പക്ഷികളെ വേട്ടയാടിയ ആഫ്രിക്കന്* മത്സ്യങ്ങളെ കൊന്നൊടുക്കിയ മലയാളി
കേരളവുമായി ആത്മബന്ധം പുലര്*ത്തിയ ലോകപ്രശസ്ത പക്ഷിഗവേഷകനായിരുന്നു സാലിം അലി. അദ്ദേഹത്തിന്റെ 30-ാം ചരമ വാര്*ഷികമാണ് ജൂലൈ 20ന്. ഭരത്പൂര്* പക്ഷിസങ്കേതം അദ്ദേഹത്തിന് എക്കാലവും സ്വര്*ഗഭൂമിയായിരുന്നു. മലയാളിയായ വൈല്*ഡ് ലൈഫ് വാര്*ഡന്* ബിയോ ജോയിയുടെ പ്രയത്*നം പക്ഷിസങ്കേതത്തിന് പുനര്*ജന്മം നല്*കി.
ലോകപ്രശസ്ത പക്ഷിസങ്കേതമായ ഭരത്*പുരിന്*(രാജസ്ഥാൻ) പുനർജന്മം നൽകാൻ മലയാളിയായ വനപാലകന്റെ കരസ്പർശം വേണ്ടിവന്നു.തടാകങ്ങളും തണ്ണീർത്തടങ്ങളും അതിൽ നീന്തിത്തുടിക്കുന്ന വർണപ്പക്ഷികളുമാണ്* ഭരത്*പുരിന്റെ പ്രകൃതി സൗന്ദര്യത്തിന്* മാറ്റുകൂട്ടുന്നത്*. അവയ്ക്ക്* കുടപിടിക്കാൻ പടർന്ന്* പന്തലിച്ചുനിൽക്കുന്ന വൃക്ഷങ്ങളും.
പക്ഷികളുടെ ഒടിഞ്ഞുഞെരിഞ്ഞ അസ്ഥികൂടങ്ങൾ, തൂവൽക്കൂട്ടങ്ങൾ, ചുണ്ടുകൾ, കണ്ണുകൾ കൂടാതെ ചെറിയ മീനുകളുടെ അവശിഷ്ടങ്ങൾകൂടി കാണാമായിരുന്നു. മത്സ്യത്തിന്റെ കുടൽമാലകളിലും കട്ടപിടിച്ച രക്തത്തിലും അവ കലർന്നുകിടന്നു.
ഭരത്*പുർ പക്ഷിസങ്കേതത്തിലെ വൈൽഡ്* ലൈഫ്* വാർഡനായ കോതമംഗലം സ്വദേശി ബിജോ ജോയ്* കാഴ്ചയിൽ വലിയ മത്സ്യത്തെ ചളിവെള്ളത്തിൽനിന്ന്* പിടിച്ച്* കരയിലിട്ട്* വയറുകീറിയപ്പോൾ കണ്ടുനിന്ന ആൾക്കൂട്ടം അമ്പരന്നു. ഭരത്*പുരിന്റെ ആവാസവ്യവസ്ഥ നശിപ്പിച്ച്* പെറ്റുപെരുകിയ ആഫ്രിക്കൻ മത്സ്യത്തെ (African Cat Fish) ഉന്മൂലനം ചെയ്യാൻ നിരവധി സന്നദ്ധസംഘടനാ പ്രവർത്തകരുടെ സഹായം അദ്ദേഹത്തിന്* കിട്ടി. മഹത്തായ ഒരു കൂട്ടായ്മയായി അത്* രൂപംകൊണ്ടപ്പോൾ രാജസ്ഥാനിലെ പ്രകൃതിസ്നേഹികൾ ആശ്വസിച്ചു. ഭരത്*പുരിനെ വിനാശത്തിൽനിന്ന്* കരകയറ്റിയതാണ്.
