-
09-24-2023, 03:30 PM
#1091
ലോകത്തെ ഏറ്റവും വലിയ പൂവ്! 7 കിലോ ഭാരം; ഭീകരപുഷ്പം വംശനാശം നേരിടുന്നെന്ന് ശാസ്ത്രജ്ഞർ

7 കിലോ വരെ ഭാരം വയ്ക്കുന്ന ഈ പുഷ്പത്തിന് ഭീകര പുഷ്പമെന്നും പേരുണ്ട്.. Image Credit: mazzzur/ Istock
ലോകത്തെ ഏറ്റവും വലുപ്പമുള്ള പുഷ്പമായ റഫ്*ലേഷ്യ വംശനാശത്തിനരികിലാണെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഉടനടി പരിഹാരനടപടികൾ ചെയ്തില്ലെങ്കിൽ അപൂർവമായ ഈ പുഷ്പവിഭാഗം അപ്രത്യക്ഷമാകുമെന്നും അവർ പറയുന്നു. കടുത്ത ദുർഗന്ധം പുറത്തേക്കു വിടുന്ന റഫ്*ളേഷ്യ സസ്യശാസ്ത്രജ്ഞരെ എന്നും കൗതുകത്തിലാഴ്ത്തിയിരുന്നു. ഒരു മീറ്ററോളം വീതിയുള്ള ഈ പുഷ്പം തെക്കുകിഴക്കൻ ഏഷ്യയിലെ വനനശീകരണം മൂലമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. 7 കിലോ വരെ ഭാരം വയ്ക്കുന്ന ഈ പുഷ്പത്തിന് ഭീകര പുഷ്പമെന്നും പേരുണ്ട്.
ചില ഈച്ചകളെ ആകർഷിക്കാനായാണ് പൂവിൽ നിന്ന് ദുർഗന്ധം ഉടലെടുക്കുന്നത്. ലോകത്ത് 42 തരത്തിലുള്ള റഫ്*ളേഷ്യ പുഷ്പങ്ങളുണ്ട്. ഇവയിൽ 25 എണ്ണം സാരമായി വംശനാശഭീഷണി നേരിടുന്നവയാണ് 15 എണ്ണം വംശനാശം നേരിടുന്നവയും. ലോകത്താദ്യമായാണ് റഫ്*ളേഷ്യ പുഷ്പങ്ങളെക്കുറിച്ച് ഇത്രയും വിശദമായ ഒരു സർവേ നടത്തിയത്.
വളരെയേറെ അപൂർവതകളുള്ള സസ്യമാണ് റഫ്*ളേഷ്യ.ഇലകളോ തണ്ടുകളോ വേരുകളോ ഇവയ്ക്കില്ല. മരങ്ങളിലെ വള്ളികളിൽ നിന്ന് പ്രത്യേക ഘടനകൾ ഉപയോഗിച്ചാണ് ഇവ വെള്ളവും ഭക്ഷണവും വലിച്ചെടുക്കുന്നത്. ബ്രൂണെ, ഇന്തൊനീഷ്യ,മലേഷ്യ, ഫിലിപ്പീൻസ്, തായ്*ലൻഡ് എന്നീ രാജ്യങ്ങളിലെ കാടുകളിൽ ഇവ കണ്ടുവരുന്നു.
ഈ ചെടികൾ പലപ്പോഴും മറഞ്ഞിരിക്കാറാണു പതിവെന്നതിനാൽ ഇവയെ കണ്ടെത്തുന്നതും പഠനം നടത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. റഫ്*ളേഷ്യയുടെ ദുർഗന്ധത്തിൽ ആകർഷിക്കപ്പെട്ട് എത്തുന്ന ഈച്ചകളാണ് പുഷ്പത്തിൽ പരാഗണം നടത്തുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെത്തിയ യൂറോപ്യൻ സഞ്ചാരികളാണ് റഫ്*ളേഷ്യ പുഷ്പങ്ങൾ ആദ്യമായി കണ്ടെത്തിയത്. ഇതു പിന്നീട് സഞ്ചാരികൾക്ക് വളരെയേറെ കൗതുകമുള്ള കാര്യമായി. റഫ്*ളേഷ്യ ചെടികൾ നിൽക്കുന്ന മേഖലകളുടെ സംരക്ഷണത്തിനായി ശബ്ദമുയർത്തിയിരിക്കുകയാണ് ലോകമെമ്പാടുമുള്ള പരിസ്ഥിതിവാദികൾ. ഇവയെ കൂടുതൽ വ്യാപിപ്പിക്കാനുള്ള മാർഗങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇന്തൊനീഷ്യയുടെ ദേശീയ പുഷ്പങ്ങളിലൊന്നാണ് റഫ്*ളേഷ്യ.
