ഉള്ളൊഴുക്ക്: പൂർത്തീകരിക്കാത്ത സമവാക്യങ്ങൾ
ഉള്ളൊഴുക്കിൽ പാർവതിയും പ്രശാന്ത് മുരളിയും |
സ്ത്രീ സ്വതന്ത്രയാകാൻ ആരംഭിക്കുമ്പോൾ അവളിൽ അനന്തമായ ഒഴുക്കുണ്ടാകുന്നു. അത് ഉള്ളിൽ നിന്നുണ്ടാകുന്നതാണ്. അത് മോചനത്തിൻ്റേതാണ്. സ്നേഹത്തിൻ്റേത്. കഠിനമായ മഴയിൽ, പുഴയിൽ ആവർത്തിച്ചു നോക്കിയാൽ അത്തരം ഒഴുക്കുകൾ കണ്ടെത്താൻ കഴിയും. അവ പുഴയെ നിശ്ചലമാക്കാറില്ല.
ഉള്ളൊഴുക്കിലെ അഞ്ജു-പാർവ്വതി തിരുവോത്ത് - ആ ഒഴുക്കുകളുള്ള പെൺകുട്ടിയാണ്. അവൾക്ക് സാധാരണ കുടുംബത്തിലെ ജീവിതമുണ്ട്. തുണിക്കടയിലെ ജീവിതമുണ്ട്. പ്രണയ ജീവിതമുണ്ട്. മത ജീവിതമുണ്ട്. അധികമില്ലാത്ത വൈവാഹികജീവിതമുണ്ട്. ഇതിനിടയിൽ കുട്ടനാടിൻ്റെ കായലും ജലവുമാർന്ന ജീവിതമുണ്ട്. മറ്റുള്ളവരേക്കാൾ പക്വമായ വീക്ഷണവുമുണ്ട്. ഇതിനു വിപരീതമാണ് അഞ്ജുവിൻ്റെ മാതാപിതാക്കളുടെയും ഭർത്താവിൻ്റെ അമ്മയുടെയും ഭർത്താവിൻ്റെ സഹോദരിയുടെയും കാമുകൻ രാജീവിൻ്റെയും വീക്ഷണം. അവർ പ്രായോഗിക ജീവിതത്തിലും മതബോധത്തിലുമാണ് കഴിയുന്നത്. എന്തുകൊണ്ട് അഞ്ജു ഇവരിൽ നിന്നു മാറുന്ന ആന്തരിക ജീവിതമുള്ളവളാകുന്നു? അതിനു കാരണം അന്വേഷിച്ചാൽ ഭർത്താവിൻ്റെ രോഗാതുരതയാകാം. കാമുകൻ്റെ സാമ്പത്തിക ബോധമാകാം. അല്ലെങ്കിൽ പരിഷ്കൃത സ്ത്രീ അപരിഷ്കൃത സ്ത്രീയെ നോക്കുന്നതാകാം.
അഞ്ജുവെ അങ്ങനെ ഒന്നു പരിശോധിച്ചാലോ? അഞ്ജുവിനു ചുറ്റുമുള്ളവർ മതബോധത്തെ മുറുകെ പിടിക്കുന്ന കുടുംബമെന്ന തകരാത്ത നിർമിതിക്കുള്ളിൽ കഴിയാൻ ഇഷ്ടപ്പെടുന്നവരാണ്. അവർ ഏത് അന്തരീക്ഷത്തിലും കുടുംബത്തെ എടുത്തു വയ്ക്കുന്നു. അതിനെ ചുറ്റി നില്ക്കുന്ന സമൂഹത്തെ, മതബോധത്തിൽ നിന്നുള്ള സദാചാരത്തെ. മകൻ്റെ രോഗാവസ്ഥയിൽ ജപമാലയെ മുറുകെ പിടിക്കുന്ന അമ്മായിഅമ്മ. മകളുടെ അന്യമതക്കാരനോടുള്ള പ്രണയത്തെ എന്തു വിലകൊടുത്തും എതിർക്കുന്ന പിതാവ്. ഇതെല്ലാം സൂചിപ്പിക്കുന്നത് കുടുംബത്തിൽ മതത്തിനുള്ള പങ്കും സ്ഥാനവുമാണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി, പരിഷ്കൃത സ്ത്രീയായി എങ്ങനെ കുടുംബത്തിൻ്റെ ആണിയിൽ തുരുമ്പു പിടിപ്പിക്കാമെന്നു നോക്കുന്നവളാണ് അഞ്ജു. അത് സങ്കല്പമെന്ന നിലയിലും എടുക്കാം.