പക്ഷികളുടെ ഒടിഞ്ഞുഞെരിഞ്ഞ അസ്ഥികൂടങ്ങൾ, തൂവൽക്കൂട്ടങ്ങൾ, ചുണ്ടുകൾ, കണ്ണുകൾ കൂടാതെ ചെറിയ മീനുകളുടെ അവശിഷ്ടങ്ങൾകൂടി കാണാമായിരുന്നു. മത്സ്യത്തിന്റെ കുടൽമാലകളിലും കട്ടപിടിച്ച രക്തത്തിലും അവ കലർന്നുകിടന്നു. തണ്ണീർത്തടങ്ങളെ വേട്ടയാടി പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച ആഫ്രിക്കൻ മത്സ്യങ്ങളെ ഉന്മൂലനം ചെയ്തത്* ഇന്ത്യയിൽ മാത്രമല്ല ലോകമെങ്ങുമുള്ള പ്രകൃതിസ്നേഹികൾ ശ്രദ്ധിച്ചു.

2000-ത്തിൽ ഐ.എഫ്*.എസ്*. പരീക്ഷ ജയിച്ച ബിജോജോയ്* 2014 നവംബർ മുതൽ ഭരത്*പുരിൽ വൈൽഡ്* ലൈഫ്* വാർഡനാണ്*. കോതമംഗലം നെല്ലിമറ്റം തുറക്കല വീട്ടിൽ ജോയി ജോണിന്റെ മകനാണ്*. ഈയിടെ ബിജോ ജോയിക്ക്* രാജസ്ഥാൻ വനംവകുപ്പിന്റെ പ്രത്യേക അംഗീകാരം കിട്ടി. ലോകപ്രശസ്തമായ രൺതംഭോർ കടുവസങ്കേതത്തിലെ ഡെപ്യൂട്ടി ഫീൽഡ്* ഡയറക്ടറായി നിയമിക്കപ്പെട്ടു. ഈ ഉന്നത പദവിയിലെത്തുന്ന ആദ്യത്തെ മലയാളിയാണ്* അദ്ദേഹം.
തണ്ണീർത്തടങ്ങളിലും തടാകങ്ങളിലും ഏത്* പ്രതികൂല സാഹചര്യത്തെയും നേരിട്ട്* തഴച്ചുവളരാൻ ആഫ്രിക്കൻ മത്സ്യത്തിന്* കഴിയും. വളർച്ചയെത്തിയവയ്ക്ക്* മൂന്നടി നീളംവരും. വലിയ പക്ഷികളുടെ ഇരയായ തവളകളെയും മറ്റ്* ഉഭയജീവികളെയും ചെറിയ മീനുകളെയും വൻമത്സ്യം വിഴുങ്ങും. ഇരുണ്ട ഭൂഖണ്ഡത്തിൽനിന്ന്* ഭരത്*പുരിലെത്തിയ വലിയമത്സ്യം പക്ഷി സങ്കേതത്തെ കീഴ്*മേൽ മറിച്ചു. അവ ക്രമേണ ഭീഷണിയും ശല്യവുമായി. പ്രകൃതിസ്നേഹികളെ അത്* പരിഭ്രാന്തരാക്കി.

മത്സ്യങ്ങളുടെ വയറുകീറിയപ്പോള്*
ഈ ആഫ്രിക്കൻ ജലഭൂതത്തെ ഉന്മൂലനം ചെയ്യാനുള്ള പ്രക്രിയ മുന്നോട്ടുപോകുന്നു. ചാലക്കുടി സ്വദേശി കെ.ആർ. അനൂപ്* വൈൽഡ്* ലൈഫ്* വാർഡനായിരുന്നപ്പോഴാണ് ദൗത്യം തുടങ്ങിയത്*. 2014-ൽ അത്* ബിജോജോയി ഏറ്റെടുത്തു.
2005-ൽ ബംഗാളിയായ ഒരു നിർമാണക്കരാറുകാരനാണ്* ആഫ്രിക്കൻ മത്സ്യത്തെ ഭരത്*പുരിലെ തടാകങ്ങളിൽ കൊണ്ടിട്ടത്*. അതോടെ സങ്കേതത്തിന്റെ ഒരവസ്ഥ തുടങ്ങി. മത്സ്യകൃഷിക്ക് യോജിച്ചതാണെന്ന് പ്രചരിപ്പിച്ചെങ്കിലും മത്സ്യം ഇതിനിടയിൽ ഇന്ത്യയിലെ നിരവധി തണ്ണീർത്തടങ്ങളിലെ പരിസ്ഥിതിക്ക് വിനാശകരമായിത്തീർന്നു. 2000-ത്തിൽ കേന്ദ്രസർക്കാർ ഈ മത്സ്യത്തെ ഇന്ത്യയിൽ നിരോധിച്ചിരുന്നതാണ്. എന്നിട്ടും അത് ഭരത്പുരിൽ നുഴഞ്ഞുകയറി. തണ്ണീർത്തടങ്ങളും തടാകങ്ങളുമാണ് ഭരത് പുരിന്റെ അത്യപൂർവമായ പ്രത്യേകത.

തന്റെ ആത്മകഥയിൽ (Fall of a Sparrow) സാലിം അലി അനുസ്മരിക്കുന്നുണ്ട്. അദ്ദേഹം പറയാറുണ്ട്, യമുനയുടെ തീരത്ത് ഒരു താജ്മഹൽ നമുക്ക് വീണ്ടും നിർമിക്കാൻ കഴിഞ്ഞേക്കും. എന്നാൽ, ഭരത്പുർ പക്ഷിസങ്കേതം നശിച്ചാൽ ഉയിർത്തെഴുന്നേൽപ്പ് അസാധ്യമാകും. ഭരത്പുർ മഹാരാജാവിന്റെ സ്വകാര്യനായാട്ട് വനപ്രദേശമാണ് 1956-ൽ പക്ഷിസങ്കേതമായി സ്ഥാപിക്കപ്പെട്ടത്. 1981-ൽ അത് ദേശീയോദ്യാനമായി കേന്ദ്രസർക്കാർ ഉയർത്തി.
1985-ൽ യുനെസ്കോയുടെ ലോക പൈതൃകമേഖലയായി. ദേശാടനപ്പക്ഷികൾ ഉൾപ്പെടെ 375 ഇനം പക്ഷികൾ ഭരത്പുരിലുണ്ട്. സൈബീരിയയിൽനിന്ന്* വർഷംതോറും ദേശാടനത്തിന് എത്തിയിരുന്ന സൈബീരിയൻ കൊക്കുകൾ സങ്കേതത്തിന് അന്തർദേശീയ മാനംനൽകി. 2005 മുതൽ കൊക്കുകൾ വിടപറഞ്ഞു. 29 ചതുരശ്ര കിലോമീറ്ററാണ് സങ്കേതത്തിന്റെ വിസ്തീർണം. 1972-ൽ കേന്ദ്രസർക്കാർ വന്യജീവിസംരക്ഷണനിയമം പ്രാബല്യത്തിലാക്കിയതോടെ ഭരത്പുരിൽ തോക്കുകളുടെ ഗർജനം നിലച്ചു.
അതിനുമുമ്പ് പക്ഷിവേട്ട വിനോദമായിരുന്നു. രാജകുടുംബാംഗങ്ങളും വി.ഐ.പി.കളും അവിടെ വേട്ടയ്ക്ക് എത്തിയിരുന്നു. 1938-ൽ അന്നത്തെ ഗവർണർ ജനറൽ ആയിരുന്ന ലിൻലിത് ഗോ പ്രഭുവിന്റെ സന്ദർശനത്തിന് താറാവുവർഗത്തിൽപ്പെട്ട 4273 പക്ഷികളെ തോക്കിന് ഇരയാക്കിയിരുന്നു.
തടാകങ്ങളുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥ ആഫ്രിക്കൻ മത്സ്യങ്ങൾ എങ്ങനെ തകിടംമറിച്ചെന്ന് പരിസ്ഥിതിപ്രേമികൾക്ക് ബോധ്യമായി. അവർ സഹായഹസ്തവുമായി മുന്നോട്ടുവന്നു.
2014 നവംബറിൽ വൈൽഡ് ലൈഫ് വാർഡൻ ബിജോ ജോയി ഓപ്പറേഷൻ മംഗൂർ തുടങ്ങി. മത്സ്യങ്ങളെ വലയിട്ട് പിടിച്ച് കൊല്ലുകയായിരുന്നു ദൗത്യം.

