Sponsored Links ::::::::::::::::::::Remove adverts | |
Mohanlal as Ithikara Pakki![]()
Kochunni ena Title kodi maatiyal![]()
Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise
ഐതിഹ്യമാല/കായംകുളം കൊച്ചുണ്ണി
കായംകുളം കൊച്ചുണ്ണിയെക്കുറിച്ചു കേട്ടിട്ടില്ലാത്തവരായി തിരുവിതാംകൂറിലെന്നല്ല, കേരളത്തിൽത്തന്നെ അധികംപേരുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. എന്നാൽ കൊച്ചുണ്ണി ഒരു വലിയ കള്ളനും അക്രമിയുമാണെന്നാണ് മിക്കവരുടെയും ബോധം. വാസ്തവത്തിൽ അയാൾ ഒരു സത്യവാനും മര്യാദക്കാരനുംകൂടിയായിരുന്നു. പരസ്പര വിരുദ്ധങ്ങളായ ഈ ഗുണങ്ങൾ എല്ലാം കൂടി ഒരാളിലുണ്ടായിരിക്കുന്നതെങ്ങനെയാണെന്നു ചിലർ വിചാരിച്ചേക്കാം. അത് ഏതു പ്രകാരമെന്നു പിന്നാലെ വരുന്ന സംഗതികൾകൊണ്ടു ബോധ്യപ്പെടുമെന്നു മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ.കൊച്ചുണ്ണി ജനിച്ചത് 993-ആമാണ്ടു കർക്കിടമാസത്തിൽ അമാവാസിയിൽ അർദ്ധരാത്രിസമയം തിരുവിതാംകൂറിൽ കാർത്തികപ്പള്ളിത്താലൂക്കിൽച്ചേർന്ന കീരിക്കാട്ടു പ്രവൃത്തിയിൽ കൊറ്റുകുളങ്ങരയ്ക്കു സമീപമുണ്ടായിരുന്ന സ്വഗൃഹത്തിലാണ്. കൊച്ചുണ്ണിയുടെ പിതാവും വലിയ അക്രമിയും കള്ളനുമായിരുന്നു. അയാളുടെ പ്രധാന ഉപജീവനമാർഗം മോ*ഷണംതന്നെയായിരുന്നു. അന്നന്നു മോഷ്ടിച്ചു കിട്ടുന്നതുകൊണ്ട് അഹോവൃത്തി കഴിച്ചുവന്നുവെന്നല്ലതെ അയാൾക്കു സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. ഒരു രാത്രിയിൽ ഒന്നും മോഷ്ടിക്കാൻ തരപ്പെട്ടില്ലെങ്കിൽ പിറ്റേദിവസം അയാളും അയാളുടെ കുടുംബത്തിലുള്ളവരും പട്ടിണിതന്നെ. അയാളുടെ സ്ഥിതി അത്രമാത്രം മോശമായിരുന്നു. അതിനാൽ തന്റെ പുത്രനായ കൊച്ചുണ്ണിയെ യഥാകാലം വിദ്യാഭ്യാസം ചെയ്യിക്കുന്നതിനും മറ്റും അയാൾക്കു കഴിഞ്ഞില്ല.കൊച്ചുണ്ണി ഏകദേശം പത്തു വയസ്സുവരെ വളരെ കഷ്ടപ്പെട്ട് ഒരു വിധം സ്വഗൃഹത്തിൽത്തന്നെ താമസിച്ചു. അതിന്റെ ശേ*ഷം അവൻ വിശപ്പ് സഹിക്കാൻ പാടില്ലാതെയായിട്ട് വീട്ടിൽനിന്നു പുറപ്പെട്ട് അടുത്ത പ്രദേശമായ ഏവൂർ എന്ന സ്ഥലത്തു ചെന്നുചേർന്നു. അവൻ അവിടെ ക്ഷേത്രത്തിനു സമീപത്തുണ്ടായിരുന്ന ഒരു