ഒന്ന്. ഈ സങ്കല്പത്തിൻ്റെ പ്രേരണ എന്താണ്?
രണ്ട്. ആരുടെ സങ്കല്പമാണ് ഇത്?
നിരന്തരം വിചാരണയ്ക്കും കുറ്റം ചുമത്തലിനും ഇരയാകുമ്പോൾ അതിനെ എതിർക്കാനും അതിൽ നിന്നു സ്വതന്ത്രയാകാനും ആരും ശ്രമിക്കും. ഒരു കാരണം ചുറ്റുപാടുകളുടെ വളർച്ചയാണ്. മറ്റൊന്ന് സ്വയം പരിഷ്ക്കരിലാണ്. ഇത് രണ്ടും അഞ്ജു മനസിലാക്കുകയും തന്നെത്തന്നെ പാകപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഭർത്താവിനെ ശുശ്രൂഷിക്കുകയും കാമുകനെ സ്വകാര്യതയിൽ നിന്ന് സ്വയം പ്രവൃത്തിയിലേക്ക് എത്തിക്കുകവാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതിലൂടെ അവൾ പാകപ്പെടുകയും ചെയ്യുന്നു. ആരുടെ സങ്കല്പമാണ് ഇത്? എന്നതിന് അവൾ എത്തുന്നത് കുടുംബത്തിലേക്കു തന്നെയാണ്. കുടുംബം തനിക്കു മേൽ രക്ഷയുടെ കവചം ഒരുക്കുമെന്നവൾക്കറിയാം. എന്നാൽ തൻ്റെ സ്വാതന്ത്ര്യം ഘനിക്കാനാണെന്നും അവൾക്കറിയാം. തൻ്റെ ആഗ്രഹത്തെ മറ്റുള്ളവർ മനസിലാക്കുന്നില്ല എന്നിടത്താണ് അവൾ സ്വത്വത്തെ തിരിച്ചറിയുന്നത്. കുടുംബം ആഗ്രഹിക്കുന്നിടത്തേക്ക് അവൾ ചെല്ലണം എന്നിടത്ത് അവൾക്ക് അവളെ നഷ്ടപ്പെടും. ചെല്ലുന്ന കുടുംബം ആഗ്രഹിക്കുന്നിടത്ത് അവൾ പ്രവൃത്തിക്കേണ്ടിയും വരും. ഈ സന്ധിയുടെ വലിയ ഭാരം പേറുന്നവരാണ് സ്ത്രീകൾ. ആ സ്ത്രീകളിൽ ഒരുവളാണ് ജോർജിൻ്റെ മകൾ അഞ്ജു.
അഞ്ജു ജോർജിൻ്റെ മകളും ലീലാമ്മയുടെ മരുമകളുമാണ്. മരുമകൾ എന്ന നിലയിൽ അഞ്ജുവിന് ലീലാമ്മയുടെ കുടുംബത്തെ പരിപാലിക്കേണ്ടതുണ്ട്. ലീലാമ്മയുടെ മകനെ ശുശ്രൂഷിക്കേണ്ടതുണ്ട്. പരിപാലനത്തിനും ശുശ്രൂഷയ്ക്കും ഇടയിൽ അഞ്ജുവിൻ്റെ ഏകാന്തത ആരു പരിപാലിക്കും? അവളുടെ വികാരങ്ങളെ ആരു തിരിച്ചറിയും? എക്കാലത്തു കുടുംബത്തിനുള്ളിൽ ഈ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. മതവിചാരങ്ങളുള്ള കുടുംബമാ മെണിൽ കല്പനകൾ ലംബ -തിരശ്ചീനതകളിൽ പ്രവൃത്തിക്കും. പഴയ നിയമത്തിൽ സൂസന്നയുടെ സദാചാരം തിരഞ്ഞ ഭൃത്യന്മാരെപ്പോലെ കണ്ണുകളുടെ റഡാറുകളിലായിരിക്കും അവൾ. അങ്ങനെ അവളുടെ ഉള്ളൊഴുക്ക് നഷ്ടമായി വെറും ശുശ്രൂഷകയായി മാറും. ഇത് കുടുംബ എന്ന ഭരണകൂടത്തിലെ ശിക്ഷയാൽ സംഭവിക്കുന്നതാണ്. അധികാര ബന്ധത്തിൻ്റെ പ്രവൃത്തി കൂടിയാണിത്. ഇവിടത്തെ സാമ്പത്തിക ശാസ്ത്രം ഫ്യൂഡൽ താല്പര്യങ്ങളുടേതും ആയിരിക്കും. ഇത്തരത്തിലെ പ്രതിനിധാനങ്ങൾക്കിടയിലാണ് അഞ്ജുവും കഴിയുന്നത്. ഇതൊരു വിധി നടപ്പാക്കുന്ന ചേംബറും കൂടിയാണ്.
ചേംബറിൽ ഇരിക്കുന്നവർക്കു അധികാരം പ്രയോഗിക്കാം. പ്രയോഗിക്കുന്ന അധികാരം പരമ്പരാഗതമായി കൈമാറിയതാണ്. ആണായാലും പെണ്ണായാലും ഉപയോഗിക്കുന്നത് ആ അധികാരത്തിൻ്റെ
ഭാഷയിലായിരിക്കും. ലീലാമ്മ, അഞ്ജുവിനു നേരെ ഉപയോഗിക്കുന്നതും ജോർജ് അഞ്ജുവിനു നേരെ ഉപയോഗിക്കുന്നതും ഓരേ അധികാരമാണ്. അനുഭവിക്കുന്നവൾ ഇതിൽ അമരുന്നു. അവൾ ഒന്നിനും കൊള്ളാത്തതായി മാറുന്നു. പക്ഷെ ഇവിടെ ഭർത്താവായ തോമസുകുട്ടിയുടെ മരണത്തോടെ അഞ്ജു അധികാരത്തെ തകിടം മറിക്കാൻ തുടങ്ങുന്നു. അവൾ ആഗ്രഹങ്ങൾ പറഞ്ഞു തുടങ്ങുന്നു. ലീലാമ്മയ്ക്ക് അത് ആദ്യം ഉൾക്കൊള്ളാൻ കഴിയുന്നില്ല; ജോർജിനും. ലീലാമ്മയുടെ ഇടപെടലിലൂടെ ജോർജും മാറി ചിന്തിക്കുന്നു. അഞ്ജു സ്വയം പ്രഖ്യാപിത വ്യക്തിത്തത്തിലേക്കു മാറുന്നു. ഇത് പൊതുസമൂഹത്തിൽ ഇന്നു കാണാനാവുന്നതാണ്. ഇതിനെ കുടുംബത്തിൻ്റെ ശൈഥല്യമായി പലരും കാണാറുണ്ട്. അതു ശരിയാണോ? 'സാമൂഹ്യ ഘടനയിൽ കുടുംബം ശിഥിലമായിട്ടുണ്ടോ?
