-
06-28-2025, 11:11 AM
#1601
കൃഷിക്ക് വെള്ളമുറപ്പാക്കാൻ ജലപദ്ധതിയുമായി കേന്ദ്രം; പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും

ന്യൂഡൽഹി: കാർഷികാവശ്യത്തിന് വെള്ളമുറപ്പാക്കാൻ ജലപദ്ധതിയുമായി കേന്ദ്രസർക്കാർ. പരീക്ഷണാടിസ്ഥാനത്തിൽ ചില സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കാനാണ് ആലോചന. സംസ്ഥാനങ്ങളുമായി സഹകരിച്ച് 22 പൈലറ്റ് പദ്ധതികൾ നടപ്പാക്കുമെന്ന് കേന്ദ്ര ജൽശക്തി മന്ത്രി സി.ആർ. പാട്ടീൽ പറഞ്ഞു. 1600 കോടി രൂപ വകയിരുത്തുന്ന പദ്ധതിയുടെ നടത്തിപ്പുചുമതല സംസ്ഥാനങ്ങൾക്കായിരിക്കും.
ഒരു മേഖലയ്ക്കായി കേന്ദ്രീകൃതമായി വെള്ളം സൂക്ഷിച്ചശേഷം കർഷകർക്ക് ആവശ്യാനുസരണം വിതരണംചെയ്യുന്നവിധത്തിലാണ് പദ്ധതിയുടെ രൂപകല്പന. വെള്ളത്തിന് ദൗർലഭ്യമുള്ള മേഖലകളിൽ ഇത് പ്രയോജനപ്പെടും. ഭൂഗർഭജലത്തിന്റെ ദുരുപയോഗവും പാഴാക്കലും കുറയ്ക്കാനാണ് ശ്രമം.
കൃഷിക്കുവേണ്ടി ഉപയോഗിക്കുമ്പോൾ പലപ്പോഴും വെള്ളം പാഴായിപ്പോകാറുണ്ട്. അതിന് പരിഹാരമാകാൻ വെള്ളത്തിന്റെ ഉപയോഗത്തിന് കണക്കുവെക്കലാണ് പദ്ധതികളിലൂടെ ഫലത്തിൽ നടപ്പാക്കുന്നത്.
വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന ജൽജീവൻ പദ്ധതിക്ക് സമാനമായ ഈ പദ്ധതിപ്രകാരം വെള്ളം ഉപയോഗിക്കുന്ന കർഷകർ പണം നൽകേണ്ടിവന്നേക്കും. പണം ഈടാക്കുന്നതെങ്ങനെ, എത്രരൂപ തുടങ്ങിയ കാര്യങ്ങൾ സംസ്ഥാനങ്ങൾ തീരുമാനിക്കും.
-
06-30-2025, 10:29 AM
#1602
ചിറകിലും ത്വക്കിലുമെല്ലാം വിഷമൊളിപ്പിച്ച പിതോഹി പക്ഷി

വിഷ ജന്തുക്കളെക്കുറിച്ച് നാം ഒരുപാട് കേട്ടിട്ടുണ്ടാകും. അക്കൂട്ടത്തിൽ പൊതുവിൽ പക്ഷികൾ കടന്നുവരാറില്ല. നമ്മുടെ നാട്ടിൽ വിഷവാഹികളായ പക്ഷികളില്ലാത്തതുകൊണ്ടുകൂടിയാണിത്. വിഷ ജന്തുക്കൾ എന്നുപറയുമ്പോൾ, മനസ്സിലേക്ക് ഓടിവരുക വിഷപ്പാമ്പുകളും മറ്റുമായിരിക്കും. എന്നാൽ, ത്വക്കിലും ചിറകിലുമെല്ലാം വിഷമൊളിപ്പിച്ച പക്ഷികളും ഭൂമിയിലുണ്ട്. അതിലൊന്നാണ് പിതോഹി എന്ന പക്ഷി.
പസഫിക്കിലെ ന്യൂ ഗിനിയ ദ്വീപിലെ മഴക്കാടുകളിൽ കാണുന്ന പക്ഷിയാണ് പിതോഹി. പിതോഹി ഡിക്രോസ് എന്നാണ് മുഴുവൻ പേര്. കറുപ്പും ഓറഞ്ചും നിറമുള്ള ഈ ചെറു പക്ഷിയെ കാണാൻ നല്ല ഭംഗിയാണ്. പക്ഷേ, ആള് അപകടകാരിയാണ്. ചിറകിലും ത്വക്കിലും ബട്രാകോ ടോക്സിൻ എന്ന വിഷപദാർഥം ഒളിപ്പിച്ചാണ് ഈ ജീവി പറക്കുന്നത്. വിഷമേറ്റാൽ ത്വക്കിൽ മരവിപ്പുണ്ടാകാൻ കാരണമാകും. അധിക അളവിൽ ശരീരത്തിലേറ്റാൽ പക്ഷാഘാതത്തിനുവരെ സാധ്യതയുണ്ട്.
വളരെ യാദൃച്ഛികമായാണ് ഗവേഷകർ ഈ പക്ഷിയിലെ വിഷ സാന്നിധ്യം തിരിച്ചറിഞ്ഞത്. 1990ലാണത്. മ്യൂസിയത്തിൽ സൂക്ഷിക്കുന്നതിനായി പക്ഷിയുടെ ചർമം ഗവേഷകർ ശേഖരിച്ചിരുന്നു. സാമ്പിളുകൾ കൈകാര്യം ചെയ്ത ഗവേഷകരുടെതെല്ലാം ത്വക്കിന് മരവിപ്പ് അനുഭവപ്പെട്ടതോടെയാണ് അതിന്റെ കാരണം തേടിയത്. ഈ അന്വേഷണത്തിലാണ് പക്ഷിയുടെ ചർമത്തിൽ ഹേമോബട്രാകോ ടോക്സിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ആദ്യമായായിരുന്നു ശാസ്ത്രലോകം ഒരു വിഷപ്പക്ഷിയെ തിരിച്ചറിഞ്ഞത് അതിനുശേഷം അരഡസൻ വിഷപ്പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്.
പിതോഹിയുടെ വിഷം ആ ജീവി സ്വയം ഉൽപാദിപ്പിക്കുന്നതല്ല എന്നതും കൗതുകകരമാണ്. അവയുടെ ഭക്ഷണത്തിൽനിന്നാണ് അത് ഉൽപാദിപ്പിക്കപ്പെടുന്നത്. പിതോഹിയുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്ന് കോറെസിൻ എന്ന ഒരു തരം വണ്ടാണ്. അവ ഭക്ഷിച്ചാൽ ദഹനാവശിഷ്ടങ്ങൾ വിയർപ്പായും മറ്റും ത്വക്കിലും ചിറകിലുമെല്ലാം എത്തുന്നതോടെയാണ് അത് വിഷമായി മാറുന്നത്.
-
06-30-2025, 04:33 PM
#1603
വൈനിന്റെയും ചോക്ലേറ്റിന്റെയും സമ്മിശ്രസ്വാദ്; ആമസോണില്*നിന്ന് തീന്*മേശയിലേക്ക് വന്ന അത്ഭുതഫലം
ആമസോണ്* മഴക്കാടുകളുടെ വന്യതയില്* പിറവിയെടുത്ത അത്ഭുതഫലം; പോഷകപൂര്*ണം. ആരോഗ്യസുരക്ഷയുടെ കാവല്*ക്കാര്*. 19 അമിനോ അമ്ലങ്ങളുടെ സ്രോതസ്. റെഡ് വൈനിന്റെയും ചോക്ലേറ്റിന്റെയും സമ്മിശ്രസ്വാദ്. ആമസോണ്* മഴക്കാടുകളില്* പിറന്ന സൂപ്പര്* ഫുഡ് ലെജന്*ഡ്...

അക്കായ് ബെറി |
ഐതിഹ്യത്തിലെ വൃഷ്ണി രാജവംശത്തിലെ രാജാവായിരുന്ന കംസനെ അറിയാത്തവര്* കാണില്ല. ദേവകിയുടെ എട്ടാമത്തെ പുത്രന്* കംസനെ കൊല്ലുമെന്ന അശരീരി കേട്ട്, അവര്* പ്രസവിച്ച കുട്ടികളെയെല്ലാം നിഷ്*കരുണം വധിച്ചാണ് കംസന്* പുരാണത്തില്* കുപ്രസിദ്ധനാകുന്നത്. സഹോദരി ദേവകിയെയും ഭര്*ത്താവായ വസുദേവരെയും കാരാഗൃഹത്തില്* അടയ്ക്കാനും കംസന്* മടിച്ചില്ല. എങ്കിലും പേമാരിയും കൊടുങ്കാറ്റും ഭീതി വിതച്ച ഒരു രാത്രിയില്* ദേവകി-വസുദേവന്മാരുടെ എട്ടാമത്തെ പുത്രനായി സാക്ഷാല്* ശ്രീകൃഷ്ണന്* ജനിക്കുകയും പില്*ക്കാലത്ത് കംസനെ വധിക്കുകയും ചെയ്തു എന്നത് ഐതിഹ്യം. ഇതുപോലെ ജനിക്കുന്ന കുഞ്ഞുങ്ങളെ എല്ലാം നിഷ്*കരുണം കൊല്ലണമെന്ന്* ഉത്തരവിട്ട രാജാവിനോട് സമാനനായ ഒരു സമുദായത്തലവന്* തെക്കേ അമേരിക്കയിലെ ആമസോണില്* ഉണ്ടായിരുന്നു. ആമസോണ്* മഴക്കാടുകളില്* തന്നെ പിറവിയെടുത്ത പ്രാചീനജനവിഭാഗമായ 'ടുപി' ജനതയുടെ തലവനായിരുന്ന ഇത്താക്കി.
ആമസോണ്* മഴക്കാടുകളില്* ഏതാണ്ട് 3000 വര്*ഷം മുന്*പ് കുടിയേറി പാര്*ക്കാനാരംഭിച്ച ജനവിഭാഗമാണ് 'ടുപി'. നിയന്ത്രണാതീതമായി പെരുകുന്ന ജനസംഖ്യ- അതായിരുന്നു ഇത്താക്കിയെ ആശങ്കാകുലനാക്കിയത്. ഇങ്ങനെ കയ്യും കണക്കുമില്ലാതെ ജനങ്ങള്* പെരുകിയാല്* ഇവര്*ക്കെല്ലാം ഉണ്ണാനും ഉടുക്കാനും വിഭവങ്ങള്* എവിടെനിന്ന് കണ്ടെത്തും? സ്വാഭാവികമായും ഒരു രാജ്യാധിപന്റെ സംശയം. ഇപ്പോള്* ഇത് കണ്ടില്ല എന്ന് കരുതി കണ്ണടച്ചാല്*, പിന്നീട് ഒരു നേരത്തെ ഭക്ഷണം കിട്ടാതെയാകും തന്റെ ആളുകള്* മരിച്ചു മണ്ണടിയുക. അത്തരമൊരു ദുരവസ്ഥയെക്കുറിച്ച് അദ്ദേഹത്തിന് ഓര്*ക്കാന്* പോലും കഴിയുമായിരുന്നില്ല. അതുകൊണ്ട് പ്രജാവത്സലനായ ഇത്താക്കി ഒരുത്തരവ് പുറപ്പെടുവിച്ചു. പുതുതായി ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും കൊന്നുകളയുക! അവിശ്വസനീയമായ ഉത്തരവ് അറിഞ്ഞ് ജനങ്ങള്* അമ്പരന്നു. തലവന്റെ ഉത്തരവല്ലേ? മനസ്സില്ലാമനസ്സോടെയാണെങ്കിലും ദേശത്ത് അത് നടപ്പാക്കി. ജനസംഖ്യ അങ്ങനെയെങ്കിലും നിയന്ത്രിക്കാമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുക്കൂട്ടല്*.