പരദേശബ്രാഹ്മണന്റെ മഠത്തിൽച്ചെന്ന് ആ ബ്രാഹ്മണന്റെ അടുക്കൽ താനൊരു മുഹമ്മദീയ ബാലനാണെന്നും ദാരിദ്ര്യദുഃഖം നിമിത്തം ഇറങ്ങിപ്പുറപ്പെട്ടതാണെന്നും മറ്റും പറഞ്ഞുകേൾപ്പിക്കയും തനിക്കു വിശപ്പു ദുസ്സഹമായിത്തീർന്നിരിക്കുന്നതിനാൽ വല്ലതും തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ദയാലുവായ ആ ബ്രാഹ്മണൻ കൊച്ചുണ്ണിയുടെ ദീനവചനങ്ങളെ കേട്ടും പാരവശ്യം കണ്ടും മനസ്സലിയുകയാൽ വാർത്ത കഞ്ഞിയിൽ കുറെ വറ്റും ഉപ്പും ഇട്ട് അവനു വയറു നിറയുന്നതുവരെ കൊടുത്തു. ആ വാർത്ത കഞ്ഞി നമ്മുടെ കൊച്ചുണ്ണിക്ക് അപ്പോൾ പഞ്ചാമൃതത്തെക്കാൾ മാധുര്യമുള്ളതായിത്തോന്നിയെന്നു പറയണമെന്നില്ലല്ലോ.കഞ്ഞികുടികഴിഞ്ഞതിന്റെശേ*ഷം ആ ബ്രാഹ്മണൻ കൊച്ചുണ്ണിയോട്, "ആഹാരത്തിന്നുള്ള വക കിട്ടിയാൽ നിനക്ക് ഇവിടെയെങ്ങും താമസിക്കാമോ?" എന്നു ചോദിച്ചു. കൊച്ചുണ്ണി സന്തോ*ഷത്തോടുകൂടി അങ്ങനെയാകാമെന്നു സമ്മതിച്ചു. ഉടനെ ആ ബ്രാഹ്മണൻ അവിടെ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ 'വലിയവീട്ടിൽപ്പീടിക' എന്നു പ്രസിദ്ധമായിട്ടുണ്ടായിരുന്ന പീടികയിൽ കൊണ്ടുചെന്ന്' ഇവനൊരു പാവപ്പെട്ട മേത്തക്കൊച്ചനാണ്. ഇവന് ആഹാരത്തിനു വല്ലതും കൊടുത്താൽ ഇവിടെ താമസിച്ചുകൊള്ളും' എന്നു പറഞ്ഞ് അവനെ ഏൽപ്പിച്ചു. പീടികക്കാർ അങ്ങനെ സമ്മതിച്ച് അവനെ അവിടെ താമസിപ്പിക്കുകയും ചെയ്തു.കൊച്ചുണ്ണിക്ക് ആദ്യം അവിടെ നിശ്ചയിച്ച വേല സമാനങ്ങളെടുത്തു കൊടുക്കുകയായിരുന്നു. അത് അവൻ വളരെ ജാഗ്രതയോടും ശരിയായും ചെയ്യുകയാൽ മുതലാളിക്കു വളരെ സന്തോ*ഷം തോന്നുകയും കൊച്ചുണ്ണിക്ക് ഭക്ഷണം, വസ്ത്രധാരണം മുതലായവയ്ക്കു യാതൊരു ബുദ്ധിമുട്ടും കൂടാതെ ശരിയായി കൊടുത്തു വരി ചിപ്പം കെട്ടുക മുതലായ ചില ജോലികൾകൂടി കൊച്ചുണ്ണിയെ ചുമതലപ്പെടുത്തി. കാലക്രമേണ സാമാനങ്ങൾ അളന്നും തൂക്കിയും കൊടുക്കുക, വാങ്ങുക മുതലായി പീടികയിലുള്ള സകല ജോലികൾക്കും ചുമതലക്കാരൻ കൊച്ചുണ്ണിയായിത്തീർന്നു. കൊച്ചുണ്ണിക്കു സകലപ്രവൃത്തികൾക്കും പ്രത്യേകമൊരു വാസനയും സ്വച്ഛതയും അതിയായ ജാഗ്രതയുമുണ്ടായിരുന്നതിനാൽ മുതലാളിക്ക് അവനിലുള്ള സന്തോ*ഷവും വിശ്വാസവും അളവില്ലാതെ വർദ്ധിക്കുകയും ചെയ്തു.അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ മുതലാളി കച്ചവടസാമാനങ്ങൾ വാങ്ങിക്കൊണ്ടുവരാനായി ആലപ്പുഴക്കു പോയി. കൊച്ചുണ്ണിയെയും കൊണ്ടുപോയിരുന്നു. അവിടെച്ചെന്നു സാമാനങ്ങളെല്ലാം വഞ്ചിയിലാക്കി ഇങ്ങോട്ടു പുറപ്പെട്ടു. മദ്ധ്യേമാർഗം അതികലശലായി ഒരു കോളും പിശറും തുടങ്ങി. ഓളം വലിയ മലപോലെ ഉയർന്ന് ഇളകിമറിഞ്ഞുതുടങ്ങി. വഞ്ചിയിൽ വെള്ളം അടിച്ചുകേറിത്തുടങ്ങി. വഞ്ചി മുങ്ങുമെന്നു തീർച്ചയാക്കി വഞ്ചിക്കാരൻ "അയ്യോ! ഞാൻ വിചാരിച്ചാൽ നിവൃത്തിയില്ല. കഴുക്കോൽ കുത്തീട്ടു വഞ്ചി നേരെ നിൽക്കുന്നില്ല. ഇതാ ഓളപ്പാത്തിയിലായിരിക്കുന്നു. ദൈവം തന്നെ രക്ഷിക്കട്ടെ" എന്നും മറ്റും പറഞ്ഞു നിലവിളികൂട്ടിത്തുടങ്ങി. "സാമാനങ്ങൾ പോകുന്നതുപോകട്ടെ. നമ്മുടെ ജീവനും പോകുമല്ലോ" എന്നു പറഞ്ഞു മുതലാളിയും നിലവിളിച്ചുതുടങ്ങി. അപ്പോൾ കൊച്ചുണ്ണി "നിങ്ങൾ വ്യസനിക്കാതെയും കലശൽകൂട്ടാതെയുമിരിക്കാമെങ്കിൽ വഞ്ചി ഞാൻ കരയ്ക്കടുപ്പിക്കാം. ചുമ്മായിരിക്കണം, നമുക്കു പടച്ചവനുണ്ട്" എന്നു പറഞ്ഞു. ധൈര്യസമേതം വഞ്ചിയുടെ അമരത്തു ചെന്നു കഴുക്കോലെടുത്ത് ഊന്നിത്തുടങ്ങി. യാതൊരാപത്തും അപകടവും കൂടാതെ അവൻ വഞ്ചി കടവിലടുപ്പിക്കുകയും ചെയ്തു. കൊച്ചുണ്ണി ഇതിനുമുമ്പു കഴുക്കോൽ കുത്തി പരിചയമുണ്ടായിരുന്നില്ല. അവനു സകല വേലകൾക്കും പ്രകൃത്യാതന്നെ ഒരു വശതയുണ്ടായിരുന്നു. ഈ സംഗതി നടന്നതിന്റെ ശേ*ഷം സാമാനങ്ങൾ കൊണ്ടുവരുന്നതിന് ആലപ്പുഴയ്ക്കും കൊച്ചിക്കും പോകുമ്പോൾ മുതലാളിയുടെ വഞ്ചിക്കാരനായിരുന്നതും കൊച്ചുണ്ണിതന്നെയായിരുന്നു. ഇങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ കൊച്ചുണ്ണിക്കു നിത്യവൃത്തിക്കു മാത്രം കൊടുത്താൽ പോരെന്നു തോന്നുകയാൽ മുതലാളി ചെലവുകഴിച്ചു പ്രതിമാസം ഒരു ചെറിയ സംഖ്യ അവനു ശമ്പളമായിട്ടും കൊടുത്തു തുടങ്ങി. ശമ്പളം വാങ്ങിയാൽ അവൻ വീട്ടിൽ കൊണ്ടുപോയി അവന്റെ മാതാപിതാക്കന്മാരുടെ കയ്യിൽ കൊടുക്കുകയല്ലാതെ സ്വകാര്യമായി സമ്പാദിച്ചിരുന്നില്ല.