ഇല്ലെന്നാണ് വ്യക്തമാവുന്നത്. അത് അരികുപറ്റി നില്ക്കും. ചിലപ്പോൾ അന്തരീക്ഷത്തിൽ തന്നെ പ്രത്യക്ഷമാകില്ല. സൗമ്യമായി കടന്നുവരും. സങ്കീർണമാകുമ്പോൾ പഴയ ഹെഡ്മാസ്റ്ററെപ്പോലെ പ്രത്യക്ഷപ്പെടും. ഉള്ളൊഴുക്കിൽ അത്തരം സങ്കീർണമായ അവസരമുണ്ടാകുന്നത് തോമസുകുട്ടിയുടെ മരണത്തോടെയാണ്. കുടുംബമെന്ന അധികാര സ്ഥാപനം സമൂഹത്തെ കൂട്ടുപിടിച്ച് അഞ്ജുവിൻ്റെ നിലപാടിനെ ചോദ്യം ചെയ്യാൻ തുടങ്ങുന്നു. അഞ്ജു പ്രത്യക്ഷത്തിൽ സദാചാരത്തിനു നിരക്കാത്തവളാകുന്നു. അവളെ സദാചാരത്തിനു വിട്ടുകൊടുക്കുന്നു. സദാചാരമെന്ന തൂണിൽ അവളെ കെട്ടാൻ ശ്രമിക്കുന്നു. അവൾ ആ കെട്ടുകൾ പൂർണമായല്ലെങ്കിലും പൊട്ടിക്കുന്നു. അവൾക്കു ജനിക്കാനിരിക്കുന്ന കുഞ്ഞ് തോമസുകുട്ടിയുടേതല്ലെന്ന് വെളിപ്പെടുത്തുന്നു. ഈ വെളിപ്പെടുത്തൽ ചട്ട പ്രകാരം അവളുടെ കുടുംബത്തോടു ളള ലംഘനമാണ്. ഭർത്താവുള്ളപ്പോൾ കാമുകനിൽ കുട്ടിയുണ്ടാകുക. ഇത് സദാചാരത്തിൻ്റെ മഞ്ഞക്കണ്ണിൽ തെറ്റാണെങ്കിലും അവളെ സദാചാരത്തിൻ്റെ ചട്ടക്കൂട്ടിലാക്കിയവർക്കുള്ള പ്രഹരമാണ്. ഈ പ്രഹരം ഇന്ന് നമ്മുടെ സമൂഹത്തിലുണ്ടായി കൊണ്ടിരിക്കുന്നുണ്ട്. അതിൻ്റെ പ്രതിഫലനമാണിത്. എങ്കിലും അത് സർവ്വവ്യാപിയായി തീർന്നിട്ടില്ല. അങ്ങനെയാകണമെങ്കിൽ കുടുംബമെന്ന കേഡർ സംവിധാനം തകരണം. അതിനു
തൊഴിലാളി പക്ഷ-മതകുടുംബത്തിൽ നിന്നു വന്ന അഞ്ജുവിനു എത്ര കണ്ടു കഴിയുന്നുണ്ട്?
ഈ ചോദ്യത്തിൽ നിന്നാണ് ലീലാമ്മയുടെ തറവാടിത്തമുള്ള കുടുംബത്തിൻ്റെ പതനത്തെക്കുറിച്ച് ആലോചിക്കേണ്ടിവരുന്നത്. അവരുടെ മകൾ സദാചാരത്തെ മുറുകെ പിടിക്കുന്നവളും നല്ല കുടുംബ മഹിമയുള്ളവളുമാണ്. ഭർത്താവിൻ്റെ വീട്ടിൽ നിന്നു ആവശ്യത്തിനൊഴിച്ചുവരാത്തവളുമാണ്. മകൻ കലാസ്വാദകനും രോഗിയുമാണ്. രോഗത്തെ ഒളിപ്പിച്ചു വെച്ച് നല്ലകുടുംബത്തിലെ ആൺകുട്ടി സാധാരണ കുടുംബത്തിലെ പെൺകുട്ടിയെ മതാചാരപ്രകാരം കല്യാണം കഴിക്കുകയാണ്. കല്യാണത്തിലൂടെ അവളെ തറവാടിത്തത്തിലേക്ക് ഉയർത്താൻ ശ്രമിക്കുകയാണ്. ശ്രമത്തിൻ്റെ പര്യാവസാനം അവൾ അവളുടെ ഉറങ്ങിക്കിടന്നിരുന്ന വ്യക്തിത്വത്തെ ഉണർത്തിയെടുക്കുന്നു. തൊഴിൽ ബന്ധത്തിൽ നിലനില്ക്കുന്നവനെയാണ് അവൾ കാമുകനാക്കുന്നതും അവളുടെ കുട്ടിയുടെ അച്ഛനാക്കാൻ ശ്രമിക്കുന്നതും. എന്നാൽ കാമുകൻ സാമ്പത്തിക ബന്ധത്തെ മുറുകെ പിടിക്കുന്നു. അതോടെ അഞ്ജുവെന്ന കാമുകി തൊഴിൽ ബന്ധത്തെ തിരിച്ചറിയുന്നു. അവൾ തറവാടിത്ത - മത കുടുംബത്തിൻ്റെ 'കരുണ' യിലേക്കു തിരിച്ചു പോകുന്നു.
