എന്റെ ജീവിതം, ലക്ഷ്യം :ലയണല് മെസ്സി
1986 ജൂണ് 29: മെക്സിക്കോ സിറ്റിയില് ഡീഗോ മാറഡോണ ലോകകപ്പ് ഉയര്ത്തിയത് അന്നായിരുന്നു. ആ നിമിഷം ഫുട്ബോളില് ഇനി ഒരിക്കലും ആവര്ത്തിക്കപ്പെടില്ല. ഒരുവര്ഷത്തിനുശേഷം 1987 ജൂണ് 24ന് റൊസാരിയോ നഗരത്തില് ഫുട്ബോളിന്റെ മറ്റൊരു മിശിഹാ ജന്മമെടുത്തു. ഇന്ന് ലോകത്തെ ഏറ്റവും മികച്ച താരമെന്ന് വാഴ്ത്തപ്പെടുന്ന ലയണല് മെസ്സി. ശരീരത്തിന് പുഷ്ടിയില്ലെന്ന കാരണത്താല്, ഫുട്ബോള് താരമാകാന് യോഗ്യനല്ലെന്ന് വിധിയെഴുതപ്പെട്ട ബാല്യകൗമാരങ്ങള് പിന്നിട്ട് മെസ്സിയുടെ വളര്ച്ച അസാമാന്യവേഗത്തിലായിരുന്നു. ചികിത്സാച്ചെലവുകള് വഹിക്കാമെന്ന കരാറില്, ബാഴ്സലോണ ക്ലബ്ബിന്റെ സ്പോര്ട്സ് ഡയറക്ടര് കാള്സ് റെക്സാക്കിന്റെ ദീര്ഘദൃഷ്ടിയില് മെസ്സിയിലെ ഫുട്ബോള് താരത്തിന്റെ രണ്ടാം ജന്മം.
അര്ജന്റീന ലോകകപ്പിലേക്ക് ഉറ്റുനോക്കുമ്പോള്, പ്രതീക്ഷകളത്രയും ലയണല് മെസ്സിയിലാണ്. ലോകത്ത് ഏറ്റവും കൂടുതല് വാര്*ഷിക വരുമാനമുള്ള താരമായി (202 കോടി രൂപ) മാറിയിട്ടും സാധാരണക്കാരനായി ജീവിക്കാന് ഇഷ്ടപ്പെടുന്ന മെസ്സി 22 വയസ്സ് പിന്നിട്ടതേയുള്ളൂ. മഹാനായ താരമെന്ന് വിലയിരുത്തണമെങ്കില് ലോകകപ്പ് നേടണമെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും ശാന്തമായി ആ നേട്ടത്തിനായി കാത്തിരിക്കണമെന്ന അഭിപ്രായമാണ്. മെസ്സിയുടെ കരിയറിലെ സുവര്ണ നിമിഷങ്ങളിലേക്ക് ഉറ്റു നോക്കുകയാണ് ഇവിടെ.
ബാഴ്സലോണയില് എത്തിയത്

11-ാം വയസ്സിലാണ് മെസ്സിക്ക് വളര്ച്ചാ ഹോര്മോണിന്റെ അപര്യാപ്തതയുണ്ടെന്ന് കണ്ടെത്തുന്നത്. റൊസാരിയോ നഗരത്തിലും പുറത്തും അറിയപ്പെടുന്ന കുട്ടി താരമായിരുന്നു മെസ്സി അപ്പോള്. റിവര് പ്ലേറ്റിന് മെസ്സിയെ ടീമിലെടുക്കാന് താത്പര്യമുണ്ടായിരുന്നു. പക്ഷേ, മാസം നാല്പ്പതിനായിരത്തിലേറെ രൂപ ചികിത്സയ്ക്കായി നല്കാന് അവര്ക്കാവുമായിരുന്നില്ല. കാറ്റലോണിയ പട്ടണമായ ലീഡയിലുള്ള മെസ്സിയുടെ ബന്ധുക്കള്വഴി അവന്റെ കഴിവുകളെക്കുറിച്ചറിഞ്ഞ ബാഴ്സലോണ ക്ലബ് സ്പോര്ട്സ് ഡയറക്ടര് കാള്സ് റെക്സാക്ക് കുട്ടിയെയും അച്ഛനെയും ബാഴ്സയിലേക്ക് ക്ഷണിച്ചു. ഒരു പരീക്ഷണക്കളി കണ്ടതോടെ റെക്സാക്കിന് ബോധിച്ചു. സ്പെയിനിലേക്ക് താമസം മാറ്റാമെങ്കില് ചികിത്സയേറ്റെടുക്കാമെന്ന് ബാഴ്സലോണ അംഗീകരിച്ചു.
