27-ആമത്തെ കാരക്ടർ പോസ്റ്റർ ഇറങ്ങാൻ പോകുന്നതിന്റെ തലേന്ന് രാത്രി.
" ടെന്ഷനടിച്ചിട്ട് വയ്യ കള്ള നായിന്റെ മോനെ എന്നൊന്നും ഞങ്ങള് പറയൂല്ല, 27-ആമൻ അതാരായാലും പടം ഹിറ്റായ മതി രാജുവേട്ടാ.."
കമന്റടിച്ചു. പിറ്റേന്ന് രാവിലെ രാജുവേട്ടന്റെ പേജെടുത്ത് നോക്കിയപ്പോൾ ഷെയർ ബട്ടൺ മാത്രം. ഒരു കിടിലൻ ബ്ലോക്ക്. എക്സൈറ്റ്മെന്റിന്റെ അത്യുന്നതങ്ങളിൽ കീപ്പാടിൽ വന്നുപോയ പിഴവിനെത്ര കുമ്പസരിച്ചിട്ടും കാര്യമില്ലെന്നറിയാം... എന്നിരുന്നാലും...
കവിതാ തീയറ്ററിന്റെ അടഞ്ഞു കിടക്കുന്ന ഗെയ്റ്റിന് മുന്നിൽ നിന്ന് ചുറ്റുപാടും നോക്കുമ്പോൾ ആരവങ്ങൾ കുറവായിരുന്നു. ആൾത്തിരക്കുണ്ട് താനും. മാസങ്ങൾ മുൻപിവിടെയൊരു പുലർച്ചെ വന്ന് തൊണ്ടപൊട്ടി അലറിയതും, കഞ്ഞികുടിച്ചിറങ്ങിയതും ഓർമ വന്നു... തടിച്ചുകൂടി അക്ഷമരായി നിൽക്കുന്ന ഓരോ ലാലേട്ടൻ ആരാധകന്റെയും ഉള്ളിൽ ആ കഞ്ഞിക്കയപ്പുണ്ടാക്കിയ പേടി.അതങ്ങിനെ തളം കെട്ടികിടക്കുമ്പോൾ, ആർപ്പുവിളികളും കരഘോഷങ്ങളും നന്നേ കുറവ്.
ലയണൽ മെസ്സി പെനാൽറ്റി എടുക്കാൻ വരുമ്പോൾ ഉള്ള അതേ വികാരമാണ്, ഓരോ ലാലേട്ടൻ റിലീസിനും. പെനാൽറ്റി ബാഴ്*സയ്ക്ക് പകരം അർജന്റീനയ്ക്ക് വേണ്ടിയാണെങ്കിൽ ഇരട്ടി ഭയമാണ്... കവിതാ തീയറ്ററിലും സംഗതി വ്യത്യസ്തമല്ല, പേന പ്രിയപ്പെട്ട മുരളി ഗോപിയുടേതാണ്, സംവിധാനം മ്മടെ സ്വന്തം രാജുവേട്ടനും.
എട്ട് മാസം ഗർഭിണിയായ ചേച്ചിയും കസിൻസും കൂട്ടുകാരും. ഞങ്ങൾ ഓടിക്കയറി സീറ്റ് പിടിച്ചു. കഴിഞ്ഞ പത്ത് വർഷമായി തുടരുന്ന പ്രഹേളിക, തീയറ്ററുകൾ മാറി, സുരഭി മുതൽ കവിത വരെ... സിനിമാ ശൈലികൾ മാറി, രാവണപ്രഭു മുതൽ ലൂസിഫർ വരെ... സംവിധായകർ മാറി, രഞ്ജിത്ത് മുതൽ പൃഥ്വി വരെ... ടിക്കറ്റ് റെയിറ്റുകൾ മാറി, 40 മുതൽ 140 വരെ... പക്ഷെ ലാലേട്ടനും ലാലേട്ടന്റെ അനിയന്മാർക്കും മാറ്റമില്ല... ഞങ്ങളങ്ങിനെ ഗെയ്റ്റുകളായ ഗെയ്റ്റുകളിൽ മണിക്കൂറുകളോളം കാത്തുകിടക്കും, ഗെയിറ്റുകൾ തള്ളിത്തുറന്നാ സീറ്റുകളിൽ ചാടി വീഴും... ചാടിവീണിട്ടതാ തീയറ്ററാകെ അലറി വിളിയ്ക്കും... എല്ലാം അയാളെ കാണാനാണ്. ജീവിതത്തിലെ മുന്നോട്ട്പോക്കിലെ ഏറ്റവും വലിയ driving force-കളിൽ ഒന്നായി മാറിയ ഇതിഹാസത്തെ കാണുവാൻ... വലിയ സ്*ക്രീനിലാ വലീയ മനുഷ്യനെ കാണുന്നതിന് മുൻപുള്ള രക്തത്തിളപ്പിന്റെ മിന്നലാട്ടം.