ഇത് സ്നേഹത്തിൻ്റെ, പരസ്പര തണലിൻ്റെ തിരിച്ചു പോക്കായി നിഷ്ക്കളങ്ക ചിന്തകർക്കു കാണാം. പക്ഷേ അതല്ല യഥാർത്ഥ വസ്തുത.
കുടുംബം യഥാർത്ഥത്തിൽ ഒരു കാല്പനികമായ ഇടമാണ്. അവിടെ കുളിരുണ്ട്. സംരക്ഷണമുണ്ട്. സമൂഹത്തിലുള്ളതെല്ലാമുണ്ട്. ഇതൊന്നും ഇല്ലാത്ത ഇടത്തിലേക്ക് പോയാൽ സംഭവിക്കാവുന്നതെന്ത്? അത് തൻ്റെ കാമുകൻ്റെ ഭദ്രത ഇല്ലായ്മയിൽ നിന്ന് അഞ്ജു മനസിലാക്കുന്നുണ്ട്. ഒന്നുമില്ലാത്ത കാമുകനിൽ നിന്ന് ആകെ അവൾ ആഗ്രഹിക്കുന്നത് സംരക്ഷണം മാത്രമാണ്. അതുപോലും ഇല്ലെങ്കിലോ? അതാണ് അഞ്ജുവിനേയും ഉദരത്തിൽ പേറുന്ന കുഞ്ഞിനേയും കുടുംബത്തിലേക്കു തന്നെ തിരിച്ചെത്തിക്കുന്നത്. ഇത് കുടുംബം പ്രേരിപ്പിക്കുന്ന തണലും സംരക്ഷണവുമാണ്. സ്വതന്ത്രയാകുമ്പോൾ മതത്തിൽ നിന്നും കുടുംബത്തിൽ നിന്നും സ്വതന്ത്രയാകേണ്ടതുണ്ട്. സ്വാതന്ത്ര്യത്തെ ലംഘിക്കാതിരുന്നാൽ കുടുംബത്തിൻ്റേയും മതത്തിൻ്റെയും സംരക്ഷണം ലഭിക്കും.