യൂത്ത് ടീമില് ഇടം കിട്ടിയത്
സ്പാനിഷ് പൗരത്വവും മെസ്സിയ്ക്കുണ്ടായിരുന്നു. 2004ല് സ്പാനിഷ് ഫുട്ബോള് ഫെഡറേഷന് മെസ്സിയോട് അവിടെ ദേശീയ അണ്ടര്-20 ടീമില് കളിക്കാമോ എന്ന് ആരാഞ്ഞു. പക്ഷേ, മെസ്സി അംഗീകരിച്ചില്ല. അര്ജന്റീനയുടെ കുപ്പായത്തില് കളിക്കുകയാണ് തന്റെ ജീവിതാഭിലാഷമെന്ന് മെസ്സി പറഞ്ഞു. 2004 ജൂണില് പാരഗ്വായ്ക്കെതിരെ സൗഹൃദ മത്സരത്തില് അര്ജന്റീനയുടെ അണ്ടര്-20 താരമായി മെസ്സി അരങ്ങേറി.
യൂത്ത് ലോകകപ്പ് നേട്ടം
2005-ല് ഹോളണ്ടില് നടന്ന യൂത്ത് ലോകകപ്പില് അര്ജന്റീന ചാമ്പ്യന്മാരായപ്പോള് ടൂര്ണമെന്റിലെ ടോപ്സ്കോററും മികച്ച താരവുമായി മെസ്സി മാറി. ഫൈനലിലെ ഇരട്ട ഗോളടക്കം ആറു ഗോളുകളാണ് ടൂര്ണമെന്റില് നേടിയത്. ഈ ടൂര്ണമെന്േറാടെയാണ് മെസ്സി മികച്ച ഭാവി താരമായി പരിഗണിക്കപ്പെട്ടു തുടങ്ങിയത്.
ബാഴ്സയിലെ അരങ്ങേറ്റം
പോര്ട്ടോയ്ക്കെതിരെ സൗഹൃദ മത്സരത്തിലായിരുന്നു മെസ്സിയുടെ ബാഴ്സലോണ അരങ്ങേറ്റം. 2003 നവംബര് 16ന് ബാഴ്സലോണയുടെ കുപ്പായമണിയുമ്പോള് 16 വയസ്സുമാത്രമായിരുന്നു പ്രായം.
ലാ ലിഗയിലെ അരങ്ങേറ്റം
സ്പാനിഷ് ലീഗില് ബാഴ്സലോണയ്ക്കായി 2004 ഒക്ടോബര് 16നാണ് മെസ്സി അരങ്ങേറിയത്. എസ്പാന്യോളിനെതിരെ. 2005 മെയ് ഒന്നിന് അല്ബാസെറ്റെയ്ക്കെതിരെ ആദ്യ ലാ ലിഗ ഗോളും നേടി. റൊണാള്ഡീന്യോയുടെ പാസില്നിന്നായിരുന്നു മെസ്സിയുടെ ഗോള്.
കുടുംബം, ബന്ധുക്കള്
മെസ്സിയുടെ കരിയറില് എല്ലായ്പ്പോഴും കുടുംബത്തിന് വലിയ പങ്കുണ്ടായിരുന്നു. ഫാക്ടറി തൊഴിലാളിയായ യോര്ഗെ ഹൊറാഷ്യോ മെസ്സിയുടെയും തൂപ്പുകാരിയായ സെലിയ മരിയയുടെയും മൂന്നാമത്തെ മകന്. റോഡ്രിഗോയുടെയും മത്യാസിന്റെയും അനിയന്. മെസ്സിക്ക് ഒരു അനിയത്തി, മരിയ സോള്. കുടുംബത്തില് ഓരോ പുതുയ അംഗത്തിന്റെയും വരവ് മെസ്സിക്ക് വലിയ ആഘോഷമാണ്. വലന്സിയയ്ക്കെതിരെ അടുത്തിടെ ഹാട്രിക് നേടിയപ്പോള്, ജേഴ്സിക്കടിയിലുള്ള ബനിയന് ഉയര്ത്തിക്കാട്ടിയാണ് മെസ്സി അതാഘോഷിച്ചത്. ബനിയനിലെഴുതിയിരുന്നത് വാലെന്, ഇത് നിനക്കുവേണ്ടിയെന്നായിരുന്നു. ഉറ്റബന്ധുവിന് അടുത്തിടെ പിറന്ന കുട്ടിയാണ് വാലെന്.
