ഒഴിവു ദിവസത്തെ കളി - ഇത് വരെ അറിഞ്ഞിട്ടില്ലാത്ത ചലച്ചിത്രാനുഭവം !!
സമാനമായ പേരിൽ ഉണ്ണി ആർ എഴുതിയ ചെറുകഥ വായിച്ചിരുന്നതിനാൽ അതെ പ്രമേയം ആധാരമാക്കി ഒരു സിനിമ ഒരുങ്ങുന്നുണ്ടെന്നു അറിഞ്ഞപ്പോൾ മുതൽ ഒരു ആകാംക്ഷ നില നിന്നിരുന്നു. അത് കൊണ്ട് തന്നെ ആണ് ചിത്രം കാണാൻ കയറിയത്. സിനിമയ്ക്ക് കിട്ടിയ അവാർഡുകളുടെ എണ്ണം "ഒഴിവു ദിവസത്തെ കളി" കാണാൻ ഒരു കാരണമേ അല്ലായിരുന്നു.
സമൂഹത്തിൽ ഇന്നും നില നിൽക്കുന്നതും പ്രകടമായ ചർച്ച നടക്കാത്തതുമായ ജാതി രാഷ്ട്രീയവും വർണ വിവേചനവും ആയിരുന്നു ഉണ്ണിക്കഥയുടെ കാതൽ. അതിന്റെ വ്യാപ്തി ഒട്ടും ചോരാതെ അതി മനോഹരമായി ചലച്ചിത്ര വല്ക്കരിച്ചിരിക്കുന്നു സനൽ കുമാർ. കഥ പൂർണമായും സിനിമയുടെ അവസാന 30 മിനിറ്റുകളിലാണ് വരുന്നത്. അതിനു മുന്പുള്ള സമയം പ്രധാനപെട്ട കഥാപാത്രങ്ങളുടെ ഭൂത കാലം എന്ന സ്ഥിരം കഥ പറച്ചിലിലെക്കു പോകാതിരുന്ന സംവിധായകന് ആദ്യ കയ്യടി കൊടുക്കുന്നു.
കഴിഞ്ഞ 2 വർഷത്തിനിടക്ക് മലയാള സിനിമ നിരൂപണങ്ങളിൽ കേട്ട് മടുത്ത ഒരു വാക്കാണ്* "റിയലിസ്റ്റിക്ക് സിനിമ". ഏതാണ്ട് ആ രീതിയിൽ തന്നെയാണ് ഈ കളിയുടെയും അവതരണം. "റിയലിസ്റ്റിക്"!!... പക്ഷെ ഒരു സിനിമ ആയി തോന്നില്ല. അരുവിക്കര തെരഞ്ഞെടുപ്പ് ദിവസം 5 കുടിയന്മാരായ മധ്യവയസ്ക്കർ ഒരു ഒഴിഞ്ഞ വീട്ടിൽ ഒത്തു കൂടി മദ്യപിക്കുന്നതും "പോലീസും കള്ളനും" കളിക്കുന്നതും ആ വീടിന്റെ ഒഴിഞ്ഞ ഒരു കോണിൽ നിന്ന് കാണുന്നത് പോലെ തോന്നാം.
പ്രധാന കഥാപാത്രങ്ങളുടെ പേരുകൾ തന്നെ ഓരോ സൂചകങ്ങൾ ആണ്. അടിയന്തിരാവസ്ഥ കാലത്തെ ഭീകരത നേരിട്ട് കണ്ടറിഞ്ഞു സർക്കാർ ഉദ്യോഗസ്ഥനായി ജോലി നോക്കുന്ന "വിനയൻ", ദുബായിൽ ജോലി ചെയ്യുന്ന, ഒത്തു ചേരലുകളിൽ മദ്യം വാങ്ങുന്ന "ധർമ്മൻ", കറുത്തവനും കീഴ്ജാതി കാരനുമായ "ദാസൻ". കൂട്ടുകാർക്ക് ചക്ക കഴിക്കണം എന്ന് തോന്നിയാൽ പ്ലാവിൽ കയറാനും ചിക്കൻ കറി വേണമെന്ന് തോന്നിയാൽ കോഴിയെ കൊല്ലാനും ഉള്ള "ദാസൻ".