മലയാള സിനിമ കുറേ കാലമായി ഈ നാടകം കളിച്ചു കൊണ്ടിരിക്കുകയാണ്. മതത്തിൽ നിന്നും കുടുംബത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നുവെന്നു നടിച്ചു കൊണ്ട് അതിലേക്കു തന്നെ തിരിച്ചു പോകുന്ന അവസ്ഥ. ഇത് മലയാളിയുടെ നവോത്ഥാനങ്ങളിലൊക്കെയുണ്ട്. നവോത്ഥാനത്തിനു മുൻപുളള മത ജാതി ഘടനയിൽ നിന്നു വിട്ടുപോരുകയാണെന്നു തോന്നിപ്പിക്കുകയും എന്നാൽ മുൻ കാലങ്ങളിലേക്കു തിരിച്ചു പോകുന്ന അവസ്ഥ. ഇതൊരു കാപട്യമാണ്. മനുഷ്യ സമൂഹത്തെ ഒന്നായി കാണുന്നവർക്ക് ഇതു സംഭവിക്കില്ല. എന്നാൽ മത-ജാതി സമൂഹങ്ങളുടെ വേർതിരിവുകളെ അതേ രീതിയിൽ കാണുന്നവർക്കു സംഭവിക്കുന്നതാണിത്. ഇതൊരു വൃത്തമാണ്. ഓരോ ഉള്ളൊഴുക്കിലും ഈ വൃത്തമുണ്ട്. വിപ്ലവകരമെന്നു തോന്നിപ്പിക്കുന്ന ഈ പ്രവർത്തനം ഒടുവിൽ അതിനു നേർ വിപരീതമാകുകയും ആ വൃത്തത്തിൽ ചേന്നു ചേരുകയും ചെയ്യും. ഇതിൽ നിന്നു രക്ഷപ്പെടാൻ ആവശ്യമായ ദാർശനികതയാണ് മലയാളി സമൂഹം നേടേണ്ടത്. വസ്തുതകളെ മാത്രം അറിഞ്ഞാൽ പോരാ. അതിലേക്കു നോക്കുവാനുള്ള ശേഷിയാണു വേണ്ടത്. അല്ലെങ്കിൽ ഏതൊരു ഉള്ളൊഴുക്കും സംഘർഷങ്ങൾ സൃഷ്ടിച്ച് നിരന്തര പ്രതിസന്ധികളുടെ ഭാഗമായിത്തീരും.
ഇതു കലയുടെ പ്രതിസന്ധി മാത്രമല്ല. സാമൂഹ്യ ജീവിതത്തിൻ്റെ പ്രതിസന്ധിയാണ്. അതുകൊണ്ടാണ് ലീലാമ്മ എന്ന കഥാപാത്രം ഉർവ്വശിയുടെ ഭൂതകാല സിനിമകളിൽ നിന്നു വേറിടുമ്പോളും അവർ ഇതുവരെ അഭിനയിച്ച ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഒച്ചപ്പെടൽ അധികമല്ലെങ്കിലും ആനുപാതികമായി കാണിക്കുന്നത്. ഇത് സമൂഹത്തിൻ്റെ മാനസികാവസ്ഥയാണ്. ഉർവ്വശി എന്ന "നടി" ഇതുവരെ ഉൾക്കൊണ്ട മാനസികാവസ്ഥയാണ് അത്. അതിൽ നിന്നവർ പരമാവധി മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും പറ്റിപ്പിടിച്ച ആഅവസ്ഥ അവരിൽ നിന്നു പൂർണമായി വിട്ടുപോകുന്നില്ല. എന്നാൽ അഞ്ജുവാകുന്ന പാർവ്വതി തിരുവോത്ത് ആ കഥാപാത്രത്തിനു വേണ്ടത് അതിൻ്റെ എല്ലാ അർത്ഥത്തിലും നൽകുന്നു. എങ്ങനെ കഥാപാത്രത്തെ അഭിമുഖീകരിക്കാമെന്നിടത്ത് പാർവ്വതി പ്രകടിപ്പിക്കുന്ന അസാമാന്യത മലയാളത്തിൽ ഇതുവരെ കാണാത്തതാണ്. തൻ്റെ കഥാപാത്രത്തെ പാർവ്വതി ക്ലിനിക്കലായി കാണുകയും കഥാപാത്രത്തിൻ്റെ ജീനിയസ് പുറത്തെടുക്കുകയുമാണു ചെയ്യുന്നത്. അതുകൊണ്ടാണ് ലീലാമ്മയുടെ അധിക ശബ്ദത്തെ അഞ്ജു ചെറിയ
ശബ്ദം കൊണ്ടു നേരിടുന്നത്. അതുകൊണ്ടുതന്നെയാണ് ചെറിയ ശബ്ദം ഭൂമി തുളയ്ക്കുന്ന ശബ്ദമായി മാറുന്നതും. അതിനൊപ്പം ക്യാമറ പ്രവർത്തിക്കുന്നതിൻ്റെ ഒഴുക്കുകളാണ് ഉള്ളൊഴുക്കിൻ്റെ മറ്റൊരു പ്രത്യേകത.
