Theatre Karunagappally Carnival
Date 03/03/2017
Time 7.45pm
Status 75%
ഒട്ടും സിനിമാറ്റിക് അല്ലാത്ത ഒരു കഥ. കേരളത്തിൽ ജീവിക്കുന്ന ഒട്ടു മിക്ക എല്ലാ ആൾക്കാർക്കും പരിചയം ഉള്ള ഒരു കഥ. മിക്ക സിനിമകളിലും കാണാറുള്ളത് പോലെ ക്ലൈമാക്സിനു മുൻപ് ഉള്ള ട്വിസ്റ്റോ വലിയ ഡയലോഗുകൾ കാച്ചുന്ന നായകനോ വില്ലന്മാരോ ഒന്നുമില്ല. എങ്കിലും ആ സിനിമ നിങ്ങളെ രസിപ്പിച്ചു പിടിച്ചിരുത്തുന്നുണ്ടെങ്കിൽ, ചില സമയത്ത് "അമ്പോ...സൂപ്പർ ആണെല്ലോ ഇത്" എന്ന് തോന്നിപ്പിക്കുന്നുണ്ടെങ്കിൽ സംവിധായകൻ ചില്ലറക്കാരൻ ആയിരിക്കില്ല. അതെ ഇവിടെയും സംവിധായകൻ ചില്ലറക്കാരൻ അല്ല. ആദ്യ രണ്ട് സിനിമകളും വമ്പൻ പരാജയങ്ങൾ. അവസാനം ഇറങ്ങിയ സിനിമ എക്കാലത്തെയും വലിയ ഡിസാസ്റ്റർ. ആകെയുള്ള ഒരു വിജയ ചിത്രം "ആമേൻ". വിജയിച്ച ചിത്രങ്ങളുടെയും ബോക്സ് ഓഫീസ് കളക്ഷൻറെയും കണക്ക് എടുക്കുന്നവർ അവരുടെ കണക്ക് പുസ്തകത്തിൽ നിന്ന് എന്നോ വെട്ടിയ പേരാണ് "ലിജോ ജോസ് പെല്ലിശ്ശേരി"
പക്ഷെ ലിജോയുടെ എല്ലാ സിനിമകളും ഇഷ്ട്ടപെട്ട നല്ലോണം ആസ്വദിച്ച ഒരാൾ എന്ന നിലയിലും ബോക്സ് ഓഫീസ് കണക്കെടുപ്പുകളിൽ തീരെ താല്പര്യം ഇല്ലാത്തതിനാലും താരങ്ങൾ ഉണ്ടെങ്കിലേ സിനിമ കാണു എന്ന ചിന്ത ഇല്ലാത്തതിനാലും ആദ്യ ദിവസം തന്നെ പടത്തിനു കയറി. ഒരു കാര്യം ഉറപ്പായിരുന്നു ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു ആഖ്യാന രീതി അങ്കമാലി ഡയറീസിന് ഉണ്ടാകും എന്ന്.
പടം വിജയിക്കാൻ വേണ്ടി കണ്ടു മടുത്ത സ്ഥിരം ചേരുവകൾ ലിജോ ജോസ് പെല്ലിശ്ശേരി ഇതിൽ കൊണ്ട് വന്നിട്ടില്ല. സൂപ്പർ താരത്തെ നിർത്തി മറ്റു കഥാപാത്രങ്ങളെ കൊണ്ട് താരത്തെ പൊക്കിയടിച്ചു ആദ്യ ദിവസങ്ങളിൽ ആരാധക വെട്ടുകിളികളുടെ കയ്യടി വാങ്ങുന്ന പൊടി കൈകളും അങ്കമാലിയിൽ ഇല്ല. പിന്നെ നല്ല കിടിലൻ പിള്ളേരുടെ കിടിലൻ അഭിനയം കാണാം. എല്ലാ നാട്ടിലും നടക്കാറുള്ള ഒരു കഥയെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നത് കാണാം.
ഇങ്ങനെയൊരു നായകനെ അധികം മലയാള സിനിമകളിൽ കണ്ടിട്ടില്ല. പക്ഷെ ചുറ്റും നോക്കിയാൽ ഒരു പാട് വിൻസെന്റ് പെപ്പയെ കാണാം. അത് തന്നെയേ ഈ സിനിമയിലും കാണിക്കുന്നുള്ളു. വില്ലന്മാർ എന്ന് ഇതിൽ പറയാൻ പറ്റില്ലെങ്കിലും അപ്പാനി രവിയും U Clamp രാജനും നല്ല ഒന്നാംതരം കഥാപാത്രങ്ങൾ. അഭിനേതാക്കളും തകർത്തു. ഒരുപാട് രംഗങ്ങളിൽ ഇവർക്ക് കയ്യടി കിട്ടി. എല്ലാ സിനിമകളിലെയും പ്രധാന ഘടകം ആയ നായകൻ - വില്ലൻ റിലേഷൻ ഈ സിനിമയിൽ വേറൊരു തലത്തിലാണ്. 30 ലക്ഷം കൊടുത്തിട്ട് നായകൻ അവരോടു ദുബായിൽ പോകുന്ന കാര്യം പറയുന്നതും അവർ തിരിച്ച സംസാരിക്കുന്നതും എന്തൊരു സ്വാഭാവികം ആണ്. ക്ലൈമാക്സിലും അവർ തമ്മിലുള്ള ഒരു ബന്ധം അത്ഭുതപ്പെടുത്തി.
അഭിനേതാക്കൾ എല്ലാം ഒന്നിനൊന്നു മെച്ചം. ഗംഭീരം. പറയാൻ വാക്കുകളില്ല. കുറെ നല്ല കഥാപാത്രങ്ങൾ. മഹേഷിന്റെ പ്രതികാരവും, കമ്മട്ടിപ്പാടവും കഴിഞ്ഞു നാട്ടിൽ കാണുന്ന തരം പെണ്ണുങ്ങളെ നായികമാരായി കണ്ടു ഇതിൽ.
അധികം ഒന്നും ഇനി പറയുന്നില്ല. കണ്ടു ആസ്വദിക്കുക.