ഈയവസരത്തിലാണ് ഇത്താക്കിയുടെ പുത്രിയായ ഇയാക്ക (iaca) ഗര്*ഭവതിയാകുന്നത്. സ്വന്തം മകള്* എന്ന് കരുതി ന്യായസ്ഥനായ ഇത്താക്കി മകളെ പൊതുനിയമത്തില്* നിന്നൊഴിവാക്കിയില്ല. ഇയാക്ക പ്രസവിച്ച ചോരക്കുഞ്ഞിനെയും വധിച്ചു. ഇതില്* ഇയാക്ക അതീവ ദുഃഖവതിയായി. സദാസമയവും കണ്ണീരും നിരാശയുമായി ഇയാക്ക ഒതുങ്ങിക്കൂടി. ഒരു ദിവസം ഇയാക്കയ്ക്ക് തന്റെ വസതിക്കടുത്തു നില്*ക്കുന്ന ഒരു വൃക്ഷച്ചുവട്ടില്* തന്റെ കുഞ്ഞ് കിടക്കുന്നതായി തോന്നി. അവള്* ആര്*ത്തിയോടെ ആ മരത്തിനടുത്തെത്തി. താഴെയെങ്ങും കുഞ്ഞിനെ കണ്ടില്ല. ഇയാക്ക അതീവ താല്പര്യത്തോടെ മരത്തിന് മുകളിലേക്ക് നോക്കി. അവിടെ ആ മരത്തിന്റെ കായ്കള്*/ഫലങ്ങള്* നിറയെ കായ്ച്ചുകിടക്കുന്നുണ്ടായിരുന്നു. പക്ഷേ, അതിലേക്ക് ഉറ്റുനോക്കിക്കൊണ്ടു നില്*ക്കെത്തന്നെ ഇയാക്ക ആ മരച്ചുവട്ടില്* ഹൃദയംപൊട്ടി മരിച്ചുവീണു. മരിച്ചുകിടക്കുമ്പോഴും അവളുടെ കണ്ണുകള്* ആ മരത്തലപ്പില്* പിടിച്ചുകിടക്കുന്ന കായ്കളിലേക്കായിരുന്നു നോക്കിയിരുന്നത്. ഇയാക്ക ആ ഫലങ്ങള്* ഉറ്റുനോക്കുന്ന പ്രതീതി. അപ്പോഴാണ് ഇത്താക്കിയും മറ്റുള്ളവരും ഇയാക്ക മരണവേളയില്* നോക്കിയ ആ പഴത്തെ ശ്രദ്ധിക്കാനിടയായത്.
അനന്തരം അവര്* ആ കായ്കള്* ഇറുത്തെടുത്തു. അതിന് നല്ല മധുരവും മണവുമുണ്ടായിരുന്നു. ആഹാരത്തിന് ഉത്തമമായ ഫലമാണ് അത് എന്നവര്* തിരിച്ചറിഞ്ഞു. അത്തരം മരങ്ങള്* ആമസോണിലാകെ ധാരാളം വളര്*ന്നിരുന്നതിനാലും എല്ലാ മരങ്ങളും സമൃദ്ധമായി കായ്ച്ച് ഫലം ചൊരിഞ്ഞിരുന്നതിനാലും നാട്ടില്* ഭക്ഷ്യക്ഷാമം പിടിപെടും എന്ന ആശങ്ക ഇത്താക്കിയ്ക്കും പ്രജകള്*ക്കും ഒഴിവായി. എന്നു മാത്രമല്ല, എല്ലാവര്*ക്കും കഴിക്കാന്* സമൃദ്ധമായി പഴങ്ങള്* ഉണ്ടാകുകയും ചെയ്തുകൊണ്ടേയിരുന്നു. അന്ന് ആ ഫലവൃക്ഷത്തിന് പേരെന്തെന്ന് ആര്*ക്കും അറിയുമായിരുന്നില്ല. അപ്പോഴാണ് അവര്*ക്ക് ഇത്താക്കിയുടെ മകളായ മരിച്ച ഇയാക്കയുടെ കാര്യം ഓര്*മ്മ വന്നത്. ഇയാക്കയുടെ ഓര്*മ്മയ്ക്കായി അവര്* ആ മധുരഫലത്തിന് 'അക്കായ്' (Acai) എന്ന് പേര് നല്*കി. 'ഇയാക്ക' (Iaca) എന്ന പേരിന്റെ അക്ഷരങ്ങള്* തിരിച്ചിട്ടതായിരുന്നു 'acai' എന്ന 'അക്കായ്'. അക്കായ് ബെറി എന്ന ഫലവൃക്ഷം തരുന്ന പഴങ്ങള്* ഭക്ഷ്യയോഗ്യമാണ് എന്ന് തിരിച്ചറിയുന്നത് ഇവിടം മുതല്*ക്കാണെന്നാണ് കരുതപ്പെടുന്നത്. അപ്രതീക്ഷിതമായ ഒരു തിരിച്ചറിവിന്റെ തുടക്കം.
അക്കായ് പരിചയം
ഫലവൃക്ഷത്തിന്റെ ശരിയായ പേര് 'അക്കായ് പന' (Acai Palm) എന്നാണ്. 'അസായ്' എന്നും പറയും. പനവൃക്ഷങ്ങളുടെ കുടുംബമായ 'അരക്കേസി'യിലെ അംഗമാണിത്. ഭക്ഷ്യയോഗ്യമായ പഴങ്ങള്*ക്കും പനയുടെ കാമ്പിനും (Heart of palm) വേണ്ടിയാണ് ഇത് വളര്*ത്തുന്നത്. അക്കായ് പഴങ്ങളും പനയുടെ കാമ്പും വര്*ത്തമാനകാലത്ത് പോഷകപ്രദമായ ഭക്ഷ്യവസ്തുക്കള്* എന്ന നിലയ്ക്ക് വിപുലമായ പ്രചാരം നേടി എന്നത് യാഥാര്*ഥ്യം. 'യൂടെര്*പെ ഒലെറേസി' (Euterpe oleracea) എന്ന് സസ്യനാമം. ഇതില്* 'ഒലെറേസി' എന്നത് ലാറ്റിന്* പദമാണ്. 'പച്ചക്കറി' എന്നാണിതിനര്*ത്ഥം. പനയുടെ കാമ്പിനെ ഉദ്ദേശിച്ചാണ് ഈ വിശേഷണം. ആമസോണിന്റെ കിഴക്കു ഭാഗത്ത് പ്രത്യേകിച്ച് ബ്രസീലിലെ ചതുപ്പുപ്രദേശങ്ങളിലും വെള്ളപ്പൊക്കം ഉണ്ടാകുന്ന സ്ഥലങ്ങളിലും (flood plain) നദീതീരങ്ങളിലും ആണ് ഇത് പ്രധാനമായും കാണുന്നത്. മുന്തിരിയുടെ വലിപ്പത്തില്* ഉള്ളില്* വലിയ വിത്തുള്ള പഴങ്ങള്*ക്ക് കറുത്ത പര്*പ്പിള്* നിറമാണ്.
ആമസോണില്* പരിചിത ഫലമാണെങ്കിലും അക്കായ്, പഴവര്*ഗങ്ങളിലെ പുതുമുഖമാണ് എന്ന് പറയാം. കുലകളായാണ് ഇതില്* പഴങ്ങള്* പിടിക്കുന്നത്. ചിലപ്പോള്* 500 മുതല്* 900 പഴങ്ങള്* വരെ കുലകളില്* ഉണ്ടാകും. പഴത്തിനുള്ളില്* വലിയ വിത്താണ് ഉള്ളത്. ഇത് പഴത്തിന്റെ 60-80 ശതമാനം വരെ നിറഞ്ഞിരിക്കും. വര്*ഷം മുഴുവന്* ഇതില്* കായ്കള്* പിടിയ്ക്കുകയും ചെയ്യും. കാഴ്ചയ്ക്ക് കവുങ്ങിനോടും പനയോടും ഒക്കെ സാമ്യമുണ്ട് ഈ ഫലവൃക്ഷത്തിന്. ഇന്ത്യയില്* പൊതുവേ ഈ പഴം 'അക്കായ് ബെറി' എന്നാണറിയപ്പെടുന്നത്. തമിഴ്നാട്ടില്* ഇത് 'അസൈ പഴം' 'കല്ല പഴം' എന്നൊക്കെ അറിയപ്പെടുന്നു. കവുങ്ങ് കായ്ച്ചുകിടക്കുന്നതുപോലെയാണ് അക്കായ് മരത്തിലെ കായ് പിടിത്തവും. വര്*ഷം മുഴുവന്* കായ്കള്* കാണും. മഴക്കാലത്ത് ഇതിന്റെ വിളവെടുപ്പ് അത്ര എളുപ്പമല്ല. തുടര്*ച്ചയായ മഴ നിമിത്തം കായ്കള്* കേടാകാനും സാധ്യതയേറെ.
കൃഷിയറിവുകള്*
ആമസോണ്* മഴക്കാടുകളോട് സമാനമായ ചൂടും ആര്*ദ്രതയുമുള്ള കാലാവസ്ഥയാണ് അക്കായ് മരത്തിന് വളരാനിഷ്ടം. ഇന്ത്യയില്* ഈ കാലാവസ്ഥ നിലനില്*ക്കുന്നിടത്ത് ഇത് പൊതുവെ വളരുമെങ്കിലും അതിശൈത്യമുള്ള മേഖലകളില്* വളരുക അത്രയെളുപ്പമല്ല. വന്*മരമായി വളരുമെന്നതിനാല്* കൂടുതല്* സ്ഥലം വേണം ഇതിന് വളരാന്*. 25 ഡിഗ്രി മുതല്* 30 ഡിഗ്രി സെല്*ഷ്യസ് അന്തരീക്ഷതാപനിലയാണ് ഉത്തമം. ജൈവ വളസമൃദ്ധമായ മണ്ണില്* നന്നായി വളരും. അല്പം പുളിരസമുള്ള മണ്ണായാലും അക്കായ്ക്ക് അത് തടസ്സമല്ല. വിത്ത് മുളപ്പിച്ച് തൈകള്* വളര്*ത്തിയാണ് കൃഷി തുടരുന്നത്. വിത്തുകള്* നടാന്* ഒരുക്കുക എന്നത് പ്രധാനമാണ്. പഴുത്ത് കടുത്ത പര്*പ്പിള്* നിറമുള്ള പഴങ്ങളില്* നിന്ന് ശേഖരിച്ച തടിച്ച വിത്തുകള്* വേണം നടാനെടുക്കാന്*. പുതിയ വിത്തുകള്*ക്കാണ് മുന്*ഗണന. വിത്തുകള്* പഴക്കാമ്പില്* നിന്ന് നീക്കി വൃത്തിയാക്കണം. ഇതിന് വിത്ത് വെള്ളത്തില്* കുതിരാനിട്ടാല്* മതി.
