ജോലിക്കു കയറുമ്പോഴും ഇറങ്ങുമ്പോഴും ഒപ്പിടാൻ ഡിപ്പോയിലേക്കു പോകേണ്ട. ബസുകളിൽ തന്നെയാണു ഹാജർ. മറ്റ് ഓഫിസുകളിൽ ഉള്ളതുപോലെ ഇവിടെ ഹാജർ പഞ്ച് ചെയ്യാം. ജീവനക്കാർ ജോലി ചെയ്ത മണിക്കൂറുകൾ കൺട്രോളിങ് റൂമിൽ ലഭിക്കും. ഈ സംവിധാനം കെഎസ്ആർടിസിയിലും നടപ്പാക്കാൻ കഴിയാവുന്നതേയുള്ളൂ.
നടപ്പിലാകുമ്പോൾ അടിപൊളി
കൊച്ചി∙ വിമാനത്തിൽ കയറുമ്പോൾ സ്വാഗതം ചെയ്തും യാത്ര അവസാനിക്കുമ്പോൾ ആ വിമാനക്കമ്പനി തിരഞ്ഞെടുത്തതിനു നന്ദി പറഞ്ഞുമുള്ള അനൗൺസ്മെന്റുകൾ പതിവാണ്. യാത്രക്കാരനെന്ന നിലയിൽ കമ്പനി നിങ്ങളെ പരിഗണിക്കുന്നു എന്ന അഭിമാനബോധം അതുണ്ടാക്കുന്നു. കെഎസ്ആർടിസിയിൽ നിന്ന് ഇത്തരമൊരു കാര്യം സങ്കൽപ്പിച്ചു നോക്കൂ... സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നവർക്കു ബസ് എപ്പോൾ വരുമെന്നറിയാൻ നിലവിൽ സംവിധാനമില്ല. അറിയിപ്പുകൾ ഉണ്ടാവാറുണ്ട്. പക്ഷേ, അതനുസരിച്ചു ബസ് വരണമെന്നില്ല. ബസ് എവിടെയെത്തിയെന്ന് ആരുടെയും സഹായമില്ലാതെ അറിയിക്കാനും യാത്രക്കാരെ സ്വാഗതം ചെയ്യാനുമുള്ള സംവിധാനം വോൾവോ സിറ്റി ബസുകളിലുണ്ട്.
ഇറങ്ങേണ്ട സ്റ്റോപ്പ് ആയോ എന്നറിയാൻ യാത്രക്കാർ നാലുപാടും നോക്കേണ്ട. അടുത്ത സ്റ്റോപ്പ് ഏതാണെന്നു ബസിലെ ഡിസ്പ്ലേ ബോർഡിൽ തെളിയും, അറിയിപ്പും ഒപ്പം ഉണ്ടാവും. ഇതിനു ബസിന്റെ റൂട്ടിലെ സ്റ്റോപ്പുകൾ ഫീഡ് ചെയ്താൽ മതി. ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുമ്പോൾ യാത്രക്കാരനു തൊട്ടു മുന്നിലുള്ള ബട്ടൺ അമർത്താം. ഡ്രൈവർക്കു സിഗ്നൽ ലഭിക്കും. സ്റ്റോപ്പിൽ ആളിറങ്ങാനുണ്ടെന്നു മനസ്സിലാക്കി ബസ് നിറുത്തും. ആളിറങ്ങാനില്ലെങ്കിൽ ഡ്രൈവർക്കു മുൻകൂട്ടി അറിയാമെന്ന പ്രത്യേകതയുമുണ്ട്. അക്കാര്യം അറിയിപ്പായി ബസിനുള്ളിൽ മുഴങ്ങും, ഡിസ്പ്ലേ ബോർഡിലും തെളിയും. ബസ് കടന്നുപോകുന്ന റൂട്ടിലെ പ്രധാന സ്ഥലങ്ങളും കെട്ടിടങ്ങളും ചരിത്ര സ്മാരകങ്ങളും ഒരു ടൂറിസ്റ്റ് ഗൈഡിനെപ്പോലെ അനൗൺസ് ചെയ്യാനും ഡിസ്പ്ലേ ചെയ്യാനും ഇൗ ബസുകളിൽ സൗകര്യമുണ്ട്. മുൻകൂട്ടി പ്രോഗ്രാം ചെയ്താൽ മതി. ഒരു ബസിൽ ഇതു ചെയ്യാൻ നിസാര തുക മതിയാകും.