-
09-24-2023, 03:31 PM
#1092
മുതലകൾ പുളച്ചുമറിയുന്ന ഗുജറാത്തിലെ വിശ്വമിത്രി! നദിയിൽ ഓരോ കിലോമീറ്ററിലും 6 മുതലകൾ

വിശ്വാമിത്രി നദിയിലെ മുതലകൾ (Photo: Twitter/@pppjain)
ഗുജറാത്തിൽ ഏറ്റവും കൂടുതൽ മുതലകളുടെ സാന്നിധ്യമുള്ള ജില്ല വഡോദരയാണ്. എല്ലാംകൂടി ആയിരം മുതലകൾ ഈ ജില്ലയിലുണ്ടെന്നാണു കണക്ക്. ജില്ലയിലെ വിശ്വാമിത്രി എന്ന നദിയിൽ മാത്രം അഞ്ഞൂറോളം മുതലകളുണ്ടെന്നാണു കണക്ക്. ഗുജറാത്തിലെ പഞ്ച്മഹലിൽ നിന്നുത്ഭവിക്കുന്ന ഈ നദി വഡോദരയിൽ കൂടിയാണ് ഒഴുകുന്നത്. മുതലകളുടെ സാന്നിധ്യം മൂലം ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ നദികളിലൊന്നായാണു വിശ്വമിത്രി കണക്കാക്കപ്പെടുന്നത്. മൺസൂൺ കാലത്ത് വെള്ളപ്പൊക്കമുണ്ടാകുമ്പോൾ മുതലകൾ നഗരത്തിലിറങ്ങുന്നതിന്റെ ഒട്ടേറെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും വഡോദരയിൽ നിന്നു പ്രചരിക്കാറുണ്ട്.
മഗ്ഗർ അഥവാ മാർഷ് ക്രോക്കഡൈൽ വിഭാഗത്തിൽ പെടുന്ന മുതലകളാണ് ഇവിടെ അധികവും. ഇത്തരം മുതലകൾ ഇന്ത്യ, പാക്കിസ്ഥാൻ, ഇറാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ മാത്രമേ ഉള്ളൂവെന്നതിനാ*ൽ ഇവ സംരക്ഷിത വിഭാഗങ്ങളാണ്. 2019ൽ നടത്തിയ ഒരു സർവേയിൽ ഈ നദിയുടെ ഓരോ കിലോമീറ്റർ ദൂരത്തിലും 6 മുതലകൾ വീതമുണ്ടത്രേ.
മുതലകൾ പെരുകുന്നതു മൂലം ഭീതിയുടെ ജലമൊഴുകുന്ന പല നദികളുമുണ്ട് ലോകത്തിൽ. ഇതിൽ ഏറെ പ്രശസ്തം ലോകത്തിലെ ഏറ്റവും നീളമുള്ള നദിയായ നൈൽ തന്നെയാകും. മനുഷ്യരെ ആക്രമിക്കാൻ ഒട്ടും മടിയില്ലാത്ത നൈൽ ക്രോക്ക*ഡൈൽ എന്ന വിഭാഗത്തിലുള്ള മുതലകൾ ഇവിടെയുണ്ട്. ദക്ഷിണാഫ്രിക്കയിലും മൊസാംബിക്കിലുമായി ഒഴുകുന്ന ഒലിഫാന്റ്സ് നദിയിലും മുതലശല്യം കലശലാണ്.
ദക്ഷിണാഫ്രിക്കയിലെ പ്രശസ്തമായ ക്രൂഗർ പാർക്ക് വനോദ്യാനത്തിന്റെ തെക്കേ അതിർത്തിയിലുള്ള ഒരു നദിയുടെ പേര് തന്നെ ക്രോക്കൊഡൈൽ നദിയെന്നാണ്. ഈ നദിയിൽ ധാരാളം മുതലകളുണ്ട്. ഇതു പോലെ തന്നെ പേരിൽ മുതലയുള്ള നദിയാണ് ഓസ്ട്രേലിയയിലെ ഈസ്റ്റ് അലിഗേറ്റർ റിവർ.
എന്നാൽ ലോകത്തിൽ ഏറ്റവും കൂടുതൽ മുതലകൾ അധിനിവേശം നടത്തിയിട്ടുള്ള നദി ഇതൊന്നുമല്ല. കോസ്റ്റ റിക്കയിലെ ടാർക്കോലിസ് എന്ന നദിയാണ്. വലിയ അളവിൽ മലിനമാക്കപ്പെട്ടിട്ടുള്ള ഈ നദി മുതലകളുടെ ഒരു ആവാസകേന്ദ്രമാണ്.
ഓരോ ചതുരശ്ര മൈൽ വിസ്തീർണത്തിലും 75 മുതലകളെ ഈ നദിയിൽ കാണാമെന്ന് പരിസ്ഥിതി വിദഗ്ദർ അഭിപ്രായപ്പെടുന്നു. വലിയൊരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഈ നദി. ക്രോക്കഡൈൽ ബ്രിജ് എന്ന പാലത്തിൽ നിന്നും തദ്ദേശീയമായ ബോട്ട് യാത്രയിലൂടെയും മുതലകളെ അടുത്തു നിന്നു കാണാൻ ടർക്കോലിസിൽ സൗകര്യമുണ്ട്.
-
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules