കൃഷിക്ക് വെള്ളമുറപ്പാക്കാൻ ജലപദ്ധതിയുമായി കേന്ദ്രം; പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും




ന്യൂഡൽഹി: കാർഷികാവശ്യത്തിന് വെള്ളമുറപ്പാക്കാൻ ജലപദ്ധതിയുമായി കേന്ദ്രസർക്കാർ. പരീക്ഷണാടിസ്ഥാനത്തിൽ ചില സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കാനാണ് ആലോചന. സംസ്ഥാനങ്ങളുമായി സഹകരിച്ച് 22 പൈലറ്റ് പദ്ധതികൾ നടപ്പാക്കുമെന്ന് കേന്ദ്ര ജൽശക്തി മന്ത്രി സി.ആർ. പാട്ടീൽ പറഞ്ഞു. 1600 കോടി രൂപ വകയിരുത്തുന്ന പദ്ധതിയുടെ നടത്തിപ്പുചുമതല സംസ്ഥാനങ്ങൾക്കായിരിക്കും.

ഒരു മേഖലയ്ക്കായി കേന്ദ്രീകൃതമായി വെള്ളം സൂക്ഷിച്ചശേഷം കർഷകർക്ക് ആവശ്യാനുസരണം വിതരണംചെയ്യുന്നവിധത്തിലാണ് പദ്ധതിയുടെ രൂപകല്പന. വെള്ളത്തിന് ദൗർലഭ്യമുള്ള മേഖലകളിൽ ഇത് പ്രയോജനപ്പെടും. ഭൂഗർഭജലത്തിന്റെ ദുരുപയോഗവും പാഴാക്കലും കുറയ്ക്കാനാണ് ശ്രമം.

കൃഷിക്കുവേണ്ടി ഉപയോഗിക്കുമ്പോൾ പലപ്പോഴും വെള്ളം പാഴായിപ്പോകാറുണ്ട്. അതിന് പരിഹാരമാകാൻ വെള്ളത്തിന്റെ ഉപയോഗത്തിന് കണക്കുവെക്കലാണ് പദ്ധതികളിലൂടെ ഫലത്തിൽ നടപ്പാക്കുന്നത്.

വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന ജൽജീവൻ പദ്ധതിക്ക് സമാനമായ ഈ പദ്ധതിപ്രകാരം വെള്ളം ഉപയോഗിക്കുന്ന കർഷകർ പണം നൽകേണ്ടിവന്നേക്കും. പണം ഈടാക്കുന്നതെങ്ങനെ, എത്രരൂപ തുടങ്ങിയ കാര്യങ്ങൾ സംസ്ഥാനങ്ങൾ തീരുമാനിക്കും.