'ബിഹാറി ബാബു'വിന്റെ
സ്വന്തം സൊനാക്ഷി
പി.എസ്. കൃഷ്ണകുമാര്

1975-80 കളില് പുറത്തിറങ്ങിയ 'കാലാപത്ഥര്', 'ഷാന്', 'സന്ഗ്രാം' തുടങ്ങിയ ചിത്രങ്ങളില് ശത്രുഘന് സിന്ഹ എന്ന സൂപ്പര്താരം തകര്ത്തഭിനയിക്കുമ്പോള് മകള് സൊനാക്ഷി സിന്ഹ ജനിച്ചിരുന്നില്ല. പുണെ ഫിലിം ഇന്സ്റ്റിറ്റിയൂട്ട് പ്രോഡക്ടറായ ശത്രു പിന്നീട് രാഷ്ട്രീയക്കാരനായി, എം.പി.യായി, അഭിനയരംഗത്ത് തിരക്കുകുറഞ്ഞു. രോഗബാധിതനായി അടുത്തിടെ ആസ്പത്രിയിലുമായി. ഇതിനിടെ അപൂര്വമായി അഭിനയവും...
ഇപ്പോഴിതാ സിന്ഹ കുടുംബത്തില്നിന്ന് വരുന്ന ഇളമുറക്കാരി കുടുംബത്തിന്റെ പ്രശസ്തി നിലനിര്ത്തി ചുരുക്കം ചിത്രങ്ങളിലൂടെതന്നെ ബോളിവുഡില് തരംഗമാകുന്നു; വിജയചിത്രങ്ങളിലെ നായികയാകുന്നു. ശത്രുവിന്റെ മകള് എന്ന വിശേഷണം ഇനി സൊനാക്ഷിക്ക് വേണ്ട. സൊനാക്ഷി നായികയായ 'ദബാങ്', റൗഡി റാത്തോഡ് എന്നിവ ബിഗ്ഹിറ്റുകളായിരുന്നു. അക്ഷയ്കുമാര് നായകനായ ചിത്രം 'ജോക്കര്' പ്രദര്ശനത്തിനെത്തിക്കഴിഞ്ഞു. അടുത്തചിത്രത്തിലും നായകന് അക്ഷയ്തന്നെ. മിലന് ലുത്രിയയുടെ 'വണ്സ് അപ്പോണ് എ ടൈം ഇന് മുംൈബ 2' എന്ന ചിത്രത്തിലാണ് അക്ഷയ്-സൊനാക്ഷി ജോഡി വീണ്ടും ഒന്നിക്കുന്നത്. സല്മാന് നായകനാകുന്ന മറ്റൊരു ചിത്രം ദബാങ് 2, ലൂട്ടേറ, നമക്ക്, ബുള്ളറ്റ് രാജ, സണ് ഓഫ് സര്ദാര് തുടങ്ങി ഒട്ടേറെ പടങ്ങളും ഈ യുവനായികയുടെ ക്രെഡിറ്റിലുണ്ട്. മേമ്പൊടിയായി ''ഓ മൈ ഗോഡി'ലെ അതിഥിവേഷവും.
സ്വാഭാവികമായും ആര്ക്കും തലക്കനവും ജാഡയും വരാവുന്ന അവസ്ഥ. എന്നാല്, അത്തരക്കാരിയയല്ലെന്ന് അടിവരയിടുകയാണ് സൊനാക്ഷി. ചെറുപ്പംതൊട്ടേ അച്ഛന്റെ അഭിനയജീവിതത്തിലെ ഉയര്ച്ച താഴ്ചകള് കണ്ടുവളര്ന്ന സൊനാക്ഷിക്ക് അങ്ങനെയേ ചിന്തിക്കാനാകൂ എന്ന് മാധ്യമങ്ങള് വിശേഷിപ്പിക്കുന്നു. ക്രൂരനായ വില്ലനായിട്ടായിരുന്നു ശത്രുഘന് സിന്ഹയുടെ തുടക്കം. അമിതാഭിന്റെയും ധര്മേന്ദ്രയുടെയും ജിതേന്ദ്രയുടെയും 'ഇടികൊണ്ട് വളര്ന്ന' ആ അഭിനേതാവിന്റെ നായകനിലേക്കുള്ള പകര്ന്നാട്ടം പെട്ടെന്നായിരുന്നു. 'ബിഹാറി ബാബു' എന്നറിയപ്പെട്ടിരുന്ന ശത്രുവിന്റെ ഈണത്തിലുള്ള ബിഹാറി ഹിന്ദിയും സ്റ്റൈലന് ചലനങ്ങളും ഒരു കാലഘട്ടത്തിലെ യുവാക്കളെ ഹരംപിടിപ്പിച്ചിരുന്നു. അമിതാഭ്, ധര്മേന്ദ്ര എന്നിവരോട് കിടപിടിക്കുന്ന റോളുകളിലും പിന്നീട് ശത്രു മിന്നിത്തിളങ്ങി.
സൊനാക്ഷി ഇതില് പലതിനും ദൃക്സാക്ഷിയായിരുന്നു. ''പ്രശസ്തി നിലനില്ക്കുന്നതല്ലെന്ന് എനിക്കറിയാം. ഞാനിപ്പോഴും 'മണ്ണില്തൊടുന്ന' താരംതന്നെയാണ്. ഞാനഭിനയിക്കുന്നത് മികച്ച കഥാപാത്രങ്ങളാകണമെന്ന നിഷ്ഠ എനിക്കുണ്ട്. ചിത്രത്തിന്റെ വിജയപരാജയങ്ങള് ഞാന് പ്രശ്നമാക്കുന്നില്ല''- സൊനാക്ഷി പറയുന്നു. അച്ഛന്റെ പ്രതാപകാലവും ക്ഷീണകാലവും ഈ താരസുന്ദരിയുടെ മനസ്സില് ഇപ്പോഴുമുണ്ട്. റോളുകള് തിരഞ്ഞെടുക്കാനും വിജയം എത്തിപ്പിടിക്കാനും ഈ അനുഭവങ്ങള് തന്നെ ഏറെ സഹായിച്ചെന്നും സൊനാക്ഷി പറയുന്നു.
രണ്ടരവര്ഷത്തെ അഭിനയജീവിതത്തിനിടെ സൊനാക്ഷിയുടെ ഏറ്റവും വലിയ പാഠപുസ്തകവും അച്ഛന്തന്നെയാണ്. ശത്രുഘന് സിന്ഹയുടെ തീക്ഷ്ണമായ കണ്ണുകളും നോട്ടവും ചടുലചലനങ്ങളും സ്വന്തമാക്കിയിട്ടുള്ള സൊനാക്ഷി നൃത്തരംഗത്തും ഏറെ തിളങ്ങാറുണ്ട്. ശത്രുവിന് മകള് സുഹൃത്തും സന്തതസഹചാരിയും എല്ലാമാണ്. രോഗബാധിതനായി ആസ്പത്രിയില് കഴിയുമ്പോള് ഭാര്യ പൂനം സിന്ഹയെക്കാള് പരിരക്ഷയായത് സൊനാക്ഷിയാണ്. കര്ശനമായിത്തന്നെയായിരുന്നു പരിചരണം. കാണാനെത്തുന്നവരോട് അധികം സംസാരിക്കരുത്, മൊബൈല് ഉപയോഗിക്കരുത്... ഇങ്ങനെ ഒട്ടേറെ നിര്ദ്ദേശങ്ങള് സൊനാക്ഷി മുന്നോട്ടുവെച്ചു. സൊനാക്ഷിയുടെ സഹോദരന്മാരായ ലവ് സിന്ഹയും, കുശ് സിന്ഹയും സിനിമാരംഗത്ത് തുടക്കം കുറിക്കാന് ഒരുങ്ങുകയാണ്.
Sonakshi Sinha Childhood with
Dad Satrugnan Sinha