വിത്തുകള്* ഇളംചൂടുള്ള വെള്ളത്തില്* 24 മുതല്* 48 മണിക്കൂര്* നേരമിട്ട് വിത്തിന്റെ പുറംതോട് മൃദുവാക്കി മുളയ്ക്കുന്നത് പ്രോത്സാഹിപ്പിക്കാനും കഴിയും. വൃത്തിയാക്കിയ വിത്തുകള്* കഴിയുമെങ്കില്* ഉടനെ പാകണം. എന്തെങ്കിലും കാലതാമസമുണ്ടെങ്കില്* വായു കടക്കാത്ത ഒരു പാത്രത്തിലാക്കി നനവില്ലാത്ത, തണുത്ത സ്ഥലത്ത് സൂക്ഷിക്കണം. പീറ്റ്മോസ്, പെര്*ലൈറ്റ് , വെര്*മിക്കുലൈറ്റ് എന്നിവ കലര്*ത്തിയൊരുക്കുന്ന പോട്ടിങ് മിശ്രിതത്തില്* പാകി വിത്ത് മുളിപ്പിക്കാം. മിശ്രിതത്തില്* ഏകദേശം ഒരിഞ്ച് താഴ്ത്തി മാത്രമേ വിത്ത് പാകാന്* പാടുള്ളൂ. നനവുണ്ടാകണം. നേരിട്ടുള്ള സൂര്യപ്രകാശം വേണ്ട. 1-2 മാസം കൊണ്ട് വിത്ത് മുളപൊട്ടും.
തൈകള്*ക്ക് 15 സെ.മീ. ഉയരമായാല്* ഇവയെ വലിയ ചട്ടികളിലേക്കോ കൃഷിയിടത്തിലേക്കോ മാറ്റി നടാം. ഈ ചട്ടികളിലും നേരത്തെ സൂചിപ്പിച്ചതുപോലെയുള്ള മേന്മയേറിയ പോട്ടിങ് മിശ്രിതം തന്നെയാകണം ഉപയോഗിക്കേണ്ടത്. ഒരു ഭാഗം പശിമരാശി മണ്ണ്, രണ്ടു ഭാഗം പീറ്റ്മോസ്, ഒരു ഭാഗം പെര്*ലൈറ്റ് എന്നിങ്ങനെയാണ് വളര്*ച്ചാമിശ്രിതത്തിന്റെ ചേരുവകളുടെ അനുപാതമെങ്കില്* അത്യുത്തമം. അമിത നന അപകടമാണ് എന്ന് പറയാമെങ്കിലും ആവശ്യത്തിന് നന നിര്*ബന്ധമാണ്. വളര്*ച്ചാ മാധ്യമത്തിന്റെ മേല്*ഭാഗത്തെ ഒരിഞ്ച് മണ്ണ് ഉണങ്ങുന്നതായി കണ്ടാല്* നനച്ചു കൊടുക്കണം. പ്രത്യേകിച്ച് ഉഷ്ണകാലാവസ്ഥയില്* രണ്ടു ദിവസത്തിലൊരിക്കല്* നിര്*ബന്ധമായും. അഥവാ നന കൂടി എന്ന് തോന്നിയാല്* അത് സ്വതന്ത്രമായി വാര്*ന്നുപോകാന്* സൗകര്യം ചെയ്തുകൊടുത്താല്* മതി. തെളിഞ്ഞ സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ഫലസസ്യമാണ് അക്കായ്. എങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം അത്ര നിര്*ബന്ധമല്ല. രാവിലത്തെ ഇളംവെയില്* വളര്*ച്ചയ്ക്കുത്തമമാണ്. ചട്ടിയിലാണ് വളര്*ത്തുന്നതെങ്കില്* കുറഞ്ഞത് 6 മണിക്കൂര്* നേരം എങ്കിലും അരിച്ചെത്തുന്ന സൂര്യപ്രകാശം ചെടിക്ക് കിട്ടുന്നു എന്നുറപ്പാക്കണം.
അന്തരീക്ഷ താപനിലയില്* വരുന്ന ഗണ്യമായ വ്യതിയാനങ്ങളോട് വേഗം പ്രതികരിക്കുന്ന ചെടി കൂടെയാണ് അക്കായ്. അടുത്തടുത്ത് തൈകള്* നടുമ്പോള്* തൈകള്* തമ്മില്* 5 മീറ്ററാണ് ഇടയകലം ആയി ശുപാര്*ശ ചെയ്യുന്നത്. തടത്തില്* ക്രമേണ പുതയിടുന്നത് ഗുണകരമാണ്. കാലിവളം, കമ്പോസ്റ്റ്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങള്* ഉത്തമമാണ്. ചിലയിടങ്ങളില്* ഇതിനു പുറമെ 10-10-10 എന്ന രാസവളമിശ്രിതം ചേര്*ക്കാറുണ്ട്. ഇതാകട്ടെ രണ്ടു തവണയായി നല്*കുന്നതാണുത്തമം. ആദ്യത്തേത് തെക്കു-പടിഞ്ഞാറന്* മഴയോടനുബന്ധിച്ചും രണ്ടാമത്തേത് സെപ്റ്റംബര്*-ഒക്ടോബര്* മാസങ്ങളിലും ചെടിയുടെ തടത്തില്* വൃത്താകൃതിയില്* തടം തുറന്ന് 60-75 സെ.മീറ്റര്* അകലത്തിലായാണ് വളം മണ്ണില്* ചേര്*ത്ത് ഇളക്കേണ്ടത്. ഇതോടൊപ്പം മണ്ണില്* നനവുണ്ട് എന്നുറപ്പാക്കുകയും വേണം.രോഗബാധിതമോ കരിഞ്ഞുണങ്ങിയതോ ആയ ഓലമടലുകള്* യഥാസമയം മുറിച്ചുനീക്കുന്നത് മരത്തിന്റെ പൊതുവായ ആരോഗ്യത്തിനും സ്വതന്ത്രമായ വായുസഞ്ചാരത്തിനും അവസരമൊരുക്കും.
ഉയരത്തില്* വളരുന്ന വൃക്ഷമാകയാല്* വിളവെടുപ്പ് ശ്രമകരമാണ്. സാധാരണഗതിയില്* നട്ട് 3 മുതല്* 5 വര്*ഷം കൊണ്ട് കായ്പിടിക്കുവാന്* തുടങ്ങും. രണ്ട് വിളവെടുപ്പുകാലമാണ് പ്രധാനമായും ഇതിനുള്ളത്. ആഗസ്റ്റ് മുതല്* ഡിസംബര്* വരെയും ജനവരി മുതല്* ജൂണ്* വരെയും. ഈ രണ്ട് ഘട്ടങ്ങളിലാണ് ഏറ്റവും കൂടുതല്* പഴം ലഭിക്കുന്നത്. വിളഞ്ഞ പഴങ്ങള്*ക്ക് കടുത്ത പര്*പ്പിള്* നിറമോ കറുപ്പിനോട് സദൃശമായ നിറഭേദമോ ഉണ്ടാകും. ആമസോണ്* മഴക്കാടുകളില്* വലിയ ഉയരത്തില്* വളരുന്ന വൃക്ഷങ്ങളില്* കാലില്* 'തലാപ്പ്' കെട്ടി തെങ്ങിലും മറ്റും കയറുന്നതു പോലെ കയറിയാണ് അക്കായ്ക്കുലകള്* വിളവെടുക്കുന്നത്. ഇങ്ങനെ വിളവെടുക്കുന്ന അക്കായ് പഴക്കുലകള്* ശ്രദ്ധാപൂര്*വ്വം കെട്ടിയിറക്കുകയാണ് ചെയ്യുക. വളരെ വേഗം കേടാകുന്ന പഴമാകയാല്* ഇത് സശ്രദ്ധം കൈകാര്യം ചെയ്യണം. പരമ്പരാഗത വിളവെടുപ്പ് രീതി ഇതാണെങ്കിലും വനപ്രദേശങ്ങളില്* 80 അടി വരെ ഉയരത്തില്* വളരുന്ന കൂറ്റന്* അക്കായ് മരങ്ങളില്* കയറിയുള്ള വിളവെടുപ്പും തുടര്*ന്നുള്ള പ്രവൃത്തികളും വളരെ അപകടം നിറഞ്ഞതാണ്. അതുകൊണ്ടു തന്നെ അക്കായ് വിളവെടുപ്പിന് യന്ത്രസഹായം ആവിഷ്*കരിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. തെങ്ങുകയറ്റയന്ത്രം പോലുള്ള യന്ത്രസജ്ജീകരണങ്ങള്*ക്ക് ഇവിടെ സഹായകമാകാന്* സാധിക്കും.
അക്കായ് ബെറി - ചില ആശങ്കകള്*
അക്കായ് ബെറിയെ സംബന്ധിച്ച് നമ്മുടെ നാട്ടില്* യാതൊരു വിധ ആശങ്കകളോ ആശയക്കുഴപ്പമോ ഇല്ല. വളര്*ത്താന്* എളുപ്പം; പോഷകസമൃദ്ധമായ ഫലം; നിറവിളവ്; തെങ്ങും കവുങ്ങും വളരുന്നിടത്തെല്ലാം സമാനരീതിയില്* വളര്*ത്താം. എന്നാല്* ജന്മദേശമായ ആമസോണില്* ഇതേക്കുറിച്ച് ചില ആശങ്കകള്* ഉണ്ട് എന്ന് കരുതുന്നു. ഇതിലൊന്ന് വളരെ ഉയരത്തില്* വളരുന്ന അക്കായ് മരങ്ങളില്* നിന്ന് കായ്കള്* വിളവെടുക്കാന്* ആമസോണ്* ദേശത്ത് കുട്ടികളെ ഉപയോഗിക്കുന്നു എന്നതാണ്. അപായകരമായ ഈ പ്രവൃത്തിക്ക് കുട്ടികളെ നിയോഗിക്കുന്നത് ബാലവേല നിയമ പ്രകാരം നിയമവിരുദ്ധമാണ്. ക്രൂരതയാണ്. ഇങ്ങനെ നിയോഗിക്കപ്പെടുന്ന കുട്ടികള്*ക്ക് മരത്തില്* നിന്ന് വീണ് എന്തെങ്കിലും അപകടം പറ്റുന്നതും കൊടുംകാട്ടില്* വിളവെടുപ്പിന് പോകുന്ന വേളയില്* പാമ്പ്, ചിലന്തി ഉള്*പ്പെടെയുള്ള വിഷജന്തുക്കള്* കടിക്കുന്നതും നിശ്ചയമായും ആശങ്കാജനകമാണ്. അതുകൊണ്ടു തന്നെ ഇതുമായി ബന്ധപ്പെട്ട് അവിടെ അക്കായ് വ്യവസായ മേഖലയില്* ബാലവേല നിരോധിക്കുമാറ് നിയമനടപടികള്* ശക്തിപ്പെടുത്തേണ്ടതുണ്ട്. വെറും ആറും ഏഴും വയസാകുമ്പോള്* തന്നെ കുട്ടികളെ ഇത് പരിശീലിപ്പിക്കുകയും ചെയ്യുന്നു.
