സൂരജ് ടോമിന്റെ മൂന്നാമത്തെ ചിത്രം. സൂരജ് - ജിത്തു ദാമോദർ കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രം. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ തിരക്കഥ എഴുതുന്ന ആദ്യ ചിത്രം. 'കൃഷ്ണൻകുട്ടി പണി തുടങ്ങി' എന്ന ചിത്രത്തിന്റെ സവിശേഷതകൾ ഇങ്ങനെ ചുരുക്കി എഴുതാം.
സൂരജ് ടോമിനെ നിങ്ങൾ അറിയും. പാവയുടെയും എന്റെ മെഴുകുതിരി അത്താഴങ്ങളുടെയും സംവിധായകനാണ്. സൂരജിന്റെ മെഴുകുതിരി അത്താഴത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചത് ജിത്തു ദാമോദരായിരുന്നു. കൃഷ്ണൻകുട്ടിക്കുവേണ്ടി ആ ടീം ഒരുമിക്കുമ്പോൾ മറ്റൊരു വിസ്മയം നമുക്ക് പ്രതീക്ഷിക്കാം.
പാവയിലെ പോപ്പുലറായ ആ ഗാനം നിങ്ങൾക്ക് ഓർമ്മയില്ലേ.
'പൊടിമീശ മുളയ്ക്കണ കാലം
ഇടനെഞ്ചിൽ ബാന്റടി മേളം'
അതിനുമുമ്പും പല സിനിമകൾക്കുവേണ്ടി (മോളിആന്റിറോക്*സ്, വീപിംഗ് ബോയ്, മത്തായി കുഴപ്പക്കാരനാണ്) ഈണം പകർന്നിട്ടുണ്ടെങ്കിലും ആനന്ദിനെ സംഗീത പ്രേമികൾ തിരിച്ചറിയാൻ തുടങ്ങിയത് ഈ ഗാനത്തിന്റെ പിറവിയോടെയാണ്. അടിമുടി സംഗീതക്കാരനായ ആനന്ദ് ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് കൃഷ്ണൻകുട്ടി പണി തുടങ്ങി.
'ബ്രില്യന്റ് സ്*ക്രിപ്റ്റ്' എന്നാണ് ആനന്ദിന്റെ രചനയെ സംവിധായകനും ക്യാമറാമാനും താരങ്ങളും ഒരേ സ്വരത്തിൽ വിശേഷിപ്പിച്ചത്.
എന്നാൽ അതിനുള്ള ഫുൾ ക്രെഡിറ്റും സംവിധായകന് നൽകുകയാണ് ആനന്ദ്.
'എഴുതാൻ സ്വതേ മടിയുള്ള ആളാണ് ഞാൻ. അങ്ങനെയുള്ള എന്നെ പിടിച്ചിരുത്തി എഴുതിപ്പിച്ചത് സൂരജേട്ടനാണ്.'
വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ ഇയ്യപ്പൻ, വിജിലേഷ്, സന്തോഷ് ദാമോദരൻ, അഭിജ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരനിരക്കാർ.
അഭിനേതാക്കളുടെ പ്രകടനത്തെക്കുറിച്ച് വലിയ മതിപ്പാണ് സംവിധായകൻ സൂരജ് ടോമിന്.
'അധികം അഭിനേതാക്കളൊന്നും ചിത്രത്തിലില്ല. പക്ഷേ ഉള്ളവരെല്ലാം പ്രകടനംകൊണ്ട് ഞങ്ങളെ അത്ഭുതപ്പെടുത്തിക്കളഞ്ഞവരാണ്. എടുത്ത് പറയേണ്ടത്, ആക്ഷൻ രംഗങ്ങളിലെ അവരുടെ അർപ്പണബോധമാണ്. ഒരഭിനേതാവും ഡ്യൂപ്പ് ചെയ്യാൻ ഇഷ്ടപ്പെട്ടില്ല. ഞങ്ങൾ ചെയ്തുനോക്കാം എന്നാണ് എല്ലാവരും പറഞ്ഞത്. വളരെ അപകടകരമായ ഷോട്ടുകളിൽപോലും സേഫ്റ്റി മെഷേഴ്സ് ഉപയോഗിക്കാതെയാണ് അവർ പങ്കെടുത്തത്. അഷ്റഫ് ഗുരുക്കളാണ് ഫൈറ്റ് മാസ്റ്റർ. ഒട്ടും സിനിമാറ്റിക്കല്ല ഈ ചിത്രത്തിലെ ഫൈറ്റുകളൊന്നും.'
ടൈറ്റിലിൽ നിഴലിച്ചു കാണുന്നതുപോലെ ഒരു ഹ്യൂമറിന്റെ അംശം കഥ പറച്ചിലിലും ഉണ്ട്. പക്ഷേ അടിസ്ഥാനപരമായി ഇതൊരു ഹൊറർ-ത്രില്ലർ ആണ്. ഡാർക്ക് ഷെയ്ഡിലുള്ള ചിത്രം. ഈ ഗണത്തിൽപ്പെട്ടൊരു ചിത്രത്തിൽ സംവിധായകനും താരങ്ങളും ഭാഗമാകുന്നതും ഇതാദ്യമാണ്. അതിന്റെ നോവൽറ്റിയും ചിത്രത്തിന് അവകാശപ്പെടാം.
നോബിൾ ജോസ് ആണ് സിനിമയുടെ നിർമ്മാതാവ്. എന്റെ മെഴുകുതിരി അത്താഴത്തിന്റെയും നിർമ്മാതാവ് നോബിളായിരുന്നു. സൂരജും നോബിളും സഹപാഠികളുമാണ്. സുജിത്ത് നായരാണ് കോ-പ്രൊഡ്യൂസർ. ബാദുഷ എക്*സിക്യൂട്ടീവ് പ്രൊഡ്യൂസറും. റിച്ചാർഡ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. കലാസംവിധാനം ബാവ.
![]()