ഒരു ബസിനു പ്രതിമാസം 100 രൂപ മുടക്കി ഒരു സിംകാർഡ് വാങ്ങാൻ തയാറാണെങ്കിൽ ഇതിലുമപ്പുറമുള്ള സംവിധാനം ഏർപ്പെടുത്താം. കൺട്രോൾ റൂം, ഡിപ്പോ, പൊലീസ് കൺട്രോൾ റൂം എന്നിവിടങ്ങളിൽ നിന്നു ഡ്രൈവറെ ബന്ധപ്പെടാനും ഡ്രൈവർക്കു ബസ് കൺട്രോൾ റൂമിലേക്കു ബന്ധപ്പെടാനുമുള്ള സംവിധാനം ഇൗ ബസുകളിലുണ്ട്. വാഹനം തകരാറിലാവുകയോ, വാഹനത്തിനുള്ളിൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാവുകയോ, അപകടം സംഭവിക്കുകയോ ചെയ്താൽ യാത്രക്കാരെ സുരക്ഷിതരാക്കുന്നതിനും എത്രയും വേഗം രക്ഷാപ്രവർത്തനം നടത്തുന്നതിനും ഇൗ സംവിധാനം ഉപയോഗിക്കാം.
കുറച്ചു പണം കൂടി മുടക്കി കൺട്രോൾ റൂമിലെ സെർവറുമായി വാഹനം കണക്ട് ചെയ്താൽ ബസിന്റെ തൽസമയ നീക്കം നമ്മുടെ മൊബൈൽ ഫോണിൽ അറിയാം. കണ്ടക്ടർ ഇല്ലാതെ തന്നെ യാത്രാക്കൂലി ഇൗടാക്കാനും കഴിയും. കാർഡ് വഴിയാവും ടിക്കറ്റ് തുക ഈടാക്കുക. യാത്രക്കാർ കയറുമ്പോഴും ഇറങ്ങുമ്പോഴും ബസിനുള്ളിലെ യന്ത്രത്തിൽ കാർഡ് സ്വൈപ് ചെയ്താൽ കൃത്യമായ ടിക്കറ്റ് നിരക്ക് ഈടാക്കാനാകും. ബസിൽ കയറും മുൻപു തന്നെ ടിക്കറ്റ് എടുക്കാനും സംവിധാനമുണ്ട്. കൊച്ചി മെട്രോ നടപ്പാക്കുന്ന വൺ ടിക്കറ്റ് കാർഡുമായോ, അതല്ലെങ്കിൽ കെഎസ്ആർടിസിക്കു സ്വന്തം നിലയിൽ കാർഡ് ഏർപ്പെടുത്തിയോ ഇതു നടപ്പാക്കാം.
കോടികൾ കൈകാര്യം ചെയ്യുന്ന കെഎസ്ആർടിസിയുടെ അക്കൗണ്ടിങ് ചുമതലയുള്ളവർ പത്താംക്ലാസുകാർ; പലിശയനിത്തിൽ കോടികൾ വെറുതെ കൊടുത്തിട്ടും അക്കൗണ്ടുമാർ അറിഞ്ഞില്ല
തിരുവനന്തപുരം: കെടുകാര്യസ്ഥതയാണ് കെഎസ്ആർടിസിയുടെ തകർച്ചയ്ക്ക് കാരണം. ഉത്തരവാദിത്തമില്ലാത്ത ഉദ്യോഗസ്ഥരും ഇതിന് കാരണമാണ്. ഡ്രൈവറും കണ്ടക്ടറും മെക്കാനിക്കുമല്ലാതെ ഓഫീസ് ജോലി ചെയ്യാൻ ആയിരക്കണക്കിന് പേരാണ് കെഎസ്ആർടിസിയിലുള്ളത്. ഓഫീസ് സമയം വന്നു പോകുന്ന ഇവർ ആനവണ്ടിയെ കരകയറ്റാൻ ഒന്നും ചെയ്യുന്നില്ലെന്നതാണ് സത്യം. അതിന് നേർ തെറിവാണ് വ്യവസ്ഥകൾ ലംഘിച്ച് കെ.ടി.ഡി.എഫ്.സി. അമിതപലിശ ഈടാക്കിയത് കെ.എസ്.ആർ.ടി.സി. അറിഞ്ഞില്ലെന്നത്.
അക്കൗണ്ടന്റ് ജനറൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടു കണ്ടെത്തിയത്. കൃത്യമായ അക്കൗണ്ടിങ് ഇല്ലാത്തതിനാലാണ് ഇക്കാര്യം കെ.എസ്.ആർ.ടി.സി. തിരിച്ചറിയാതെ പോയത്. പത്താം ക്ലാസ് ജയിച്ചെത്തുന്നവരാണ് കെഎസ്ആർടിസിയിലെ ക്ലർക്ക് ജീവനാക്കാർ എന്നാണ് വയ്*പ്പ്. ഇവരുടെ കെടുകാര്യസ്ഥതയാണ് എല്ലാ നഷ്ടത്തിനും കാരണം. വായ്പച്ചെലവിനു പുറമെ 0.5 ശതമാനം ലാഭം മാത്രമാണ് ഈടാക്കാൻ അനുവദിച്ചിരുന്നത്. എന്നാൽ, കെ.ടി.ഡി.എഫ്.സി. ആവശ്യപ്പെട്ട പ്രകാരം കെ.എസ്.ആർ.ടി.സി. ബജറ്റ് വിഭാഗം വായ്പ തിരിച്ചടയ്ക്കുകയായിരുന്നു. യു.ഡി.എഫ്. സർക്കാരിന്റെ അവസാനകാലത്ത് ബാങ്ക് കൺസോർഷ്യത്തിന്റെ വായ്പ വഴി കെ.ടി.ഡി.എഫ്.സി.യുടെ ബാധ്യത തീർക്കാൻ ശ്രമിച്ചപ്പോഴാണ് കണക്കിൽ പൊരുത്തക്കേട് കണ്ടത്.
626.42 കോടി രൂപ കൂടി കെ.ടി.ഡി.എഫ്.സി. ആവശ്യപ്പെട്ടപ്പോൾ വ്യക്തമായ കണക്ക് കെ.എസ്.ആർ.ടി.സി.യുടെ പക്കൽ ഇല്ലായിരുന്നു. 4264.04 കോടി രൂപയാണ് വിവിധ കാലയളവുകളിലായി കെ.ടി.ഡി.എഫ്.സി.യിൽനിന്ന് വായ്പയെടുത്തത്. ഏഴേമുക്കാൽ മുതൽ പതിനാറേകാൽ വരെ ശതമാനം പലിശയ്ക്കുള്ള വായ്പ ഇക്കൂട്ടത്തിലുണ്ടായിരുന്നു. 3637.62 കോടി രൂപ മുതലായും 1120.54 കോടി രൂപ പലിശയായും കെ.എസ്.ആർ.ടി.സി. നൽകി. കണക്കുകൾ പരിശോധിച്ചാലേ ഇനി എത്ര നൽകാനുണ്ടെന്നു കണ്ടെത്താൻ കഴിയൂ. വൈദഗ്ദ്ധ്യമുള്ള അക്കൗണ്ടിങ് സംവിധാനം കെ.എസ്.ആർ.ടി.സി.ക്കില്ല.
പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരുന്നു പലപ്പോഴും കോടികൾ കൈകാര്യം ചെയ്യുന്ന ബജറ്റ് വിഭാഗത്തിന്റെ മേധാവിമാർ. ജീവനക്കാരെ സ്ഥാനക്കയറ്റത്തിലൂടെ സുപ്രധാന തസ്തികകളിൽ നിയമിക്കുകയായിരുന്നു. കുത്തഴിഞ്ഞ അക്കൗണ്ടിങ് സംവിധാനം ക്രമപ്പെടുത്താൻ ചാർട്ടേഡ് അക്കൗണ്ടിനെ നിയമിക്കണമെന്ന നിർദ്ദേശം പുനരുദ്ധാരണ പാക്കേജിൽ ഉണ്ടായിരുന്നെങ്കിലും നടപ്പാക്കിയില്ല. വായ്പാതിരിച്ചടവിൽ സംഭവിച്ചതുപോലെ സാമ്പത്തികക്രമക്കേടുകൾ കെ.എസ്.ആർ.ടി.സി.യിൽ ആവർത്തിക്കാനുള്ള സാധ്യതയുണ്ട്. വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി 2596.24 കോടി രൂപയുടെ ബാധ്യത കെ.എസ്.ആർ.ടി.സി.ക്കുണ്ട്.
യോഗ്യതയുള്ളവരെ കണക്കുകൾ പിരശോധിക്കാനും മറ്റും നിയോഗിക്കണമെന്ന ആവശ്യമാണ് ഇതോടെ ശക്തമാകുന്നത്. ഇക്കാര്യത്തിൽ ആവശ്യമായത് ചെയ്യുമെന്ന സൂചനയാണ് ഗതാഗത മന്ത്രി എകെ ശശീന്ദ്രനും നൽകുന്നത്.
50 പൈസ നിരസിച്ചു; കണ്ടക്ടർക്കെതിരെ പരാതി
നീലേശ്വരം ∙ റിസർവ് ബാങ്ക് പിൻവലിക്കാത്ത അൻപതു പൈസ നാണയം നിരസിച്ച കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ സോണൽ മാനേജർക്കും ഡിപ്പോ മാനേജർക്കും പരാതി. എളേരിത്തട്ട്കാസർകോട് റൂട്ടിലെ കെഎസ്ആർടിസി ബസിലെ കണ്ടക്ടർക്കെതിരെ നീലേശ്വരം പുത്തരിയടുക്കം ചൈത്രത്തിലെ വിമുക്തഭടൻ കെ.എം.സുകുമാരനാണു പരാതി നൽകിയത്. ഉദിനൂർ റെയിൽവേ ഗേറ്റിൽ ഗേറ്റ് കീപ്പറായ ഇദ്ദേഹം തിങ്കളാഴ്ച രാവിലെ ജോലിക്കു പോകുമ്പോഴാണു പാലാത്തടം ക്യാംപസ് സ്റ്റോപ്പിൽ നിന്നു ബസിൽ കയറിയത്.
ആറു രൂപ ദൂരത്തേക്ക് 20 രൂപ നൽകിയപ്പോൾ കണ്ടക്ടർ ഒരു രൂപ കൂടി ആവശ്യപ്പെട്ടു. കയ്യിലുണ്ടായിരുന്ന രണ്ട് അൻപത് പൈസ നാണയം നൽകിയെങ്കിലും കണ്ടക്ടർ നിരസിച്ചു. ഈ ബസിൽ എടുക്കാനാകില്ലെന്നും പറഞ്ഞതായി പരാതിയിൽ പറയുന്നു. നാണയങ്ങൾ തിരിച്ചു കൊടുത്ത ശേഷം 20 രൂപയിൽ ബാക്കിയും നൽകി. കെഎസ്ആർടിസി കൺട്രോൾ റൂമിലും വിവരം അറിയിച്ചതായി സുകുമാരൻ പറഞ്ഞു.