ഷെഹനാദ് ജലാലിൻ്റെ ക്യാമറ ഒരിക്കലും ക്യാമറയുടെ പരിമിതിയിലല്ല പ്രവർത്തിക്കുന്നത്. ക്യാമറയുടെ ലെൻസുകൾ ക്യാമറാമാനെ ക്രിട്ടിസൈസുചെയ്യുന്നതായി അനുഭവപ്പെടും. താൻ എടുക്കാൻ പോകുന്ന ഫ്രെയ്മുകളെ ആ പ്രദേശത്തിൻ്റെ എക്സോട്ടിസിസത്തിൽ നിന്ന് ഉള്ളിൻ്റെ കത്രികയാൽ മുറിച്ച് കഥാപാത്രങ്ങൾക്കു വേണ്ടുന്നതാക്കി മാറ്റുന്നു. ഈ പ്രോസസ് ഉള്ളൊഴുക്കിൽ ഉടനീളം കാണാം. അതുകൊണ്ട്
കുട്ടനാടെന്നു പറയുമ്പോളും ആ പ്രദേശം കുട്ടനാട് അല്ലാതായിമാറുന്നു. കുട്ടനാടെന്ന യഥാർത്ഥ ദേശത്തെ ഉള്ളൊഴുക്ക് ആവേശിക്കുന്ന ആഗീരണ ദേശമായി മാറുന്നു. പ്രത്യേകിച്ച് അഞ്ജുവിൻ്റെ ദേശമായി മാറുന്നു. പൂന്തോട്ടക്കാരൻ്റെ പണിയാണ് കലാകാരൻ നടത്തുന്നതെന്ന അർത്ഥം വരുന്ന പ്രയോഗം പ്രശസ്ത പെയിൻ്റർ ജോവൻമീറോ നടത്തുന്നുണ്ട്. അതു ഒരു പക്ഷേ ഏതൊരു കലാനിർമിതിയ്ക്കും ഏറിയും കുറഞ്ഞും ബാധകമാണ്. അതിൽ ഒരു മെഷിൻ്റെ പ്രവർത്തനമുണ്ട്. അതോടൊപ്പം മനുഷ്യൻ്റേയും. രണ്ടും ചേർന്ന പ്രവർത്തനമാണ് കലാനിർമിതികളിൽ നടക്കുന്നത്. ഉള്ളൊഴുക്ക് സംവിധായകൻ ക്രിസ്റ്റോ ടോമി, തൻ്റെ "റിയലിസം" കൊണ്ട് അതുചെയ്യുന്നുണ്ട്. പക്ഷെ ആ റിയലിസത്തിൽ പൂന്തോട്ടക്കാരൻ്റെ കൈ നന്നായി പ്രവർത്തിച്ചിട്ടുണ്ട്. അത് വിഖ്യാത ചലച്ചിത്ര സംവിധായകൻ റോബർട്ട് ബ്രെസൺ മോഡലുക ( നടീ- നടന്മാരെ സൂചിപ്പിച്ചിരുന്നത്)ളുടെ ശബ്ദം റ്റെലഫോണിലൂടെ കേട്ടിരുന്നതുപോലെ അഞ്ജുവിൻ്റെ ശബ്ദം കേൾപ്പിച്ചുകൊണ്ടാണ് പ്രായോഗികമാക്കുന്നത്. അതും പൂർത്തീകരിക്കാത്ത സമവാക്യങ്ങൾ പോലെ...
https://www.mathrubhumi.com/movies-m...sisi-1.9679103