ഇങ്ങനെയിരുന്ന കാലത്ത് ഒരു തങ്ങൾ കായമകുളത്തു വന്നു താമസിച്ചു ചില മുഹമ്മദീയരെ ആയുധാഭ്യാസവും കായികാഭ്യാസവും മറ്റും പരിശീലിപ്പിക്കുന്നതായി കൊച്ചുണ്ണി കേട്ടു. എന്നാൽ തനിക്കും ചിലതൊക്കെ പഠിക്കണമെന്നു നിശ്ചയിച്ച് കൊച്ചുണ്ണി ഒരു ദിവസം വൈകുന്നേരം പീടികയിലെ ജോലികളെല്ലാം കഴിഞ്ഞതിന്റെ ശേ*ഷം കായംകുളത്തു ചെന്നു തങ്ങളെ കണ്ടു തന്നെകൂടി വല്ലതുമൊക്കെ പഠിപ്പിച്ചാൽ കൊള്ളാമെന്നു പറഞ്ഞു. അതു കേട്ടു തങ്ങൾ, 'നിന്നെ ഒന്നും പഠിപ്പിക്കാൻ പാടില്ല. ഒന്നും പഠിപ്പിക്കാഞ്ഞിട്ടുതന്നെ നിന്റെ പിതാവു വലിയ അക്രമിയായിരിക്കുന്നു. കാലസ്ഥിതികൊണ്ട് നീ അവനെക്കാൾ അക്രമിയായിത്തീരാനാണ് എളുപ്പം. നിന്നെ അഭ്യാസങ്ങൾകൂടി ശീലിപ്പിച്ചാൽ നീ ലോകം മുടിക്കും. അതിനു കാരണഭൂതനാകാൻ എനിക്കു മനസ്സില്ല. എന്റെ ശി*ഷ്യൻമാർ പരോപദ്രവികളായിത്തീരുന്നത് എനിക്കും സങ്കടമാണ്. അതിനായിട്ടല്ല ഞാൻ എന്റെ ശി*ഷ്യരെ അഭ്യസിപ്പിക്കുന്നത്. ശത്രുക്കളിൽനിന്നുണ്ടാകുന്ന ആപത്തുകൾ തങ്ങൾക്കു പറ്റാതെ തടുത്തുകൊള്ളുന്നതിനായിട്ടു മാത്രമാണ് പഠിപ്പിക്കുന്നത്. അതിനാൽ നിന്നെ ഞാൻ അഭ്യസിപ്പിക്കുകയില്ല' എന്നു പറഞ്ഞു. അതു കേട്ട് ഏറ്റവും കുണ്ഠിതത്തോടുകൂടി കൊച്ചുണ്ണി മടങ്ങി വന്നു. എങ്കിലും അവൻ ഇച്ഛാഭംഗത്തോടുകൂടി ആ ഉദ്യമം വേണ്ടെന്നുവച്ചില്ല. രാത്രികാലങ്ങളിലായിരുന്നു തങ്ങൾ തന്റെ ശി*ഷ്യരെ അഭ്യസിപ്പിച്ചിരുന്നത്. അതു കൊച്ചുണ്ണിക്കു നല്ല തരമായീർന്നു. അവൻ പീടികയിലെ ജോലികളെല്ലാം കഴിഞ്ഞ് അത്താഴവും കഴിച്ച് പതിവായി ആരുമറിയാതെ കായംകുളത്തു ചെന്നു തങ്ങളുടെ കളരിക്കു സമീപം ഒരു സ്ഥലത്തിരുന്ന് അഭ്യാസങ്ങളെല്ലാം കണ്ടു പഠിക്കയും നേരം വെളുക്കുന്നതിനുമുമ്പ് പീടികയിലെത്തുകയും ചെയ്തുംകൊണ്ടിരുന്നു. അതിബുദ്ധിശാലിയായ അവൻ അങ്ങനെ മിക്ക വിദ്യകളും ആരും പഠിപ്പിക്കാതെ കണ്ടുതന്നെ വശമാക്കി. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം കൊച്ചുണ്ണി ഒളിച്ചിരുന്ന് അഭ്യാസങ്ങൾ കണ്ടു പഠിക്കുന്നത് ഒരാൾ കണ്ടെത്തുകയും വിവരം ഉപായത്തിൽ തങ്ങളെ ധരിപ്പിക്കുകയും ചെയ്തു. ഉടൻ തങ്ങൾ ശി*ഷ്യൻമാരിൽ ചിലരെ വിട്ടു കൊച്ചുണ്ണിയെ വിളിപ്പിച്ചു കളരിയിൽ വരുത്തി. തങ്ങളുടെ ശി*ഷ്യൻമാർ വന്നു വിളിച്ചിട്ട് ഒട്ടും മടിക്കാതെ കൊച്ചുണ്ണി കളരിയിൽ ചെന്നു. തങ്ങൾ അവനോട് 'നീ എന്തെല്ലാം പഠിച്ചു?' എന്നു ചോദിച്ചു. 