ഏതോ ഭാഗ്യത്തിന് കറക്റ്റ് ടൈമിൽ മൂത്രമൊഴിയ്ക്കാൻ പോകുന്ന നേരത്ത് ദേ പോകുന്നു മുന്നിൽ കൂടെ രണ്ട് ജിന്നുകൾ... ലാലേട്ടനും രാജുവേട്ടനും... ഉള്ളൊന്നു കാളി, അമിതാവേശം കടിച്ചുപിടിച്ച് വീണ്ടും തീയറ്ററിനുള്ളിലോട്ട്...
പടം തുടങ്ങി.
അഭ്രപാളികളിൽ തെളിഞ്ഞ മുരളീഗോപിയൻ വിസ്മയങ്ങളിലെ മാമോത്തുകളായ വെട്ട് വിഷ്ണുവിനും, വട്ട് ജയനും പൂർണത നൽകിയ 'മനുഷ്യന്റെ' മറ്റൊരു പരകായ പ്രവേശത്തോടെ തുടക്കം. അനിയൻ കുഴിച്ചെടുത്ത ചെകുത്താന്റെ പറുദീസയിൽ അയാളുടെ പേര് "ഗോവർദൻ". ഇന്ദ്രജിത്തിനെ നിമിഷനേരംകൊണ്ട് പിഴിഞ്ഞെടുത്ത ചാറുപുരട്ടി എയ്ത അസ്ത്രത്തിൽ സുജിത് വാസുദേവന്റെ കനലുകൊണ്ട് വെന്ത തീപ്പൊരി ഫ്രയിമുകൾ കൂടിയായപ്പോൾ, ചെന്ന് തറച്ചത് എസ്തപ്പാന്റെ നടത്തത്തിലാണ്...
" വണ്ടിയ്ക്കല്ലേ പോകാൻ പറ്റാതുള്ളു... നമുക്ക് നടക്കാം... "
ലാലേട്ടന്റെ ഗാനഗരംഭീര്യ ശബ്ദം. കോൾമയിർ കൊള്ളിച്ച നടത്തം. തൊണ്ട പിറുപിറുത്തു :
" Mr. Prithvirajjjj... "
എന്തോ ഒരു വിപത്ത് വരുന്നുണ്ട്... അക്ഷമനായി കാത്തിരുന്നു...
മഞ്ജു വാരിയർ വന്നു... ഇനി പ്രതീക്ഷിച്ച പോലെ ഇവർ ആണോ വിപത്ത് !! കാലം തെറ്റിത്തിരികെ വന്നപ്പോൾ പഴയാ ബെത്ലഹേം - ആമിയുടെ പ്രസരിപ്പ് നഷ്ടപ്പെട്ട ലേഡി സൂപ്പർസ്റ്റാർ നിമിഷങ്ങളുടെ സ്ക്രീൻ ടൈമിനൊടുവിൽ മുന്നറിയിപ്പ് തന്നു " അല്ല "
മനസ്സിൽ പൃഥ്വിരാജ് വന്നിരുന്നു ഏതോ അവതാരകയുടെ മുന്നിലിരുന്നു പറയുന്നുണ്ട് :
" പെർഫോമൻസുകളുടെ ലൂസിഫർ "
ബൈജു, ഷാജോൺ, സാനിയ, സായികുമാർ... അങ്ങിനെ സ്ക്രീൻസ്*പെയ്*സ് കിട്ടിയ സകലമാന ആർട്ടിസ്റ്റുകളുടെയും അവസരമുതലെടുപ്പുകളിലേയ്ക്ക് വിവേക് ഒബ്*റോയ് എന്ന ബോൺ ആക്ടറെയും കൂടി ഇറക്കിവിട്ടതോടെ പടം പതിഞ്ഞതാളത്തിൽ പെരുമ്പറ കൊട്ടിത്തുടങ്ങി.
