
Originally Posted by
Rex
മഹാനടന്മാർ - മമ്മൂട്ടി കഥാപാത്രങ്ങൾ - ഭാഗം 1
എന്റെ ജീവിതത്തിന്റെ ഒരു അവിഭാജ്യമായ ഒരു എട് ചലച്ചിത്രങ്ങൾക്ക് എന്നും ഉണ്ട്. സിനിമയോട് എന്നെ അടുപ്പിച്ചത് 2 പേർ ആണെന്ന് നിസ്സംശയം പറയാം . വേറെ ആരുമല്ല നമ്മുടെ സൂപ്പർ താരങ്ങളും മലയാള സിനിമയുടെ അഭിമാനവും ആയ മമ്മൂട്ടി മോഹൻലാൽ. എന്നെ സ്വാധീനിച്ച കഥാപാത്രങ്ങളെ കുറിച്ചാണ് ഞാൻ എഴുതുന്നത്. എന്റെ മാത്രം അഭിപ്രായങ്ങൾ ഞാൻ ഇവിടെ കുത്തി കുറിക്കുന്നത് . തുടക്കം മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ തന്നെ ആവട്ടെ എന്ന് വിചാരിച്ചു എന്റെ തൂലിക ചലിപ്പിക്കുന്നു.
1. ബൈക്കർ വിജയൻ ( മേള , ഡിസംബർ 1980 ).
വിൽക്കാനുണ്ട് സ്വപ്നങ്ങൾ ആണ് മമ്മൂട്ടി ഒരു മുഖ്യകഥാപാത്രത്തെ ആദ്യമായ് അവതരിപ്പിക്കുന്നത് . എന്തുകൊണ്ടോ ഇത് വരെ അത് കാണുവാൻ സാധിച്ചിട്ടില്ല , അത് കൊണ്ടുതന്നെ എനിക്ക് ബൈക്കർ വിജയൻ ആണ് മമ്മൂട്ടി എന്ന നടൻറെ ആദ്യ സിനിമ . കെ ജി ജോർജിന്റെ സംവിധാനത്തിൽ വന്ന ഈ സിനിമയിൽ ഉയരം കുറഞ്ഞ ഗോപാലൻ(രഘു ) ആണ് നായകൻ. ഗോപാലൻ സർക്കസിലെ ഒരു കോമാളി ആണ് , അയാൾ ഉയരമുള്ള
ഒരു പെൺകുട്ടിയെ (ശാരദ ) വിവാഹം കഴിക്കുകയും, പിന്നീട് ആ സർക്കസ് ട്രൂപ്പിലെ ഗോപാലന്റെ സ്നേഹിതൻ ആയ വിജയനും ശാരദയും ആയി ഉണ്ടാവുന്ന തെറ്റിദ്ധാരണകളും, നീളമില്ല എന്ന അപകർഷതാബോധവും , ഒടുവിൽ ഗോപാലൻ ശാരദയെ വിജയനെ ഏൽപിച്ചു ആത്മഹത്യ ചെയ്യുന്നത് ആണ് ഇതിവൃത്തം. ഈ മമ്മൂട്ടി കഥാപാത്രം തീർച്ചയായും കാണിച്ചു തരും അദ്ദേഹം എവിടെ നിന്ന് ആരംഭിച്ചു. ഈ സിനിമ ഇറങ്ങി 37 വര്ഷം കഴിഞ്ഞിരിക്കുന്നു .
2 ജേക്കബ് ഈരാളി (യവനിക , ഏപ്രിൽ 1982 )
വീണ്ടും ഒരു കെ ജി ജോർജ് ചിത്രം. ഭാവന തീയേറ്റർ എന്ന നാടക ട്രൂപ്പിലെ തബലിസ്റ് ആയ അയ്യപ്പൻറെ കൊലപാതകം അന്വേഷിച്ചു വരുന്ന dysp. ഈ സിനിമയിൽ അയ്യപ്പൻ ആയി ഭാരത് ഗോപി അസാമാന്യ പ്രകടനം ആണ് കാഴ്ചവച്ചത്. എന്നിരുന്നാലും ഈ സിനിമയെ വത്യസ്തം ആക്കുന്നത് മുഴുനീള കഥാപാത്രം അല്ലാതായിരുന്നിട്ടും കൂടി ജേക്കബ് ഈരാളി ആയ മമ്മൂട്ടി തന്നെ എന്ന് നിസംശയം പറയാം. മമ്മൂട്ടി എന്ന മഹാനാടൻറെ അഭിനേതാവ് എന്ന നിലയിലുള്ള മികച്ച പ്രകടനം തന്നെയാണ് തർക്കമില്ലാത്ത പറയാം . ഒരു പോലീസ് ഉദ്യോഗസ്ഥൻ ഏതു രീതിയിൽ അന്വേഷണം നടത്തും എന്ന് ഒരു അതിഭാവുകത്വം ഇല്ലാതെ അവതരിപ്പിച്ചു ഗംഭീരമാക്കി . യവനിക മലയാള ചലച്ചിത്രങ്ങളിൽ എക്കാലത്തെയും ക്ലാസിക് ത്രില്ലെർ ആയതിൽ മമ്മൂട്ടിയുടെ പങ്കു വലുതാണ്.