മറ്റൊന്ന് അക്കായ് ബെറി ഉപയോഗിച്ച് തയ്യാറാക്കുന്ന ഹെല്*ത്ത് സപ്ലിമെന്റുകള്* വ്യാജപ്രചരണങ്ങളുമായി വിപണിയിലെത്തിക്കുന്നതാണ്. ഇതിലും നിയമനടപടികള്* കര്*ശനമാക്കേണ്ടതുണ്ട്. അക്കായ് ബെറിയുടെ ജനിതക ഘടകങ്ങള്* ശരിയായ, നിയമാനുസൃതമായ അനുവാദമില്ലാതെ മറ്റാവശ്യങ്ങള്*ക്ക് ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ മേല്* ബയോ പൈറസി (Bio piracy) വ്യവസ്ഥ പ്രകാരം നടത്തേണ്ടുന്ന അന്വേഷണങ്ങളാണ്. അക്കായ് ബെറിയുടെ ഉപയോഗവും ഡിമാന്റും പുറംലോകത്ത് ഗണ്യമായി വര്*ധിച്ചതോടെ ആമസോണ്* പ്രദേശത്ത് ഇതിന്റെ കൃഷി വന്*തോതില്* വ്യാപിപ്പിച്ചിരിക്കുകയാണ്. ഇത് ആമസോണ്* മഴക്കാടുകളുടെ ജൈവ വൈവിധ്യത്തിനും സുസ്ഥിരതയ്ക്കും ഹാനികരമാകുമോ എന്ന ആശങ്ക നിലനില്*ക്കുന്നു.
അവസാനത്തേത് അക്കായ് പഴങ്ങളില്* നിന്ന് തയ്യാറാക്കുന്ന പഴച്ചാറ് അഥവാ ജ്യൂസിനെ സംബന്ധിച്ചുള്ളതാണ്. സമീകൃത ആഹാര ശൈലിയുടെ ഭാഗമാക്കാന്* കഴിയുന്ന പാനീയമാണ് അക്കായ് ജ്യൂസ്. എന്നാല്* സ്വാദിഷ്ഠവും പോഷകപ്രദവും എന്നതുപോലെ തന്നെ ഇത് വളരെ വേഗം സൂക്ഷ്മാണുക്കള്* ബാധിച്ച് കേടാകാനും മതി. ഇത് ആരോഗ്യത്തിന് ഹാനികരമാണ്. യഥാസമയമുള്ള സംസ്*കരണവും ശാസ്ത്രീയമായ ശേഖരണവും ഉറപ്പാക്കുക എന്നതാണ് ഇതിനുള്ള ഏകപ്രതിവിധി. ഇക്കാര്യത്തിലും ജാഗ്രത ഉണ്ടാകേണ്ടിയിരിക്കുന്നു. മാത്രമല്ല വേണ്ടവിധം സംസ്*കരിക്കാത്ത ശുദ്ധീകരിക്കാത്ത അക്കായ് ജ്യൂസ് ഉപയോഗിക്കുന്നതും അഭിലഷണീയമല്ല. വേഗം കേടാകുന്ന സ്വഭാവമായതിനാലാണ് അക്കായ് പഴം കുഴമ്പുരൂപത്തില്* അരച്ച് സൂക്ഷിക്കുന്നതും ഉണക്കിപൊടിയാക്കി മാറ്റുന്നതും.
'കരയുന്ന പഴം'
ആമസോണ്* മഴക്കാടുകളുടെ ഉള്*പ്രദേശങ്ങളില്* ജീവിക്കുന്ന ആദിവാസികള്* ഊര്*ജത്തിന്റെയും കരുത്തിന്റെയും ചൈതന്യത്തിന്റെയും പ്രതീകമായി കാണുന്ന അക്കായ് പഴത്തിന് ഒരു പ്രത്യേക പേരുണ്ട്. 'കരയുന്ന പഴം' എന്ന അര്*ത്ഥത്തില്* 'Fruit that cries' എന്ന്. 'അക്കായ്' (Acai) എന്ന വാക്കിനര്*ത്ഥവും ഇതുതന്നെ നന്നായി പഴുത്ത അക്കായ് പഴത്തില്* നിന്ന് മാംസളമായ അകക്കാമ്പ് പുറത്തേക്കൊഴുകുന്ന സ്വഭാവം കാണിക്കുന്നതിനാലാണ് ഈ പേര് കിട്ടിയത്. ഇന്നിപ്പോള്* തെക്കേ അമേരിക്കയിലെ ബ്രസീല്*, കൊളംബിയ, ബൊളീവിയ, പെറു എന്നിവിടങ്ങളിലെല്ലാം അക്കായ് കൃഷി ചെയ്തു വരുന്നു. വെനസ്വേല, എക്വഡോര്*, ഗയാന എന്നിവിടെ ചെറിയതോതിലും.
അക്കായ് - പോഷകക്കനി, സൂപ്പര്* ഫുഡ്
അനിതര സാധാരണമായ പോഷകഘടനയാണ് അക്കായ് ബെറിക്ക് വളരെവേഗം ഇത്ര പ്രചാരം നേടിക്കൊടുത്തത് എന്ന കാര്യത്തില്* സംശയമില്ല. അവശ്യ പോഷകങ്ങളുടെ ഒരു അത്ഭുതക്കൂട്ടാണ് ഈ ചെറുഫലം. അക്കായ് പഴത്തിന്റെ കടുത്ത പര്*പ്പിള്* നിറത്തിന് കാരണം അതിലടങ്ങിയിരിക്കുന്ന ശക്തിമാന്മാരായ നിരോക്സീകാരകങ്ങളാണ്. ഉത്തമ നിരോക്സീകാരി എന്ന് പേരെടുത്ത ബ്ലൂ ബെറി പഴത്തിലുള്ളതിനേക്കാള്* പത്തിരട്ടി ആന്തോസയനിന്* (Anthocyanin) അക്കായ് ബെറിയില്* അടങ്ങിയിട്ടുണ്ട്. ഒമേഗ-3, 6, 9 എന്നീ അവശ്യക്കൊഴുപ്പമ്ലങ്ങള്* സാധാരണ ഒലീവ് ഓയിലിലാണ് കാണുക. ഇവയെല്ലാം സമൃദ്ധമായി അക്കായ് ബെറിയിലുണ്ട് എന്നതാണ് വാസ്തവം. ഇത് നല്ല കൊളസ്ട്രോള്* വര്*ധിപ്പിക്കും. 100 ഗ്രാം അക്കായ് ബെറി എടുത്താല്* അതില്* 4.5 ഗ്രാമും നാരാണ്. ഇത് ദഹനം സുഗമമാക്കും എന്ന് പറയേണ്ടല്ലോ.
അമിനോ അമ്ലങ്ങളുടെ തോത് നോക്കിയാല്* സസ്യജന്യമായ ഏറ്റവും മികച്ച മാംസ്യത്തിന്റെ സ്രോതസാണ് അക്കായ് ബെറി എന്ന് കാണാം. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കുന്ന ഫ്ളാവനോയിഡുകള്*, കോശങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്ന പോളീഫിനോളുകള്* എന്നിവയും സമൃദ്ധം. മസ്തിഷ്*കാരോഗ്യം സംരക്ഷിക്കുന്ന കാവല്*ക്കാരന്* എന്നാണ് അക്കായ് ബെറിയെ വിശേഷിപ്പിക്കുന്നത്. ദഹനസഹായി, ചര്*മ്മാരോഗ്യ സംരക്ഷകന്*, ദുര്*മേദസ് കുറയ്ക്കാന്* സഹായി, സന്ധിവാതം പോലുള്ള പ്രശ്നങ്ങള്*ക്ക് പരിഹാരം, അര്*ബുദ കോശങ്ങളുടെ വ്യാപനം ഫലവത്തായി തടയാന്* സഹായിക്കുന്ന ഘടകം തുടങ്ങി ആരോഗ്യസംരക്ഷക മേന്മകള്* അനേകമുണ്ട് അക്കായ് ബെറിയ്ക്ക്.
അക്കായ് ബൗള്*
അക്കായ് പഴത്തിന്റെ ഭൂരിഭാഗവും ഉള്ളിലെ വിത്താണെന്ന് സൂചിപ്പിച്ചുവല്ലോ. അതുകൊണ്ടു തന്നെ അത് അതേപടി കഴിക്കുന്നതിനേക്കാള്* നല്ലത് വിത്ത് നീക്കി മറ്റു പഴങ്ങളുമായി ചേര്*ത്ത് മിശ്രിതമാക്കി കഴിക്കുകയാണ്. എന്നു മാത്രമല്ല പഴം വൃത്തിയാക്കി, കുരു കളഞ്ഞ് സംസ്*കരിച്ചെടുക്കുകയും വേണം. വാഴപ്പഴം, സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ പഴങ്ങള്*, പാല്*, യോഗര്*ട്ട് തുടങ്ങിയവ ഇങ്ങനെ വിവിധ ചേരുവകള്* ചേര്*ത്താണ് അക്കായ് ബൗള്* (Acai bowl) തയ്യാറാക്കുന്നത്. ഇതിന് ബ്രസീലുകാര്* 'Acai na tigela' എന്നാണ് പറയുന്നത്. 'പാത്രത്തിലെടുത്ത അക്കായ്' എന്നേ ഇതിനര്*ത്ഥമുള്ളൂ. അക്കായ് പഴത്തിന്റെ കാമ്പാണ് ഇതിലെ അടിസ്ഥാന ചേരുവ. വാഴപ്പഴം ചേര്*ക്കുന്നത് മിശ്രിതത്തിന് തെല്ല ദൃഢത കിട്ടാന്* അഥവാ കൊഴുപ്പും മധുരവും കിട്ടാന്* വേണ്ടിയാണ്. ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്ബെറി എന്നിവയും പാല്, ബദാം മില്*ക്ക്, തേങ്ങാപ്പാല്* തുടങ്ങിയവയില്* ഏതും ലഭ്യതയനുസരിച്ച് ചേരുവയാക്കാം. അക്കായ് ഫ്രൂട്ട് ബൗള്* അലങ്കരിക്കാന്* (Topping) ചില ചേരുവകളാകാം. ഓട്സ്, കശുവണ്ടിപ്പരിപ്പ്, തേങ്ങ ചെറുകഷണങ്ങളായി നുറുക്കിയത്, ബദാം, വാല്*നട്ട് തുടങ്ങി വിവിധ പദാര്*ത്ഥങ്ങളാണിത്. ആരോഗ്യദായകമായ ഒരു പ്രഭാതഭക്ഷണം എന്ന നിലയ്ക്കും ഇതുപയോഗിക്കാം.ഇതിനു പുറമേ സ്മൂത്തി, ജ്യൂസ്, വിവിധതരം പാനീയങ്ങള്*, മദ്യം, ഡിസേര്*ട്ടുകള്* എന്നിവയില്* എല്ലാം അക്കായ് ബെറി സ്ഥിരം ചേരുവയാണ്. കൂടാതെ പഴങ്ങളുടെ നൈസര്*ഗികമായ പര്*പ്പിള്* നിറം ഭക്ഷ്യപദാര്*ത്ഥത്തിന് നിറം പകരാനും ഉപയോഗപ്പെടുത്തുന്നു.
ആമസോണ്* നദിയും അക്കായ് വനങ്ങളും
ആമസോണ്* നദീമുഖത്ത് ആയിരക്കണക്കിന് ഏക്കര്* സ്ഥലത്ത് അക്കായ് മരങ്ങള്* നിബിഡമായി വളരുന്നുണ്ട്. നദീതീരങ്ങളില്* താമസിക്കുന്ന 'റിബെയ്റിനോസ്' എന്ന ആളുകള്* അക്കായ് പഴങ്ങള്* വിളവെടുക്കാനും സംസ്*കാരിക്കാനുമൊക്കെ നൂറ്റാണ്ടുകളായി തുടര്*ന്നുപോരുന്ന ചില പരമ്പരാഗത മാര്*ഗങ്ങളുമുണ്ട്. 80 അടിയോ അതിലധികമോ ഉയരം വരുന്ന മരങ്ങളില്* കയറിത്തന്നെയാണ് അവര്* അമൂല്യമായ ഈ പഴം ശേഖരിക്കുന്നത്. നൂറ്റാണ്ടുകളായി ഇവരുടെ പ്രധാന ഭക്ഷണത്തിലെ ചേരുവയുമാണ് അക്കായ് ബെറി. ഏത് നേരത്തെ ഭക്ഷണമായാലും കുറച്ച് അക്കായ് പഴങ്ങള്* കൂടെയില്ലെങ്കില്* അവര്*ക്കത് ഒരിക്കലും പൂര്*ണമാകില്ല; സംതൃപ്തി ലഭിക്കില്ല.'അക്കായ് കഴിച്ചില്ലെങ്കില്* എനിക്ക് വിശപ്പ് മാറില്ല'. ഇതാണ് അവരുടെ സ്ഥിരം പല്ലവി.
അക്കായ് ധാരാളമായി വിളവെടുക്കുന്ന വേള ആമസോണിന്റെ കിഴക്കന്* മേഖലകളില്* 'അക്കായ് ഉത്സവങ്ങള്*' തന്നെ നടക്കാറുണ്ട്. തെരുവുത്സവങ്ങള്*, നാടോടി നൃത്ത-നൃത്യങ്ങള്*, അക്കായ് ചേര്*ത്ത് ഭക്ഷ്യവിഭവങ്ങള്* എന്നിവയെല്ലാം ഉത്സവകാലത്ത് ഉണ്ടാകും. അക്കായ് പഴം ആമസോണ്* ജനതയുടെ സാംസ്*കാരിക ജീവിതത്തില്* ചെലുത്തിയ സ്വാധീനവും പതിപ്പിച്ച മായാത്ത മുദ്രയുമാണ് ഈ ഉത്സവത്തിന്റെ കാതല്*. പഴുത്ത പര്*പ്പിള്* നിറത്തിലുള്ള പഴങ്ങള്* വേണ്ടുവോളം ആസ്വദിച്ച് കയ്യിലും നാവിലുമെല്ലാം പര്*പ്പിള്* നിറം തേച്ച് നടക്കുന്ന ആളുകള്* ഈയവസരത്തിലെ പതിവ് കാഴ്ചയുമാണ്.
ഭക്ഷ്യപദാര്*ത്ഥം എന്നതിനു പുറമെ ശാരീരിക സ്വാസ്ഥ്യത്തിനുള്ള ഉത്തമ ഔഷധം കൂടെയാണ് ഇവര്*ക്ക് അക്കായ് പഴം. പഴത്തിന്റെ തണുപ്പിച്ച അകക്കാമ്പ് (പള്*പ്പ്) പഞ്ചസാരയും കപ്പയും ചേര്*ത്ത പുഡ്ഡിങ്ങ് രൂപത്തിലാക്കി കഴിക്കുന്ന പതിവും ഇവിടെയുണ്ട്. 'അക്കായ് ടപ്പിയോക്ക' (Acai tapioca) എന്നാണീ വിഭവത്തിനു പേര്. ഇത് മത്സ്യവുമായി കറിവെച്ചു ചേര്*ത്തും ഇവര്* കഴിക്കാറുണ്ട്.
തലമുറകള്*ക്ക് പോഷകങ്ങളും ഊര്*ജവും പകര്*ന്നു നല്*കുന്ന അക്കായ് പഴങ്ങളെ ജീവന്റെ ഫലം (Fruit of life), യുവത്വത്തിന്റെ ചൈതന്യം (Elixir of youth) എന്നെല്ലാം പേരുകള്* നല്*കി വിളിക്കുന്നു. അക്കായ് വിളവെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്*ത്തിക്കുന്ന നിരവധി സഹകരണ പ്രസ്ഥാനങ്ങളും ഇവിടെയുണ്ട്. ഇത് ആമസോണ്* ജനതയുടെ സാമ്പത്തിക ഭദ്രതയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. അക്കായ് മരത്തിന്റെ കാമ്പ് (Heart) ഉത്തമ ഭക്ഷണമാണ്. ഓലകളും തടിയും നിര്*മാണത്തിനും കരകൗശല വസ്തുക്കള്* തയ്യാറാക്കാനും ഉപയോഗിച്ചുവരുന്നു. അക്കായിയുടെ കാമ്പ് സലാഡ്, വെജിറ്റേറിയന്*-നോണ്* വെജിറ്റേറിയന്* വിഭവങ്ങള്*, വറവ് പലഹാരങ്ങള്*ക്കൊപ്പമുള്ള ചേരുവ, കടല്* മത്സ്യവിഭവങ്ങള്*ക്കുള്ള രുചിക്കൂട്ട് എന്നിങ്ങനെയെല്ലാം ഉപയോഗിക്കുന്നു. അന്നജവും നാരും പൊട്ടാസ്യവും സമൃദ്ധമായി അടങ്ങിയിട്ടുള്ളതിനാല്* കാമ്പ് മികച്ച പോഷക ഭക്ഷണവുമാണ്.
ദ്രുത വളര്*ച്ചാസ്വഭാവമുള്ള ഫലവൃക്ഷമാണ് അക്കായ്. 1990 കള്*ക്ക് മുമ്പ് ഇത് ആമസോണ്* ദേശത്തെ പ്രാദേശിക ജനതയുടെ മാത്രം വിശിഷ്ട ഫലവും ഭക്ഷണവുമായിരുന്നു. എന്നാല്* ഇതിനുശേഷമാണ് ഇത് ബ്രസീല്* നഗരത്തിലേക്കും മറ്റു നഗര പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നത്. 2000 ആണ്ടായതോടെ അക്കായ് പഴത്തിന്റെ പെരുമ അനുദിനം വര്*ധിച്ചുകൊണ്ടേയിരുന്നു. 2003 ആയപ്പോള്* ഇതിന് 'സൂപ്പര്* ഫുഡ്' എന്ന ബഹുമതി ലഭിച്ചു. ഇന്നിപ്പോള്* വര്*ത്തമാനകാല ജനതയുടെ ആരോഗ്യസംരക്ഷണത്തിനുള്ള ഒരു 'ഹെല്*ത്ത് ഫുഡ്' എന്ന അപൂര്*വ പദവിയിലാണ് ഇത്തിരിമാത്രം പോന്ന അക്കായ് പഴം.
-
Yesterday, 10:48 AM
#1604
മനുഷ്യർക്കുമുൻപേ ഈ ഭൂമിയെ സ്വന്തമാക്കിയ ജീവജാലങ്ങൾ; ഇവരും മരുഭൂമിയുടെ അവകാശികൾ

ഇന്ന് ഈ കാണുന്ന അംബരചുംബികൾക്കും രാജവീഥികൾക്കും പ്രോജ്ജ്വലങ്ങളായ മാനവനിർമിതികൾക്കും മുൻപുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്*സിനെ സങ്കല്പിച്ചുനോക്കിയിട്ടുണ്ടോ? അറേബ്യൻ ഗൾഫിലെ ഹരിതനീലിമയാർന്ന ജലമേഖലയോട് ചേർന്ന്, മരുഭൂമിയുടെ പൊന്മണൽത്തിളക്കമാർന്ന ഈ ഉഷ്ണദേശത്തിനെ കലണ്ടറുകൾക്കുംമുൻപൊരു കാലത്തേക്ക് തിരിഞ്ഞുനോക്കാൻ കഴിയുന്നുണ്ടോ? രാജ്യത്തിന്റെ വടക്കുകിഴക്ക് മേഖലയിലെ ഹജാർ പർവതനിരകൾ ഒഴിച്ചുനിർത്തിയാൽ ഈ നാട് മുഴുവനും മരുഭൂമിയായിരുന്നു. വേനലിൽ അമ്പത് ഡിഗ്രിക്ക് മുകളിൽ മണൽ ചുട്ടുപഴുക്കുന്ന മരുഭൂമി!
മനുഷ്യർക്കുമുൻപേ ഈ ഭൂമിയെ സ്വന്തമാക്കിയ ജീവജാലങ്ങളെക്കുറിച്ച്* അറിയാമോ? ഇവിടെ കൊടുംചൂടിൽ അതിജീവനത്തിന്റെ പരിണാമദശകൾ താണ്ടിയ ജൈവവൈവിധ്യത്തെ? ആദ്യമായി മരുഭൂമി കാണാൻ എത്തുന്നവർക്ക് ഒറ്റത്തിരിഞ്ഞ് അലഞ്ഞുനടക്കുന്ന ഒട്ടകങ്ങളും ഉണങ്ങിയ ചെടികളും മുള്ളുകൾ നിറഞ്ഞ ശിഖരങ്ങൾ താഴോട്ട് കുനിച്ച്* നിൽക്കുന്ന ഗാഫ് മരങ്ങളുമേ ശ്രദ്ധയിൽപ്പെട്ടേക്കൂ. പ്രത്യക്ഷത്തിൽ മരുഭൂമി നിർജീവമെന്ന് തോന്നിപ്പിച്ചേക്കാം. പക്ഷേ, സത്യം അതല്ല. മരുഭൂമി സചേതനമായൊരു ആവാസവ്യവസ്ഥയാണ്. ഇവിടെ ഒരുപാട് ജീവികളുണ്ട്. പാരസ്പര്യത്തിന്റെയും മത്സരങ്ങളുടെയും നാടകീയമായ ജൈവസ്ഥലി!
മരുഭൂമി സജീവമാകുന്നത് രാത്രിയിലാണ്. വേനൽപകലുകളുടെ തീക്ഷ്ണതയിൽനിന്ന് രക്ഷനേടാൻ മണ്ണിനടിയിലും ചെടികളുടെ ഉള്ളിലുമെല്ലാം ഒളിച്ചിരിക്കുന്ന പാമ്പുകളും തേളുകളും പല്ലികളും പ്രാണികളുമല്ലാം രാത്രി മരുഭൂമിയെ സംഭവസമൃദ്ധമാക്കും. ഉഷ്ണകാലരാത്രികളിൽ മരുഭൂമികൾ ഒട്ടുമേ സുരക്ഷിതമല്ലെന്ന് ഓർമ്മിപ്പിക്കട്ടെ. പാമ്പുകളുടെയും തേളുകളുടെയുമെല്ലാം എണ്ണം പെരുകി നിറയുന്നത് ഇവിടത്തെ വേനൽക്കാലത്താണ്.