മത്സ്യത്തിന്റെ വയറ്റില്* നിന്ന് പുറത്തെടുത്ത നീര്*പക്ഷിയുടെ ശരീരഭാഗം
2014-15ൽ 7304 മത്സ്യങ്ങളെയും 2016-ൽ 40,117 മത്സ്യങ്ങളെയും ഈ വർഷം 9277 എണ്ണത്തെയും പിടിച്ച്* കൊന്നു. പല മത്സ്യങ്ങളുടെയും വയറുകീറി നാട്ടുകാരെ കാണിച്ചുകൊടുത്തു. തടാകങ്ങളിലെ നീർപക്ഷികളെയാണ് മത്സ്യം വിഴുങ്ങിയിരുന്നത്. അതിനാൽ ചെറിയ നീർപക്ഷികളുടെ എണ്ണം തടാകത്തിൽ കുറഞ്ഞിരുന്നു. ഏത് പ്രതികൂലസാഹചര്യത്തെയും നേരിട്ടുകൊണ്ട് തഴച്ചു വളരാനുള്ള കരുത്ത് ആഫ്രിക്കൻ മത്സ്യങ്ങൾക്ക് ഉണ്ടായിരുന്നു. മത്സ്യങ്ങളെ പിടിച്ച്* കൊന്നൊടുക്കാൻ ഒരു കർമസമിതി രൂപവത്*കരിച്ചിരുന്നു. ബിജോ ജോയിയെ കൂടാതെ പരിസ്ഥിതിപ്രവർത്തകരായ ബിക്രം ഗ്രെവാളും, ഡോ. ഗോപിസുന്ദറും സമിതിയിൽ അംഗങ്ങളായിരുന്നു.
എത്രകാലംകൊണ്ട് ആഫ്രിക്കൻ മത്സ്യങ്ങളെ പൂർണമായും ഒഴിവാക്കാൻ കഴിയും? അതിന് ബിജോ ജോയി നൽകുന്ന മറുപടി ഇങ്ങനെയാണ്: പത്തുവർഷം നീണ്ടുനിൽക്കുന്നതാണ് കർമപദ്ധതി. ഏതായാലും പകുതിയിലേറെ മത്സ്യങ്ങളെ പിടികൂടി കൊല്ലാൻ കഴിഞ്ഞു. സങ്കേതത്തെ ഭാഗികമായി രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. മഹത്തായ സംരക്ഷണപദ്ധതി യാഥാർഥ്യമാക്കാൻ ശ്രമിക്കുന്ന ബിജോജോയിക്ക് പ്രശസ്തമായ സീഡ് ലൈഫ് ടൈം കൺസർവേഷൻ വൈൽഡ് ലൈഫ് അവാർഡ് ലഭിച്ചു. ഭരത്പുരിലെ മുൻ റെയ്*ഞ്ച് ഓഫീസർ അബ്രാർ ഖാനും പുരസ്കാരം ലഭിച്ചിട്ടുണ്ട്. സാലിം അലിയുമായി ദീർഘകാലം ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. മാതൃഭൂമി കോഴിക്കോട് ചീഫ് ഫോട്ടോഗ്രാഫർ മധുരാജുമൊത്ത് ഞാൻ ഈയിടെ ഭരത്പുർ സന്ദർശിച്ചപ്പോൾ അബ്രാൻഖാനെ പരിചയപ്പെടുത്തിയത്* ബിജോ ജോയി ആയിരുന്നു.
