‘രാജാധിരാജ’ യും ‘സപ്തമശ്രീ തസ്കരാഃ’ യും ഓണ വിജയങ്ങൾ | RAJADHIRAJA AND THASKARA ARE ONAM HITS
മലയാള സിനിമയുടെ ഏറ്റവും വലിയ ഉത്സവകാലമായ ഓണത്തിന് സൂപ്പർ താരങ്ങളുടെതടക്കം അഞ്ച് ചിത്രങ്ങളാണ് ഇത്തവണ പ്രേക്ഷകർക്ക്* മുൻപിൽ എത്തിയത്. അരുണ്* വൈദ്യനാഥൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘പെരുച്ചാഴി’, അജയ് വാസുദേവിന്റെ മമ്മൂട്ടി ചിത്രം ‘രാജധിരാജ’, കുഞ്ചാക്കോ ബോബനെയും ബിജു മേനോനെയും നായകരാക്കി ജോണി ആന്റണി ഒരുക്കിയ ‘ഭയ്യ ഭയ്യ’, പ്രിത്വിരാജ് പ്രാധാന കഥാപാത്രമായ അനിൽ രാധാകൃഷ്ണ മേനോൻ ചിത്രം ‘സപ്തമശ്രീ തസ്കരാഃ’, സുധീഷ്* ശങ്കറും ദിലീപും ഒന്നിച്ച ‘വില്ലാളി വീരൻ’ എന്നിവയാണ് ഈ ഓണത്തിന് പ്രദർശനത്തിന് എത്തിയത്. അഭിപ്രായത്തിൽ ‘സപ്തമശ്രീ തസ്കരാഃ’യും കളക്ഷനിൽ ‘രാജധിരാജയും’ ഒന്നാമതെത്തിയപ്പോൾ മറ്റു ചിത്രങ്ങൾക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
‘നോർത്ത് 24 കാതം’ എന്ന ചിത്രത്തിലൂടെ മികച്ച തുടക്കം കുറിച്ച അനിൽ രാധാകൃഷ്ണ മേനോൻ,തന്റെ രണ്ടാമത്തെ ചിത്രവും പ്രേക്ഷകർക്ക്* മികച്ച അനുഭവമായി മാറ്റുന്നതിൽ വിജയിച്ചു. യുവ പ്രേക്ഷകരുടെ പിന്തുണയോടെ മുന്നേറുന്ന ‘സപ്തമശ്രീ തസ്കരാഃ’ ക്ക് മൾട്ടിപ്ലക്സുകളിൽ ആണ് കൂടുതൽ കളക്ഷൻ . ആരാധകരുടെ പ്രതീക്ഷകൾക്കൊത്തുയരാൻ സാധിച്ചതാണ് ‘രാജധിരാജ’യ്ക്ക് നേട്ടമായത്. കുടുംബ പ്രേക്ഷകരെയും ആകർഷിക്കാനായ ഈ മമ്മൂട്ടി ചിത്രം ഓണച്ചിത്രങ്ങളിൽ കളക്ഷനിൽ ഒന്നാമതെത്തി.ഗംഭീര പരസ്യ തന്ത്രങ്ങളുമായെത്തിയ മോഹൻലാൽ ചിത്രം ‘പെരുച്ചാഴി’ മികച്ച ഇനിഷ്യൽ നേടിയെങ്കിലും ബോക്സ്* ഓഫീസിലെ ആധിപത്യം നില നിർത്തുന്നതിൽ പരാജയപ്പെട്ടു. മലയാള സിനിമയിലെ ബിഗ്* ബഡ്ജറ്റ് പരാജയങ്ങളുടെ നിരയിലാണ് ‘പെരുച്ചാഴി’ യുടെ സ്ഥാനം.
കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ, ഉത്സവ സീസണുകളിൽ പ്രത്യേകിച്ചും വൻ വിജയങ്ങളായി മാറുന്ന ദിലീപ് ചിത്രങ്ങളുടെ പതിവ് ഇത്തവണ തെറ്റി. നവാഗതനായ സുധീഷ്* ശങ്കറിന്റെ ‘വില്ലാളി വീരൻ’ പ്രേക്ഷകരെ ആകർഷിക്കുന്നതിൽ പരാജയപെട്ടു. ‘അവതാര’ത്തിന് ശേഷം മറ്റൊരു ദിലീപ് ചിത്രം കൂടി ബോക്സ്* ഓഫീസിൽ തകർന്നടിയുന്നതിന് ഈ ഓണക്കാലം സാക്ഷ്യം വഹിച്ചു. കുഞ്ചാക്കോ ബോബൻ , ബിജു മേനോൻ ഹിറ്റ്* കൂട്ടുകെട്ടിൽ പിറന്ന ‘ഭയ്യ ഭയ്യ’ യുടെ സ്ഥിതിയും വ്യത്യസ്തമല്ല. ജോണി ആന്റണി സംവിധാനം ചെയ്ത ചിത്രത്തെ പ്രേക്ഷകർ നിരാകരിച്ചു. രണ്ട് ചിത്രങ്ങൾ മാത്രം വിജയം നേടിയ ഓണക്കാലം കടന്നു പോകുമ്പോൾ സൂപ്പർ താരങ്ങളുടെതടക്കം ഒരു പിടി ചിത്രങ്ങൾ റിലീസിന് തയ്യാറെടുക്കുന്നു.