കളർഫുള്ളാണ്, കലക്കനാണ്, കാണേണ്ട കാഴ്ചയാണ് ഈ കല്യാണം | 'ഗുരുവായൂരമ്പല നടയിൽ' റിവ്യൂ
കല്യാണം മുഖ്യപ്രമേയമായിട്ടുള്ളതോ കഥാഗതിയിൽ കല്യാണാഘോഷങ്ങളുള്ളതോ, ഇതൊന്നുമല്ലാതെ കല്യാണശേഷം രണ്ടുപേരുടെ ജീവിതത്തിൽ നടക്കുന്നതോ ആയ സംഭവവികാസങ്ങൾ ഉൾക്കൊള്ളിച്ചുള്ള ചിത്രങ്ങൾ നിരവധി വന്നിട്ടുണ്ട് മലയാളത്തിൽ. അതിൽ തമാശപ്പടങ്ങളുമുണ്ട്, സീരിയസ് പടങ്ങളുമുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വിവാഹാഘോഷത്തിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിലൂടെ സംവിധായകൻ വിപിൻ ദാസും തിരക്കഥാകൃത്ത് ദീപു പ്രദീപും കൂട്ടരും.
വിവാഹം എന്ന ആഘോഷം ഓരോ ഫ്രെയിമിലും നിറഞ്ഞുനിൽക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. വിനു രാമചന്ദ്രന്റെയും അഞ്ജലിയുടേയും വിവാഹമാണ് സിനിമയുടെ പശ്ചാത്തലം. സിനിമ തുടങ്ങുന്നതുമുതൽ അവസാനിക്കുംവരെ ഇവരുടെ വിവാഹം മാത്രമാണ് രസച്ചരട് മുറിയാതെ പ്രേക്ഷകർക്ക് കാണാൻ കഴിയുക. ഓരോ കഥാപാത്രങ്ങളും സംസാരിക്കുന്നതുപോലും വിവാഹത്തേക്കുറിച്ചാണ്. പ്രേക്ഷകർ ഓരോരുത്തരും ഒരു വിവാഹവീട്ടിൽ എത്തിപ്പെട്ട പ്രതീതി സൃഷ്ടിച്ചിരിക്കുകയാണ് ടീം ഗുരുവായൂരമ്പല നടയിൽ.
ആനന്ദൻ, വിനു രാമചന്ദ്രൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങൾ. ആനന്ദന്റെ സഹോദരി അഞ്ജലിയെയാണ് വിനു വിവാഹംകഴിക്കുന്നത്. ആനന്ദനും ഭാവി അളിയൻ വിനുവും തമ്മിലുള്ള അല്പം കൗതുകകരമായ സ്നേഹബന്ധമാണ് സിനിമയുടെ കാതൽ. ഇരുവരും തമ്മിലുള്ള ഈ ബന്ധമാണ് സിനിമയെ മുന്നോട്ടുനയിക്കുന്നതും പ്രേക്ഷകരിൽ പൊട്ടിച്ചിരിയുണ്ടാക്കാനുള്ള മുഖ്യകാരണമാകുന്നതും.
തന്റെ കഴിഞ്ഞചിത്രമായ ജയ ജയ ജയ ജയ ഹേ അല്പം നായികാ കേന്ദ്രീകൃതമായ ചിത്രമായിരുന്നെങ്കിൽ അതിൽനിന്ന് വ്യത്യസ്തമായാണ് വിപിൻദാസ് ഗുരുവായൂരമ്പല നടയിൽ ഒരുക്കിയിരിക്കുന്നത്. പുതുതലമുറ അവരണശൈലികളിൽനിന്നെല്ലാം മാറി ലളിതസുന്ദരമായാണ് ഓരോ രംഗങ്ങളും വിപിൻദാസ് കൂട്ടിയിണക്കിയിരിക്കുന്നത്. പഴയ പ്രിയദർശൻ സിനിമകളിൽ കണ്ടുവന്നിരുന്നതരം ആൾക്കൂട്ടം നിറഞ്ഞ തമാശരംഗങ്ങളും ഒരുപാട് ഹാസ്യതാരങ്ങളുടെ സാന്നിധ്യവും സിനിമയിലെ പ്രധാനകഥാപാത്രങ്ങളെല്ലാം ക്ലൈമാക്സിൽ ഒരുമിച്ച് വന്ന് തമാശ തീർക്കുന്നതുമെല്ലാം കുറച്ചധികംനാളായി മലയാളത്തിൽ വന്നിട്ട്. ആ സംഗതിയാണ് ഗുരുവായൂരമ്പല നടയിലൂടെ വിപിൻദാസും ദീപു പ്രദീപും തിരികെ എത്തിച്ചിരിക്കുന്നത്.
ചെറിയ സർപ്രൈസുകളും തഗ് തമാശകളും തുടങ്ങി പല ആവൃത്തിയിലുള്ള ആഘോഷനിമിഷങ്ങളാണ് ചിത്രം പ്രേക്ഷകന് മുന്നിലേക്കുവെയ്ക്കുന്നത്. കഥാപാത്രങ്ങൾക്കെല്ലാം സാധാരണയ്ക്കും അല്പം മേലേ നിൽക്കുന്ന ഡയലോഗ് ഡെലിവെറിയും തമാശ പ്രകടനങ്ങളുമാണ് നൽകിയിരിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആനന്ദനും ബേസിലിന്റെ വിനു രാമചന്ദ്രനും ഒരു പുതിയ താരജോഡി എന്ന രീതിയിൽ മികച്ചുനിൽക്കുന്നുണ്ട്. സിനിമയിലുടനീളം ഇവരുടെ മത്സരിച്ചുള്ള പ്രകടനമാണ് കാണാനാവുക. നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, ബൈജു, സിജു സണ്ണി, അശ്വിൻ, സാഫ്ബോയ്, രേഖ, യോഗി ബാബു, ഇർഷാദ്, കോട്ടയം രമേശ് തുടങ്ങിയവരും മികച്ച പ്രകടനംതന്നെ കാഴ്ചവെച്ചു.
സാങ്കേതിക വിഭാഗത്തിലേക്കുവന്നാൽ കലാ സംവിധായകൻ സുനിൽ കുമാറിന് നല്ലൊരു കയ്യടി നൽകണം. ഒറിജിനൽ ഗുരുവായൂരമ്പലത്തിന്റെ അതേ മാതൃകയിലും വലിപ്പത്തിലുമൊരുക്കിയ സെറ്റിനെ അതിഗംഭീരം എന്നേ പറയാനാവൂ. അങ്കിത് മേനോന്റെ സംഗീതം പലരംഗങ്ങളിലും ചിരിപ്പിക്കാനും സഹായിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ താരങ്ങളുടെ പ്രകടനംകൊണ്ടും വർണാഭമായ കാഴ്ചകൾകൊണ്ടും സമ്പന്നമാണ് ഗുരുവായൂരമ്പല നടയിൽ. ധൈര്യമായി ടിക്കറ്റെടുക്കാം ഈ കളർഫുൾ കല്യാണത്തിന്.
Sponsored Links ::::::::::::::::::::Remove adverts | |
First half over
Ambo pwoli entertainer. Vere level padam. Chirich oru vazhi ayi
Basil thakarkkum ennariyam prithviyum koode thanne pidichittund.
Anaswara 100 cr adikkatte😄😍
Wating for second half
Ippo 11.6k aayi... Trend kanditt 3cr abv varan chance undenn thonnunnu...