ഡെസേര്*ട്ട് ഹേര്* |
സോ സ്*കെയിൽഡ്* വൈപ്പർ
(Saw-scaled Viper)
ശാസ്ത്രീയനാമം: Echis carinatus sochureki
മെലിഞ്ഞ്, വിരൽവണ്ണത്തിൽ മണലിലൂടെ തെന്നിത്തെറിച്ച് പായുന്ന ചടുലവേഗമുള്ള ഈ പാമ്പുകൾക്ക് മരുഭൂമിയിലെ ഉണങ്ങിയ ചെടികളുടെ നിറവും പാടുകളുമാണുള്ളത്. ചുറ്റുപാടുമായി വളരെയധികം ഇണങ്ങിച്ചേരുന്ന ഇവയെ തൊട്ടടുത്ത്* ഉണ്ടെങ്കിൽപ്പോലും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. പ്രകോപിപ്പിച്ചാൽ ശരീരം വളച്ച് ശൽക്കങ്ങൾതമ്മിൽ ഉരസി ഒരു ശബ്ദമുണ്ടാക്കും. കഴിഞ്ഞവർഷം മരുഭൂമിയിൽ കാലിന് തൊട്ടടുത്ത് ആ ശബ്ദം കേട്ടപ്പോൾ സിരകളിലൂടെ പെട്ടെന്ന് ഭീതിയുടെ തണുപ്പ് ഇരച്ചുകയറിയിട്ടുണ്ട്! മേഖലയിലെ ഏറ്റവുമധികം സ്ട്രൈക് റേറ്റുള്ള പാമ്പുകളിലൊന്നാണ് സോ സ്*കെയിൽ വൈപ്പർ! ലോകത്തുതന്നെ ആറാമത്തെ ഏറ്റവും മാരകമായ വിഷമുള്ള പാമ്പ്*. വലുപ്പക്കുറവ്, ഒന്നരയടി അകലേക്ക് വലിച്ചുവിട്ട സ്*പ്രിങ് പോലെ നിവർന്ന് നിമിഷാർധംകൊണ്ട് സ്ട്രൈക്ചെയ്യാനുള്ള കഴിവ്, പരിസരത്തുനിന്ന് തിരിച്ചറിയാൻപറ്റാത്ത ശരീരത്തിന്റെ നിറം എന്നിവ ഈ പാമ്പുകളെ വളരെ അപകടകാരിയാക്കുന്നു. മരുഭൂമിയിലെ പാമ്പുകൾ പൊതുവേ മോക് ബൈറ്റ് ചെയ്യാറില്ല. ആദ്യ കടിയിൽത്തന്നെ ഇരയ്ക്ക് മരണം സംഭവിക്കണം എന്നതാണ് ലക്ഷ്യം.
ഒമാൻ കാർപ്പെറ്റ് വൈപ്പർ
(Oman carpet Viper)
ശാസ്ത്രീയനാമം: Echis omanensis
അറേബ്യൻ മരുഭൂമിയിലെ പർവതമേഖലകളിൽ കണ്ടുവരുന്ന വിഷപ്പാമ്പാണ് ഇത്. പൊതുവേ വേനൽക്കാലത്ത് ഹൈക്കിങ് പതിവില്ലെങ്കിലും ആരെങ്കിലും രാത്രികാല ഹൈക്കിങ് തിരഞ്ഞെടുക്കുന്നുവെങ്കിൽ കല്ലുകൾക്കിടയിലൂടെ പോകുമ്പോൾ വലിയ കരുതൽവേണം ഈ പാമ്പുകളിൽനിന്ന്* കടിയേൽക്കാതിരിക്കാൻ.

അറേബ്യൻ സാൻഡ് ബോവ |
അറേബ്യൻ സാൻഡ് ബോവ
(Arabian Sand Boa)
ശാസ്ത്രീയനാമം: Eryx jayakari
ജലമൊഴുകുന്നതുപോലെ മണലിലേക്ക് ഊർന്ന് താഴ്ന്ന് ഒഴുകിപ്പോകാൻകഴിയുന്ന പാമ്പുകളാണ് അറേബ്യൻ സാൻഡ് ബോവ. ഒട്ടുമേ വിഷമില്ലാത്ത പാവത്താനാണ്. പകൽ മുഴുവനും മണ്ണിനടിയിലായിരിക്കും. രാത്രിയാണ് ഇരതേടുന്നത്. കുഞ്ഞു പല്ലികളും പ്രാണികളുമാണ് ഭക്ഷണം. മണലിൽ പൂഴ്ന്നുകിടന്ന് ഇര തൊട്ടടുത്ത്* എത്തുമ്പോൾ തല വശത്തേക്ക് വെട്ടിച്ച്* പിടിച്ച് വിഴുങ്ങും. അറേബ്യൻ പെനിൻസുലയിൽമാത്രം കാണപ്പെടുന്ന ഈ ചെറുപാമ്പുകൾക്ക് ഉപ സ്*പീഷീസുകൾ ഇല്ല. ഭൂരിഭാഗം സമയവും മണ്ണിനടിയിൽ ആയതുകൊണ്ടുതന്നെ ഇവയെ എളുപ്പത്തിലൊന്നും കണ്ടുപിടിക്കാനും സാധിക്കില്ല.
അറേബ്യൻ ക്രൗൺഡ് ലീഫ് നോസ്ഡ് സ്*നേക്
(Arabian Crowned Leaf-nosed Snake)
ശാസ്ത്രീയനാമം: Lytorhynchus diadema
നമ്മുടെ ചെറുവിരലിനോളംമാത്രം വണ്ണമുള്ള രാത്രിസഞ്ചാരികളായ വിഷമില്ലാത്ത ഒരിനം പാമ്പുകളാണ് ഇവ. പകൽ മുഴുവനും മണലിനടിയിൽത്തന്നെ കഴിയും. മണൽപ്പരപ്പിൽ വളഞ്ഞുപുളഞ്ഞുള്ള ഇഴച്ചിലടയാളങ്ങൾ ഈ പാമ്പുകളുടെ സാന്നിധ്യം നമുക്ക് എളുപ്പം മനസ്സിലാക്കിയെടുക്കാൻ സഹായിക്കും. ഉണങ്ങിയ ചെടികളുടെയോ ചെറുപുല്ലുകളുടെയോ ഇടയിലേക്ക് കയറിപ്പോയാൽ കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്. എളുപ്പത്തിൽ മണൽ തുരന്ന് താഴേക്ക് പോകാൻ ഈ പാമ്പുകൾക്ക് കഴിയും.

അറേബ്യന്* ലീഫ്-നോസ്ഡ് സ്*നേക്ക്* |
അറേബ്യൻ ഹോൺഡ്* വൈപ്പർ
(Arabian Horned Viper)
ശാസ്ത്രീയനാമം: Cerastes gasperettii
യുഎഇയിലെ മരുഭൂമിയിൽ കാണുന്ന പാമ്പുകളിൽ കാഴ്ചയിൽ ഏറ്റവും പേടിയുണ്ടാക്കുന്ന പാമ്പുകളാണ് ഇവ! മുപ്പതുമുതൽ അറുപതുവരെ സെന്റിമീറ്റർ നീളംവെക്കുന്ന ഇവ പൂർണവളർച്ചയെത്തിയാൽ ടെലിവിഷൻ റിമോട്ടിനോളം വണ്ണമുണ്ടാകും. ശരീരത്തിന്റെയും ശൽക്കങ്ങളുടെയും പ്രത്യേക രീതിയിലുള്ള തരംഗചലനംകൊണ്ട് മണ്ണിനടിയിലേക്ക് നേരേ ആഴ്ന്നുപോകാൻപറ്റും. പാമ്പിന്റെ തലയുടെ മേൽഭാഗംമാത്രമേ മണലിന് മുകളിൽ കാണൂ, അതും സൂക്ഷിച്ച്* നോക്കിയാൽമാത്രം.
മണലിൽ പുതഞ്ഞുകിടക്കുമ്പോഴും അറേബ്യൻ ഹോൺഡ്* വൈപ്പറുകളുടെ രണ്ട് ചെറിയ കൊമ്പുകൾ മണലിന് മുകളിലേക്ക് എഴുന്നേറ്റ്* നിൽക്കും. നിശ്ചലമായ രാത്രിമരുഭൂമിയുടെ ഉപരിതലത്തിലെ മണൽത്തരികൾക്ക് മേലേ കിളിർത്ത് ഉണങ്ങിപ്പോയ രണ്ട് പുൽനാമ്പുകളെ കൗതുകത്തോടെ സമീപിക്കാനൊരുങ്ങിയാൽ ഒരുപക്ഷേ, നിങ്ങൾ സ്പർശിക്കുന്നത് മരണത്തെയായിരിക്കും. മണലിൽ പതിഞ്ഞുകിടക്കുന്ന പാമ്പുകളെ തിരിച്ചറിയുന്ന ആദ്യനിമിഷം എന്നും എനിക്കുള്ളിൽ ഒരു ഭീതിയുടെ കാളലുണ്ടാക്കിയിട്ടുണ്ട്. അറേബ്യൻ ഹോൺഡ്* വൈപ്പറുകളിൽ എല്ലാറ്റിനും ഇങ്ങനെ കൊമ്പുകൾ ഉണ്ടായിരിക്കില്ല.

അറേബ്യന്* ഹോണ്*ഡ് വൈപ്പര്* |
ലോങ് നോസ്ഡ് ത്രെഡ്സ്*നെയ്*ക്
(Long-nosed Threadsnake)
ശാസ്ത്രീയനാമം: Myriopholis macrorhynchus
അറേബ്യൻ പെനിൻസുലയിലെ ഏറ്റവും ചെറിയ പാമ്പുകളിലൊന്ന്! ഒരു സ്*പഗെറ്റി നൂലിനോളംമാത്രം വണ്ണവും ഇരുപത് സെന്റിമീറ്ററിൽ താഴേമാത്രം നീളവുമുള്ള ഈ പാമ്പ് കൂടുതലും മണ്ണിനടിയിലാണ് ജീവിക്കുന്നത്. ഈ കുഞ്ഞുജീവിയെ കണ്ടെത്താൻ വളരെ പ്രയാസമാണ്. അതുകൊണ്ടുതന്നെ പഠനങ്ങൾ വളരെ കുറവാണ്. മറ്റ് പാമ്പുകളെ അപേക്ഷിച്ച് ഫോട്ടോഗ്രാഫിക് റെക്കോഡുകളും അപൂർവം.
പരിശ്രമവും, കൂടാതെ ഭാഗ്യവും കടാക്ഷിച്ചാലേ ഈ കുഞ്ഞനെ കാണാൻസാധിക്കൂ! ആവേശകുമാരനായ ഒരു കുഞ്ഞൻ ഞാഞ്ഞൂളിനെപ്പോലെ മണലിനുമേലേ പുളഞ്ഞ് പാഞ്ഞുപോകുമ്പോഴാണ് ഞാൻ ഇതിനെ കണ്ടത്. റോസ് ഗോൾഡ് നിറത്തിൽ തിളങ്ങുന്ന ശരീരമുള്ള ഇതിന് കുഞ്ഞു രണ്ട് പൊട്ടുകൾപോലെ ചർമത്തിനടിയിൽ കണ്ണുകൾ കാണാമെങ്കിലും കാഴ്ചശക്തി നന്നേ കുറവാണ്. ഇരയെ പിടിക്കാനുള്ള ശക്തിയും വലുപ്പവുമൊന്നും ഇല്ലാത്ത ഈ കുഞ്ഞൻപാമ്പുകൾ ഉറുമ്പുകളുടെയും ചിതലിന്റെയും മുട്ട, ലാർവ എന്നിങ്ങനെ അനങ്ങാതെകിടക്കുന്ന ഭക്ഷണമാണ് കഴിക്കാറുള്ളത്. നൂലുപോലുള്ള ഇത്തിരിക്കുഞ്ഞനാണെങ്കിലും ഇരുന്നൂറോളം കശേരുക്കൾ ഇവയുടെ ശരീരത്തിലുണ്ട്! മരുഭൂമിയിൽ പാമ്പുകളെക്കൂടാതെ ധാരാളം പല്ലികളും അഗാമകളുമുണ്ട്. അവയിൽ ചിലയിനങ്ങൾ പകൽജീവികളാണെങ്കിലും ഭൂരിപക്ഷവും രാത്രിസഞ്ചാരികളാണ് (nocturnal).