'ഇവിടെ പഠിച്ചതെല്ലാം ഞാനും പഠിച്ചു' എന്നു കൊച്ചുണ്ണി മറുപടി പറഞ്ഞു. അതുകേട്ടു തങ്ങൾ അവനെ ഒന്നു പരീക്ഷിച്ചു. അപ്പോൾ തങ്ങളുടെ സ്വന്തം ശി*ഷ്യരെക്കാൾ അഭ്യാസവി*ഷയത്തിൽ കൊച്ചുണ്ണി യോഗ്യനായിത്തീർന്നിരിക്കുന്നതായിക്കണ്ടു. ഇതിങ്കൽ തങ്ങൾക്ക് അസൂയയല്ല, വളരെ സന്തോ*ഷമാണ് തോന്നിയത്. ഇത്രയും ബുദ്ധിമാനായിരിക്കുന്ന ഇവനെ ശരിയായി അഭ്യസിപ്പിക്കുകതന്നെ വേണം എന്നു നിശ്ചയിച്ച് തങ്ങൾ, പതിവായി കളരിയിൽ വന്ന് അഭ്യസിച്ചുകൊള്ളുന്നതിനു കൊച്ചുണ്ണിക്ക് അനുവാദം കൊടുത്തു. പിറ്റേദിവസംമുതൽ പതിവായി കൊച്ചുണ്ണി രാത്രിതോറും കളരിയിൽ ഹാജരായി അഭ്യസിച്ചുതുടങ്ങുകയും ചെയ്തു. അവൻ തങ്ങളുടെ അടുക്കൽനിന്ന് അക്കാലത്തു നടപ്പുണ്ടായിരുന്ന വെട്ട്, തട മുതലായ ആയുധാഭ്യാസങ്ങളും ഓട്ടം, ചാട്ടം, മറിച്ചൽ, തിരിച്ചൽ മുതലായ കായികാഭ്യാസങ്ങളുമെല്ലാം ശീലമാക്കി. ആകപ്പാടെ കുറച്ചു ദിവസത്തെ അഭ്യാസംകൊണ്ടു കൊച്ചുണ്ണി ഒരൊന്നാന്തരം അഭ്യാസിയായിത്തീർന്നു എന്നു പറഞ്ഞാൽ മതിയല്ലോ. കൊച്ചുണ്ണിയുടെ അനിതരസാധാരണമായ ബുദ്ധിസാമർഥ്യംകൊണ്ട് തങ്ങൾക്കു വളരെ സന്തോ*ഷം തോന്നി. ആ തങ്ങൾക്ക് ഈ വക അഭ്യാസങ്ങൾ മാത്രമല്ല ശീലമുണ്ടായിരുന്നത്. അയാൾ കൺകെട്ട്, ആൾമാറാട്ടം മുതലായ ജാലവിദ്യകളും ഗ്രഹിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, അതൊന്നും അധികം പ്രയോഗിക്കുകയും ശി*ഷ്യരെ പഠിപ്പിക്കുകയും പതിവില്ലായിരുന്നു. കൊച്ചുണ്ണിയുടെ പേരിൽ അത്യധികമായി സന്തോ*ഷവും വാത്സല്യവും തോന്നുകയാൽ തങ്ങൾ ആ വക വിദ്യകളും കൊച്ചുണ്ണിക്കു ഗൂഢമായി ഉപദേശിച്ചുകൊടുത്തു. ഇവയെല്ലാം ഗ്രഹിച്ചതിന്റെശേ*ഷം കൊച്ചുണ്ണി യഥാശക്തി ഗുരുദക്ഷിണയും കൊടുത്തു. പീടികയിലെ കണക്കെഴുത്തുകാരുടേയും മറ്റും സഹായവും സഹവാസവും മുതലാളിയുടെ ആനുകൂല്യവും നിമിത്തം കൊച്ചുണ്ണി ഒരു വിധം തമിഴും മലയാളവും എഴുതാനും വായിക്കാനും ശീലമാക്കുകയും ചെയ്തു.അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം വൈകുന്നേരം സന്ധ്യയ്ക്കു മുമ്പായി ഏവൂർ ക്ഷേത്രത്തിലെ ശാന്തിക്കാരൻ മൂന്നു തുലാം ശർക്കരയ്ക്ക് അത്യാവശ്യമാകയാൽ പണവും പാത്രവും കൊടുത്ത് ഒരാളെ പീടിയിൽ അയച്ചു. പീടിയിലുണ്ടായിരുന്ന ശർക്കര മുഴുവനും അവസാനിച്ചിരുന്നു. എങ്കിലും മുതലാളിയുടെ വീട്ടിൽ ശർക്കര ധാരാളം ശേഖരിച്ചിട്ടുണ്ടായിരുന്നു. വീട് പീടികയുടെ സമീപത്തു തന്നെ ആയിരുന്നു. അതിനാൽ വീട്ടിൽച്ചെന്നു കുറെ ശർക്കര എടുത്തുകൊണ്ടുവരുവാനായി മുതലാളി കൊച്ചുണ്ണിയെ വീട്ടിലേക്ക് അയച്ചു. കൊച്ചുണ്ണി വീട്ടിൽ ചെന്ന സമയം അവിടെയുള്ളവരെല്ലാം പടിപ്പുര അടച്ചു സാക്ഷയിട്ടു കുളിക്കാൻ പോയിരിക്കുകയായിരുന്നു. വീട്ടിനു ചുറ്റും വലിയ മതിൽക്കെട്ടുമുണ്ടായിരുന്നു. കൊച്ചുണ്ണി രണ്ടുമൂന്നു വിളിച്ചിട്ടും ആരും മിണ്ടായ്കയാൽ അവൻ പാത്രവുംകൊണ്ടു പുറകുമറിഞ്ഞു മതിൽക്കെട്ടിനകത്തു കടക്കുകയും വീട്ടിന്റെ ഇറയത്തു ചാറയിൽ നിറച്ചിട്ടിരുന്നതിൽനിന്ന് ആവശ്യപ്പെട്ട ശർക്കര പാത്രത്തിലാക്കി തലയിൽവെച്ചുകൊണ്ടു മുമ്പു മറിഞ്ഞു മതിൽക്കെട്ടിനു പുറത്തിറകയും പീടികയിൽ ചെന്നു മൂന്നുതുലാം ശർക്കര തൂക്കിക്കൊടുക്കുകയും ശേ*ഷമുണ്ടായിരുന്നതു പീടികയിലെ ചാറയിലാക്കി അടച്ചു വയ്ക്കുകയും ചെയ്തു. പിറ്റേ ദിവസം ആരോ പറഞ്ഞ് കൊച്ചുണ്ണി കാണിച്ച ഈ വിദ്യയും അവൻ കായംകുളത്തു പോയി അഭ്യാസങ്ങൾ പഠിച്ചുവെന്നുള്ള വിവരവും മുതലാളി അറിഞ്ഞു. അതുവരെ കൊച്ചുണ്ണി രാത്രി കാലങ്ങളിൽ കായംകുളത്തുപോയി അഭ്യസിച്ച സംഗതി മുതലാളി അറിഞ്ഞിരുന്നില്ല. ഈ സംഗതികളെല്ലാം മനസ്സിലാക്കിയതിന്റെശേ*ഷം മുതലാളി കൊച്ചുണ്ണിയെ അടുക്കൽ വിളിച്ചു വീട്ടിൽനിന്നു ശർക്കര എടുത്തുകൊണ്ടു വന്നത് ഏതുപ്രകാരമായിരുന്നു എന്നും തങ്ങളുടെ അടുക്കൽ പോയി അഭ്യാസങ്ങൾ പഠിക്കുകയുണ്ടായോ എന്നും മറ്റും ചോദിച്ചു. കൊച്ചുണ്ണി ഒന്നും മറച്ചുവയ്ക്കാതെ എല്ലാം സത്യമായി, ഉണ്ടായതുപോലെ സമ്മതിച്ചു പറഞ്ഞു. ഉടനെ മുതലാളി, നീ എനിക്ക് വളരെ സഹായങ്ങൾ ചെയ്തിട്ടുണ്ട്. അതൊന്നും ഞാൻ ഒരുകാലത്തും മറക്കുകയില്ല. നിന്റെ പേരിൽ എനിക്കു വളരെ സന്തോ*ഷവും വിശ്വാസവുമുണ്ട്. എങ്കിലും നീ ഇവിടെ താമസിക്കണമെന്നു തോന്നുന്നില്ല. ഞാൻ ഇങ്ങനെ പറയുന്നതു കൊണ്ട് നിനക്കു മനസ്താപവും എന്റെ പേരിൽ വിരോധവുമുണ്ടാകരുത്. എന്നും നീ എന്റെ ബന്ധുവായിത്തന്നെ ഇരിക്കണം. ഞാൻ ആവശ്യപ്പെടുന്ന സഹായങ്ങൾ എന്നും എനിക്കു നീ ചെയ്തു തരികയും വേണം. എന്നാൽ കഴിയുന്ന സഹായങ്ങൾ ഞാൻനിനക്കും ചെയ്തു തരികയും വേണം. എന്നാൽ കഴിയുന്ന സഹായങ്ങൾ ഞാൻ നിനക്കും എന്നും ചെയ്തുതരുന്നതാണ് എന്നു പറഞ്ഞ് അന്നുവരെ കണക്കു തീർത്ത് അവനു കൊടുപ്പാനുണ്ടായിരുന്ന ശമ്പളവും ആയിരംപണം സമ്മാനമായിട്ടും കൊടുത്ത് അവന്റെ വീട്ടിലേക്കയച്ചു. അങ്ങനെ കൊച്ചുണ്ണി വലിയവീട്ടിൽ പീടികയിൽ നിന്നു പിരിഞ്ഞുപോകയും ചെയ്തു. അന്നു കൊച്ചുണ്ണിക്ക് ഇരുപരുവയസ്സു പ്രായമായിരുന്നു. അതിനാൽ അവൻ പീടികയിൽ ജോലിയായി താമസിച്ചു തുടങ്ങിയിട്ട് ഏകദേശം പത്തു കൊല്ലത്തോളമായിരുന്നുവെന്നു വിശേ*ഷിചു പറയണമെന്നില്ലല്ലോ.കൊച്ചുണ്ണി സ്വഗൃഹത്തിൽ താമസമാക്കിയതിന്റെശേ*ഷം അധികം താമസിയാതെ കല്യാണം കഴിച്ച് ഭാര്യയെ തന്റെ വീട്ടിൽ കൊണ്ടുവന്നു. ആയിടയ്ക്കു തന്നെ അവന്റെ മാതാപിതാക്കൻമാർ കാലഗതിയെ പ്രാപിച്ചു പോയി. ഭാര്യയ്ക്കു വളരെ ചെറുപ്പമായിരിക്കകൊണ്ടു കൊച്ചുണ്ണി തന്റെ ഭാര്യയുടെ മാതാവിനെക്കൂടി സ്വഗൃഹത്തിൽ കൊണ്ടു വന്നു പാർപ്പിച്ചു.കൊച്ചുണ്ണിക്കു പിതൃസമ്പാദ്യമായിട്ടോ സ്വന്തസമ്പാദ്യമായിട്ടോ യാതൊരു മുതലുമില്ലാത്തതിനാൽ പിന്നെയും കാലക്ഷേപത്തിനു വളരെ ഞെരുക്കം തന്നെയായിരുന്നു. അതിനാലവൻ തന്റെ സതീർഥ്യരായ ചില മുഹമ്മദീയരെക്കൂടെ കൂട്ടുപിടിച്ചുകൊണ്ട് ചില അക്രമപ്രവ്യത്തികൾ തുടങ്ങി. അന്യരാജ്യങ്ങളിൽ ചെന്നു സഹായവിലക്കു വ്യാജചരക്കുകൾ വാങ്ങി ഇവിടെ (കായംകുളത്തു) കൊണ്ടുവന്നു വിറ്റു ലാഭമെടുക്കുകയാണ് കൊച്ചുണ്ണിയുടെ അക്രമപ്രവ്യത്തികളിൽ ആദ്യം പ്രധാനമായിട്ടുള്ളത്. പിന്നീട് ചിലരുടെ ഭവനങ്ങൾ ഭേദിച്ച് അകത്തുകടന്നു സർവവും കൊള്ളയിടുക, വഴിപോക്കരുടെ കൈവശമുള്ളതെല്ലാം പിടിച്ചുപറിക്കുക മുതലായവയും തുടങ്ങി. എന്നാൽ പാവപ്പെട്ടവരെയും മര്യാദക്കാരെയും ധർമ്മിഷ്ഠന്മാരെയും മറ്റും കൊച്ചുണ്ണി ഒരിക്കലും ഉപദ്രവിക്കാറില്ലായിരുന്നു. വലിയ ധനവാന്മാരും പച്ചവെള്ളം പോലും ആർക്കും കൊടുക്കാത്തവരുമായ ദുഷ്ടന്മാരുടെ ഭവനങ്ങളിൽ മാത്രമേ അവൻ കയറി കൊള്ളയിടാറുള്ളൂ. കൊച്ചുണ്ണിക്ക് ഒരിക്കൽ എന്തെങ്കിലും കൊടുത്താൽ പിന്നെ അവരെ അവൻ ഒരിക്കലും ഉപദ്രവിക്കാറില്ല. അവന് ഉപജീവനത്തിനു നിവ്യത്തിയില്ലാതാകുമ്പോൾ വലിയ ധനവാൻമാരായിട്ടുള്ളവരുടെ അടുക്കൽ ചെന്നു തനിക്കു ഇത്ര രൂപവേണം, അല്ലെങ്കിൽ ഇത്ര പറ നെല്ലുവേണമെന്നു പറയും. ഉടനെ കൊടുത്തയച്ചാൽ പിന്നെ യാതൊരു ഉപദ്രവവുമില്ല. ഒരു സമയം മടക്കിക്കൊടുക്കുന്നതിനും അവനു വിരോധമില്ല. വാങ്ങിയ സംഖ്യയും പലിശയും കുറച്ചുകൂടെ വേണമെങ്കിൽ അതും അവൻ കൊടുത്തേക്കും. ചോദിച്ചിട്ടു കൊടുത്തില്ലെങ്കിൽ ആ കൊടുക്കാത്തവരുടെ സർവസ്വവും നാലു ദിവസത്തിനകം കൊച്ചുണ്ണി കൊള്ളയടിച്ചുകൊണ്ടുപോകുമെന്നുള്ളതു നിശ്ചയമായിരുന്നു. കൊച്ചുണ്ണി ഇങ്ങനെ കൊള്ളചെയ്തെടുക്കുന്ന മുതലുകളെല്ലാം അവനും കൂട്ടുകാരുംകൂടി അനുഭവിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്. അവന്റെ വീതത്തീന്നു കിട്ടുന്നതുകൊണ്ട് അവൻ ധാരാളമായി ധർമ്മവും ചെയ്തിരുന്നു. കൊച്ചുണ്ണി ഈവക മുതലുകൾ സമ്പാദിക്കാറില്ല. അന്നത്തേടം സുഖമായി കഴിഞ്ഞുകൂടണമെന്നു മാത്രമേ അവനു വിചാമുണ്ടായിരുന്നുള്ളൂ.സ്വദേശികളായ പാവപ്പെട്ടവരെ അവൻ ധാരാളമായി സഹായിച്ചുകൊണ്ടിരുന്നു. കൊച്ചുണ്ണിയുടെ കൂട്ടുകാരെല്ലാം ആദ്യം കേവലം നിർധനൻമാരായിരുന്നു. അവന്റെ സഹകരണം നിമിത്തം അവരെല്ലാം ക്രമേണ വലിയ ധനികന്മാരായിത്തീർന്നു. കൊച്ചുണ്ണിക്കു മാത്രം അധികം സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. അവന്റെ ആശ്രിതന്മാരും സ്വദേശികളുമായിരുന്ന അനേകം പാവപ്പെട്ടവരും കൊച്ചുണ്ണിയുടെ സഹായം നിമിത്തം സമ്പന്നന്മാരായിതീർന്നിട്ടുണ്ട്. ഇന്ന ജാതിക്കാരെ അല്ലെങ്കിൽ ഇന്ന മതക്കാരെ മാത്രമേ സഹായിക്കയുള്ളൂ എന്നുള്ള നിർബന്ധം കൊച്ചുണ്ണിക്കുണ്ടായിരുന്നില്ല. ബ്രാഹ്മണനായാലും ശൂദ്രനായാലും സ്വജാതിയായാലും ക്രസ്ത്യാനിയായാലും, അവനെ ആശ്രയിച്ചാൽ തന്നാൽ കഴിയുന്ന സഹായം അവൻ ചെയ്തുകൊടുത്തിരുന്നു. ആകപ്പാടെ നോക്കിയാൽ കൊച്ചുണ്ണിമൂലം അക്കാലത്തു സമ്പന്നന്മാരായിതീർന്നിട്ടുള്ള ദരിദ്രർക്കും നിർധനന്മാരായിത്തീർന്നിട്ടുള്ള ധനികർക്കും സംഖ്യയില്ല.
Do not carry the experience of life as a wound - let it become wisdom. The harder life has been on you, the sooner you should become wise