ആഫ്രിക്കയിലുടനീളമുള്ള മത്സ്യം 1950-ൽ ഫ്രഞ്ചുകാർ വഴിയാണ് ഇന്ത്യയിൽ എത്തിയതെന്ന് ഗവേഷണം നടത്തിയിട്ടുള്ള ശാസ്ത്രജ്ഞനായ ഡോ. അഞ്ചൻ പ്രുസ്തി തെളിയിച്ചു. ഈ മത്സ്യം പതിനായിരിക്കണക്കിന് മുട്ടയിടുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അവ വിരിഞ്ഞ് കുഞ്ഞുങ്ങളാകും. ചെറിയ മത്സ്യങ്ങളെ വൻമത്സ്യങ്ങൾ തിന്നുന്നു. അതിനാൽ നീർക്കാക്ക, ചേരക്കോഴി തുടങ്ങിയ പക്ഷികളുടെ തീറ്റ മുടങ്ങി. തടാകത്തിലെ മത്സ്യങ്ങൾ അല്പം വലുതായാൽ വർണക്കൊക്ക്, പെലിക്കൻ തുടങ്ങിയവയ്ക്ക് ഇരയാണ്. എന്നാൽ, അവ വളരുന്നതിനുമുമ്പുതന്നെ ആഫ്രിക്കൻ മത്സ്യങ്ങളുടെ ഇരയാവുന്നു. അതിനാൽ ആഫ്രിക്കൻമത്സ്യത്തെ അടിയന്തരമായി ഉന്മൂലനം ചെയ്യണമെന്ന ഉപദേശമാണ് ദെഹ്*റാദൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് നൽകിയത്. വനംവകുപ്പിലെ ജീവനക്കാർക്കുപുറമെ സന്നദ്ധസംഘടനകളും ടൂറിസ്റ്റുകളെ കൊണ്ടുനടക്കുന്ന റിക്ഷക്കാരും ഓപ്പറേഷൻ മംഗൂറിനെ സഹായിച്ചതായി ബിജോ ജോയി പറഞ്ഞു. ചെലവുകൾക്കായി പത്തുലക്ഷം രൂപ രാജസ്ഥാൻ സർക്കാർ അനുവദിച്ചിരുന്നു. ഭരത്പുരിൽ തന്റെ പിൻഗാമി ദൗത്യം വിജയകരമായി പൂർത്തിയാക്കുമെന്ന് ബിജോ ജോയി പറഞ്ഞു.
ഭരത്പുരും മലയാളികളും

ഭരത്പൂര്* പക്ഷി സങ്കേതം
ഭരത്പുർ പക്ഷിസങ്കേതത്തിന് മലയാളിബന്ധങ്ങൾ ഏറെയുണ്ട്. പക്ഷിസങ്കേതത്തിലെ ആവാസവ്യവസ്ഥകളെക്കുറിച്ച് 1980-ൽ സാലിം അലി അധ്യക്ഷനായ ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയാണ് ആധികാരികപഠനങ്ങൾ നടത്തിയത്. മലയാളിയായ ഡോ. വി.എസ്. വിജയനും ഭാര്യ ഡോ. ലളിതയും പഠനസമിതികളിൽ അംഗങ്ങളായിരുന്നു. ഇരുവരും പ്രശസ്തരായ പക്ഷിഗവേഷകരാണ്. സൈബീരിയൻ കൊക്കുകളെക്കുറിച്ചാണ് ഡോ. ലളിത പഠനങ്ങൾ നടത്തിയത്. പക്ഷികളുടെ ദേശാടനം പഠിക്കാൻ അവയെ അടയാളപ്പെടുത്തി വിടുന്ന സംഘത്തിൽ സാലിം അലിയോടൊപ്പം ഡോ. ആർ. സുഗതൻ പ്രവർത്തിച്ചു.
പെരുമ്പാവൂർ സ്വദേശിയായ അദ്ദേഹം ഇപ്പോൾ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ശാസ്ത്രജ്ഞനാണ്. മുളന്തുരുത്തി സ്വദേശി സുരേന്ദ്രനും സാലിം അലിയോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഐ.സി.എസ്*. ഉദ്യോഗസ്ഥനും പ്രമുഖ നയതന്ത്രപ്രതിനിധിയുമായ കെ.പി.എസ്. മേനോൻ 1936-ൽ ഭരത്പുരിൽ അഡ്മിനിസ്*ട്രേറ്ററായിരുന്നു. ഭരത്പുരിന്റെ കാര്യത്തിൽ അദ്ദേഹവും താത്*പര്യം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നെഹ്രുവും അന്നത്തെ കൃഷിമന്ത്രി റാഫി അഹമ്മദ്* കിദ്*വായിയും ചേർന്നാണ് പക്ഷിസങ്കേതം രൂപവത്*കരിക്കാൻ സാലിം അലിയുടെ ശ്രമങ്ങൾക്ക് പൂർണപിന്തുണ നൽകിയത്.