
Originally Posted by
Raja Sha
*മനുഷ്യ ബന്ധങ്ങളുടെ കാതൽ*
കണ്ണും കരളും മനസ്സും ഒന്നിച്ച് നിറഞ്ഞുകവിയുക എന്നൊരു അനുഭവം ഉണ്ട്...
തിരിച്ചറിയാൻ പറ്റാത്ത വിധം സമ്മിശ്രവും പരസ്പര വിരുദ്ധവുമായ വൈകാരിക സംഘട്ടന മുഹൂർത്തങ്ങളുടെ വേലിയേറ്റങ്ങളിലും തള്ളിച്ചകളിലും ആടിയുലഞ്ഞ് ഒടുവിൽ ഹൃദയം ഒരു പ്രത്യേക സമതുലനാവസ്ഥയിൽ എത്തിച്ചേരുന്ന, ഒരു അവാച്യ നിർവൃതിയിൽ ലയിക്കുന്ന അവസ്ഥ.
എല്ലാം ശുഭകരമായി ആണല്ലോ പര്യവസാനിച്ചത് എന്ന് സമാധാനിക്കുമ്പോഴും, തങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതും വിലമതിക്കാനാവാത്തതുമായ ചിലതൊക്കെ ആ മനുഷ്യർക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടു പോയല്ലോ എന്നോർത്തുള്ള ഒരു വിങ്ങൽ...
ഒരു കനത്ത ഭാരം...
സന്തോഷവും സങ്കടവും ഒന്നിച്ചു ചേർന്ന ഒരു നിറകൺചിരി!
ഒരു വാക്കുകൊണ്ടോ മുഖഭാവം കൊണ്ടോ, ഒരു ചിത്രം കൊണ്ടോ, സംഗീതശകലം കൊണ്ടോ, ഒരിക്കലും പൂർണമായി പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത സങ്കീർണ മനുഷ്യാവസ്ഥകളെ ഇതെല്ലാം സമന്വയിപ്പിക്കുന്ന കലയായ ഒരു സിനിമ കൊണ്ട് അനുഭവിപ്പിക്കാൻ അസാമാന്യ ഭാവനയും ക്രിയേറ്റിവിറ്റിയും ഉള്ള പ്രതിഭാശാലിയായ ഒരു സംവിധായകന് ഒരുപക്ഷേ കഴിഞ്ഞേക്കും. അതാണ് 'കാതൽ ദി കോർ..'
ഇപ്പോഴും ചില കാര്യങ്ങളിൽ അത്രയൊന്നും മാറിയിട്ടില്ലാത്ത ഒരു സമൂഹത്തെ കൺവിൻസ് ചെയ്യാൻ പ്രയാസമുള്ള,
പാളിപ്പോവാനും അപഹസിക്കപ്പെടാനും കല്ലെറിയപ്പെടാനും ഒരുപാട് പഴുതുകളുള്ള,
സങ്കീർണമായ ഒരു പ്രമേയത്തെ, പുരോഗമനപരവും വിപ്ലവകരവുമായ ഒരു ആശയത്തെ,
അത്ര ഹൃദയാവർജകമായ കയ്യടക്കത്തോടെയാണ് സംവിധായകൻ കൈകാര്യം ചെയ്തിരിക്കുന്നത്.
വളരെ പതിയെ തുടങ്ങി, മെല്ലെ പിടിച്ചിരുത്തി ഒടുവിൽ വല്ലാത്ത ഒരു ശക്തിയോടെ ആ ട്രാക്കിൽ ചെന്ന് ആഞ്ഞുവീണുപോകുന്ന ഒരു പ്രത്യേക കാന്തിക ആകർഷണമുണ്ട് ആ ക്രാഫ്റ്റ്ന്.
കഥയും തിരക്കഥയും ആറ്റി കുറുക്കിയ മിതത്വമുള്ള സംഭാഷണങ്ങളും, ചെറുതും വലുതുമായ ഓരോ അഭിനേതാക്കളുടെയും അസാമാന്യമായ ഭാവപ്രകടനങ്ങളും, സിനിമയുടെ ആത്മാവിൽ നിന്നു വിട്ട് മുഴച്ച്നിൽക്കാത്ത ദൃശ്യങ്ങളും, കഥയുടെ വൈകാരിക ഉള്ളടക്കം ആവാഹിച്ച് കരളിലേക്ക് കുത്തിയിറക്കുന്ന പശ്ചാത്തല സംഗീതമാന്ത്രികതയും, എല്ലാം ചേർന്ന് ഏറെക്കുറെ സമ്പൂർണ്ണമായി തീർന്ന ഒരു സിനിമ അനുഭവം..
ചില റിവ്യൂവേഴ്സ് സിനിമയെ വിധിക്കുന്ന ശൈലിയിൽ മാർക്കിടുകയാണെങ്കിൽ, തലനാരിഴ കീറി പരിശോധിച്ചാൽ, ചിലപ്പോൾ കണ്ടെത്താൻ കഴിഞ്ഞേക്കാവുന്ന ചെറിയ തെറ്റുകുറ്റങ്ങൾ അവഗണിച്ച്,
തീയറ്ററിൽ അനുഭവിച്ച, ഘനീഭവിച്ച നിശബ്ദതയ്ക്കൊടുവിൽ ഇരുട്ടുമാറി വെളിച്ചം തെളിഞ്ഞപ്പോൾ, കസേരയിൽ നിന്ന് ഒടുവിൽ ഒരുതരത്തിൽ എനിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞപ്പോൾ, മനസ്സിൽ ഉണ്ടായ ആ നിറവ് കണക്കിലെടുക്കുമ്പോൾ 5/5 തന്നെ കൊടുക്കണം!
മമ്മൂട്ടി എന്ന നടനെക്കുറിച്ച് ഇനി എന്ത് പറയാനാണ്? പക്ഷേ എങ്ങനെ എന്തെങ്കിലും ഒന്ന് പറയാതിരിക്കും? കഥാപാത്രത്തിന്റെ സമ്പൂർണ്ണ മനശാസ്ത്ര തലങ്ങളും, ആഴത്തിലുള്ള മാനസിക വ്യാപാരങ്ങളും, സാമൂഹിക ചുറ്റുപാടുകളും, അതിനോടുള്ള പ്രതികരണങ്ങളും, എല്ലാം ഒരു മനശാസ്ത്രജ്ഞൻറെ സൂക്ഷ്മതയോടെ പഠിച്ചറിഞ്ഞു,
മുഖത്തെ മാംസപേശികളുടെ അതിസൂഷ്മ ഭാവചലനങ്ങളാൽ മാത്രമല്ല,
ആ കൈ-കാൽ- വിരലുകളുടെ പോലും ചലനങ്ങളും, നോട്ടവും നടത്തവും, പരുങ്ങലും നെടുവീർപ്പും സംഭാഷണവും അതിലെ ഇടർച്ചയും എല്ലാം അടങ്ങിയ ശാരീരിക ഭാവങ്ങളിലൂടെയും സമ്പൂർണ്ണമായി പകർന്നാടി വിസ്മയിപ്പിക്കുന്ന പ്രൗഢഗംഭീരമായ കാഴ്ച!
തനിയാവർത്തനത്തിലും വിധേയനിലും പൊന്തൻമാടയിലും, വീരഗാഥയിലും ഭൂതക്കണ്ണാടിയിലും കാഴ്ചയിലും ഡാനിയിലും ഒരേ കടലിലും മുന്നറിയിപ്പിലും ഒടുവിൽ നൻ പകൽ മയക്കത്തിലും, റോഷാക്കിലും എല്ലാം പലതരത്തിൽ നമ്മെ അമ്പരപ്പിച്ച ആ വിസ്മയ നടന വൈഭവം!
അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായത്..
ഒരുപക്ഷേ ചില ഘടകങ്ങൾ വെച്ചു അതുക്കും മേലേ എന്നു പറയാവുന്ന ഒന്ന്..
മമ്മൂട്ടി മാത്രമല്ല, തമിഴ് തട്ടുപൊളിപ്പൻ സിനിമകളിൽ മാത്രം കണ്ട ജ്യോതികയുടെയും വളരെ ഒതുക്കവും മിതത്വവും ഉള്ള എന്നാൽ ധീരമായ ഒരു കഥാപാത്രം...
പിന്നെ പേരറിയാത്ത കുറെ പുതിയ നടിനടന്മാരുടെ സവിശേഷ പ്രകടനങ്ങൾ..
ശുഭകരം എന്നു പറയാവുന്ന, എന്നാൽ അതിൽ പോലും വ്യത്യസ്തമായ ഒരു ഞെട്ടൽ സമ്മാനിക്കുന്ന, ക്ലൈമാക്സിനു മുമ്പുള്ള വളരെ ലളിതം എങ്കിലും
കരൾ ഉള്ളവരുടെ എല്ലാം കണ്ണ് നിറയ്ക്കുന്ന ഉള്ളുലയ്ക്കുന്ന ആ രണ്ടു രംഗങ്ങൾ മലയാളം സിനിമയിലെ എക്കാലത്തും അടയാളപ്പെടുത്തി വെക്കാൻ യോഗ്യതയുള്ള ഒന്നു തന്നെയാണ്.
ചില എംടി, ലോഹി സിനിമകളിൽ മാത്രം കണ്ടിട്ടുള്ള സത്യസന്ധവും തീവ്രവുമായ ചില തീഷ്*ണ മാനസിക വൈകാരിക പ്രപഞ്ചം അതിലൂടെ വീണ്ടും അനുഭവിച്ചു.
കഥയിലേക്കും അതിൻറെ കാമ്പിലേക്കും കടക്കുന്നില്ല. അത് തിയേറ്ററിൽ പോയി നിങ്ങൾക്ക് ഫ്രഷായി ഉൾക്കൊള്ളാൻ ഉള്ളതാണ്. (വെറുതെ ചിരിച്ചു തള്ളാനും, ബിഗ്ബഡ്ജറ്റ് ഗ്രാഫിക്സ്-സംഘട്ടന-പാട്ട്-നൃത്ത വിസ്മയ കെട്ടുകാഴ്ചകൾ കണ്ട് കണ്ണ് തള്ളി കയ്യടിക്കാനും, സസ്പെൻസ് ത്രില്ലിൽ രോമാഞ്ചം ഉണർത്താനും മാത്രമുള്ള ഒന്നല്ല, അതിനുമപ്പുറം സിനിമ മനസ്സിൽ തട്ടുന്ന ഒരു അനുഭവമായി ഒരു ജീവിതകാലം മുഴുവൻ നിലനിൽക്കാൻ കരുത്തുള്ളതാണ് എന്ന തോന്നൽ നിങ്ങൾക്കുണ്ടെങ്കിൽ മാത്രം..)
മലയാള സിനിമ ഉണ്ടായിരിക്കുന്നിടത്തോളം കാലം,
അല്ലെങ്കിൽ വാക്കുകളിൽ വിവരിക്കാനാവാത്ത വിചിത്ര മാനുഷിക ഹൃദയ ബന്ധങ്ങളുടെ വൈകാരിക സംഘട്ടനങ്ങൾ ഒരു ചിന്താ കുഴപ്പമായി മനുഷ്യമനസുകളിൽ കുടി കൊള്ളുന്നിടത്തോളം കാലം,
നിലനിൽക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യാൻ പോകുന്ന ഒരു എവർഗ്രീൻ ക്ലാസിക് ആയിത്തീരും ഈ ചിത്രം എന്ന് ഞാൻ അടിവരയിട്ടു പറയുന്നു..
അഭിപ്രായം വ്യക്തിപരം ആണെങ്കിലും,
ഈ അസുലഭസുന്ദര തിയറ്റർ അനുഭവം, യഥാർത്ഥ ആസ്വാദകർ ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കുക എന്നെ എനിക്ക് പറയാനുള്ളൂ...