ഏഴെട്ട് കഥാപാത്രങ്ങളെ ചിത്രത്തിൽ ഉള്ളു.അതിൽ ആ സ്ത്രീ കഥാപാത്രം ഒഴികെ ആരെയും മുന്പ് കണ്ടിട്ടില്ല. എല്ലാവരും അതി മനോഹരമായി അഭിനയിച്ചിരിക്കുന്നു. രണ്ടാം പകുതിയിൽ വിനയനും ധർമനും പിണങ്ങുന്ന രംഗങ്ങൾ ഒക്കെ എത്ര മനോഹരമായി ചെയ്തിരിക്കുന്നു അവർ.
രണ്ടാം പകുതി ഏതാണ്ട് മുഴുവൻ (50 മിനിട്ടോളം) ഒറ്റ ഷോട്ട് ആണ്. അതായത് നമ്മൾ തീയറ്ററിൽ കാണുന്ന രണ്ടാം പകുതി അതെ പോലെ 50 മിനിട്ട് അവർ ആ ഒഴിഞ്ഞ വീട്ടിൽ ജീവിക്കുക ആയിരുന്നു. അവിടെ ഡയലോഗ് കാണാപ്പാടങ്ങൾ ഇല്ല, ഷോട്ട് ഡിവിഷൻസ് ഇല്ല, കട്ട്സ് ഇല്ല. ഈ ചിത്രത്തിന് പിന്നിലുള്ള അധ്വാനം ആ 50 മിനിട്ടുകൾ പറയും. 100 കോടിയും 500 കോടിയും മുടക്കുന്നത് മാത്രമല്ല. സിനിമയുടെ ഒരു പകുതി മുഴുവൻ ഒറ്റ ഷോട്ടിൽ ചിത്രീകരിക്കുന്നതിനെയും ഞാൻ "ബ്രഹ്മാണ്ട ചിത്രം" എന്ന് വിളിക്കും. കാരണം ഇന്ന് വരെ അറിഞ്ഞിട്ടില്ലാത്ത ഒരു ചലച്ചിത്രാനുഭവം ആയിരുന്നു "ഒഴിവു ദിവസത്തെ കളി". ഉണ്ണി ആറിന്റെ ഒരു ചെറിയ "ചെറു കഥ"യെ ഒരു വലിയ അനുഭവം ആക്കിയ സംവിധായകനും ക്യാമറയിലൂടെ അല്ലാതെ കണ്ണുകളിലൂടെ രംഗങ്ങൾ പകർത്തിയ ക്യാമറാമാനും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി. പ്രത്യേക നന്ദി ഉണ്ട് തകർത്ത് ജീവിച്ച ആ അഭിനേതാക്കൾക്കും. പിന്നെ തീയേറ്ററിൽ ഈ ചിത്രം എത്തിച്ച ആഷിക് അബുവിനും.
ഉണ്ണി ആർ കഥകൾക്ക് ഇനി സന്തോഷത്തോടെ ചിരിക്കാം. 2 മാസത്തെ ഗ്യാപ്പിൽ 2 ഉണ്ണി ആർ കഥകളുടെ ചലച്ചിത്ര രൂപം തീയേറ്ററിൽ കണ്ടു. ഉണ്ണിയുടെ മികച്ച ചെറു കഥകളിൽ ഒന്നായ "ലീല"യെ രഞ്ജിത്ത് വികലമാക്കിയപ്പോൾ "ഒഴിവു ദിവസത്തെ കളി" യെ കഥയുടെ മുകളിൽ നിൽക്കുന്ന അനുഭവം ആക്കി സനൽ കുമാർ ശശിധരൻ.
ഒഴിവു ദിവസം നോക്കി ഈ കളി കാണാൻ ഇറങ്ങിയതാണെങ്കിലും കളി ഇപ്പോൾ കാര്യം ആയി. ആ 5 കഥാപാത്രങ്ങളും രണ്ടാം പകുതിയും ഇറങ്ങി പോകുന്നില്ല. പോകേണ്ട. അവിടെ കിടക്കട്ടെ. അല്ല പിന്നെ.