പേര്*ഷ്യന്* വണ്ടര്* ഗെക്കോ |
വൺഡർ ഗെക്കോ
(Persian Wonder Gecko)
ശാസ്ത്രീയനാമം:
Teratoscincus keyserlingii
വളരെ അപൂർവമായതും വംശനാശഭീഷണി നേരിടുന്നതുമായ പല്ലിവർഗമാണ് ഇത്. അഫ്ഗാനിസ്താൻ, ഇറാൻ, പാകിസ്താൻ യുഎഇ എന്നീ രാജ്യങ്ങളിൽമാത്രമാണ് ഈ ഗെക്കോയെ കണ്ടെത്തിയിട്ടുള്ളൂ. അതും അപൂർവങ്ങളിൽ അപൂർവമായിമാത്രം. ശരീരത്തിൽ കറുത്ത വീതിയുള്ള അടയാളങ്ങളുള്ള, കണ്ടാൽ വളരെ എളുപ്പം തിരിച്ചറിയാൻ സാധിക്കുന്ന പല്ലിയിനമാണ് ഇത്.
ഡ്യൂൺ സാൻഡ്* ഗെക്കോ
(Dune Gecko)
ശാസ്ത്രീയനാമം: Stenodactylus petrii
യുഎഇയിലെ മരുഭൂമികളിൽ സാധാരണ കാണുന്ന ഈ പല്ലി സെലിബ്രിറ്റിയായത് ഇവയുടെ യുവി ഫ്ലൂറെസൻറ്*്*സിനെക്കുറിച്ച് അടുത്തകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ഒരു റിസർച്ച് പേപ്പറിന്* ശേഷമാണ്. അൾട്രാവയലറ്റ് രശ്മിയിൽ തിളങ്ങുന്ന ശരീരഭാഗങ്ങളുള്ള പല്ലിയാണ് ഇത്!
ഇവയുടെ തിളക്കം അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യത്തിൽമാത്രമേ മനുഷ്യനേത്രങ്ങൾക്ക് കാണാനാകൂ. എന്നാൽ പല്ലികൾ ഉൾപ്പെടെയുള്ള മറ്റുചില ജീവികൾക്ക് ഈ ഫ്ലൂറെസൻറ്*്*സ് നഗ്നനേത്രംകൊണ്ട് കാണാനാകും. ഈ സ്*പീഷീസിലെ പല്ലികൾക്ക് പരസ്പരം വ്യതിരിക്തമായി തിരിച്ചറിയാൻ ഈ തിളക്കം സഹായിക്കുന്നുണ്ട് എന്നാണ് ഗവേഷകർ കരുതുന്നത്.
അറേബ്യൻ ഷോർട് ഫിംഗേഡ് ഗെക്കോ
(Arabian Short-fingered Gecko)
ശാസ്ത്രീയനാമം:
Stenodactylus arabicus
നാലുമുതൽ അഞ്ചുവരെ സെന്റിമീറ്റർ മാത്രം വലുപ്പംവെക്കുന്ന ഈ ചെറിയ പല്ലിയും അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യത്തിൽ ഫ്ലൂറെസന്റ് തിളക്കം പുറപ്പെടുവിക്കുന്ന ഇനമാണ്. രാത്രികാലങ്ങളിൽ മണലിലൂടെ അതിവേഗത്തിൽ ഓടിനടക്കുന്ന ഇവയുടെ കാൽപ്പാദങ്ങൾക്ക് മണലിൽ നടക്കാനുള്ള അനുകൂലനമുണ്ട്. പകൽ മുഴുവനും മാളത്തിൽ ചെലവഴിക്കും. മേല്പറഞ്ഞവ കൂടാതെ അനേകം പല്ലിയിനങ്ങൾ ഇവിടത്തെ മരുഭൂമികളിലുണ്ട്. യുഎഇയുടെ മരുഭൂമികളിൽ പകൽസമയത്ത് കാണപ്പെടുന്ന വലിയ രണ്ട് ഉരഗങ്ങളെ പരിചയപ്പെടാം.

ഈജിപ്ഷ്യന്* സ്*പൈനി ടെയ്ല്*ഡ് ലിസാഡ് |
ഈജിപ്ഷ്യൻ സ്*പൈനി ടെയ്*ൽഡ് ലിസാഡ്
(Egyptian Spiny-tailed Lizard)
ശാസ്ത്രീയനാമം:
Uromastyx aegyptia leptieni
അഗാമകളുടെ ഗണത്തിൽവരുന്ന ഇവ ഇലകളും പൂവുകളും കായ്കളും മാത്രം ഭക്ഷിക്കുന്ന സസ്യാഹാരിയാണ്. പൂർണവളർച്ചയെത്തിയാൽ എഴുപത് സെന്റിമീറ്റർവരെ വലുപ്പംവെക്കും. പകൽ ആക്*ടീവായി ഭക്ഷണം തേടിനടക്കുന്ന ഇവയെ, രാവിലെയും വൈകുന്നേരവും മരുഭൂമിയിൽ വെയിൽ കാഞ്ഞ് അനങ്ങാതെ ഇരിക്കുന്നത് കാണാൻ എളുപ്പമാണ്. അല്പം ഉരുണ്ട ശരീരപ്രകൃതിയുള്ള ഈ ജീവികൾക്ക് താരതമ്യേന പതുക്കെയേ ഓടാൻകഴിയൂ.
ഡെസെർട് മോണിറ്റർ
(Desert Monitor)
ശാസ്ത്രീയനാമം: Varanus griseus
കൊമൊഡോ ഡ്രാഗണുകളുടെയും നമ്മുടെ നാട്ടിലെ ഉടുമ്പുകളുടെയും കുടുംബത്തിലുള്ള മരുഭൂമിയിലെ കരുത്തരായ വേട്ടക്കാരാണ് ഈ വലിയ ഉരഗങ്ങൾ. പൂർണവളർച്ചയെത്തിയാൽ ഒന്നര മീറ്റർവരെ നീളംവെക്കുന്ന ഇവ പൂർണമായും മാംസഭോജികളാണ്. മരുഭൂമിയിലെ വിഷമുള്ള പാമ്പുകൾവരെ ഇവയുടെ സാധാരണ ഭക്ഷണമാണ്. ഇവയുടെ നാവുകൾ പാമ്പുകളെപ്പോലെ രണ്ടായി പിളർന്നതാണ്. അതിവേഗത്തിൽ ഓടാനും ഇരയെ പിൻതുടർന്ന് ഓടിച്ചിട്ടുപിടിക്കാനും ഇവയ്ക്ക് കഴിയും.
തേളുകൾ
മരുഭൂമിയിൽ ധാരാളം തേളുകളുണ്ട്. മണൽനിറത്തിൽ ടോർച്ച്*ലൈറ്റിൽപോലും തിരിച്ചറിയാനാവാത്ത കുഞ്ഞുകുഞ്ഞു മഞ്ഞ തേളുകൾ! അപകടകരമായവിധം വിഷമുള്ളവയാണ് ഇവ. ഒരു അൾട്രാവയലറ്റ് ടോർച്ച് തെളിച്ചുനോക്കിയാൽ തേളുകളുടെ ശരീരം തെളിമയുള്ള പച്ചപ്രകാശം പുറപ്പെടുവിക്കും. അവയുടെ ബാഹ്യാവരണത്തിലെ ക്യൂട്ടിക്കിൾ ലെയറിൽ ഫോസ്*ഫറസ് അടങ്ങിയിട്ടുണ്ട്. അൾട്രാവയലറ്റ് ലൈറ്റ് ശരീരത്തിൽ പതിക്കുമ്പോൾ അത് ആഗിരണംചെയ്ത് ദൃശ്യപ്രകാശമായി വികിരണംചെയ്യും. മരുഭൂമിയിലെയും മറ്റും രാത്രികാല പര്യവേക്ഷണങ്ങളിൽ യുവി ലാംപ്* വളരെ ഉപകാരപ്രദമാണ്. ശരീരത്തിന് മണലിന്റെ നിറംതന്നെ ആയതുകൊണ്ട് ചുറ്റുപാടിൽനിന്ന് ഇവയെ വേർതിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ, രാത്രി അൾട്രാവയലറ്റ് വെളിച്ചം തെളിയിച്ചാൽ കഥ മാറും! തിളങ്ങുന്ന എൽഇഡി ലൈറ്റുകൾപോലെ മണലിലും കുറ്റിച്ചെടികൾക്കിടയിലും അവിടവിടെയായി തേളുകളുടെ പ്രകാശം അതിമനോഹരമായ കാഴ്ചതന്നെയാണ്.

അറേബ്യന്* സാന്*ഡ് ഗസാല്* |
അറേബ്യൻ സാൻഡ് ഗസാൽ
(Arabian Sand Gazelle)
ശാസ്ത്രീയനാമം: Gazella marica
അബുദാബിയിൽനിന്ന് ദുബായിലെ അൽകുദ്ര മേഖലയിലേക്ക് വേനൽക്കാലത്ത് രാത്രി യാത്രചെയ്തിട്ടുണ്ടോ? റോഡിന്റെ ഇരുവശവും കിലോമീറ്ററുകളോളം ആയിരക്കണക്കിന് തിളങ്ങുന്ന കണ്ണുകൾ കാണാം. ആശ്ചര്യപ്പെടുത്തുന്നതും ദുരൂഹത തോന്നുന്നതുമായ ദൃശ്യമാണ് അത്. അറേബ്യൻ ഗസാലുകൾ എന്ന ചെറിയ മരുഭൂമിജീവികളാണ് അവ. കണ്ടാൽ കുഞ്ഞു മാനുകളെപ്പോലെയാണെങ്കിലും വംശീയമായി പശുക്കളുടെ കുടുംബക്കാരാണ്. മേലേക്ക്* വളർന്ന ചെറുതായി പിരിഞ്ഞുനിൽക്കുന്ന പൊഴിഞ്ഞുപോകാത്ത കൊമ്പുകൾ, പ്രസരിപ്പുള്ള പ്രകൃതി, വേഗം എന്നിവയെല്ലാം ഇവയുടെ പ്രത്യേകതയാണ്. വേനൽക്കാലത്ത് പകൽ കൂടുതലും വിശ്രമിക്കുന്ന ഇവ രാത്രികാലങ്ങളിലാണ് കൂട്ടങ്ങളായി മേഞ്ഞുനടക്കുന്നത്! അതീവ വംശനാശഭീഷണി നേരിട്ട ഈ മാനുകളുടെ എണ്ണം പരിസ്ഥിതിമന്ത്രാലയത്തിന്റെ ശ്രമകരമായ സംരക്ഷണപരിപാടികളിലൂടെ ഗണ്യമായി വർധിച്ചിട്ടുണ്ട്.