" സ്റ്റീഫൻ.. സ്റ്റീഫൻ നമ്മള് വിചാരിയ്ക്കുന്ന പോലത്തൊരാളല്ല സർ "
പിന്നെ തീയ്യറ്ററിലുണ്ടായ പ്രകമ്പനങ്ങൾക്ക് 40 വർഷത്തെ കഥ പറയാനുണ്ട്... ദീപക് ദേവിനെ തൊഴുത്, ഇരുന്ന സീറ്റിൽ കയറി നിന്ന് തുള്ളുമ്പോൾ സ്*ക്രീനിൽ മംഗലശേരി നീലകണ്ഠനെ കാണാം, സ്പടികം തോമയെ, ഉസ്താദ് പരമശിവനെ, അലി ഇമ്രാനെ, പുലിമുരുഗനെ, ഇന്ദുചൂഡനെ, പുലിക്കാട്ടിൽ ചാർളിയെ, കാപ്റ്റൻ വിജയ്മേനോനെ... അങ്ങിനെയങ്ങിനെ അഭ്രപാളികളിൽ നായകനായി നിൽക്കുമ്പോൾ എതിരെ വരുന്നവൻമാരുടെ കൊരവള്ളിയ്ക്കിട്ടുതാങ്ങി ഞങ്ങളുടെ രോമകൂപങ്ങളെ ഐഫൽ ടവറുകളാക്കി മാറ്റിയ പത്തുനൂറോളം ടെറാ മാസ്സ് അവതാരങ്ങളെ...
രാജുവേട്ടന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ.
Enthralling. Exquisite.Supercalifragilistic...
പിന്നെയങ്ങോട്ടുള്ളൊരു തേരോട്ടത്തിൽ, നാല് തോടുകൾ ഒഴുകുന്നത് കണ്ടു... ഒന്ന് സപ്പോർട്ടിങ് കാരക്ടറുകളുടെ disciplined perfomance-കൾ കൊണ്ടുള്ള ശുദ്ധ ജലം കൊണ്ട് സമ്പുഷ്ടം. മറ്റൊന്നിൽ ഇതിഹാസത്തിന്റെ കണ്ണുകൊണ്ടും കാലുകൊണ്ടുമുള്ള പൂണ്ടു വിളയാടലുകളുടെ ചാകര. ഈ രണ്ട് തൊടുകളുടെയും ഒഴുക്കിനെ കരുവാക്കി മുരളീ ഗോപി ഇടയ്ക്കിട്ടു പലരെയും താങ്ങി തന്റെ കഥ മനോഹരമായി മറ്റൊരു തോടിലൂടെ ഒപ്പമൊഴുക്കി... ഇനി നാലാമതൊരു തോട്... പൃഥ്വിരാജിന്റെ തോട്... തോട്ടിലോട്ട് തിളച്ച നല്ല സ്റ്റൈലൻ ടോവിനോ ചാലിച്ച വെള്ളമൊരല്പം ചേർത്ത് കൊടുത്തതോടെ ഒഴുക്കിനെന്തെന്നില്ലാത്ത ഭംഗി.
നാല് തോടുകളും ഒരുമിച്ചൊഴുകിയെത്തിയിടത്ത്... INTERVAL.
HAHH.. അതൊരു ഫീലായിരുന്നു.
കമ്മാരനോ ടിയാനോ എഴുതിയ മുരളീഗോപിയെ അല്ല, മറിച്ച് സാക്ഷാൽ വിന്റേജ് രഞ്ജിത്തിന്റെ വീട്ടിലേക്കു കൊതുകിനെ പറഞ്ഞയച്ചയാളുടെ രക്തം കുടിപ്പിച്ചതിനു ശേഷം തിരികെ വിളിച്ചു തന്റെ കയ്യിലിരുത്തി തല്ലിക്കൊന്നാ ചോരക്കറയെടുത്ത് മഷിയിൽപുരട്ടി പേന ചലിപ്പിച്ച ഒരു പ്രത്യേക തരം കമ്മേർഷ്യൽ ഗോപിയെ ആണ് ലൂസിഫറിന് തരാനുണ്ടായിരുന്നത്. സെക്കന്റ് ഹാഫും വിഭിന്നമായില്ല. കഥാഗതിയും പൊളിറ്റിയ്ക്കൽ സറ്റയറും ആഗ്രഹിയ്ക്കുന്ന സ്ലോ പെയ്*സിലൂടെ നീങ്ങവേ, ഒട്ടും ബോറടിയ്ക്കാത്ത ആമ്പിയൻസിൽ, ലവലേശം നീരസം തോന്നാത്ത ഇന്റെൻസിറ്റിയിൽ നിസ്സാരവൽക്കരിച്ചു എടുത്തുകളയാമായിരുന്ന സീനുകളെപ്പോലും അടുക്കിവെച്ചിടുത്താണ് പ്രിത്വിരാജ് അത്ഭുതപ്പെടുത്തിയത്.
