ഇലക്ട്രിക് ബസ് വാങ്ങില്ലെന്ന് മന്ത്രി, ഭിന്നത; എതിർത്ത് വി.കെ.പ്രശാന്ത്, ജനങ്ങൾക്ക് താൽപര്യമെങ്കിൽ മുന്നോട്ടെന്ന് സിപിഎം
കെ.ബി. ഗണേഷ്കുമാർ (ഫയൽ ചിത്രം)തിരുവനന്തപുരം∙ കെഎസ്ആർടിസി ഇനിമുതൽ ഇലക്ട്രിക് ബസുകൾ വാങ്ങില്ലെന്ന ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിലപാടിൽ സ്ഥാപനത്തിൽ ഭിന്നാഭിപ്രായം. മന്ത്രിയുടെ നയം നടപ്പിലാക്കിയാൽ കേന്ദ്രസർക്കാരിന്റെയും കിഫ്ബിയുടെയും പദ്ധതികൾ വഴി ഇളവുകളോടെ ലഭിക്കുന്ന ബസുകൾ ലഭിക്കാതാകും. ഇലക്ട്രിക് ബസ് പദ്ധതി ലാഭകരമായി നടത്താൻ കെഎസ്ആർടിസി ശ്രമിക്കണമെന്ന് ഇലക്ട്രിക് ബസ് പദ്ധതി നടപ്പിലാക്കിയ തലസ്ഥാന നഗരത്തിലെ വട്ടിയൂർക്കാവ് എംഎൽഎ വി.കെ.പ്രശാന്ത് പറഞ്ഞു. ജനങ്ങൾക്ക് താൽപര്യമാണെങ്കിൽ ഇലക്ട്രിക് ബസുകളുമായി മുന്നോട്ടുപോകുമെന്ന് പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും വ്യക്തമാക്കി. ഭിന്നത വർധിച്ചതോടെ, ഇലക്ടിക് ബസുകളുടെ സർവീസ് സംബന്ധിച്ച വിവരങ്ങള്* മന്ത്രിയുടെ ഓഫിസ് കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടു.
തലസ്ഥാനത്തെ 90 ഇലക്ട്രിക്കൽ ബസുകൾ സ്മാർട് സിറ്റി പദ്ധതിവഴി ലഭിച്ചതാണ്. 100 കോടി രൂപയാണ് ഇങ്ങനെ കിട്ടിയത്. കിഫ്ബി വഴി വാങ്ങിയ 60 ബസുകൾകൂടി തലസ്ഥാനത്തെത്തിയിട്ടുണ്ട്. ഡീസൽവില വർധിച്ചതും അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങളുമാണ് മിക്ക സംസ്ഥാനങ്ങളും ഇലക്ട്രിക് ബസുകളിലേക്ക് തിരിയാനിടയാക്കിയത്. ലോകം ഇവി വാഹനങ്ങളിലേക്ക് തിരിയുമ്പോൾ പഴയ കാലത്തിലേക്കാണ് മന്ത്രിയുടെ വാക്കുകൾ കെഎസ്ആർടിസിയെ കൊണ്ടുപോകുന്നതെന്നാണ് സ്ഥാപനത്തിലെ ആക്ഷേപം.
ഇലക്ട്രിക് ബസുകളിൽ സീറ്റുകൾ കുറവായതിനാൽ ലാഭം കുറവാണെന്നാണ് മറുവാദം. ഇപ്പോഴത്തെ നിരക്ക് ഉയർത്തിയാൽ ലാഭത്തിലെത്താമെന്നും വാദമുണ്ട്. പൊതുഗതാഗത സംവിധാനത്തിൽ ലാഭംനോക്കി മാത്രം സർവീസ് നടത്താനികില്ലെന്ന വാദമാണ് ഇവി വാഹനത്തെ അനുകൂലിക്കുന്നവർ മുന്നോട്ടുവയ്ക്കുന്നത്.