അറേബ്യന്* ഒറിക്*സ് |
അറേബ്യൻ ഒറിക്*സ്*
(Arabian Oryx)
ശാസ്ത്രീയനാമം:
Oryx leucoryx
ഒരുകാലത്ത് വംശനാശം സംഭവിച്ചുവെന്നുവരെ കരുതിയ ഈ ജീവികളെ ശാസ്ത്രീയമായ ഒട്ടേറെ സംരക്ഷണപരിപാടികളിലൂടെ തിരിച്ചുകൊണ്ടുവന്ന ദേശമാണിത്. വളരെ കൂർത്ത് പുറകിലേക്ക് വളഞ്ഞ നീണ്ട കൊമ്പുകളുള്ള ഈ ജീവികൾ മരുഭൂമിയിലെ അതികഠിനമായ ചൂടിനെ അതിജീവിച്ച് വളരാൻ പ്രാപ്തരാണ്. യുണൈറ്റഡ് അറബ് എമിറേറ്റ്*സിന്റെ ദേശീയമൃഗമാണ് അറേബ്യൻ ഒറിക്*സ്*.
പക്ഷികൾ വിവിധയിനം മൂങ്ങകളും ലാർക്കുകളും പരുന്തുകളുമെല്ലാം ഇവിടത്തെ മരുഭൂമി ആവാസവ്യവസ്ഥയുടെ ഭാഗമാണ്. ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണുന്ന ജൈവവൈവിധ്യത്തോട്* കിടപിടിക്കാൻമാത്രം സങ്കീർണവും വികസിതവുമായ ആവാസവ്യവസ്ഥയും ജീവിവർഗങ്ങളുമാണ് മരുഭൂമികളിൽ ഉള്ളത്. കാണാൻപഠിച്ചിട്ടില്ലാത്തതുകൊണ്ടുമാത്രം നമ്മൾ ശ്രദ്ധിക്കാതെപോകുന്ന കാഴ്ചകളാണ് ഇതെല്ലാം. മുകളിൽ എഴുതിച്ചേർത്ത ജീവികൾ ഇവിടത്തെ മരുഭൂമികളിലെ ജൈവവൈവിധ്യത്തിന്റെ ഒരു ചെറിയ അംശംമാത്രമാണെന്ന് ഓർമ്മിപ്പിക്കട്ടെ.
എന്തുകൊണ്ട്* മരുഭൂമികളിലെ വേനൽക്കാലരാത്രികളിൽ ജീവികളുടെ വൈവിധ്യം കൂടുന്നു?
പാമ്പുകളും പല്ലികളും അഗാമകളും പ്രാണികളുമെല്ലാം ശീതരക്ത ജീവികളാണ്. അതായത് ശീതരക്തമുള്ള ജീവികളുടെ ശരീരത്തിനുള്ളിലെ ജൈവരാസപ്രവർത്തനങ്ങൾ താപം ഉത്പാദിപ്പിക്കുന്നവയല്ല. അതുകൊണ്ടുതന്നെ അവയ്ക്ക് അന്തരീക്ഷതാപത്തോട് പൊരുത്തപ്പെടാനേ കഴിയൂ തണുപ്പുകാലത്ത് ഈ ജീവികളുടെ ഉപാപചയപ്രവർത്തനങ്ങൾ കുറയും. ശരീരം തളരും റിഫ്*ളെക്*സും വേഗവും കുറയും. തണുപ്പുകാലത്ത് ഉൾമരുഭൂമികളിൽ താപനില പത്ത്* ഡിഗ്രി താഴേക്കുവരെ പോകും. പല ശീതരക്തജീവികൾക്കും ഇത് ജീവനുവരെ അപകടമുണ്ടാക്കുന്ന അവസ്ഥയാണ്. തണുപ്പുരാജ്യങ്ങളിൽ പാമ്പുകളും പല്ലികളും കീടങ്ങളും കുറഞ്ഞിരിക്കാനുള്ള കാരണങ്ങളിലൊന്ന് ഇതാണ്. തണുപ്പുകാലത്ത് മരുഭൂമിയിലെ ശീതരക്തമുള്ള ജീവികൾ മണ്ണിന്റെ താഴേയോ ഉണങ്ങിയ ചെടിപ്പടർപ്പുകൾക്കുള്ളിലോ പാറയിടുക്കുകൾക്കുള്ളിലോ ശരീരത്തിലെ ഊർജം സൂക്ഷിച്ചുമാത്രം ചെലവഴിച്ച് സുഷുപ്തിയോളംപോന്ന ഒരു അലസജീവിതമാണ് നയിക്കുക. കുറെയെണ്ണം ചത്തുപോകും. അവശേഷിക്കുന്നവ അടുത്ത വേനലിനുവേണ്ടി കാത്തിരിക്കും.
തണുപ്പിന്റെ അവസാനം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മരുഭൂമിയിൽ ഒന്നോരണ്ടോ മഴ ലഭിക്കും. മണലിൽ മറഞ്ഞുകിടക്കുന്നതും കാറ്റിൽ പാറിവന്നതുമായ അനേകം പുൽവിത്തുകൾ മരുഭൂമിയിൽ മുളച്ചുപൊന്തും. അവയിൽ പൂക്കൾ വിരിയും, വിത്തുകളുണ്ടാകും, മരുഭൂമിയിലെ എലികളുടെ എണ്ണം കൂടും. സസ്യഭോജികൾക്ക് തളിരിലകളും വിത്തുകളും വേരുകളും കിട്ടും.
ഈ കാലത്തുതന്നെ നിശാശലഭങ്ങളും പൂമ്പാറ്റകളും പ്രാണികളും ധാരാളം മുട്ടകളിടും, പ്രാണികളുടെ എണ്ണം പെരുകും, ചെറുപ്രാണികളെ വലിയ പ്രാണികൾ ഭക്ഷിക്കും, അവയെ ഭക്ഷിക്കുന്ന പല്ലികൾ പെരുകും. ലാർവകൾ, പ്രാണികൾ, മരുഭൂമി നിറയെ പ്രോട്ടീൻസമൃദ്ധമായ ഭക്ഷണം! നല്ല ഭക്ഷണം കിട്ടുന്നതോടെ പാമ്പുകൾ പ്രജനനം തുടങ്ങും. മേയ് അവസാനത്തോടെ മരുഭൂമിയിൽ പാമ്പുകൾ നിറയും. പല്ലികൾ കൂടും. വേനലിൽ രാത്രി മരുഭൂമി ജൈവോത്സവത്തിന്റെ വലിയൊരു വേദിയായിമാറും.വേനൽക്കാല രാത്രികളിൽ മരുഭൂമികൾ ഒട്ടുമേ സുരക്ഷിതമല്ലെന്ന് ഒന്നുകൂടി ഓർമ്മിപ്പിക്കട്ടെ. അവിടെ ജീവന്റെ യുദ്ധങ്ങളും മത്സരങ്ങളുമാണ് നടക്കുന്നത്. ജീവൻപോലും അപകടത്തിൽപ്പെടുത്താൻപോന്ന വിഷത്തേളുകളും, മൃത്യുചുംബനങ്ങൾ സമ്മാനിക്കാൻ ഉഗ്രവിഷമുള്ള പാമ്പുകളുമുണ്ടാവും.
-
Yesterday, 10:51 AM
#1605
ഇഞ്ചയും മറ്റ് പരാദസസ്യങ്ങളും; സംരക്ഷിക്കാൻ നടപടികളില്ലാതെ ഇരിങ്ങോളിലെ 35 ഏക്കർ സംരക്ഷിത വനഭൂമി

പെരുമ്പാവൂർ: വൃക്ഷങ്ങൾക്കിടയിൽ വ്യാപകമായി വളരുന്ന ഇഞ്ചയും ഇത്തിൾക്കണ്ണി വിഭാഗത്തിൽപ്പെടുന്ന വള്ളിച്ചെടികളും ഇരിങ്ങോൾ വനത്തിന് ഭീഷണിയാകുന്നു. വൃക്ഷങ്ങളിൽനിന്ന് ജലവും പോഷകവും വലിച്ചെടുത്ത് വളരുന്ന പരാദസസ്യങ്ങൾ (പാരസൈറ്റിക് പ്ലാന്റ്*സ്) അപൂർവമായ വനസമ്പത്തിന് നാശമുണ്ടാക്കുന്നു.
കാവിന് കിഴക്കുഭാഗത്ത് വൃക്ഷങ്ങളെ മുരടിപ്പിച്ച് വ്യാപകമായി വളരുന്ന ഇഞ്ചയും മറ്റ് പരാദസസ്യങ്ങളും വെട്ടിനീക്കി വൃക്ഷങ്ങളുടെ സ്വാഭാവികവളർച്ചയ്ക്ക് സാധ്യത ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രോപദേശകസമിതി സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന് കത്തുനൽകിയെങ്കിലും നടപടിയില്ല. പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും വനത്തിൽ തള്ളുന്നത് തടയാനും കഴിയുന്നില്ല. 35 ഏക്കറുളള വനഭൂമി ക്ഷേത്രവിശ്വാസത്തിന്റെ പേരിലാണ് സംരക്ഷിക്കപ്പെട്ടുപോരുന്നത്. വനംവകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും അനുമതിയില്ലാതെ ഇവിടെനിന്ന് ഒരുവിധത്തിലും മരങ്ങളുടെ ശിഖരങ്ങൾ പോലും മുറിക്കാൻ അനുവദിക്കില്ല.
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 2010-ൽ നടത്തിയ പഠനത്തിൽ 70 ഇനം പക്ഷികളെ വനത്തിൽ കണ്ടെത്തിയിരുന്നു. ക്ഷേത്രഭൂവിലെ ഊഷ്മാവ്, ജൈവവ്യവസ്ഥ, അപൂർവമായ ശലഭങ്ങൾ, ജീവജാലങ്ങൾ എന്നിവയെല്ലാം പഠനവിഷയമായിട്ടുണ്ട്.
അത്യപൂർവ സസ്യമായ 'പുണ്യാഹ'യുൾപ്പെടെ തിപ്പലി, അമൃത്, ചിറ്റമൃത്, പുഷ്കരമരുത്, ചതുർമൂല, വെള്ളപ്പൈൻ തുടങ്ങി ചെറുതും വലുതുമായ നൂറുകണക്കിന് വൃക്ഷങ്ങളാണ് വനത്തിലുള്ളത്. നൂറ്റാണ്ടുകൾ പഴക്കമുളള വൻവൃക്ഷങ്ങളും ചെടികളും ജൈവ വൈവിധ്യങ്ങളുമുണ്ടെങ്കിലും 'പാമ്പില്ലാവന'മെന്ന പ്രത്യേകതയുമുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലാണ് വനഭൂമിയും വനത്തിന് നടുവിലെ ഭഗവതി ക്ഷേത്രവും. പെരുമ്പാവൂർ നഗരമധ്യത്തിലെ അത്യപൂർവമായ ജൈവസമ്പത്ത് സംരക്ഷിക്കാൻ ദേവസ്വം ബോർഡോ സർക്കാരോ നടപടി സ്വീകരിക്കാത്തതിൽ വ്യാപക പ്രതിഷേധമുണ്ട്.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules