
അപകടം കണക്കിലെടുക്കാതെ ഉദ്യാനങ്ങളിൽ അരളി വളർത്തുന്നവരുടെ എണ്ണം കൂടുന്നു
പാലക്കാട്: കടും പിങ്ക് നിറത്തിലുള്ള ഓസ്റ്റിന്* പ്രെറ്റി ലിമിറ്റ് എന്ന കുള്ളൻ അരളിപ്പൂക്കൾ വീട്ടകങ്ങളിൽ പതിവുകാഴ്ചയാണ്. സുന്ദരക്കാഴ്ചയൊരുക്കുന്ന അരളിപ്പൂക്കൾ പക്ഷേ, ജീവഹാനിവരെ സംഭവിച്ചേക്കാവുന്ന രാസഘടകങ്ങളടങ്ങിയ സസ്യങ്ങളിലൊന്നാണെന്നത് മറക്കരുത്.
ഈ അപകടം കണക്കിലെടുക്കാതെ ഉദ്യാനങ്ങളിൽ ഇത് വളർത്തുന്നവരുടെ എണ്ണം കൂടുന്നുണ്ട്.
ഉദ്യാനത്തിലും വിപണിയിലും ഡിമാൻഡ്
വെളുപ്പ്, പിങ്ക്, ചുവപ്പ്, ഇളം ഓറഞ്ച്, ഇളം പര്*പ്പിള്* നിറങ്ങളിൽ പൂക്കളുണ്ടാകുന്ന, നിരിയം ഒലിയാണ്ടര്* എന്ന വിഭാഗത്തിൽ പെടുന്ന സസ്യമാണ് അരളി. തമിഴ്നാട്ടിൽനിന്നാണ് പ്രധാനമായി എത്തിച്ചേരുന്നത്. ആയുർവേദത്തിൽ ഔഷധമായി ഇതിന്റെ വേര് മിതമായി ഉപയോഗിച്ചുവരുന്നുണ്ട്. പൂജാപുഷ്പമായും ഓണത്തിന് പൂക്കളത്തിലേക്കും ഇത് വരുന്നു. മികച്ച വിപണിസാധ്യതയുള്ളതിനാൽ വ്യാപകമായി കൃഷി ചെയ്തുവരുന്നു. ഓസ്റ്റിന്* പ്രെറ്റി ലിമിറ്റ് എന്ന, കടും പിങ്ക് പൂക്കള്* തരുന്ന ഇനത്തിനാണ് ഏറ്റവും പ്രചാരം. ഒറ്റത്തായ്ത്തടിയായി വളർത്തുന്നവയും സൂര്യപ്രകാശമുള്ള ഇടത്ത് സ്വയം വളരുന്നവയും ഇപ്പോൾ ആവശ്യക്കാരേറെയുള്ള ഇതേ കുടുംബമാണ്.

വിഷമാണ്, സൂക്ഷിച്ച് നടണം
- വിഷാംശമടങ്ങിയ അരളിയുടെ സസ്യഭാഗങ്ങളിലുള്ള ഒലിയാന്*ഡ്രിന്*, ഒലിയാന്* ഡ്രോജെനീന്* തുടങ്ങിയ രാസഘടകങ്ങൾ ശരീരത്തിലെത്തിയാൽ ജീവഹാനി വരെ സംഭവിച്ചേക്കാമെന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ട് കുട്ടികളും വളര്*ത്തുമൃഗങ്ങളും ഏറെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം.
- കുട്ടികൾക്ക് എത്താനാകാത്ത ഇടങ്ങളിൽ വേണം ചെടി നടാൻ. പൂക്കളും മറ്റും അവരുടെ കൈകളിൽ എത്തുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഒരു ഇല മതി കുട്ടികൾക്ക് പ്രശ്നം സൃഷ്ടിക്കാൻ. പൊതുസ്ഥലങ്ങളിൽ ഈ ചെടി നടുന്നത് പരമാവധി ഒഴിവാക്കണം.

ആരോഗ്യപ്രശ്നങ്ങൾ
- അരളിയുടെ ഇല, തണ്ട്, വേര് ഭാഗങ്ങളിലെ വിഷാംശം ശരീരത്തിൽ എത്തരുത്. ചെറിയ അളവിൽ രക്തത്തിലെത്തിയാൽ ഹൃദയസംബന്ധമായ പ്രശ്*നങ്ങളും അളവ് കൂടിയാൽ മരണവും സംഭവിക്കാം. രക്തത്തിൽ ഒരു മില്ലി ലിറ്ററിൽ 1-2 നാനോ ഗ്രാം അരളി ഇലയിൽനിന്നുള്ള ഒലിയാൻഡ്രിൻ എത്തിയാൽ വിഷബാധയുണ്ടാകുമെന്ന് പഠനം വെളിപ്പെടുത്തുന്നു.
- 9.8 - 10 നാനോ ഗ്രാം ശരീരത്തിലെത്തിയാൽ പേശികള്* കോച്ചിവലിക്കും. ഹൃദയമിടിപ്പിന്റെ താളംതെറ്റി മരണംവരെയും സംഭവിക്കാം. ഛര്*ദി, വയറിളക്കം, അധികമായ ഉമിനീര്* ഉല്*പാദനം എന്നിവയും വിഷബാധ ലക്ഷണമാണ്. ഇതിന്റെ ഇല കഴിക്കുന്ന വളർത്തുമൃഗങ്ങൾക്കും അപകടം സംഭവിക്കാം.