3. താരാദാസ് (അതിരാത്രം , മാർച്ച് 1984 )
എൻറെ അഭിപ്രായത്തിൽ മമ്മൂട്ടി എന്ന താരത്തിന്റെ ശക്തമായ കഥാപാത്രം. താരാശങ്കർ (ഉമ്മർ ) , താരാദാസ് അജയ്യർ ആയ കള്ളക്കടത്തു നടത്തുന്നു . അവരെ തട ഇടാനായ് വരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനും സുഹൃത്തുമായ രാജേഷ് (ക്യാപ്റ്റൻ രാജു ), അനിയൻ പ്രസാദ് (മോഹൻലാൽ). രാജേഷിന്റെ ഭാര്യ തുളസി (സീമ) താരാദാസിന്റെ പൂർവ കാമുകി കൂടി ആണ് . താരാദാസിന്റെ വളർച്ചയിൽ അസൂയ പൂണ്ട താരാശങ്കറിന്റെ മകൻ ചന്ദ്രു (രവീന്ദ്രൻ ), കൂട്ടുകാരൻ ചാർളി (ലാലു അലക്സ് ).ഒരു പ്രത്യേക സാഹചര്യത്തിൽ രാജേഷിനെ കൊല്ലേണ്ടി വരുന്നു താരാദാസിന് . അതിനു പ്രതികാരമായി തുളസി ചന്ദ്രുവിനെ കൂട്ട് പിടിച്ചു പ്രസാദിന്റെ സഹായത്തോടെ താരാദാസിനെ തകർക്കാൻ നോക്കുന്നു. ഇതാണ് ചിത്രത്തിന്റെ സാരാംശം .
ഇപ്പോൾ പറയുന്ന മാസ്സ് എന്താണെന്നു എൺപതുകളിൽ തന്നെ അദ്ദേഹം കാഴ്ച വച്ചതു . ആന്റി ഹീറോ ആയി അഭൂതപൂർവമായ വിജയം നേടിയ ചിത്രം . 22 വര്ഷങ്ങള്ക്കു ശേഷം ഈ കഥാപാത്രത്തെ പുനരുജ്ജീവിപ്പിക്കാൻ മറ്റു കാരണങ്ങളും തേടി പോകേണ്ട കാര്യമില്ല. അത് തന്നെ വ്യക്തമാക്കുന്നു എന്ത് കൊണ്ട് താരാദാസ് എന്റെ മനസ്സിലും ഇടം നേടിയെന്നു
4 രവി വർമ്മ (നിറക്കൂട്ട് , സെപ്റ്റംബർ 1985 )
ഏവരും എന്നും കേട്ടിട്ടുള്ള പൂമാനമേ എന്ന ഹിറ്റ് ഗാനം ഈ സിനിമയിൽ ആണ് . ഇപ്പോൾ ഉള്ള തലമുറക്കും ഈ ജോഷി ചിത്രം പരിചിതം ആണ് എന്ന് ഞാൻ കരുതുന്നു .ഈ സിനിമയുടെ കഥ ഒരു വരിയിൽ പറഞ്ഞാൽ സ്വന്തം ഭാര്യ മേഴ്സിയുടെ (സുമലത ) കൊലപാതകത്തിനു ശിക്ഷിക്കപ്പെട്ട രവി ജയിൽ ചാടി യഥാർത്ഥ കൊലയാളിയോട് പ്രതികാരം ചെയ്യുന്നു. ഒരേ സമയം പ്രതിനായകനായും നായകനായും അസാമാന്യ പാടവം കാഴ്ച വച്ച സിനിമ. ഇന്നും ഒരു മടുപ്പും ഇല്ലാതെ കാണാൻ പറ്റുന്ന ചിത്രം
5 . ഉണ്ണികൃഷ്ണൻ ( യാത്ര , സെപ്റ്റംബർ 1985 )
എന്നും ഒരു നൊമ്പരവും, ആശ്വാസവുമായി നിലനിൽക്കുന്ന കഥാപാത്രം . പുതിയതായി സ്ഥലം മാറി വരുന്ന ഫോറെസ്റ് ഓഫീസർ ഉണ്ണികൃഷ്ണൻ. ആ നാട്ടിലെ തുളസി (ശോഭന)എന്ന പെൺകുട്ടിയുമായി പ്രണയത്തിൽ ആവുന്നു , വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. സുഹൃത്തിനെ കല്യാണത്തിന് ക്ഷണിക്കാനായ് നാട്ടിൽ പോയ് വരുന്ന വഴിയേ വേറെ ഒരാളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു പോലീസ് പിടി കൂടുന്നു ,ശിക്ഷിക്കപ്പെടുന്നു. ജയിൽ മോചിതനാവുന്നതു വരെ കാത്തിരുന്നു തുളസിയും ഉണ്ണികൃഷ്ണനും ഒന്നിക്കുന്നു. ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ഈ സിനിമ ഒരു നിത്യ ഹരിത ക്ലാസിക് തന്നെ. മമ്മൂട്ടി എന്ന അഭിനേതാവിനെ മിനുക്കി എടുത്ത കഥാപാത്രങ്ങളിൽ ഒന്ന്. പ്രണയം അഭിനയിക്കാൻ മമ്മൂട്ടി പോരാ എന്ന് പറയുന്നവർ ഈ സിനിമ കണ്ടാൽ എന്ത് പറയും എന്ന് കാണണം. ഇതിൽ മമ്മൂട്ടി തല മുണ്ഡനം ചെയ്തത് അന്ന് വലിയ ചർച്ച വിഷയം ആയിരുന്നു
നിറക്കൂട്ട്, യാത്ര എന്നി സിനിമകൾക്ക് അന്ന് സംസ്ഥാന
സ്പെഷ്യൽ ജൂറി പുരസ്*കാരം കരസ്ഥമാക്കിയിരുന്നു എന്നാണ് എന്റെ അറിവ്.
ഈ കാലഘട്ടത്തിലെ തന്നെ അഹിംസയിലെ വാസുവിനെയും കൂടെവിടെയിലെ ക്യാപ്റ്റൻ തോമസും എടുത്തു പറയേണ്ടതാണ് .
തുടരും ....