
Originally Posted by
Ottayaan
ബാല്യകാലസഖി – ഹൃദയം കവരുന്ന സ്വതന്ത്രാവിഷ്ക്കാരം ….
എണ്ണമറ്റ സാഹിത്യകൃതികള് ചലച്ചിത്രരൂപം പൂണ്ടപ്പോഴും എന്തുകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട വിശ്വകഥാകാരന് , ബേപ്പൂര് സുല്ത്താന് വൈക്കം മുഹമ്മദ് ബഷീറിന്റെ അനശ്വര പ്രണയഗാഥ “ബാല്യകാലസഖി ” ആസ്വാദകര്ക്ക് സ്വീകാര്യമായ രീതിയില് അഭ്രപാളികളില് എത്തിയില്ല എന്നത് എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട് . ജീവിതത്തിന്റെ ചോരപൊടിഞ്ഞ ആ താളുകള് മറിച്ചുനോക്കാന് നമ്മുടെ ചലച്ചിത്രകാരന്മാര്ക്ക് കഴിയാതിരുന്നത് എന്തുകൊണ്ടായിരിക്കും ? (1967ഇലെ ബാല്യകാലസഖി മറന്നിട്ടല്ല ഈ പ്രസ്താവന ) . ഈ നോവലിലെ കഥാപാത്രങ്ങള്ക്ക് അന്യാദൃശമായ വ്യക്തിവിശേഷവും , സ്ഫുടതയുമുണ്ട് . പലപ്പോഴും ഒരു സിനിമ പോലെ visualize ചെയ്യാവുന്ന തരത്തിലുള്ള സന്ദര്ഭങ്ങളാല് സമ്പന്നമായ ഈ നോവല് സിനിമയാക്കാന് അവസാനം ഒരു യുവ പുതുമുഖ സംവിധായകന് ധീരത കാണിച്ചിരിക്കുന്നു –പ്രമോദ് പയ്യന്നൂര് . മതിലുകള്ക്ക് ശേഷം ഒരിക്കല്ക്കൂടി മലയാളത്തിന്റെ മഹാനടന്റെ ബഷീര് കഥാപാത്രം . ബഷീറിന്റെയും , മജീദിന്റെയും നാടായ തലയോലപ്പറമ്പിന് തൊട്ടുകിടക്കുന്ന ചെമ്പ് എന്ന ചെറുഗ്രാമത്തില് നിന്ന് സിനിമയുടെ മായിക ലോകം പിടിച്ചടക്കിയ മമ്മൂക്ക വീണ്ടും ബഷീര് കഥാപാത്രമാകുമ്പോള് ചലച്ചിത്ര പ്രേമികളുടെ പ്രതീക്ഷകള്ക്ക് കടും നിറം തന്നെ കൈവരുന്നതില് അത്ഭുതമില്ലല്ലോ . ന്യൂ ജെനറേഷന് , ഓള്ഡ് ജെനറേഷന് ഭേദമില്ലാതെ എല്ലാ ജെനറേഷനുകള്ക്കുമായി മലയാളത്തിന്റെ വിശ്വ കഥാകാരന് പറഞ്ഞുവച്ച അതിമനോഹരമായ പ്രണയകഥയുടെ ചലച്ചിത്ര സാക്ഷാത്ക്കാരം കാണുവാന് തുടിക്കുന്ന ഹൃദയവുമായി ഞാന് കാത്തിരുന്നു .
നോവലില് നിന്നും സിനിമയിലേക്കുള്ള ദൂരം:-
“ബാല്യകാലസഖി” ജീവിതത്തില് നിന്ന് വലിച്ചു ചീന്തിയ ഒരേടാണ് . വക്കില് രക്തം പൊടിഞ്ഞിരിക്കുന്നു . ചിലര്ക്ക് ചുടുചോര കാണുമ്പോള് എന്തെന്നില്ലാത്ത പേടിയും , അറപ്പും തോന്നാം . ബോധക്ഷയം തന്നെ സംഭവിച്ചേക്കാം . അങ്ങനെയുള്ളവര് സൂക്ഷിച്ചിട്ടു വേണം ഈ പുസ്തകം വായിക്കുവാന് …”
ഞാന് മുകളില് പങ്കുവച്ച വരികള് ബാല്യകാലസഖിയെ ഉദ്ധരിക്കുമ്പോള് എപ്പോഴും പരാമര്ശിക്കുന്ന ഒന്നാണ് . 1944 -ഇല് ശ്രീ . M.p. പോള് ഈ നോവലിന്റെ അവതാരികയില് രേഖപ്പെടുത്തിയ ആദ്യവരികള് ആണവ . പതിറ്റാണ്ടുകള്ക്ക് മുന്പ് , ശുഭപര്യവസായിയായ കഥകളും , ഇല്ലെങ്കില് ഒരു നിസ്സാര വിഘ്നം നേരിട്ടാല് അന്യോന്യം മാല ചാര്ത്തി ആത്മഹത്യ ചെയ്യുന്ന കഥകളും വായിച്ചിട്ടുള്ളവര് ഈ കഥ വായിച്ചു ഞെട്ടിയില്ലെങ്കിലെ അത്ഭുതമുള്ളൂ. എന്നാല് ഇന്നത്തെ തലമുറക്ക് അതേ ഞെട്ടല് അനുഭവപ്പെടണമെന്നില്ല . പലരും നോവല് വായിക്കുക പോലും ചെയ്യാതെയാണ് പ്രതികരണങ്ങള് നടത്തുന്നത് എന്ന് കഴിഞ്ഞ ദിവസങ്ങളിലെ അഭിപ്രായപ്രകടനങ്ങള് തെളിയിക്കുകയും ചെയ്തു .
കഥ വളരെ സരളവും , ലളിതവുമായി ആദ്യം മുതല് അവസാനം വരെ വളരെ വേഗത്തില് പറഞ്ഞുപോകുന്ന ഒരു രീതിയാണ് നോവലില് അവലംബിച്ചിരിക്കുന്നത് . മജീദിന്റെയും , സുഹറയുടേയും ബാല്യത്തിലെ സൗഹൃദം മുതല് , കൗമാരത്തിലെ പ്രണയവും , യൗവ്വനത്തിലെ വിരഹവും , പുന സമാഗമവും , മധ്യവയസ്സിലെ വേര്പാടും എല്ലാം വളരെ ഋജുവായാണ് നോവലില് പ്രതിപാദിച്ചിരിക്കുന്നത് . എന്നാല് സിനിമ തുടങ്ങുന്നത് സ്വാതന്ത്ര്യലബ്ദിക്ക് മുന്പുള്ള കല്ക്കത്തയിലെ തെരുവോരങ്ങളില് നിന്നാണ് . വീടിന്റെ കടബാധ്യതകള് തീര്ത്ത് സഹോദരിമാരെ വിവാഹം ചെയ്തയക്കുന്നതിനും , തന്റെ എല്ലാമെല്ലാമായ സുഹറയെ സ്വന്തമാക്കി മാതാപിതാക്കളുമൊത്ത് സമാധാനപരമായ ഒരു ജീവിതം നയിക്കുന്നതിനുമുള്ള പണം കണ്ടെത്താന് നാടുവിടുന്ന മജീദിന്റെ യാത്ര നോവലില് ഒറ്റവാചകത്തില് ആണ് ബഷീര് വരച്ചിടുന്നത് — “അജ്ഞാതമായ ഭാവിയിലേക്ക് മജീദ് ഇറങ്ങി ” .ആ യാത്രയില് ആയിരത്തഞ്ഞൂറ് മൈല് ദൂരെയുള്ള ഒരു മഹാനഗരത്തിലാണ് മജീദ് വന്നു പെടുന്നത് എന്നേ ഗ്രന്ഥകാരന് സൂചിപ്പിക്കുന്നുള്ളൂ . എന്നാല് ബഷീറിന്റെ ആത്മകഥാംശമുള്ള കഥാപാത്രമായതിനാല് ആ നഗരം കല്ക്കത്തയാണെന്ന് അദ്ദേഹത്തിന്റെ ജീവിതം അടുത്തറിയുന്നവര്ക്ക് മനസ്സിലാക്കാം . കല്ക്കത്തയിലെ ലോവര് ചിപ്പൂര് എന്ന പ്രദേശത്തെ ഇടുങ്ങിയ വാടകക്കെട്ടിടത്തിലെ മുറിയിലിരുന്നാണ് “ബാല്യകാലസഖി” യുടെ ആദ്യരൂപം ബഷീര് ഇംഗ്ലീഷില് കുത്തിക്കുറിച്ചത് . കല്ക്കത്തയില് ജോലി തേടിയെത്തുന്ന മജീദില് നിന്നും സിനിമ പ്രയാണം ആരംഭിക്കുന്നു . അവിടുന്നങ്ങോട്ട് നോവലില് നിന്നും വ്യത്യസ്തമായ അവതരണ രീതി അവലംബിച്ചുകൊണ്ട് ഫ്ലാഷ് ബാക്കുകളുടെ സഹായത്തോടെയാണ് പഴയ കാഴ്ചകള് തെളിഞ്ഞും , മാഞ്ഞും തിരശ്ശീലയില് പ്രത്യക്ഷപ്പെടുന്നത് . മജീദിന്റെ കല്ക്കത്തയിലെ ജോലിയെക്കുറിച്ച് ചെറിയ ഒരു പരാമര്ശം മാത്രമേ നോവലിലുള്ളൂ . എന്നാല് ആ ഭാഗം ഇവിടെ കൂടുതല് വികസിപ്പിച്ച് സ്വാതന്ത്ര്യലബ്ദിക്ക് മുന്പുള്ള മത വിദ്വേഷത്തില് തിളയ്ക്കുന്ന ബംഗാളുമായി വിളക്കിച്ചേര്ത്ത് , പുതിയ ചില കഥാപാത്രങ്ങളെ കൂട്ടുപിടിച്ച് രചയിതാവ് കൂടിയായ സംവിധായകന് ചെറുതായൊന്ന് മാറ്റിയെഴുതിയിരിക്കുന്നു . എന്നാല് പിതൃ കൃതിയുടെ ആത്മാവിന് അല്പം പോലും കോട്ടം തട്ടാതിരിക്കാന് അദ്ദേഹം ശ്രദ്ധിച്ചിട്ടുമുണ്ട് . അങ്ങിനെ നോക്കുമ്പോള് , കല്ക്കത്തയിലെ വേനല്ക്കാലത്തുനിന്നും , കേരളത്തിലെ മഴക്കാലത്തിലേക്കും , മാമ്പഴക്കാലത്തിലേക്കുമുള്ള തിരിച്ചുവരവാണ് ഒരര്ത്ഥത്തില് ഈ സിനിമ . നമുക്കും സംവിധായകന്റെ ഒപ്പം ആ കഥ വഴിയിലിറങ്ങി സാവധാനത്തില് ഒപ്പം നടക്കാം .
സിനിമയിലേക്ക് :-
ഒരു വിഖ്യാതമായ നോവല് ചലച്ചിത്രമാക്കുമ്പോള് ആ ചിത്രത്തിന്റെ അണിയറ പ്രവര്ത്തകര് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആ നോവലിലെ വരികള് അനുവാചക മനസ്സുകളില് തീര്ത്ത താരതമ്യം ചെയ്യാനാകാത്ത വികാര പ്രപഞ്ചമാണ് . ഇവിടെ സംവിധായകന് പ്രമോദ് പയ്യന്നൂര് ആ വെല്ലുവിളി സധൈര്യം ഏറ്റെടുത്തിരിക്കുന്നു .
കല്ക്കത്തയിലെ ആദ്യ രംഗങ്ങളില് നിന്നും പുറകോട്ട് കാലരഥം ഉരുളുമ്പോള് പ്രേക്ഷകരെ കാത്തിരിക്കുന്നത് മധുരമൂറുന്ന മാമ്പഴക്കാലമാണ് . എന്നാല് നോവലിന്റെ ആദ്യ വരികളില് പറയുന്നത് പോലെ ബദ്ധ വൈരികളായ സുഹറയേയും , മജീദിനേയുമല്ല , മറിച്ച് , മാമ്പഴത്തിന്റെ മാധുര്യം ഒന്നാക്കിയ അടുത്ത സുഹൃത്തുക്കളെയാണ് പ്രേക്ഷകര് കാണുന്നത് . അവിടുന്നങ്ങോട്ട് ബേപ്പൂര് സുല്ത്താന് ഒരുക്കിയ കുറുമ്പുള്ള ബാല്യക്കാഴ്ചകള് തികച്ചും സ്വതന്ത്രമായാണ് പ്രമോദ് അവതരിപ്പിക്കുന്നതെങ്കിലും നോവലിലെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ല് പോലും വിട്ടുപോകാതെ ചലച്ചിത്രത്തിന്റെ ഭാഗമാക്കാന് അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് . “ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നായ ” കഥയും , അതിന് മജീദിനെ പ്രേരിപ്പിച്ച മനോഹരമായ പ്രകൃതിദൃശ്യങ്ങളും , മജീദിന്റെ സുന്നത്ത് കല്യാണവും , സുഹറയുടെ കാതുകുത്തും , അവരുടെ ബാല്യകാലത്തെ തേനൂറുന്ന കൊതിപ്പിക്കുന്ന സ്മരണകളും മനോഹരമായി ഒപ്പിയെടുക്കാന് ക്യാമറ ചലിപ്പിച്ച ഹരി നായരും പ്രമോദിനെ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട് . സുഹറയുടേയും , മജീദിന്റെയും കുടുംബ കാഴ്ചകളും നോവലിനെ പിന്തുടര്ന്നു അതേ രീതിയില് തന്നെ ചിത്രത്തിലും നിറയുന്നു ; പ്രത്യേകിച്ചും സുഹറയുടെ അസൂയ ജനിപ്പിക്കുന്ന കുടുംബബന്ധങ്ങള് …
ബാല്യകാലം അവതരിപ്പിക്കുന്നയത്ര പ്രാധാന്യം സംവിധായകന് കൌമാരത്തിന് നല്കിയിട്ടില്ല . സുഹറയുടെയും , മജീദിന്റെയും ആദ്യ സമാഗമവും , ആദ്യ ചുംബനവും (വിഷക്കായ തീണ്ടിയ സംഭവം ) നോവല് വായിച്ചവര്ക്ക് പെട്ടെന്ന് മനസ്സിലേക്കോടിയെത്തുമെങ്കിലും , നോവല് വായിക്കാത്തവര്ക്ക് മുഴുവനായും ആസ്വദിക്കാന് കഴിയില്ല എന്നതൊരു പോരായ്മയായി തോന്നി . ഇതിനിടയില് ഇടക്ക് കല്ക്കത്തയിലേക്ക് തിരിയുന്ന ക്യാമറ കണ്ണുകള് മധ്യവയസ്സിലെ മജീദിന്റെ കാഴ്ചകളും പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നു . പ്രേക്ഷകരെ അല്പം പോലും മുഷിപ്പിക്കാതെ , പഴമയുടെ എളിമ പകര്ന്നു നല്കിക്കൊണ്ട് ഇടവേളയ്ക്ക് തിരശ്ശീല വീഴുന്നു .
നാടുവിട്ടുപോയ കൌമാരക്കാരനായ മജീദ് യൌവ്വനയുക്തനായി വര്ഷങ്ങള്ക്കു ശേഷം തിരിച്ചുവരുന്ന കാഴ്ചകളാണ് ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരെ കാത്തിരിക്കുന്നത് . മാറിയ കുടുംബ പരിതസ്ഥിതികള് സമര്ത്ഥമായി സിനിമയില് വിന്യസിപ്പിക്കാന് സംവിധായകന് കഴിഞ്ഞിട്ടുണ്ട് . എന്നാല് സുഹറയുമായുള്ള പുന സമാഗമവും , സുഹറയുടെ ദൈന്യസ്ഥിതിയും നോവലില് അവതരിപ്പിച്ചത്ര ഹൃദയസ്പര്ശിയായി അഭ്രപാളികളില് വരച്ചിടാന് സംവിധായകന് കഴിഞ്ഞിട്ടില്ല .23 വളരെ ഒഴുക്കനായി , ഒരു ഗാനത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന വീണ്ടും തളിര്ക്കുന്ന പ്രണയം പ്രേക്ഷകരില് സ്വാധീനം ചെലുത്താന് പര്യാപ്തമായോ എന്നും സംശയമാണ് . ബഷീര് പൂന്തോട്ടത്തിന്റെ പശ്ചാത്തലത്തില് അവതരിപ്പിക്കുന്ന പുന സമാഗമവും , പിണക്കവും , ഇണക്കവും അത്രയ്ക്ക് ഹൃദയസ്പര്ശി ആണെന്നതിനാലാകാം എന്നിലെ ആസ്വാദകന് നിരാശനായത്. മറു ഭാഷാ നടിയായ ഇഷ പല വികാരങ്ങളും പിന്തുടരാന് ബുദ്ധിമുട്ടുന്നത് പോലെ അനുഭവപ്പെട്ടു . മമ്മൂക്കയുമായുള്ള കോമ്പിനേഷന് രംഗങ്ങള് കുറവാണെങ്കിലും , അല്പം കൂടി പക്വതയുള്ള , അഭിനയ സിദ്ധിയുള്ള ഒരു നടി ജീവന് പകര്ന്നിരുന്നുവെങ്കില് രംഗങ്ങള്ക്ക് കൂടുതല് ചാരുത പകരാന് കഴിയുമായിരുന്നു .
വീണ്ടും കുടുംബത്തിനും , സുഹറക്കുമായി നാടുവിടുന്ന മജീദ് . ആ മജീദില് ക്യാമറ ഫോക്കസ് ചെയ്തുകൊണ്ടാണല്ലോ സിനിമ ആരംഭിച്ചതും . തുടര്ന്ന് നോവലിനെ പിന്തുടരുന്ന ചിത്രം അതില് നിന്നും വ്യത്യസ്തമായി ചില കല്ക്കത്ത കാഴ്ചകളും പ്രേക്ഷകരുമായി പങ്കുവക്കുന്നുണ്ട് . എന്നാല് ക്ലൈമാക്സില് , വായനക്കാരുടെ മനസ്സുകളില് വിഷാദത്തിന്റെ തീക്കനലുകള് കോരിയിട്ടുകൊണ്ട് അവസാനിപ്പിക്കുന്ന നോവലിന്റെ വികാര പ്രപഞ്ചത്തെ പുനര് സൃഷ്ടിക്കുന്നതില് സംവിധായകന് പരാജയപ്പെട്ടു .
“എന്തായിരുന്നു അന്ന് ഒടുവിലായി സുഹറ പറയാന് തുടങ്ങിയത് ? “
എന്ന വിങ്ങുന്ന ചോദ്യത്തോടെ അവസാനിക്കുന്ന നോവല് വായനക്കാരില് ഏല്പ്പിക്കുന്ന ആഘാതം അതേയളവില് സ്ക്രീനിലേക്ക് പകരുവാന് സംവിധായകന് കഴിഞ്ഞിട്ടില്ല . പക്ഷേ , അതൊഴിച്ചു നിര്ത്തിയാല് , നോവലിലെ ഏതാണ്ടെല്ലാ പ്രധാന സന്ദര്ഭങ്ങളും , സംഭവങ്ങളും തികഞ്ഞ കൈയ്യടക്കത്തോടെ , മുഷിപ്പിക്കാതെ , ലളിതമായി , മനോഹരമായി , സരളമായി അഭ്രപാളികളില് സ്വതന്ത്രമായി പുനര്നിര്മ്മിക്കാന് സംവിധായകന് കഴിഞ്ഞിട്ടുമുണ്ട് .
പ്രകടനങ്ങള് :
കവിത നായര് (സുഹറയുടെ ഉമ്മ ) , സുഹറയുടെ അച്ഛനായി സ്ക്രീനിലെത്തുന്ന നടന് , വളരെ കുറച്ചു സമയം മാത്രം തിരശ്ശീലയില് പ്രത്യക്ഷപ്പെടുന്ന മാമുക്കോയ , മജീദിന്റെ ഉമ്മയായി മീന , കല്ക്കത്തയിലെ സ്വാതന്ത്ര്യ സമര സേനാനിയായി ഏഷ്യാനെറ്റ് ശശികുമാര് , അദ്ദേഹത്തിന്റെ മകളായി നടിച്ച തനുശ്രീ ഘോഷ് (ഈയടുത്ത കാലത്ത് ) തുടങ്ങി ചിത്രത്തില് വേഷം പകര്ന്ന അഭിനേതാക്കള് എല്ലാം തന്നെ വളരെ മികച്ച പ്രകടനം തന്നെ കാഴ്ച വച്ചിട്ടുണ്ട് . എടുത്തുപറയേണ്ട മറ്റൊരു പ്രകടനം ശെല്വി എന്ന ഹിജഡക്ക് ജീവന് നല്കിയ സീമാ ബിശ്വാസിന്റേതാണ്(ബന്ടിറ്റ് ക്വീന് ).
മജീദിന്റെയും , സുഹറയുടെയും ബാല്യകാലം അവതരിപ്പിച്ച കുട്ടികളും ,അവരുടെ കൂട്ടുകാരും പ്രേക്ഷകരില് എന്തെന്നില്ലാത്ത ഊര്ജ്ജം നിറച്ചു . കൗമാരകാലത്തെ മജീദിന്റെ മുഖം ഓര്മ്മയില് തങ്ങുമെങ്കിലും , സുഹറയുടെ കഥാപാത്രം തീര്ത്തും മങ്ങിപ്പോയി .
വളരെ കുറച്ചു നേരം മാത്രം സ്ക്രീനില് പ്രത്യക്ഷപ്പെടുന്ന ഇഷ തല്വാര് തീര്ത്തും നിരാശപ്പെടുത്തി . സുനില് സുഖദയുടെ അവറാച്ചനും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല . ബാല്യകാലസഖിയിലേതല്ലാത്ത ബഷീറിന്റെ പ്രശസ്ത കഥാപാത്രം ആനവാരി രാമന്നായര് ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെങ്കിലും പ്രത്യേകതകള് ഒന്നും തന്നെ ആ കഥാപാത്രത്തിന് ഉണ്ടായിരുന്നില്ല .
എന്തുകൊണ്ട് മമ്മൂക്ക :-
ചിത്രത്തിന്റെ പ്രഖ്യാപനം വന്നപ്പോള് മുതല് ഒരുകൂട്ടം ആളുകളുടെ പ്രധാന ഉത്കണ്ഠ മജീദ് എന്ന കഥാപാത്രത്തെ മമ്മൂക്ക അവതരിപ്പിച്ചാല് ഈ ചിത്രത്തിന് സംഭവിക്കാവുന്ന മൂല്യത്തകര്ച്ച ആയിരുന്നു . ചിത്രം ഇറങ്ങി അതില് സംവിധായകന് എന്താണ് പറയാന് ഉദ്ദേശിക്കുന്നത് എന്ന് കൂടി അറിയാന് കാത്തുനില്ക്കാതെയുള്ള ഇക്കൂട്ടരുടെ ജിജ്ഞാസയുടെ പിറകിലെ ഉദ്ദേശശുദ്ധി ഊഹിക്കാവുന്നതേയുള്ളൂ .
ഡ്രാമാ സ്കൂളിന്റെ തിരുമുറ്റത്തുനിന്നും പിറവിയടുത്ത ഒരു പുതുമുഖ സംവിധായകന് വര്ഷങ്ങളോളം മനസ്സില് താലോലിച്ച് , ഹൃദയത്തിന്റെ ഉള്ളറകളില് ഇട്ട് പാകപ്പെടുത്തി , പലവട്ടം തിരുത്തിയെഴുതിയ ഒരു തിരക്കഥയുടെ ദൃശ്യാവിഷ്ക്കാരത്തില് കഥാപാത്രത്തിന് ചേരാത്ത ഒരു നടനെ കൊണ്ടുവരുന്നത് ബുദ്ധിമോശമാണെന്ന് ഏറ്റവും കൂടുതല് തിരിച്ചറിയുക അദ്ദേഹം തന്നെയല്ലേ ? പലരും നോവല് അതേപടി സിനിമയാക്കുമെന്ന് ധരിച്ചുവശായി എന്ന് തോന്നുന്നു .
കുടുംബത്തിനും, പ്രണയത്തിനും വേണ്ടി ഒരുപാട് യാതനകള് സഹിച്ച മനുഷ്യന് , ജീവിതം കെട്ടിപ്പെടുക്കുന്നതിനായുള്ള നെട്ടോട്ടത്തിനിടയില് സ്വന്തം കാല് മുറിച്ചു മാറ്റപ്പെട്ടു സ്വപ്നങ്ങളുടെ ചിത ഹൃദയത്തില് എരിയുന്ന മനുഷ്യന് , അയാള് കല്ക്കത്തയിലെ ദേശീയ പ്രക്ഷോഭത്തിന് സാക്ഷിയായി കഴിയുന്ന വേളയിലാണല്ലോ സിനിമയുടെ കഥ തുടങ്ങുന്നത് . ബഷീര് നോവലില് പറയാത്ത കഥാസന്ദര്ഭം എന്ന് വേണമെങ്കില് പറയാം . എന്നാല് ബഷീറിന്റെ യഥാര്ത്ഥ ജീവിതവുമായി ബന്ധിപ്പിക്കുമ്പോള് അതിന് വളരെ സാംഗത്യവുമുണ്ട് . ഭീകരമാം വിധം ജീവിതത്തില് ഒറ്റപ്പെട്ട് , സങ്കടങ്ങളുടെയും , പ്രതിസന്ധികളുടേയും കരകാണാക്കടലില് മുങ്ങിത്താഴുന്ന , ആ വെല്ലുവിളികളെ ആത്മധൈര്യം കൊണ്ട് കീഴ്പ്പെടുത്തുന്ന മജീദെന്ന കഥാപാത്രം അഭിനയത്തിന്റെ അതിസൂക്ഷ്മതലങ്ങളിലൂടെയാണ് കടന്നുപോകുന്നത് . അവിടെയാണ് മമ്മൂക്ക എന്ന മഹാനായ അഭിനേതാവിന്റെ പ്രസക്തി .
ബാല്യ കൗമാര യൌവ്വനങ്ങളിലെ മജീദിനെ അവതരിപ്പിക്കുന്നഘട്ടങ്ങളില് മജീദിന്റെ ബാപ്പയായാണ് മമ്മൂക്ക കടന്നുവരുന്നത് . നാലാമത്തെ ഘട്ടത്തില് മാത്രമാണ് മജീദായി മമ്മൂക്ക കടന്നു വരുന്നത് . തലയോലപ്പറമ്പിലെ നാട്ടുഭാഷ മമ്മൂക്കയ്ക്ക് ഹൃദിസ്ഥമാണെന്നുള്ളതും കഥാപാത്ര രൂപീകരണത്തില് വളരെ സഹായകരമായിട്ടുണ്ട് . നാട് വിടുന്നതിന് മുന്പുള്ള മജീദ് , കല്ക്കത്തയില് എത്തിയതിന് ശേഷമുള്ള മജീദ് , കാല് നഷ്ടപ്പെട്ടതിനു ശേഷം സങ്കടത്തീയില് വെന്തുനീറി കഴിയുന്ന മജീദ്, ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളില്ക്കൂടി കടന്നുപോകുന്ന മജീദിന്റെ ബാപ്പ എന്നിങ്ങനെ ഒരു പുതുമുഖത്തിന് കൈയ്യെത്തി പിടിക്കാന് ബുദ്ധിമുട്ടുള്ള തലങ്ങളിലൂടെയാണ് മമ്മൂക്കയുടെ കഥാപാത്രങ്ങളുടെ പ്രയാണം.
ഇതില് ബാപ്പയായി വരുന്ന മമ്മൂക്കയാണ് തിയേറ്ററില് കൂടുതല് കൈയ്യടി നേടിയത് എന്നത് ആ കഥാപാത്രത്തിന്റെ പ്രത്യേകത കൊണ്ട് കൂടിയാണ് . ഇഷ തല്വാറുമായി കഷ്ടിച്ചു 10-15 മിനുട്ടുകള് മാത്രം സ്ക്രീന് പങ്കിടുന്ന ഭാഗങ്ങള് ചിത്രം ഇറങ്ങുന്നതിന് മുന്പ് ആരോപിതമായ പോലെ അരോചകമായിട്ടില്ലെങ്കിലും നോവലിലെ കഥാപാത്രങ്ങള് ആവശ്യപ്പെടുന്ന വികാരങ്ങള് പകര്ന്നു നല്കാന് ആയിട്ടില്ല . അക്കാര്യത്തില് വികാരങ്ങള് മുഖത്ത് പ്രതിഫലിപ്പിക്കാന് ബുദ്ധിമുട്ടുന്ന ഇഷയുടെ പ്രകടനമാണ് കാരണഭൂതമായത് എന്നും പറയാതെ വയ്യ . കാല് മുറിച്ചു മാറ്റപ്പെട്ട രംഗമടക്കം പലയിടത്തും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച വക്കാന് മമ്മൂക്കയുടെ മജീദിനായി . എങ്കിലും ചിത്രം വിട്ടു പുറത്തേക്കിറങ്ങുമ്പോള് പ്രേക്ഷകരുടെ കൂടെ പോരുക നോവലിലെ അത്ര ക്രൂരനല്ലാത്ത മമ്മൂക്കയുടെ ബാപ്പ കഥാപാത്രമാണ് . എന്നാല് മമ്മൂക്കയെന്ന മഹാനടന് വെല്ലുവിളിയുയര്ത്തുന്ന കഥാപാത്രമാണ് ഇവ രണ്ടും എന്ന് പറയുന്നതും അനീതിയാകും .