മലയാളികളുടെ പേട്ടയാണീ കാണുന്നതെന്ന ബോധ്യം സെക്കന്റുകൾ തോറും വർധിച്ചുകൊണ്ടിരിയ്ക്കവേ, സ്റ്റീഫൻ നെടുമ്പള്ളിയുടെ 200?C തിളച്ചെണ്ണയിലിട്ടു ചുട്ട one-ലൈനറുകൾ തീയറ്ററിനെ തക്കതായ ഇന്റെർവെല്ലുകളിൽ പൂരപ്പറമ്പാക്കിക്കൊണ്ടേയിരുന്നു. പടമെപ്പോഴോക്കെയോ ഡൗണായി തുടങ്ങിയെന്ന് തോന്നിതുടങ്ങുന്നുവോ, അപ്പോഴൊക്കെ ഏതേലും ഒരു കാരക്ടറിന്റെ മികച്ച പെര്ഫോമസുകൾ വന്നതങ് മാറ്റി തരും. അത്തരത്തിലുള്ള തീയറ്റർ വ്യൂവർഷിപ്പിനെ പഠിച്ചു പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വ്യക്തമായി ഇമ്പ്ലിമെൻറ് ചെയ്തൊരു സർജിക്കൽ സ്ട്രയ്ക്കാണ് ലൂസിഫർ.
അവസാനം സ്വന്തം കഥാപാത്രം വന്നപ്പോൾ മാത്രം ഒരല്പം ലോ - പ്രൊഫൈലിൽ പിടിച്ചത് ഒന്ന് ഞങ്ങളെതളർത്തിയെങ്കിലും, ശേഷമുള്ള വെടിപ്പുള്ള ക്ളൈമാക്സിനു ശേഷം തന്ന ആ tail-end സീനിൽ, ഞങ്ങളെല്ലാം കമന്നടിച്ചു വന്നു നിങ്ങളുടെ കാലിൽ തൊട്ടു പറയാൻ ആഗ്രഹിച്ചോരു കാര്യമുണ്ട് രാജുവേട്ടാ...
" തലൈവാ പ്രീത്വ്*രാജ്... നിങ്ങളെക്കാൾ വലിയ ലാലേട്ടൻ ഫാനല്ല പൊന്നോ... ഞങ്ങളാരും " 🙏
ഇറങ്ങിയ 27 കാരക്ടർ പോസ്റ്ററുകൾക്കും വ്യക്തമായ കാരണങ്ങളും ആവശ്യകതയും ഉണ്ടെന്നു പറഞ്ഞല്ല,.. പ്രവർത്തിച്ചു കാണിച്ചു തന്ന ലൂസിഫർ. മൊബൈലിൻറെ ചെറിയ സ്*ക്രീനിൽ കണ്ടാൽ ഒരു നോർമൽ പടമായി മാത്രം തോന്നിയേക്കാവുന്ന ചിത്രത്തെ അടുത്ത 100 Cr ബിസിനസ് ആക്കി മാറ്റാൻ പോകുന്നത് ചിത്രമർഹിക്കുന്ന അതിന്റെ വലീയ കാൻവാസ്* തന്നെയാണ്.
പടം കഴ്ഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ, ആദ്യം പറഞ്ഞ ആ വിപത്തിനെ കുറിച്ച് നല്ല ബോധ്യമുണ്ട്. സിരകളിലൊഴുകിയ മോഹൻലാൽ രക്തത്തിലെ വിറ്റമിൻ കുറഞ്ഞപ്പോൾ മധുരമൂറിയ പഴച്ചാറുമായിവന്ന പൃഥ്വിരാജ് എന്ന മനുഷ്യൻ ആണ് ആ വിപത്ത്. അയാളുടെ അടുത്ത ബ്രഹ്*മാസ്*ത്രങ്ങൾക്കു വേണ്ടിയുള്ള കാത്തിരിപ്പാണ് വിപത്തിന്റെ ബാക്കി പത്രം.