ലോകകപ്പ് ടീമില് സ്ഥാനം
പരിക്കുമൂലം രണ്ടു മാസത്തോളം കളിക്കളത്തിലിറങ്ങാനാവാതെ ഇരുന്നപ്പോള് മെസ്സിക്ക് 2006 ലോകകപ്പില് കളിക്കാനാവില്ലെന്ന് കണക്കുകൂട്ടിയവരേറെയാണ്. എന്നാല്, കോച്ച് ഹോസെ പെക്കര്മാന് 2006 മെയ് 15ന് ടീം പ്രഖ്യാപിച്ചപ്പോള് അതില് മെസ്സിയുണ്ടായിരുന്നു. സെര്ബിയയ്ക്കെതിരെ രണ്ടാം മത്സരത്തില് പകരക്കാരനായി ഇറങ്ങി മെസി ഗോള് നേടി. ഹോളണ്ടിനെതിരെ ആദ്യ ഇലവനില് സ്ഥാനം കിട്ടി. പക്ഷേ, ക്വാര്ട്ടറില്, ജര്മനിയ്ക്കെതിരെ മെസ്സിക്ക് പെക്കര്മാന് ടീമില് ഇടം നല്കിയില്ല. അര്ജന്റീന 4-2ന് ഷൂട്ടൗട്ടില് പരാജയപ്പെട്ടപ്പോള് പെക്കര്മാന്റെ വലിയ പിഴവായി മാറിയത് മെസ്സിയെ പുറത്തിരുത്തിയതായിരുന്നു.
ഒളിമ്പിക് സ്വര്ണം
ഏറെ വിവാദങ്ങള്ക്കുശേഷമാണ് 2008 ബെയ്ജിങ് ഒളിമ്പിക്സില് അര്ജന്റീനയ്ക്കായി കളിക്കാന് മെസ്സിക്ക് ബാഴ്സലോണ അനുവാദം നല്കിയത്. ബാഴ്സ കോച്ച് പെപ് ഗാര്ഡിയോളയ്ക്ക് മെസ്സിയുടെ മനസ്സ് അറിയാമായിരുന്നതുകൊണ്ടാണ് അവസാനം അനുമതി കിട്ടിയതുതന്നെ. സെമിയില് ബ്രസീലിനെയും ഫൈനലില് നൈജീരിയയെയും പരാജയപ്പെടുത്തി അര്ജന്റീന സ്വര്ണമണിഞ്ഞു.
ആറു കിരീടങ്ങള്
2008-09 സീസണ് മെസ്സിയുടെയും ബാഴ്സലോണയുടെയും കരിയറിലെ ഏറ്റവും തിളക്കമുള്ള കാലയളവായി. ചാമ്പ്യന്സ് ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പര് കപ്പ്, സ്പാനിഷ് ലീഗ്, സ്പാനിഷ് സൂപ്പര് കപ്പ്, കിങ്സ് കപ്പ് എന്നിങ്ങനെ ആറ് കിരീടങ്ങള് ബാഴ്സയുടെയും മെസ്സിയുടെയും ശേഖരത്തിലെത്തി.
അന്തിമ ലക്ഷ്യം, ലോകകപ്പ്
അര്ജന്റീനയ്ക്കായി ലോകകപ്പ് നേടുക. തനിക്ക് 22 വയസ്സേ പ്രായമായിട്ടുള്ളൂവെന്നും ഇനിയും സമയമുണ്ടെന്നും മെസ്സി വിനയാന്വിതനാകുന്നുണ്ടെങ്കിലും ആരാധകര്ക്ക് ക്ഷമിക്കാനാവില്ല. 1986നുശേഷം അര്ജന്റീനയ്ക്ക് നേടാന് സാധിച്ചിട്ടില്ലാത്ത ലോകകിരീടം ഇക്കുറി മെസ്സിയിലൂടെ സാധ്യമാകുമെന്ന് അവര് കരുതുന്നു. തന്റെ ആത്യന്തിക ലക്ഷ്യമായി മെസ്സി പ്രഖ്യാപിക്കുന്നതും മറ്റൊന്നുമല്ല. മെസ്സിയുടെ പ്രതിഭയ്ക്കും പാടവത്തിനും പോന്ന ടീം അര്ജന്റീനയ്ക്കുണ്ടാവുകയെന്നതാണ് മുഖ്യകാര്യം.