last word :-
ചിത്രത്തിന്റെ ആദ്യപകുതി വളരെ മനോഹരവും , നോവലിനോട് ചേര്ന്നു നില്ക്കുന്നതുമാണ് . രണ്ടാം പകുതിയും മോശമായില്ലെങ്കിലും നോവല് വായിക്കാത്തവര്ക്ക് കൌമാര യൌവ്വനങ്ങളിലെ പല രംഗങ്ങളെയും വേണ്ടത്ര പിന്തുടരാന് ആകില്ല . നോവല് വായിച്ചവര്ക്ക് മജീദ് സുഹറയുടെ ആദ്യ സമാഗമവും ചുംബനവും ; തിരിച്ചു വന്നതിനു ശേഷമുള്ള പുന സമാഗമവും വേണ്ടത്ര ആസ്വാദ്യകരമായി തോന്നുകയുമില്ല . ചോരയൊലിപ്പിക്കുന്ന ക്ലൈമാക്സിലെ ഹൃദയം നുറുങ്ങുന്ന വേദനയും , നഷ്ടബോധവും അതേപടി ലഭിക്കുകയുമില്ല .
അവതാരിക ഒഴിച്ചുനിര്ത്തിയാല് വെറും 76 പേജുകള് മാത്രമുള്ള ഒരു നീണ്ട ചെറുകഥയാണ് “ബാല്യകാലസഖി “. വളരെ വേഗത്തില് ലളിതമായി പറഞ്ഞുപോകുന്ന നോവലിന്റെ അതെ ശൈലിയില് സരളവും , ലളിതവുമായി വളരെ വേഗത്തില് 121 മിനുട്ടുകൊണ്ടാണ് സംവിധായകനും പ്രമേയം അഭ്രപാളികളില് ചുരുളഴിക്കുന്നത് . അതിനാല് ഒരിക്കല് പോലും പ്രേക്ഷകരെ വിരസതയിലേക്ക് തള്ളി വിടാതെ , എന്നാല് വാണിജ്യപരമായ ചേരുവകള് അധികം ചേര്ക്കാതെ നോവലിന്റെ പേജുകള് സ്ക്രീനിലേക്കാവാഹിക്കാന് സംവിധായകന് കഴിഞ്ഞിട്ടുണ്ട് . എന്നാല് നോവലിനെ മുഴുവനായും വരികള് വിടാതെ സ്ക്രീനിലേക്ക് പകര്ത്തുന്നതും പ്രതീക്ഷിച്ചാണ് തിയേറ്ററിലേക്ക് പോകുന്നതെങ്കില് അവര് തീര്ത്തും നിരാശരാവുകയും ചെയ്യും . വായനയെ സ്നേഹിക്കുന്ന ഓരോ മലയാളിയുടേയും മനം കവര്ന്ന ആ പ്രണയകഥ തികച്ചും ലളിതമായി അഭ്രപാളികളില് ദൃശ്യവല്ക്കരിക്കുമ്പോള് ആ പ്രയത്നത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമയല്ലേ ? കാരണം , മലയാളികള് ഹൃദയത്തോട് ചേര്തുേണവച്ചിട്ടുള്ളതാണ് ജീവിതത്തിന്റെ ചോര പൊടിയുന്ന ഈ കഥയുടെ താളുകള് …. ഈ സിനിമ സ്വതന്ത്രമായ ആവിഷ്ക്കരണം ആയിപ്പോയി എന്ന് പരാതിപ്പെടുന്നവര് മഹാനായ വിശ്വകഥാകാരന് ബഷീര് പറഞ്ഞത് ഓര്ക്കുക .
“എന്റെ പുസ്തകങ്ങള് , അതെല്ലാം എത്ര കാലം നിലനില്ക്കും ? പുതിയ ലോകം വരുമല്ലോ . പഴമ എല്ലാം പുതുമയില് മായേണ്ടതുമാണല്ലോ. എന്റേത് എന്ന് പറയാന് എന്താണുള്ളത് ? എന്റേതായി എന്തെങ്കിലും ഒരു തരി അറിവ് ഞാന് സംഭാവന ചെയ്തിട്ടുണ്ടോ ? അക്ഷരങ്ങള് , വാക്കുകള് , വികാരങ്ങള് ഒക്കെയും കോടി മനുഷ്യര് ഉപയോഗിച്ചിട്ടുള്ളതുമാണല്ലോ —
rating :- 3.25 / 5