തലക്കെട്ട് :-
പരമാവധി നീതിപുലര്ത്തിയിട്ടുണ്ട്. സംശയം വേണ്ട!!
സമയവും സന്ദര്ഭവും :-
ചെന്നൈ മായാജാല്, എഴുമണിക്കുള്ള പ്രദര്ശനം.
കൂട്ട്:-
ഒട്ടും മടുക്കാതെ പലതരം ആസനങ്ങള് ദിവസം നാലും അഞ്ചും നേരം താങ്ങാന് വേണ്ടി മാത്രം വിധിക്കപ്പെട്ട ഒന്ന് പോലും കാലിയാവാത്തകസേരകളും. .
തുടക്കത്തിന്റെ തുടക്കം:-
ഫയര്മാന് എന്ന പേര് തന്നെ സാമാന്യം സിനിമാബോധമുള്ളവരുടെയൊക്കെ മനസ്സില്, കുറേ തീയും പൊകയും ഒക്കെ ആയി അവസാനം പ്രേക്ഷകന്റെ കാര്യം കട്ടപ്പൊക ആക്കുന്ന ഒരു സിനിമ ആവുമെന്നു ധാരണ പരക്കും. സിനിമയുടെ പശ്ചാത്തലം ആണെങ്കില് ആ ധാരണ അരക്കിട്ടു ഉറപ്പിക്കുകയും ചെയ്യും. ദീപു കരുണാകരന്, ഈ പ്രായത്തില് മമ്മൂട്ടിക്ക് ചേരാത്ത വേഷം ഈ മുന്ധാരണകള് തന്നെ പ്രശ്നം! പക്ഷെ സിനിമ കണ്ടപ്പോഴല്ലേ... സംഗതി ബഹുജോര്...
ജോറായതിങ്ങനെ:-
ഒരു ഗ്യാസ് ടാങ്കര് അപകടവും അതിനെ തുടര്ന്നുണ്ടായേക്കാവുന്ന അതി ഭീകര ദുരന്തത്തില് നിന്നും നാടിനെ രക്ഷിക്കാന് ജീവന്മരണ പോരാട്ടം നടത്തുന്ന അഗ്നിശമന സേനയുടെയും കഥ ഒട്ടും മടുപ്പിക്കാതെ, പ്രേക്ഷകനെ ആകാംക്ഷയുടെ മുള്മുനയില് നിര്ത്തി അപ്രതീക്ഷിതവും ഗംഭീരവുമായ ക്ലൈമാക്സില് പൂര്ത്തിയാക്കുന്ന കഥാഗതി ആണ് സിനിമക്കുള്ളത്.. ആഖ്യാന രീതിയിലെ ഈ ഒരു ചടുലത തന്നെയാണ് സിനിമയുടെ പ്രധാന ആകര്ഷണവും. ദീപു അക്കാര്യത്തില് വിജയിച്ചിട്ടുണ്ടെന്നു നിസ്സംശയം പറയാം.. സിനിമയുടെ മറ്റു സാങ്കേതിക മേഖലകളും മികച്ചുതന്നെ നില്ക്കുന്നു. കുറ്റം പറയാന് മാത്രം ഇല്ലെങ്കിലും സിനമയുടെ മൊത്തത്തില് ഉള്ള നിലവാരത്തില് തുലോം പിന്നില് നിന്നത് ഗ്രാഫിക്സ് മേഘല ആണ്. സിനിമയുടെ രസച്ചരടിന്റെ ബലം കുറക്കാന് മാത്രം ഉള്ള ഒരു കുറവായി അതൊട്ട് അനുഭവപ്പെട്ടുമില്ല, മുന്പേ സൂചിപ്പിച്ച ചടുലമായ ആഖ്യാന രീതി തന്നെ കാരണം.
കഥാപാത്രങ്ങള് :-
അഭിനയത്തിന്റെ കാര്യത്തില് പ്രവചനാതീതമാണ് മമ്മൂട്ടിയുടെ കാര്യം, കുറെയേറെ സിനിമകള് പൊട്ടി പൊളിഞ്ഞു നില്ക്കുമ്പോള് ചാരത്തില് നിന്നും ഉയര്ന്നു പറന്ന ഫീനിക്സ് പക്ഷിയെപോലെ മുന്നറിയിപ്പ് എന്ന ഒരൊറ്റ ചിത്രം കൊണ്ട് വിസ്മയിപ്പിച്ച മഹാനടന്. 'അറുപതില്പരം വയസ്സുള്ള ഒരാള് ഫയര്മാന് ആയി എന്ത് കാണിക്കാന് ആണ്' എന്ന മുന് ധാരണക്കുള്ള മുഖമടച്ചുള്ള പ്രഹരം ആണ്, സിനിമയിലുടനീളം അസാമാന്യ പ്രകടനം നടത്തി മമ്മൂട്ടി നല്കിയത്. ക്ഷോഭവും നിരാശയും ധ്രുഡനിശ്ചയവും തന്റേടവും മമ്മൂട്ടി അല്ല, ഫയര്മാന് വിജയ് സിനിമയില് പ്രകടിപ്പിക്കുമ്പോള് അത് കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകന്റെയും വികാരങ്ങള് ആവുന്നു. നാം പറയാന് ആഗ്രഹിക്കുന്നത് മമ്മൂട്ടി പറയുമ്പോള് സംതൃപ്തനാവുന്നത് ഓരോ പ്രേക്ഷകനും ആണ്. മമ്മൂട്ടി എന്ന നടന്റെ വിജയവും അവിടെ തന്നെ! സിദ്ധിക്കും തന്റെ വേഷം നന്നായി ചെയ്തു, ബാക്കി എല്ലാവരും നന്നായി, സലിംകുമാറിന്റെ പ്രകടനം മാത്രം ആണ് ഒരല്പം കുറഞ്ഞു പോയത്. രോഗക്ഷീണം അദ്ദേഹത്തെ അലട്ടുന്നുണ്ടെന്നു തീര്ച്ച.
പ്രതികരണങ്ങള്:-
മായാജാലില് സിനിമ കാണുമ്പോള് കയ്യടി കേള്ക്കുന്നത് ആദ്യമായിട്ടാണ്. കുറെയേറെ രംഗങ്ങള്ക്ക് കയ്യടികള് കേട്ടിരുന്നു. പടത്തിനവസാനവും കയ്യടികള്. ഫാമിലിക്ക് ഇഷ്ട്ടമായി, കണ്ടിറങ്ങിയവരുടെ മുഘങ്ങളില് നിറഞ്ഞ സംതൃപ്തി!! എനിക്കും!!
ഒടുക്കം: -
തീര്ച്ചയായും കാണേണ്ട സിനിമ.