രായപ്പനിൽ നിന്നും രാജുവേട്ടനിലേയ്ക്ക് പരിണമിച്ച,
ലാലപ്പനെന്നു വിളിയ്ക്കുന്നവന്മാരുടെ അടക്കം അണ്ണാക്കിലേയ്ക്ക് ആവണക്കണ്ണ ഒഴിച്ചുകൊടുത്ത് കയ്യടിപ്പിച്ച,
അഹങ്കാരിയെന്ന് പറഞ്ഞവരെക്കൊണ്ട് തന്നെ അഭിമാനമെന്ന് അലറിപ്പിച്ച..
ശ്രീ സുകുമാരന്റെ മകൻ.
നിങ്ങൾ പറഞ്ഞ പോലെ... മലയാള സിനിമയുടെ ഇതിഹാസം മേഘങ്ങൾക്കിടയിലൂടെ തന്റെ മകനെത്തിയ ഉയരങ്ങളെക്കണ്ട് കയ്യടിയ്ക്കുന്നുണ്ടാകണം...
അദ്ദ്ദേഹത്തിന്റെ കയ്യടികൾ ഞങ്ങളുടെ നെഞ്ചിടിപ്പുകളോട് ചേർത്തെടുത്ത് അഭിമാനപുരസ്സരം നിങ്ങൾ ഇനിയുമിയും പടങ്ങളെടുക്കണം...
വിമർശനങ്ങളെ വിനോദങ്ങളായെടുത്ത് വളർന്നുവന്ന കലാകാരാ... ഈ സിനിമയ്ക്ക് നന്ദി. സ്റ്റീഫൻ നെടുമ്പള്ളിയെ തന്നതിന്, ഞങ്ങടെ ലാലേട്ടനെ ഒരല്പം ക്രൂരമായിത്തന്നെ പിഴിഞ്ഞെടുത്തതിന്...
എട്ട് വർഷം മുൻപത്തേയ്ക്കൊരു ഫ്ളാഷ്ബാക്...
ഇന്റർവ്യൂവർ ചോദിച്ചു :
" WHERE DO YOU SEE YOURSELVES IN 20 YEARS !!! "
" ലാലേട്ടനെയും മഞ്ജുചേച്ചിയെയും വെച്ചൊരു പടം ചെയ്യണം, മൂന്ന് ഭാഷകളിലും അറിയപ്പെടുന്ന ഒരു ആക്ടർ ആകണം, ലോകസിനിമയ്ക്ക് മുന്നിൽ മലയാളം സിനിമയുടെ ബ്രാന്റ് അംബാസഡർമാരിൽ ഒരാളാകണം "
ജനമലറി... " ഒന്ന് പോടാ രായപ്പാ... "
പ്രേക്ഷകർ പുച്ഛിച്ചു " രാജപ്പന്റെ ഇംഗ്ളീഷ് പോലെത്തന്നെ ആഗ്രഹങ്ങളും ഓവറാണല്ലോ "
അയാൾ ഒന്നും മിണ്ടിയില്ല. മുംബൈ പോലീസ് വന്നു. മെമ്മൊറീസ് വന്നു. അയാൾ മറുപടി പറഞ്ഞില്ല.
അങ്ങനെയങ്ങനെ....
എട്ട് വർഷങ്ങൾക്ക് ശേഷമുള്ളോരു 28-ആം തീയതി.... അയാൾ പറയാൻ കാത്തുവെച്ച മറുപടി സ്റ്റീഫൻ നെടുമ്പള്ളിയുടെ വായിലേക്ക് തിരുകിക്കയറ്റി, മലയാളികൾ കണ്ട ഏറ്റവും വലിയ താരത്തിൻറെ ശബ്ദത്തോടെ പറഞ്ഞു :
" ന്റെ തന്തയല്ല.... നിന്റെ തന്ത "
🙏🙏🙏🙏🙏🙏🙏🙏
28-ആമൻ #KA 💥💥💥
#Spex_viewZ